ADVERTISEMENT

സൂക്ഷ്മ–ചെറുകിട വ്യവസായരംഗത്ത് ഏറെ നിക്ഷേപകസാധ്യതയുള്ള മേഖലയാണു ഭക്ഷ്യസംസ്കരണം. കുറഞ്ഞ മുതൽമുടക്ക്, നല്ല വിപണി, മികച്ച ലാഭം, വിദേശവിപണി കണ്ടെത്താനുള്ള സാധ്യത, കുറഞ്ഞ സാങ്കേതിക ഇടപെടലുകൾ, കുറഞ്ഞ പരിസ്ഥിതിപ്രശ്നങ്ങൾ എന്നിവയൊക്കെ ഈ മേഖലയുടെ അനുകൂല ഘടകങ്ങളാണ്. ഈ മേഖലയിൽ നിക്ഷേപം നടത്താൻ ഏറെപ്പേർ മുന്നോട്ടുവരുന്ന കാലമായതിനാൽ, അടിസ്ഥാനരേഖകൾ സംബന്ധിച്ച വിവരങ്ങൾ ഏറെ പ്രയോജനപ്പെടും. 

നിർബന്ധമാണ് ഇവ  

ഭക്ഷ്യസുരക്ഷാ നിലവാര നിയമം: ഭക്ഷ്യമേഖലയ്ക്കു വേണ്ട ലൈസൻസുകൾ സംബന്ധിച്ചു രാജ്യത്താകെ വ്യാപകമായ നിയമമാണ് FSSAI (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ) വഴി നടപ്പാക്കുന്ന ‘ഭക്ഷ്യസുരക്ഷാ നിലവാര നിയമം–2006’. 2011 ഓഗസ്റ്റ് 5 മുതലാണ് ഇതിനു പ്രാബല്യം. ഉൽപാദനം, സൂക്ഷിക്കൽ, വിപണനം, വിതരണം, കയറ്റിറക്ക്, ഗതാഗതം തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ലൈസൻസ്/റജിസ്ട്രേഷൻ നിർബന്ധം. 

റജിസ്ട്രേഷൻ/ലൈസൻസ് 5 വർഷം വരെ എടുക്കാം. ഓൺലൈനായി മാത്രമേ അപേക്ഷ നൽകാൻ കഴിയൂ. ആധാർ കാർഡ്, തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി (ചില സ്ഥാപനങ്ങൾക്ക് ഇളവുണ്ട്), മെഡിക്കൽ സർട്ടിഫിക്കറ്റ്, ജലപരിശോധനാ സർട്ടിഫിക്കറ്റ് (വെള്ളം നേരിട്ട് അസംസ്കൃതവസ്തുവായി ഉപയോഗിക്കുന്നവർക്കു മാത്രം) എന്നിവയാണ് അപേക്ഷയ്ക്കൊപ്പം നൽകേണ്ട പ്രധാന രേഖകൾ. 

റജിസ്ട്രേഷൻ മാത്രം 

∙വാർഷിക വിറ്റുവരവ് 12 ലക്ഷം രൂപയിൽ താഴെയുള്ള സ്ഥാപനങ്ങൾ. 

∙ദിവസേന 100 കിലോയിൽ താഴെ ഉൽപാദിപ്പിക്കുന്നവർ. 

∙ദിവസേന 100 ലീറ്ററിൽ താഴെ ദ്രാവക ഭക്ഷ്യം ഉൽപാദിപ്പിക്കുന്നവർ (പാലിന് 500 ലീറ്റർ). 

∙ദിവസേന രണ്ടു വലിയ മൃഗങ്ങൾ, 10 ചെറിയ മൃഗങ്ങൾ, 50 പക്ഷികൾ എന്നിവയെ കൊന്നു വിൽക്കുന്നവർ. 

വർഷം 100 രൂപ ഫീസ് അടച്ച് ഫോം എയിൽ അപേക്ഷ നൽകണം. സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശത്തെ ഫുഡ് സേഫ്റ്റി ഓഫിസർക്ക് അപേക്ഷ നൽകണം. 

ലൈസൻസ് എടുക്കാൻ 

∙വാർഷിക വിറ്റുവരവ് 12 ലക്ഷം രൂപ കവിയുന്നവർ.

∙ദിവസേന 100 ലീറ്ററിനു മുകളിൽ ദ്രാവക ഭക്ഷ്യം ഉൽപാദിപ്പിക്കുന്നവർ (പാലിന്റെ കാര്യത്തിൽ 500 മുതൽ 50,000 വരെ ലീറ്റർ). 

∙ദിവസേന 100 കിലോയ്ക്കു മുകളിൽ ഖരഭക്ഷ്യം ഉൽപാദിപ്പിക്കുന്നവർ.  

∙20 മുതൽ 50 വരെ വലിയ മൃഗങ്ങൾ, 10 മുതൽ 150 വരെ ചെറിയ മൃഗങ്ങൾ, 50 മുതൽ 1000 വരെ പക്ഷികൾ എന്നിവയിൽ വരുന്ന അറവുകേന്ദ്രങ്ങൾ. 

∙ദിവസേന 500 കിലോ വരെ മാംസം സംസ്കരിക്കുന്നവർ. 

∙ദിവസേന 2 ടൺ ഭക്ഷ്യം ഉൽപാദിപ്പിക്കുന്നവർ, എണ്ണ ശുദ്ധീകരിക്കുന്നവർ, റീലേബലിങ് നടത്തുന്നവർ, റീപായ്ക്ക് ചെയ്യുന്നവർ. 

ജില്ലാ ഫുഡ് സേഫ്റ്റി ഓഫിസർക്കു ഫോം–ബിയിൽ അപേക്ഷ നൽകണം. റീട്ടെയിൽ ഔട്‌ലെറ്റുകൾക്ക് 200 രൂപയും നിർമാണ സ്ഥാപനങ്ങൾക്കു 3,000 രൂപയുമാണു വാർഷിക ഫീസ്.  

കേന്ദ്ര ലൈസൻസ് 

∙ലൈസൻസിനുള്ള മാനദണ്ഡങ്ങളിൽ പറഞ്ഞതിൽ കൂടുതൽ അളവ് കൈകാര്യം ചെയ്യുന്നവർ, കയറ്റുമതി–ഇറക്കുമതി ചെയ്യുന്നവർ, റെയിൽ, എയർപോർട്ട്, സീപോർട്ട്, ഡിഫൻസ് തുടങ്ങിയ രംഗങ്ങളിലുള്ളവർ, ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ പ്രവർത്തനം നടത്തുന്നവർ, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൽപാദനം നടത്തുന്നവർ എന്നീ വിഭാഗക്കാർ സെൻട്രൽ ലൈസൻസിങ് അതോറിറ്റിയിൽനിന്നാണു ലൈസൻസ് എടുക്കേണ്ടത്. 

∙ഒന്നിൽക്കൂടുതൽ ജില്ലയിൽ പ്രവർത്തിക്കുന്നെങ്കിൽ ഓരോ ജില്ലയിൽനിന്നും പ്രത്യേകം ലൈസൻസ് എടുക്കണം. 

പായ്ക്കർ ലൈസൻസ് 

ഉപഭോക്താവിന്റെ കൺമുന്നിലല്ല ഭക്ഷ്യ ഉൽപന്നങ്ങൾ പായ്ക്ക് ചെയ്യുന്നതെങ്കിൽ പായ്ക്കർ ലൈസൻസ് എടുത്തിരിക്കണം. ലീഗൽ മെട്രോളജി വകുപ്പിൽനിന്നാണ് ഇതു ലഭിക്കുക. 

ജിഎസ്ടി 

∙20 ലക്ഷം രൂപ വരെ വിറ്റുവരവുള്ള സേവനസ്ഥാപനങ്ങൾക്കും 40 ലക്ഷം രൂപവരെ വിറ്റുവരവുള്ള നിർമാണസ്ഥാപനങ്ങൾക്കും ചരക്കുസേവന നികുതി റജിസ്ട്രേഷൻ വേണമെന്നില്ല. 

∙അന്തർസംസ്ഥാന വ്യാപാരം നടത്തുന്നവർ വിൽപനപരിധി നോക്കാതെ ജിഎസ്ടി എടുക്കേണ്ടതാണ്.

English Summary : Food Pocessing Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com