ADVERTISEMENT

കോവിഡ്– 19 വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തുടങ്ങി ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ അപേക്ഷിച്ച പരീക്ഷകളൊന്നും ഈ വർഷമുണ്ടാകില്ല.  ഇതിനകം പ്രഖ്യാപിച്ച പരീക്ഷകളെങ്കിലും നടത്താൻ കമ്മിഷൻ ആലോചിച്ചിരുന്നെങ്കിലും അതിനുപോലും കഴിയാത്ത സാഹചര്യമാണ്. എൽഡി ക്ലാർക്ക് പരീക്ഷ ഈ വർഷം അവസാനത്തോടെയെങ്കിലും നടത്താനായിരുന്നു പിഎസ്‍സി ആലോചിച്ചിരുന്നത്.  നിലവിലെ സാഹചര്യത്തിൽ ഇതിനു കഴിയില്ല. സംസ്ഥാനത്തെ സ്കൂളുകൾ എന്നു തുറക്കുമെന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന് യാതൊരു വ്യക്തതയുമില്ല.  ലക്ഷക്കണക്കിനു പേർ എഴുതുന്ന പരീക്ഷകൾ സ്കൂളുകൾ തുറക്കാതെ പിഎസ്‌സിക്ക്  നടത്താനും കഴിയില്ല. അതുകൊണ്ടുതന്നെ  സബ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ, ഫയർമാൻ, സിവിൽ പൊലീസ് ഒാഫിസർ, എൽപി/ യുപി അസിസ്റ്റന്റ് തുടങ്ങി ധാരാളം അപേക്ഷകരുള്ള ഒരു പരീക്ഷയും ഈ വർഷം നടത്താൻ സാധ്യതയില്ല. 

കുറച്ച് അപേക്ഷകരുള്ള തസ്തികകളിൽ പിഎസ്‌സിയുടെ ഒാൺലൈൻ കേന്ദ്രത്തിൽ പരീക്ഷ നടത്താൻ ആലോചിച്ചിരുന്നെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും കണ്ടെയിന്റ്മെന്റ് സോണായതിനാൽ അതിനും കഴിയില്ല.   ചുരുക്കത്തിൽ ഉടനെയൊന്നും പരീക്ഷകൾ നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. 

കോവിഡ് ബാധിച്ച് പിഎസ്‌സിയും

സംസ്ഥാനത്തിന്റെ  പല ഭാഗത്തും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പിഎസ്‌സി നടപടികൾ സ്തംഭനത്തിലേക്കു നീങ്ങുകയാണ്. പരീക്ഷ, ഇന്റർവ്യൂ, സർട്ടിഫിക്കറ്റ് പരിശോധന, കായികക്ഷമതാ പരീക്ഷ തുടങ്ങി ഉദ്യോഗാർഥികളെ പങ്കെടുപ്പിച്ചു നടത്തേണ്ട എല്ലാ നടപടികളും അനിശ്ചിതമായി നീളും.  പങ്കെടുക്കാൻ കഴിയാത്തവർക്കു പിന്നീട് അവസരം നൽകുമെന്നു പ്രഖ്യാപിച്ചാണ് വിവിധ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ ജൂലൈ ഒന്നിന് പിഎസ്‌സി പുനരാരംഭിച്ചത്. എന്നാൽ അതൊന്നും പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയാണ്. സർവകലാശാല അസിസ്റ്റന്റ് തസ്തികയിലേക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന കഴിഞ്ഞ ആഴ്ച നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മാറ്റിവച്ചു. കേന്ദ്ര/ മേഖലാ ഒാഫിസുകൾ കേന്ദ്രീകരിച്ചു നടത്താനിരുന്ന ഇന്റർവ്യൂ, വനിതാ സിവിൽ പൊലീസ് ഒാഫിസർ തസ്തികയിലേക്കു നടത്തേണ്ട കായികക്ഷമതാ പരീക്ഷ തുടങ്ങിയവയെല്ലാം ഇനി എന്നു നടത്താനാകുമെന്നതിൽ വ്യക്തതയില്ല. കെഎഎസ് പ്രാഥമിക പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം കഴിഞ്ഞെങ്കിലും തുടർനടപടികൾ പൂർത്തിയാകാത്തതിനാൽ ജൂലൈ പകുതിയോടെ പ്രസിദ്ധീകരിക്കാനിരുന്ന ഷോർട് ലിസ്റ്റ് പിന്നെയും വൈകും.  

വനിതാ പൊലീസ്: കായികക്ഷമതാ പരീക്ഷ വൈകും

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെ തുടർന്ന്, വനിതാ സിവിൽ പൊലീസ് ഒാഫിസർ തസ്തികയിൽ കായികക്ഷമതാ പരീക്ഷയ്ക്ക് അർഹത നേടിയ 21 ഉദ്യോഗാർഥികൾക്ക് ജൂലൈ പകുതിയോടെ പരീക്ഷ നടത്താൻ തീരുമാനിച്ചതാണ്. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ പരീക്ഷ വൈകും. കായികക്ഷമതാ പരീക്ഷ വിജയിച്ച ബാക്കി ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും നിയമ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പിഎസ്‌സി തയാറാകുന്നില്ല. 21 പേർക്കു വേണ്ടി തങ്ങളുടെ അവസരം ഇല്ലാതാക്കുന്നതിനെതിരെ പരീക്ഷ വിജയിച്ച ആയിരത്തിലധികം  ഉദ്യോഗാർഥികളുടെ പ്രതിഷേധമുയരുന്നുണ്ട്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം തടഞ്ഞവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ കഴിയുമോ എന്നും ഇവർ പരിശോധിക്കുകയാണ്.  

റാങ്ക് ലിസ്റ്റ് നീട്ടണമെന്ന ആവശ്യം ശക്തം

പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകുന്നതിനാൽ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യം ശക്തമാകുകയാണ്. സിവിൽ പൊലീസ് ഒാഫിസർ, സിവിൽ എക്സൈസ് ഒാഫിസർ, അസിസ്റ്റന്റ് സർജൻ തുടങ്ങി നൂറ്റിയമ്പതിലധികം റാങ്ക് ലിസ്റ്റുകൾ ഇതിനകം റദ്ദായി കഴിഞ്ഞു. പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകുമെന്നതിനാൽ ഈ തസ്തികകളിലൊന്നും ഉടനെ പിഎസ്‌സി നിയമനമുണ്ടാകില്ല.  ലിസ്റ്റിന്റെ കാലാവധി നീട്ടാൻ സർക്കാർ തയാറായിരുന്നെങ്കിൽ ധാരാളം ഉദ്യോഗാർഥികൾക്ക് ഈ ലിസ്റ്റുകളിൽ നിന്നു നിയമനം ലഭിച്ചേനെ. നിലവിലുള്ള വ്യവസ്ഥ പ്രകാരം ഒരിക്കൽ റദ്ദായ റാങ്ക് ലിസ്റ്റ് വീണ്ടും നീട്ടാൻ കഴിയില്ല. 

ഈ മാസം റദ്ദാകും അൻപതോളം ലിസ്റ്റുകൾ

അൻപതോളം റാങ്ക് ലിസ്റ്റുകൾ ജൂലൈയിലും റദ്ദാകുന്നുണ്ട്. സെക്രട്ടേറിയറ്റ്/ പിഎസ്‌സി തുടങ്ങിയവയിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, ഐസിഡിഎസ് സൂപ്പർവൈസർ, അഗ്രികൾചറൽ ഒാഫിസർ, ലക്ചറർ ഇൻ ഇംഗ്ലിഷ് തുടങ്ങി സുപ്രധാന റാങ്ക് ലിസ്റ്റുകളും ഈ മാസം റദ്ദാകുന്നവയുടെ കൂട്ടത്തിലുണ്ട്. ഇതിൽ കംപ്യൂട്ടർ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് ജൂലൈ 13ന് റദ്ദായി കഴിഞ്ഞു. ഐസിഡിഎസ് സൂപ്പർവൈസർ ലിസ്റ്റ് ജൂലൈ 18നും, ഇംഗ്ലിഷ് ലക്ചറർ ലിസ്റ്റ് 20നും, അഗ്രികൾചറൽ ഒാഫിസർ 23നും റദ്ദാകും. ഒഴിവു റിപ്പോർട്ട് ചെയ്യാനും നിയമനം നടത്താനും കഴിയാത്ത സാഹചര്യത്തിലും റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ കൂട്ടാക്കാത്ത സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com