sections
MORE

പറയരുതാത്ത അപ്രിയ സത്യവും പ്രീതിപ്പെടുത്താനുള്ള കളവും; നയത്തിലെ തന്ത്രങ്ങൾ

Shake Hands
SHARE

ഒരു സംഭവകഥ. 2003 നവംബർ. തെക്കേ അമേരിക്കയിലെ ബൊളീവിയയുടെ തലസ്ഥാനമായ ലാ പാസ്. യൂഎസ് എംബസിയിലെ മനുഷ്യാവകാശ ഓഫീസർ പീറ്റ് ഹാർഡിങ് ഉച്ചഭക്ഷണം കഴിഞ്ഞ് ഓഫീസിലേക്കു മടങ്ങി. വന്നുകയറിയപ്പോൾ, കാഷിയറുടെ ജനവാതിലിൽനിന്ന് വിഷാദംനിറഞ്ഞ മുഖവുമായി മടങ്ങുന്ന നാട്ടുകാരി മദ്ധ്യവയസ്ക. കൈയിൽ പാചകത്തിനുപയോഗിക്കുന്ന വലിയ കറുത്ത കലം. പീറ്റിനു പന്തികേടു തോന്നി. അവരെ ലോബിയിൽ വിളിച്ചിരുത്തി. സെനോറയുടെ കവിളിലൂടെ കണ്ണീർ ധാരയായി ഒഴുകുന്നു. കാര്യമന്വേഷിച്ചു.

ഏതാനും ദിവസം മുൻപുണ്ടായ തീപിടിത്തത്തിൽ ആ ചെറുകിടകച്ചവടക്കാരിയുടെ കട ചാമ്പലായി. മറ്റു പലരെയുംപോലെ നാടൻ കറൻസിയായല്ല, യൂഎസ് ഡോളറായാണ് സെനോറയും പണം സൂക്ഷിച്ചിരുന്നത്. ഡോളർ വച്ചിരുന്ന കലമാണ് അവരുടെ കൈയിൽ. ഡോളർനോട്ടുകളുടെ ചാരം. അതു മാറ്റി നല്ല ഡോളർ കിട്ടുമോയെന്ന് അന്വേഷിക്കാനായിരുന്നു അവർ കാഷ്യറെ കണ്ടത്. നിസ്സഹായതയായിരുന്നു മറുപടി. ബൊളീവിയൻ സർക്കാർ നേരത്തേ കൈമലർത്തിയിരുന്നു.

നൂറുഡോളർ നോട്ടുകെട്ടിന്റെ ചാമ്പൽമണത്തിൽ നിന്ന് പീറ്റിനു കാര്യം ബോദ്ധ്യമായി. തന്റെ അമ്മയ്ക്കാണ് ഇങ്ങനെ സംഭവിച്ചതെങ്കിലോയെന്ന് ആലോചിച്ചു. സഹായിക്കണമെന്നുറച്ചു. പക്ഷേ സംഗതി എളുപ്പമല്ല. തീപിടിത്തത്തിന്റെ വാർത്ത പത്രത്തിൽ വായിച്ചതോർത്തു. 45,000 ഡോളറാണ് ചാമ്പലായതെന്ന് സെനോറ പറഞ്ഞു. അവർക്ക് ഇൻഷുറൻസില്ല.

സഹപ്രവർത്തകരോട് ചർച്ച ചെയ്തു. കരിഞ്ഞ നോട്ടിന്റെ അവശിഷ്ടം പായ്ക്കറ്റുകളിലാക്കി. ഭദ്രമായി പെട്ടിയിലിട്ടുറപ്പിച്ച് വാഷിങ്ടനിലെ യൂഎസ് ട്രഷറി വകുപ്പിന്റെ ബ്യൂറോ ഓഫ് എൻഗ്രേവിങ് & പ്രിന്റിങ്ങിന് വിവരങ്ങൾ സഹിതം അയച്ചു. നോട്ടു മാറിക്കൊടുക്കുന്ന കാര്യം പല തവണ ബ്യോറോയെ വിളിച്ച് പീറ്റ് ഓർമ്മിപ്പിച്ചു. തെല്ലു വൈകിയെങ്കിലും, കറൻസി എക്സാമിനർമാരുടെ പരിശോധനയ്ക്കു ശേഷം 17,100 യൂഎസ് ഡോളറിന്റെ ചെക്ക് കിട്ടി. 

അംബാസഡറുടെ സാന്നിദ്ധ്യത്തിൽ ആഘോഷമാക്കി, സെനോറയ്ക്ക് ചെക്ക് കൈമാറി. അവർ നന്ദി പറഞ്ഞു. സംഭവം ലാപാസിൽ വലിയ വാർത്തയായി. തീരെച്ചെറിയ സംഭവത്തിന്റെ പിന്നിലെ മനോഭാവം ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധത്തിൽ മാറ്റം വരുത്തി. നയത്തിന്റെ വിജയം.

നല്ല നയതന്ത്രം രാജ്യങ്ങൾ തമ്മിൽ മാത്രമല്ല, വ്യക്തികൾ തമ്മിലും പുലർത്തേണ്ടതുണ്ട്. സ്നേഹിതരില്ലാതാകാനുള്ള എളുപ്പവഴിയാണ് അന്യരെപ്പറ്റി ഉള്ളിൽത്തോന്നുന്നതെല്ലാം അപ്പപ്പോൾ തുറന്നുപറയുന്നത്. ‘ശരിയായ കാര്യം ശരിയായ സമയത്തു പറയുന്നതിനെക്കാൾ കഠിനമാണ് തെറ്റായ കാര്യം പറയണമെന്നു തോന്നുന്ന നിർണായകനിമിഷം അതു പറയാതിരിക്കുന്നത്’ എന്ന് ബഞ്ചമിൻ ഫ്രാങ്ക്ലിൻ.

അങ്ങനെ പറയാതിരിക്കുന്നതിൽ കാപട്യമില്ല.  ‘അപ്രിയസത്യം പറയരുത്’ എന്നതിനോടൊപ്പം ‘പ്രീതിപ്പെടുത്താൻ കളവ് പറയരുത്’ എന്നുമുണ്ട്. വെറുതേ മനസ്സിലുള്ളതത്രയും തുറന്നടിച്ച് ആളുകളെ വെറുപ്പിക്കുന്നയാൾക്ക് സമൂഹത്തിൽ സ്വീകാര്യതയുണ്ടാവില്ല. നേരെ മറിച്ചാണ് ഓരോ സന്ദർഭത്തിനും ചേർന്ന വാക്കുകൾ ഔചിത്യത്തോടെ പറയുന്നവരുടെ കാര്യം. ആളും തരവും നോക്കി, നയത്തിൽ യുക്തമായ മാറ്റം വരുത്തണം. ഒരാളിൽ വിജയിക്കുന്ന നയം മറ്റൊരാളിൽ വിജയിക്കണമെന്നില്ല.

നയതന്ത്രജ്ഞർക്ക് വിദേശത്ത് വിവേകത്തോടെ മാത്രം സംസാരിക്കേണ്ടിവരും. മാതൃരാജ്യത്തിന്റെ മഹിമ പ്രകീർത്തിക്കുകയും, ചെന്നു താമസിക്കുന്ന രാജ്യത്തിന്റെ വീഴ്ചകൾ എണ്ണിപ്പറയുകയും ചെയ്താൽ രാജ്യാന്തരബന്ധങ്ങൾ തകരാറിലാവും. ഇതു മനസ്സിൽ വച്ചായിരിക്കാം നയതന്ത്രജ്ഞരെപ്പറ്റിയുള്ള നർമ്മവാക്യം രൂപംകൊണ്ടത് – സ്വദേശത്തിനു വേണ്ടി വിദേശത്തു കളവു പറയുന്ന  (who ‘lies’ abroad) സത്യസന്ധനാണ് നയതന്ത്രജ്ഞൻ. 

പക്ഷേ രണ്ടു ലോകങ്ങൾ തമ്മിലുള്ള പാലമാണ് നയതന്ത്രജ്ഞൻ. ഇരുപക്ഷത്തേക്കും പലതും വ്യാഖ്യാനിച്ചകൊടുക്കുന്നു. പരസ്പരബന്ധങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നു. എക്കാലത്തെയും നല്ല നയവിദഗ്ധനായിരുന്ന എബ്രഹാം ലിങ്കൻ : ‘അന്യർ സ്വയം കാണുന്നതുപോലെ അവരെ വരച്ചുകാട്ടാനുള്ള കഴിവാണ് നയം’.

എതിർത്തുനിൽക്കുന്ന കക്ഷികളെ സമന്വയത്തിന്റെ പാതയിലൂടെ അടുപ്പിക്കാൻ ശ്രമിക്കുന്നവർ നയത്തോടെ ആശയവിനിമയം ചെയ്യേണ്ടിവരും. ഇരുകൂട്ടർക്കും യോജിക്കാവുന്ന മേഖലകൾക്ക് ഊന്നൽ നൽകി, ക്രമേണ ഏകോപനത്തിലേക്കു പോകുകയാണ് യുക്തിപൂർവമായ മാർഗം. ഇരുവശങ്ങളിലെയും വിശ്വാസങ്ങൾ, അഭിപ്രായങ്ങൾ, ഇഷ്ടാനിഷ്ടങ്ങൾ, വൈകാരികവിഷയങ്ങൾ മുതലായവയെപ്പറ്റി ആഴത്തിലുള്ള അറിവുണ്ടാകണം. രാഷ്ട്രാന്തരബന്ധങ്ങളിൽ മാത്രമല്ല, നിത്യജീവിതത്തിലും ചെറുസംഘർഷങ്ങൾ നിയന്ത്രിക്കാൻ നയപരമായ സമീപനം തുണയാകും. തർക്കം രാജിയായാലുള്ള ഗുണങ്ങൾ ഓർമ്മിപ്പിക്കുന്നത് നല്ല നയം.

നാം ആഗ്രഹിക്കുന്ന വഴിയിൽ മറ്റൊരാളെ പ്രേരിപ്പിച്ചെത്തിക്കാൻ മികച്ച നയതന്ത്രം വേണം. സാമാന്യബുദ്ധിയും സാഹചര്യങ്ങൾ വിലയിരുത്താനുള്ള ശേഷിയും പ്രധാനം. ആകർഷകമായ ശരീരഭാഷ, മാന്യത തുടിക്കുന്ന മുഖഭാവം, അനുകമ്പയോടെ ശ്രദ്ധിച്ചു കേൾക്കാനുള്ള മനഃസ്ഥിതി, വിനയത്തോടെയുള്ള സമീപനം, സ്വാഭിപ്രായം അടിച്ചേൽപ്പിക്കാതിരിക്കാനുള്ള  ക്ഷമ, ശാന്തമായ പെരുമാറ്റം, പ്രതിപക്ഷബഹുമാനം, തുറന്ന മനസ്സ് എന്നിവ ചുരുക്കം പേർക്കുള്ള ഗുണങ്ങളാണ്. ചെളിവാരിയെറിയുന്നവരെ രാജിയാക്കുന്നതിൽ ചെളിപറ്റാതെ വിജയിക്കുന്നതിന് നയതന്ത്രം നന്നാവണം.

ആരോഗ്യകരമായ നയതന്ത്രം നിത്യജീവിതത്തിലും സ്വീകരിക്കുന്നതു പ്രധാനം. ചിലർക്കിതു സഹജമായിരിക്കാം. അതില്ലെങ്കിലും മനസ്സുവച്ചു പ്രയത്നിച്ച് സ്വന്തമാക്കാൻ ആർക്കും കഴിയും.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA