ഈ കോവിഡ് കാലത്ത് നമുക്ക് തീരുമാനിക്കാം, പണമാണോ അതോ മനുഷ്യത്വമാണോ വലുത്?

Positive_thoughts
SHARE

ദാരിദ്ര്യത്തിൽ ജീവിച്ചവർക്കേ ദാരിദ്ര്യത്തിന്റെ യാതന എന്താണെന്നറിയൂ. വിശപ്പ് അറിഞ്ഞു ജീവിച്ചവർക്കേ മറ്റുള്ളവർക്കു വിശക്കുമ്പോൾ ഉണ്ടാകുന്ന വിഷമം മനസ്സിലാവൂ. 

ഒരു കഥ പറഞ്ഞുകൊണ്ടു കാര്യത്തിലേക്കു വരാം. ഒരു പെറ്റ് ഷോപ്പിൽ നായ്ക്കുഞ്ഞിനെ വാങ്ങാൻ വന്നതായിരുന്നു ടോം എന്ന കുട്ടി. അവന്റെ കയ്യിൽ കുറേക്കാലം കൊണ്ടു സമ്പാദിച്ചുകൂട്ടിയ ഏതാനും ഡോളറുകളേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഒറ്റപ്പെട്ട ജീവിതത്തിൽ കളിക്കൂട്ടുകാരനായി ഒരു നായ്ക്കുഞ്ഞിനെ വാങ്ങണമെന്നത് കാലങ്ങളായുള്ള അവന്റെ സ്വപ്നമായിരുന്നു. 

ഷോപ്പിലെ ഓരോ നായ്ക്കുട്ടികളെയും അവൻ മാറിമാറി നോക്കിക്കൊണ്ടിരുന്നു. എല്ലാത്തിനും ഏകദേശം ഒരേ വിലയാണ്. അപ്പോഴാണ് അവൻ അപ്പുറത്ത് ഒറ്റക്കിരിക്കുന്ന ഒരു നായ്ക്കുട്ടിയെ, നായ്ക്കൂടിന്റെ ഗ്രില്ലുകൾക്കിടയിലൂടെ കണ്ടത്. ടോം കടക്കാരനോടു ചോദിച്ചു: ‘ആ നായ്ക്കുട്ടി എന്താണ് ഒറ്റയ്ക്കിരിക്കുന്നത്?’ 

അയാൾ പറഞ്ഞു: ‘അത് അംഗവൈകല്യം സംഭവിച്ച ഒരു നായ്ക്കുട്ടിയാണ്. ഇവിടെ കൊണ്ടുവന്നപ്പോഴേ അതിന്റെ ഒരു കാൽ നഷ്ടപ്പെട്ടിരുന്നു’. 

ടോം ആ നായ്ക്കുട്ടിക്കടുത്തേക്കു പതുക്കെ നടന്നു. അതിനോടു ചേർന്നിരുന്നു. ആ നായ്ക്കുട്ടി അവന്റെ മുഖത്തും ചെവിയിലുമൊക്കെ മാറിമാറിയങ്ങനെ നക്കിക്കൊണ്ടിരുന്നു. കയ്യിലെ ഡോളർ കടക്കാരനു കൈമാറി ആ വികലാംഗനായ നായ്ക്കുട്ടിയുമായി മടങ്ങാൻ തുടങ്ങിയ ടോമിനോടു കടയുടമ ചോദിച്ചു: ‘കുട്ടീ, ഇവിടെ എത്രയോ പേർ നായ്ക്കളെ കാണാനും വാങ്ങാനും വന്നിട്ടുണ്ട്. ഒരാൾപോലും ആ നായ്ക്കുട്ടിയെ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല. നിനക്കെന്താണു പറ്റിയത്?’ 

അവൻ തന്റെ ഇടതുകാലിലെ ട്രൗസർ ഉയർത്തിക്കാണിച്ചു. കാലിനു സ്വാധീനമില്ലാത്തതിനാൽ അവൻ ധരിച്ച ബ്രെയ്സ് ആ കടക്കാരന്റെ ചോദ്യത്തിന് ഉത്തരമായി. ആ കാഴ്ച കടക്കാരന്റെ മനസ്സിൽ വല്ലാത്തൊരു മിന്നലുണ്ടാക്കി. അവൻ നടന്നകലുമ്പോൾ അയാൾ മനസ്സിലോർത്തു, മുടന്തനായ ഒരു നായ്ക്കുഞ്ഞിനെപ്പോലും വിറ്റു പണമുണ്ടാക്കുന്ന താൻ എത്രമാത്രം ഇരുണ്ടതാണെന്ന്, അവനല്ലേ തെളിഞ്ഞുകത്തുന്ന ജ്വാല എന്ന്. 

മനുഷ്യശരീരം ഒരു മൺവിളക്കും അതിൽ നിറയേണ്ട സ്നേഹം അതിന്റെ ജ്വാലയുമാണ്. ആ ജ്വാല ഉള്ളതുകൊണ്ടാണു മൺവിളക്കിനെ ആളുകൾ ആരാധിക്കുന്നത്, അതിനു മുന്നിൽ നിന്നു കൈകൂപ്പുന്നത്. ജ്വാലയില്ലാത്ത മൺവിളക്കിനെ ആർക്കാണു വേണ്ടത്? ഈ ഭൂമിയോട്, മനുഷ്യരാശിയോട്, നമ്മുടെ ചുറ്റുപാടുമുള്ളവരോടു സമർപ്പിതമാവേണ്ട കാലമാണ്, കൊറോണ ഭൂമിയെ ആടിയുലച്ച ഇക്കാലം. സത്തയുള്ള മനുഷ്യനാവണോ സ്വത്തുള്ള മനുഷ്യനാവണോ എന്ന് സ്വയം തീരുമാനിക്കേണ്ട കാലവുമാണിത്. നേരിട്ടോ പരോക്ഷമായോ കൊറോണയുടെ ആഘാതം നമ്മളെയെല്ലാം ബാധിച്ചിരിക്കുന്നു. പ്രയാസങ്ങളുടെ ഇക്കാലത്ത് നമ്മളേക്കാൾ നൊമ്പരപ്പെടുന്നവരിലേക്കു നമ്മുടെ കണ്ണുകൾ ചെന്നെത്തട്ടെ. സത്തയോ സ്വത്തോ വലുതെന്ന താരതമ്യത്തിൽ പുതിയൊരു കാലത്തിലേക്കു നമുക്കെല്ലാം നടക്കാൻ കഴിയട്ടെ. 

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA