ADVERTISEMENT

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള അഞ്ചു വകുപ്പുകൾ ഏകീകരിച്ച് തദ്ദേശസ്വയംഭരണ പൊതുസർവീസ് രൂപീകരിച്ചതോടെ വിഇഒ ഗ്രേഡ്– 2 തസ്തിക ഇല്ലാതാകുന്നു. ഈ തസ്തികയിൽ വരുന്ന ഒഴിവുകൾ ക്ലാർക്ക് തസ്തികകളാക്കി മാറ്റുമെന്നാണ് ജൂലൈ പതിനേഴിലെ സർക്കാർ ഉത്തരവിൽ (സ.ഉ. (കൈ). നം. 106/2020/ത.സ്വ.ഭ.വ) പറയുന്നത്. 

നിലവിലുള്ള വിഇഒ ഗ്രേഡ്–2 റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ച ശേഷം ഈ തസ്തിക വാനിഷിങ് കാറ്റഗറിയാക്കും. എന്നാൽ വിഇഒ ഗ്രേഡ്– തസ്തികയ്ക്ക് ഇപ്പോൾ റാങ്ക് ലിസ്റ്റ് നിലവിലില്ല.  മുൻ റാങ്ക് ലിസ്റ്റ് കഴിഞ്ഞ വർഷം റദ്ദായതാണ്. പുതിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ പരീക്ഷ നടത്തി ഒാഗസ്റ്റിൽ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചിട്ടുമുണ്ട്. ഈ പുതിയ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതിനു ശേഷമായിരിക്കുമോ തസ്തിക ഇല്ലാതാകുക എന്ന കാര്യം ഉത്തരവിൽ വിശദീകരിച്ചിട്ടുമില്ല. അതിനാൽ പരീക്ഷ എഴുതി ലിസ്റ്റിൽ ഉൾപ്പെടാൻ കാത്തിരിക്കുന്നവർ ആശങ്കയിലായി. 

സെക്രട്ടറി തസ്തികകൾ ഏകീകരിക്കും

ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പൽ സെക്രട്ടറി തസ്തികകൾ ഏകീകരിക്കും. ആകെയുള്ള തസ്തികകളിൽ 60 ശതമാനം സ്ഥാനക്കയറ്റം വഴിയും 40 ശതമാനം പിഎസ്‌സി വഴി നേരിട്ടും നിയമനം നടത്തും. തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം/ നഗരഗ്രാമാസൂത്രണം, തദ്ദേശസ്വയംഭരണ എൻജിനീയറിങ് വിഭാഗം, മുനിസിപ്പൽ കോമൺ സർവീസ് എന്നിവ ഏകോപിപ്പിച്ചാണ് തദ്ദേശ സ്വയംഭരണ പൊതുസർവീസ് രൂപീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ.

∙ഏകീകൃത വകുപ്പിന്റെ പേര് തദ്ദേശസ്വയംഭരണ വകുപ്പ് (എൽഎസ്ജിഡി). വകുപ്പ് തലവന്റെ പേര് പ്രിൻസിപ്പൽ ഡയറക്ടർ.

∙നിലവിലുള്ള ഗ്രാമവികസന കമ്മിഷണറേറ്റ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ് എന്നീ 3 വകുപ്പുകൾ സംയോജിപ്പിച്ച് റൂറൽ, അർബൻ എന്നീ 2 വിങ്ങുകൾ രൂപീകരിക്കുകകയും ഗ്രാമവികസന കമ്മിഷണർ, പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ എന്നിവർക്കു പകരം ഡയറക്ടർ എൽഎസ്ജിഡി (റൂറൽ), ഡയറക്ടർ എൽഎസ്ജിഡി (അർബൻ) എന്നീ തസ്തികകൾ നിലവിൽ വരും.

∙നഗരകാര്യ വകുപ്പിലെയും പഞ്ചായത്തുകളിലെയും ആരോഗ്യ ശുചിത്വ വിഭാഗത്തിലെ എല്ലാ ജീവനക്കാരും പബ്ലിക് ഹെൽത്ത് ആൻഡ് എൻവയോൺമെന്റ് മാനേജ്മെന്റ് വിങ്ങിൽ ഉൾപ്പെടും. ഈ വിങ്ങിലെ എല്ലാ ജീവനക്കാരുടെയും നിയമനം, പ്രമോഷൻ, സ്ഥലംമാറ്റം എന്നിവ പ്രിൻസിപ്പൽ ഡയറക്ടറിലും, ജില്ലയുടെ ചുമതലയുള്ള ജോയിന്റ് ഡയറക്ടറിലുമായി നിക്ഷിപ്തമായിരിക്കും.

∙മുനിസിപ്പൽ കോർപറേഷൻ, മുനിസിപ്പൽ കൗൺസിൽ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സെക്രട്ടറി പദവികൾ അതേ പേരിൽ തന്നെ നിലനിർത്തും.

∙സെക്രട്ടറിമാരുടെ പ്രമോഷനും നിയമനവും ഏകീകരിക്കുന്നതിന് നിലവിലുള്ള സ്പെഷൽ റൂളുകളിൽ ഭേദഗതി വരുത്തി subclause ആയി പുതിയ ചട്ടങ്ങൾ താഴെ പറയും പ്രകാരം ചേർക്കും.

ഗ്രാമപഞ്ചായത്തിൽ ജൂനിയർ സൂപ്രണ്ട്/ അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിൽ നിന്ന് സെക്രട്ടറി തസ്തികയിലേക്ക് പ്രമോഷൻ നൽകുന്ന നിലവിലെ രീതിയും, പ്രമോഷൻ മുഖേനയും നേരിട്ടുള്ള റിക്രൂട്മെന്റ് മുഖേനയുള്ള നിയമനത്തിന് നിലവിലുള്ള 60:40 റേഷ്യോ അതേപോലെ തുടരും.

മുനിസിപ്പൽ ഗ്രേഡ്– 3ലേക്കുള്ള പ്രമോഷൻ അനുപാതം 50 ശതമാനമാക്കി നിശ്ചയിക്കുന്നതും പ്രമോഷൻ രീതി പഞ്ചായത്തിനു സമാനമായിരിക്കുന്നതുമാണ്. 

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരിലേക്കുള്ള പ്രമോഷൻ 42 ശതമാനമാക്കി നിലവിലുള്ള അനുപാതം അനുസരിച്ച് നിശ്ചയിക്കുന്നതും പ്രമോഷൻ രീതി പഞ്ചായത്തിനു സമാനമായിരിക്കുന്നതുമാണ്.

നിലവിലുള്ള മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ്– 3 തസ്തികയിലെ ജീവനക്കാർക്ക് സംരക്ഷണം നൽകി മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ്– 3, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരുടെ തസ്തികകൾ ഏകീകരിക്കും. 

സെക്രട്ടറിമാരായി പ്രമോഷൻ ലഭിക്കുന്നവർക്ക് സമഗ്രമായ പരിശീലനം നൽകും

∙എല്ലാ ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികകളും ഏകീകൃത വകുപ്പിനകത്തെ ജീവനക്കാരുടെ തസ്തികയായി നിശ്ചയിക്കും. നിയമന രീതിക്ക് പ്രത്യേക വ്യവസ്ഥകൾ രൂപീകരിക്കും.

∙നിലവിൽ കിലയുടെ ഭാഗമായ എല്ലാ ജീവനക്കാരെയും പൂർണമായും കിലയുടെ സ്റ്റാഫ് കേഡറിന്റെ ഭാഗമാക്കും. കിലയുടേതല്ലാത്ത മുഴുവൻ സ്ഥാപനങ്ങളിലെ പോസ്റ്റുകളും ജീവനക്കാർ വിരമിക്കുന്നതിനനുസരിച്ച് കിലയ്ക്കു വിട്ടുകൊടുക്കേണ്ടതാണ്. 

∙ഏകീകൃത സർവീസിന് ചട്ടം രൂപീകരിക്കുമ്പോൾ റേഷ്യോ അടിസ്ഥാനത്തിലുള്ള നിയമനങ്ങളിൽ ഏകീകരണം ഉണ്ടാക്കാനാകുമോ എന്നതും പരിശോധിക്കും. സംസ്ഥാന, മേഖലാ, ജില്ലാ തലത്തിലുള്ള ഒാഫിസുകളുടെയും അതിലെ ഉദ്യോഗസ്ഥരുടെയും ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കിക്കൊണ്ട് പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കും. 

കാര്യങ്ങളിൽ വ്യക്തതയില്ല

തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണത്തെ തുടർന്ന് വിഇഒ ഗ്രേഡ്– 2 തസ്തിക നിർത്തലാക്കുന്നത് ഈ തസ്തികയുടെ പരീക്ഷ എഴുതിയ ഉദ്യോഗാർഥികളെ ആശങ്കയിലാക്കി. വിവിധ ജില്ലകളിലായി ഈ തസ്തികയുടെ 67 ഒഴിവുകളാണ് ഇപ്പോൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിഇഒ തസ്തിക ക്ലാർക്കാക്കി മാറ്റിയാൽ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നിന്നാകും നിയമനം നടക്കുക. 

14 ജില്ലകളിലായി പ്രസിദ്ധീകരിക്കുന്ന വിഇഒ മെയിൻ ലിസ്റ്റിൽ 2650 പേരെ ഉൾപ്പെടുത്താനാണ് പിഎസ്‌സിയുടെ  തീരുമാനം.   നിലവിലുള്ള വിഇഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതിനു ശേഷമേ തസ്തിക നിർത്തലാക്കൂ എന്നാണ് ഉത്തരവിൽ പറയുന്നതെങ്കിലും പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കുന്ന സാഹചര്യത്തിൽ തസ്തിക ഇല്ലാതാകുന്നത് ഇവരുടെ നിയമനത്തെ   ബാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇതിൽ വ്യക്തത വരുത്തിയില്ലെങ്കിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്ത ഒഴിവിൽ മാത്രമേ നിയമനം നടത്താൻ പിഎസ്‌സിക്കു കഴിയൂ. 

വിഇഒ തസ്തികയുടെ അടിസ്ഥാന യോഗ്യത എസ്എസ്എൽസിക്ക് 40 ശതമാനം മാർക്ക് നേടിയുള്ള വിജയമാണ്. എന്നാൽ എൽഡി ക്ലാർക്ക് തസ്തികയ്ക്ക് പത്താം ക്ലാസ് വിജയിച്ചിരിക്കണം എന്നു മാത്രമേയുള്ളൂ. ഈ സാഹചര്യത്തിൽ വിഇഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവരെ ക്ലാർക്ക് ഒഴിവുകളിൽ നിയമിക്കാൻ കഴിയുമോ എന്നതിലും വ്യക്തത വരേണ്ടതുണ്ട്. 

വിഇഒ തസ്തിക നിർത്തലാക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച വിഇഒമാരുടെ മേൽനോട്ടത്തിലാണ് ക്ഷേമപ്രവർത്തനങ്ങൾ പൊതുജനത്തിലേക്കെത്തുന്നത്. ഇടതുപക്ഷ സർക്കാരിന്റെ ൈലഫ് ഭവന പദ്ധതിയുൾപ്പെടെയുള്ളവയുടെ നടത്തിപ്പ് വിഇഒമാർക്കാണ്. ഈ തസ്തിക ഇല്ലാതായാൽ തദ്ദേശ സ്ഥാപനങ്ങൾ സാധാരണ ജനങ്ങളുമായി അടുത്തിടപഴകി നടത്തുന്ന പ്രവർത്തനങ്ങൾക്കും തിരിച്ചടിയുണ്ടാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com