ADVERTISEMENT

സുപ്രധാന പരീക്ഷകളായ എൽഡിസി, ലാസ്റ്റ് ഗ്രേഡ് തുടങ്ങിയവ ഈ വർഷം നടക്കുമെന്ന് ഇനി പ്രതീക്ഷിക്കാനാവുമോ? എൽഡിസി, ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾ ഈ വർഷം അവസാനത്തോടെ നടത്താനാണു തീരുമാനിച്ചിരുന്നത്. എൽഡി ക്ലാർക്കിനു 17 ലക്ഷത്തിലധികവും ലാസ്റ്റ് ഗ്രേഡിന് 7 ലക്ഷത്തിനടുത്തും അപേക്ഷകരുണ്ട്. കോവിഡ്–19 വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഇത്രയും ഉദ്യോഗാർഥികളെ പങ്കെടുപ്പിച്ചു പരീക്ഷ നടത്തുന്നത് പ്രായോഗികമാണോയെന്ന് അഭിപ്രായങ്ങളുണ്ട്. എങ്കിലും പരീക്ഷ നടത്താൻ പിഎസ്‌സി പൂർണസജ്ജമാണ്. എല്ലാ സാഹചര്യങ്ങളും അനുകൂലമായാൽ ഈ വർഷംതന്നെ പരീക്ഷ നടത്തുന്നത് ആലോചിക്കാം. ഇല്ലെങ്കിൽ അടുത്ത വർഷം തുടക്കത്തിൽ നടത്താം. എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിന് ഏപ്രിൽ 1 വരെയും ലാസ്റ്റ് ഗ്രേഡിന് ജൂൺ 29 വരെയും കാലാവധിയുണ്ട്. ഇതിനകം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങൾ നടത്തും. 

പരീക്ഷകൾ എന്നു പുനരാരംഭിക്കാൻ കഴിയും?

പരീക്ഷകൾ നടത്താൻ പിഎസ്‌സി പൂർണസജ്ജമാണ്. എന്നാൽ, പരീക്ഷാ സൗകര്യങ്ങൾ ഒരുക്കിതരുന്നതിൽ മറ്റു വകുപ്പുകളുടെ സഹായം ആവശ്യമാണ്. സ്കൂളുകൾ തുറന്നെങ്കിലേ പരീക്ഷ നടത്താൻ കഴിയൂ. പൊതുഗതാഗത സംവിധാനം സാധാരണഗതിയിലാവുകയും വേണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെയ്ന്റ്മെന്റ് സോണുകളുടെ എണ്ണം ദിവസേന കൂടിവരികയാണ്. ഇവിടെനിന്നുള്ള ഉദ്യോഗാർഥികൾക്കു പരീക്ഷ എഴുതാൻ പ്രത്യേക ക്രമീകരണം വേണ്ടിവരും. ഇന്റർവ്യൂവിനു മറ്റൊരു ദിവസം നൽകാൻ പറ്റുമെങ്കിലും പരീക്ഷയ്ക്ക് ഈ സൗകര്യം അനുവദിക്കാൻ കഴിയില്ല. പരീക്ഷ പുനരാരംഭിക്കുമ്പോൾ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. 

മാറ്റിവച്ച പരീക്ഷകൾ പൂർത്തിയാക്കിയ ശേഷമേ പുതിയവ നടത്തൂ എന്നുണ്ടോ?

അങ്ങനെയൊരു തീരുമാനമൊന്നും എടുത്തിട്ടില്ല. മുൻഗണനാടിസ്ഥാനത്തിൽ പരീക്ഷ പുനഃരാരംഭിക്കാനാണ് ആലോചിക്കുന്നത്. റാങ്ക് ലിസ്റ്റ് റദ്ദായ തസ്തികകൾ, അവശ്യസേവനത്തിനുളള തസ്തികകൾ തുടങ്ങിയവയ്ക്കായിരിക്കും പ്രഥമ പരിഗണന. ഉദാഹരണത്തിന് ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ തസ്തികയുടെ റാങ്ക് ലിസ്റ്റ് റദ്ദായിരിക്കുകയാണ്. ഈ തസ്തികയുടെ പരീക്ഷ മേയ് 5 നു നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മാറ്റി. സിവിൽ പൊലീസ് ഓഫിസർ ഉൾപ്പെടെയുള്ള റാങ്ക് ലിസ്റ്റുകളും റദ്ദായിട്ടുണ്ട്. ഇങ്ങനെയുള്ള പരീക്ഷകളും മുൻഗണന നൽകി നടത്താൻ ശ്രദ്ധിക്കും.

കെഎഎസ് ഷോർട് ലിസ്റ്റ് എപ്പോൾ പ്രതീക്ഷിക്കാം? ലിസ്റ്റിൽ എത്ര പേരുണ്ടാകാം?

കെഎഎസ് പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായി. ഓഗസ്റ്റിൽ ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണു ശ്രമം. ഷോർട് ലിസ്റ്റിൽ എത്ര പേരെ ഉൾപ്പെടുത്തണമെന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. 

ഷോർട്/സാധ്യതാ ലിസ്റ്റുകളിൽ ആളെ കുറയ്ക്കുകയാണല്ലോ? കഴിഞ്ഞ തവണത്തേക്കാൾ വളരെ കുറച്ചു പേരയാണു വിഇഒ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്... 

മുൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയ അത്രയും പേരെതന്നെ പുതിയ ലിസ്റ്റിലും ഉൾപ്പെടുത്തണമെന്നു നിർബന്ധമില്ല. സാഹചര്യങ്ങൾ വിലയിരുത്തിയാണു ലിസ്റ്റുകളിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുക. കഴിഞ്ഞ തവണത്തെ അത്രയും പേർക്കു പുതിയ ലിസ്റ്റിൽനിന്നു നിയമനം ലഭിക്കണമെന്നുമില്ല. ചില സാഹചര്യങ്ങളിൽ മുൻ ലിസ്റ്റിലേതിനേക്കാൾ കൂടുതൽ നിയമനം നടന്നെന്നും വരാം. ഊഹക്കണക്കുകളുടെ അടിസ്ഥാനത്തിൽ പിഎസ്‌സിക്കു ലിസ്റ്റുണ്ടാക്കാൻ പറ്റില്ല. ആവശ്യമായത്ര ഉദ്യോഗാർഥികളെ എല്ലാ ലിസ്റ്റിലും ഉൾപ്പെടുത്തുന്നുണ്ട്. 

നിയമന നടപടികൾ ഇപ്പോഴും മന്ദഗതിയിലാണ്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇനി നീട്ടുമോ?

സർക്കാർ ശുപാർശയുടെ അടിസ്ഥാനത്തിലാണു റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ പിഎസ്‌സി തീരുമാനിക്കുന്നത്. പിഎസ്‌സിക്കു സ്വന്തമായി തീരുമാനമെടുക്കാനാവില്ല. ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന ദിവസം വരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകൾ ആ ലിസ്റ്റിൽനിന്നു നികത്താം. ഇത്തരം ഒഴിവുകളിൽ, കോവിഡ് പ്രതിസന്ധികളെ അതിജീവിച്ചും എത്രയും വേഗം നിയമന ശുപാർശ നൽകാൻ ശ്രദ്ധിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com