ADVERTISEMENT

വ്യാവസായികോൽപാദന രംഗത്ത് ചൈനയോട് മൽസരിക്കാൻ ഇന്ത്യയിലെ തൊഴിൽ സംസ്കാരം ഇനിയും മാറണമെന്ന് ബെംഗളൂരു സേവ്യേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഓൻട്രപ്രണർഷിപ് (എക്സ്ഐഎംഇ) സ്ഥാപകനും ചെയർമാനുമായ പ്രഫ.ജെ ഫിലിപ്പ്.

ഇന്ത്യയിലെ മാനേജ്മെന്റ്- തൊഴിലാളി ബന്ധങ്ങൾ ജനാധിപത്യപരമായ പക്വത കൈവരിച്ചാൽ കൂടുതൽ മെച്ചപ്പെട്ട തൊഴിലന്തരീക്ഷവും അതിലൂടെ ഉൽപാദനക്ഷമതയും വളർത്താനാകും. കേരളം ഇനിയും ഈ പക്വത ആർജിച്ചിട്ടില്ല. ഗൾഫിൽ നിന്നുള്ള പണംവരവു നിലയ്ക്കുകയും പ്രവാസികൾ വൻതോതിൽ മടങ്ങുകയും ചെയ്യുന്ന ഘട്ടത്തിൽ അതിനി വൈകിക്കൂടെന്ന മുന്നറിയിപ്പും പ്രഫഷനൽ മാനേജ്മെന്റ് മേഖലയിൽ 60 കൊല്ലം പൂർത്തിയാക്കുന്ന അ‌ദ്ദേഹം നൽകുന്നു.

J_philip

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബെംഗളൂരു (ഐഐഎംബി) മുൻ ഡയറക്ടറും എക്സ്എൽആർഐ മുൻ ഡീനുമാണ് രാജ്യത്തെ പ്രമുഖ മാനേജ്മെന്റ് ഗുരുവായ പ്രഫ. ഫിലിപ്പ്. ആലപ്പുഴ പുളിങ്കുന്ന് സ്വദേശി.

∙മാനുഫാക്ചറിങ്ങിൽ ചൈനയെ കടത്തിവെട്ടാൻ ഇന്ത്യയിൽ എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടത് ?

മാനുഫാക്ചറിങ് രംഗത്ത് അടുത്ത 25 വർഷത്തേക്ക് ഇന്ത്യയ്ക്ക് ചൈനയെ മറികടക്കാനാവില്ല. സ്റ്റീൽ, സിമന്റ്, ഓട്ടമൊബീൽ, വൈദ്യുതി മേഖലകളിൽ ഉൽപാദനത്തിലും കയറ്റുമതിയിലും ഇന്ത്യയുടെ 4-5 ഇരട്ടി മുന്നിലാണ് ചൈന. ലോകത്തെ 80% മൊബൈൽ ഹാൻഡ് സെറ്റുകളും കംപ്യൂട്ടറുകളും മൂന്നിൽ രണ്ട് ടിവി സെറ്റുകളും ചൈനയിൽ നിന്നാണ്. ഇലക്ട്രോണിക്സ്, ഹാർഡ്‍വെയർ രംഗത്ത് ഇന്ത്യയ്ക്ക് നിലവിൽ ചൈനയോടു മൽസരിക്കാനാവില്ലെങ്കിലും സോഫ്റ്റ്‌വെയർ, ഫാർമസി, കെമിക്കൽസ്, ഗാർമെന്റ്സ്, എൻജിനീയറിങ് ഉൽപന്നങ്ങൾ തുടങ്ങി വളർച്ചാ സാധ്യതയുള്ള മേഖലകളിൽ മുന്നേറാനാകും.

ചൈനയിലെ തൊഴിൽ സംസ്കാരത്തിൽ ദേശാഭിമാനം കൂടിക്കലർന്നിരിക്കുന്നു. തങ്ങളുടെ രാജ്യത്തെ മുന്നിലെത്തിക്കണമെന്ന ദൗത്യം കൂടി അവർ ഏറ്റെടുത്തിട്ടുണ്ട്. നിർമാണ, കയറ്റുമതി മേഖലയിൽ തങ്ങൾക്ക് സവിശേഷ ഒൗന്നിത്യമുണ്ടെന്ന് ചൈനീസ് ജനത വിശ്വസിക്കുന്നു.

കമ്യൂണിസ്റ്റ് രാജ്യമെങ്കിലും ബിസിനസ് കാര്യത്തിൽ മുതലാളിത്ത സമീപനമാണവർക്ക്. ഇന്ത്യയിൽ 138 ശതകോടീശ്വരന്മാരുണ്ടെങ്കിൽ ചൈനയിലിത് 709. അവിടെ തൊഴിൽ നിയമമല്ല, തൊഴിലവസര നിയമമാണുള്ളത്. ചില വ്യവസായങ്ങളിൽ തൊഴിലാളികൾ നിന്നുകൊണ്ടാണു ജോലി ചെയ്യുന്നത്. ആർക്കും അതിൽ പരാതിയുമില്ല.

എന്നാൽ, ഇതൊന്നും ഇന്ത്യയുടെ പ്രതീക്ഷ കെടുത്തേണ്ടതില്ല. നമ്മുടെ ഇംഗ്ലിഷ് പരിജ്ഞാനവും നാം വാർത്തെടുക്കുന്ന മാനേജർമാരുടെ ഭരണ നൈപുണ്യവും എൻജിനീയർമാർ, ഡോക്ടർമാർ തുടങ്ങിയ പ്രഫഷനലുകളുടെ എണ്ണവും ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ മുകളിലാണ്.

∙ഇന്ത്യൻ ചെറുകിട വ്യവസായ രംഗം നേരിടുന്ന എറ്റവും വലിയ വെല്ലുവിളി മൂലധനക്കുറവും മാനേജ്മെന്റ് വൈദഗ്ധ്യമില്ലായ്മയുമാണ്. ചെറുവ്യവസായങ്ങൾക്ക് ചെറിയ മാനേജർമാരെയാണ് ആവശ്യം. ഐഐഎം, എക്സ്എൽആർഐ ബിരുദധാരികൾ വേണമെന്നില്ല. ചെറുമാനേജർമാർക്ക് പരിശീലനം നൽകാനായി സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് (സിഡ്ബി) 10 വർഷം മുൻപ് 3 മാസ കോഴ്സുമായി രംഗത്തുവന്നിരുന്നു. നയപരമായ പാളിച്ച കൊണ്ട് കോഴ്സ് മുന്നോട്ടുപോയില്ല. ഇക്കാര്യത്തിൽ ദീർഘവീക്ഷണമുള്ള ദേശീയ നയങ്ങളാണ് ആവശ്യം.

∙നെഹ്റൂവിയൻ സോഷ്യലിസത്തിന്റെ കാലത്തുനിന്നു വിപണികേന്ദ്രീകൃത സാമ്പത്തിക സമ്പ്രദായത്തിലേക്ക് നാം മാറിയിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകുന്നതിന് സർക്കാരിനുള്ള പരിമിതികൾ വ്യക്തമാണ്. ഹിന്ദുസ്ഥാൻ എയ്റനോട്ടിക്സ് ലിമിറ്റഡ് പോലുള്ള തന്ത്രപ്രധാനമായ വ്യവസായങ്ങൾ ഒഴികെ സ്വകാര്യവൽക്കരിക്കണം.

തയാറാക്കിയത്: ആർ.എസ്.സന്തോഷ് കുമാർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com