sections
MORE

പിഎസ്‍സി നിയമനങ്ങൾ: മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉദ്യോഗാർഥികൾ

psc-exam-image
SHARE

പിഎസ്‍സി നിയമനങ്ങൾ സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങൾക്കു മറുപടിയുമായി ഉദ്യോഗാർഥികൾ.  പബ്ലിക് സർവീസ് കമ്മിഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യങ്ങൾക്കു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം  മറുപടിയുമായി എത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ മറുപടി വസ്തുതകൾ കണക്കിലെടുക്കാതെയുള്ള പുകമറ മാത്രമാണെന്നാണ് നാനൂറോളം വരുന്ന റാങ്ക് പട്ടികകളിലെ ഉദ്യോഗാർഥികളുടെ കൂട്ടായ്മയായ  ഫെഡറേഷൻ ഓഫ് ഓൾ കേരള റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻസ്  (ഫെറ) വിശദീകരിക്കുന്നത്. 

ഉദ്യോഗാർഥികളുടെ മറുപടിയിലെ പ്രസക്ത ഭാഗങ്ങൾ 

ആശ്രിത നിയമനങ്ങൾ 5%ൽ കൂടുതലാകാൻ പാടില്ല എന്നു കോടതി വിധി നിലവിലുള്ളപ്പോൾ ഇടതു സർക്കാർ പരിധിയില്ലാതെ ആശ്രിത നിയമനങ്ങൾ നൽകി. ഇതു സംബന്ധിച്ച് 26 കേസുകളാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും ഉള്ളത്. 

ഓരോ വകുപ്പിലെയും ഒഴിവുകൾ പ്രസിദ്ധപ്പെടുത്തണമെന്ന വ്യവസ്ഥ പൊതുമരാമത്തു വകുപ്പ് മാത്രമാണ്  നടപ്പാക്കിയത്. ഒഴിവുകൾ പൂഴ്ത്തുന്നതിനാൽ റാങ്ക് പട്ടികയിലുള്ളവർക്കു നിയമനം ലഭിക്കുന്നില്ല. .

നിയമനങ്ങൾക്ക് സ്പെഷൽ റൂൾ ഇല്ലാത്ത സ്ഥാപനങ്ങളുടെ നീണ്ട നിര മുഖ്യമന്ത്രി തന്നെ പറയുന്നു. ഇവിടെയെല്ലാം താൽക്കാലിക, പിൻവാതിൽ നിയമനങ്ങളാണു നടക്കുന്നത്. ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് ചെയ്തു തീർക്കാവുന്ന കാര്യമാണ് ആറോ ഏഴോ വർഷങ്ങൾ എടുത്തിട്ടും നടപ്പാക്കാത്തത്. ഇതു താൽപര്യക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണ്. 

ഹ്രസ്വകാലത്തേക്കു നടത്തിയ കരാർ നിയമനങ്ങൾ പോലും വർഷങ്ങളോളം നീളുന്നു. സ്ഥിരം നിയമനത്തിനു സാമ്പത്തിക സ്ഥിതി തടസമായി ചൂണ്ടിക്കാട്ടുമ്പോൾ പാർട്ടിക്കു വേണ്ടപ്പെട്ട താൽക്കാലികക്കാർക്കു ശമ്പളം വാരിക്കോരി കൊടുക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. ഏറ്റവും ഒടുവിൽ പാർട്ടി യൂണിയൻ ശുപാർശ ചെയ്ത പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റുമാർക്ക് 8500 രൂപയാണ് കൂട്ടിക്കൊടുത്തത്. 

നിയമനശുപാർശകളെ നിയമനമെന്ന രീതിയിൽ കൊട്ടിഘോഷിക്കരുത്. പലരും ഒന്നിലധികം റാങ്ക് പട്ടികകളിൽ ഉൾപ്പെട്ടിരിക്കും. നിരവധി നിയമന ശുപാർശകൾ ലഭിച്ചാലും   ഒരു ജോലിയിലേ പ്രവേശിക്കൂ. അപ്പോൾ നിയമന ശുപാർശകളുടെ എണ്ണം യഥാർഥ നിയമനത്തേക്കാൾ എത്രയോ ഇരട്ടിയായിരിക്കും. ഇതു കാണിച്ച്  4 വർഷം കൊണ്ട്  1,33,132 പേർക്കു നിയമനം നൽകി എന്നു പറയരുത്. 

താൽക്കാലിക നിയമനം പാടില്ലെന്ന സുപ്രീംകോടതി വിധി തൊഴിൽ മേഖലയിൽ അവസര സമത്വമാണ് ചൂണ്ടിക്കാണിക്കുന്നത്.  യോഗ്യതയുള്ള എല്ലാവർക്കും വിവേചനം കാണിക്കാതെ  അവസരം നൽകണമെന്നാണ് നിർദേശിക്കുന്നത്. ചരിത്രത്തിൽ ഏറ്റവും വലിയ വിരമിക്കൽ നടന്ന 2019ലെയും 2020ലെയും ഒഴിവുകൾ കൃത്യമായി പിഎസ്‍സിയിൽ എത്തിയിരുന്നെങ്കിൽ ഒട്ടുമിക്ക റാങ്ക്പട്ടികയിൽ ഉള്ളവർക്കും ജോലി ലഭിക്കുമായിരുന്നു.  അതിനു പകരം കരാർ നിയമനങ്ങളുടെ പ്രസക്തിയെക്കുറിച്ച് അഭിമാനം കൊള്ളുന്നത് ലജ്ജാകരമാണെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. 

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA