sections
MORE

കോവിഡ് കാലത്ത് ഓർക്കാം; ഒരു ദിനമെങ്കിലും ഉജ്വലമായി ജീവിക്കുന്നതാണു ജീവിതം !

Happy
SHARE

പലപ്പോഴും മനസ്സിലേക്ക് ഓടിവരുന്നൊരു കഥയുണ്ട്. ഒരു പൂന്തോട്ടത്തിലെ കൽമതിലിന്റെ കുറേ കല്ലുകൾ പുറത്തേക്കു തെറിച്ചുനിൽക്കുന്നുണ്ടായിരുന്നു. ആ കല്ലുകൾക്കടിയിലെല്ലാം പുൽപൂക്കൾ വിടർന്നു നിൽക്കുന്നുണ്ടായിരുന്നു. കല്ലിനടിയിൽ ഒളിച്ചുവളരുന്ന ആ കൊച്ചുപുൽപൂക്കൾ ആരും കാണാതെ, മഴയോ വെയിലോ കൊള്ളാതെ കുറേക്കാലം രഹസ്യമായി അങ്ങനെ അതിനടിയിൽ വളരും. 

ഒരു ദിവസം ഒരു പുൽപൂവ് മതിലിനപ്പുറത്തേക്ക് വെറുതെ ഒന്നെത്തിനോക്കി. ആദ്യമായി പുറംലോകം കണ്ട ആ പുൽപൂവ്, ആ പൂന്തോട്ടത്തിൽ വിടർന്നുനിൽക്കുന്ന അതിമനോഹരമായ പനിനീർ പുഷ്പങ്ങളെ കണ്ടത് അപ്പോഴാണ്. ഈ കല്ലിനടിയിൽ ഒളിച്ചുതാമസിക്കാതെ ആ പൂന്തോട്ടത്തിൽ വിടർന്നുനിൽക്കണമെന്ന് ആ പുൽപൂവിന്റെ ഉള്ളിൽ ആഗ്രഹമുണർന്നു. 

പക്ഷേ, മറ്റു പുൽപൂക്കളെല്ലാം അതിനെതിരായിരുന്നു. അവർ ചോദിച്ചു: ‘നീയെന്തു മണ്ടത്തരമാണീ പറയുന്നത്? ഇവിടെ നമ്മൾ സുരക്ഷിതരാണ്. മഴയില്ല, വെയിലില്ല, ആരും നമ്മളെ കാണാനോ ആക്രമിക്കാനോ വരുന്നില്ല. പക്ഷേ, അവിടെ നീ വിടർന്നുനിന്നു കഴിഞ്ഞാൽ കാറ്റും മഴയുമെല്ലാം കൊള്ളേണ്ടിവരും. ആർക്കുവേണമെങ്കിലും നിന്നെ പറിച്ചെടുക്കാം’. 

എന്തൊക്കെ പറഞ്ഞിട്ടും ആ പുൽപൂവിന്റെ നിശ്ചയദാർഢ്യത്തെ തോൽപിക്കാൻ ആർക്കുമായില്ല. അടുത്ത പ്രഭാതത്തിൽ ഒരു ഇന്ദ്രജാലം പോലെ ആ പുൽപൂവ് ആ പൂന്തോട്ടത്തിൽ ഒരു മനോഹരപുഷ്പമായി വിടർന്നു. വെയിൽ വന്നു, കാറ്റു വന്നു, ഇടിയും മഴയും വന്നു, ആളുകൾ അവളുടെ സൗന്ദര്യത്തെ വാഴ്ത്തി... മഴ കനത്തപ്പോൾ മറ്റു പുൽപൂക്കൾ കല്ലുകൾക്കടിയിൽനിന്നു വിളിച്ചുചോദിച്ചു: ‘‘ഇപ്പോഴെങ്ങനെയുണ്ട്, ഇതല്ലേ ഞങ്ങൾ നേരത്തേ പറഞ്ഞത്?’ 

ആ പുൽപൂവ് മറുപടി പറഞ്ഞു: ‘കൂട്ടുകാരേ, ഇന്നു ഞാൻ ജീവിച്ചതാണ് ജീവിതം. ഇന്നാണ് എന്റെ ജീവിതം സാർഥകമായത്. വെയിൽ വന്നപ്പോൾ ഞാൻ ചെറുത്തുനിന്നു. കാറ്റടിച്ചപ്പോൾ ഞാൻ പിടിച്ചുനിന്നു. മഴയും ഇടിയുമൊക്കെ ഞാൻ ആസ്വദിച്ചു. കല്ലിനടിയിൽ ആരും കാണാതെ ഒളിച്ചിരിക്കുന്നതല്ല, വിടരാൻ കൊതിക്കുന്നവരെക്കൂടി പിന്തിരിപ്പിക്കുന്നതല്ല ജീവിതം. ഒരു ദിനമെങ്കിൽ ഒരു ദിനം ഉജ്വലമായി ജീവിക്കുന്നതാണു ജീവിതം’. 

നെഗറ്റീവായി മാത്രം ചിന്തിക്കുകയും കാണുകയും പറയുകയും ചെയ്ത് ഒന്നും ചെയ്യാതെയും മറ്റുള്ളവരെ ചെയ്യാൻ അനുവദിക്കാതെയുമിരിക്കുന്ന പുൽപൂക്കളെപ്പോലെ കഴിയുന്നവർ ധാരാളമുണ്ട് നമുക്കിടയിൽ. അലസമായി ദിവസങ്ങൾ തള്ളിനീക്കിയും മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിച്ചും മറ്റുള്ളവരെ തരംതാഴ്ത്താൻ സ്വന്തം ബുദ്ധിയും പരിശ്രമവുമെല്ലാം തിരിച്ചുവിട്ടും സമയം ദുരുപയോഗിക്കുന്ന എല്ലാവരും ഇനിയെങ്കിലും മാറണമെന്നല്ലേ ഈ കഥ നമുക്കു പറഞ്ഞുതരുന്നത്? കോവിഡിനെ നേരിടുന്ന ഇക്കാലത്ത് നമ്മൾ ഓരോരുത്തരും ഉണർന്നേ പറ്റൂ, വിടർന്നേ പറ്റൂ. നമ്മെ നയിക്കുന്ന രാഷ്ട്രീയ പാർട്ടികളടക്കം ഇനിയെങ്കിലും പോസിറ്റീവായ മനോഭാവത്തോടെ കാര്യങ്ങളെ കണ്ടേ പറ്റൂ. പുതിയ പുതിയ ആശയങ്ങൾ നമ്മുടെ മനസ്സുകളിൽ വിടർന്നേ പറ്റൂ. 

മൂന്നു കാര്യങ്ങൾ നമുക്കിനി ഉറപ്പാക്കാം: 

1. നെഗറ്റീവ് കാര്യങ്ങൾ മാത്രം പറഞ്ഞ് നമ്മളെ തളർത്തുന്നവരിൽനിന്നുള്ള സാമൂഹിക അകലം 

2. നമ്മൾ ആരോടും നെഗറ്റീവായി സംസാരിക്കില്ലെന്ന് ഉറപ്പിച്ചുകൊണ്ട് അതിനെ തടയിടാനായുള്ള മുഖാവരണം 

3. എത്രയൊക്കെ കരുതിയാലും ചുറ്റുപാടുകളിൽനിന്നു കേൾക്കുന്ന നെഗറ്റീവ് ചിന്തകളെ നമ്മുടെ മനസ്സുകളിൽനിന്ന് ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഇട്ടു കഴുകിക്കളയൽ. അങ്ങനെയങ്ങനെ കാലങ്ങളായി മനസ്സിനെ ബാധിച്ച നെഗറ്റീവ് വൈറസുകളെക്കൂടി നമുക്കില്ലാതാക്കാം. 

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA