പത്ത് കഴിഞ്ഞാൽ മുന്നിൽ എത്ര വഴി? അടുത്തറിയാം കരിയർ സാധ്യതകൾ

Student
SHARE

പത്താംക്ലാസ് കഴിഞ്ഞു 11ലേക്കു കടക്കുമ്പോൾ, വ്യക്തമായ ധാരണയോടെ വേണം ഇഷ്ട വിഷയങ്ങളുടെ തിരഞ്ഞെടുപ്പ്. സയൻസ് തിരഞ്ഞെടുത്തവർക്കു 2 വർഷം കഴിഞ്ഞ് താല്‍പര്യമില്ലെങ്കില്‍ കൊമേഴ്‌സിലേക്കോ ഹ്യുമാനിറ്റീസിലേക്കോ മാറാം. പക്ഷേ, കൊമേഴ്‌സോ ഹ്യുമാനിറ്റീസോ പഠിച്ചവർക്ക് സയൻസ്, ടെക്‌നോളജി മേഖലകളിലേക്കു മാറാൻ കഴിയില്ല.

10  കഴിഞ്ഞുള്ള വഴികള്‍

കേരള ഹയർ സെക്കൻഡറി, സാങ്കേതികവിഷയങ്ങളും ഉൾപ്പെട്ട ടെക്‌നിക്കൽ ഹയർ സെക്കൻഡറി, സിബിഎസ്ഇ, ഐഎസ്‌സി, പോളിടെക്‌നിക് ഡിപ്ലോമ, ഐടിഐ, ഫുഡ്ക്രാഫ്റ്റ് കോഴ്‌സുകൾ, കൊച്ചി സിഫ്‌നെറ്റ് (ഫിഷിങ് വെസൽ മേറ്റ് / എൻജിൻ ഡ്രൈവർ), തയ്യൽ (സാങ്കേതികവിദ്യാഭ്യാസവകുപ്പിലെ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഫാഷൻ ഡിസൈനിങ്, അംഗീകൃത തയ്യൽ സ്‌കൂളുകൾ, അപ്പാരൽ ട്രെയിനിങ് & ഡിസൈൻ സെന്ററുകൾ) കെജിസിഇ മുതലായവ പശ്ചാത്തലമനുസരിച്ച് പരിഗണിക്കാം.

പ്ലസ്ടൂ പഠനത്തിന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ് (nios.ac.in), സ്‌കോൾ കേരള (www.scolekerala.org) രീതികളുണ്ടെങ്കിലും സാധാരണ സ്‌കൂളുകളിൽ ചേരുന്നതാകും സൗകര്യം.

12 കഴിഞ്ഞാൽ

12 കഴിഞ്ഞവർക്ക് ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്‌സി ഇലക്ട്രോണിക്‌സ് / കംപ്യൂട്ടർ / ഐടി തുടങ്ങിയ ബിരുദങ്ങളാവാം. 

കോഴ്‌സ് തിരഞ്ഞെടുക്കുമ്പോൾ അഭിരുചി, പഠനശേഷി, ഉപരിപഠനസാധ്യത, കോഴ്‌സ് ദൈർഘ്യം, ജോലിസാധ്യത എന്നിവ പരിഗണിക്കണം.

5-വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ 

i) സയൻസ്: ഐസറുകൾ, NEST എഴുതി അണുശക്തി കമ്മിഷന്റെ നിയന്ത്രണത്തിൽ ഭുവനേശ്വറിലും മുംബൈയിലുമായുള്ള 2 സ്ഥാപനങ്ങൾ, ബിറ്റ്‌സ് പിലാനി / ഗോവ / ഹൈദരാബാദ്, കൊച്ചി സർവകലാശാല (കുസാറ്റ്), കോട്ടയം എംജി യൂണിവേഴ്‌സിറ്റി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ്)

ii) സയൻസ്, എൻജി: ഐഐടികള്‍, ചില എൻഐടികള്‍, ഐഐഎസ്ടി തിരുവനന്തപുരം

iii) മറ്റു മേഖലകൾ : ഐഐഎം ഇൻഡോർ (മാനേജ്മെന്റ്), ലോ കോളജുകളും ക്ലാറ്റ് വഴി പ്രവേശനം നേടേണ്ട നിയമസർവകലാശാലകളും, മൈസൂർ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷൻ (ബിഎസ്‌സി ബിഎഡ്, ബിഎ ബിഎഡ്)

എൻജിനീയറിങ്ങും സയൻസും

മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി പഠിച്ചവർക്ക് എൻജിനീയറിങ് ഇണങ്ങും. കേരള എൻട്രൻസിനു പുറമേ ഐഐടി, എൻഐടി എന്നിവയടക്കമുള്ള മികച്ച സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ജെഇഇ മെയിൻ / അഡ്വാൻസ്ഡ് പരീക്ഷകളെപ്പറ്റി ചിന്തിക്കാം. വരയ്ക്കാൻ വാസന  കൂടിയുണ്ടെങ്കിൽ 'നാറ്റ' അഭിരുചിപരീക്ഷയെഴുതി ആർക്കിടെക്ചർ പഠിക്കാം. മികച്ച മറ്റു ചില സ്ഥാപനങ്ങൾ തനതായി ബിടെക്, ബിആർക് പ്രവേശനം നടത്തുന്നുണ്ട്. 

കേരള എൻട്രൻസിലെ ഫിസിക്‌സ്‌, കെമിസ്ട്രി പേപ്പർ മാത്രമെഴുതി ബിഫാമിനു ചേരാം. സയൻസ് ഗവേഷണ അഭിരുചിയുള്ളവർക്ക് തിരുവനന്തപുരം ഉൾപ്പെടെ 7 കേന്ദ്രങ്ങളിലെ ഐസറുകൾ, ബെംഗളൂരു ഇന്ത്യൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐഐടികള്‍ എന്നിവിടങ്ങളിലെ ബിഎസ് പ്രോഗ്രാമുകളും നന്ന്. 

മെഡിസിനും അഗ്രികള്‍ചറും

ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി പഠിച്ചവർക്ക് 'നീറ്റ്' എഴുതി എംബിബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, യൂനാനി, അഗ്രികൾചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി കോഴ്‌സുകളിൽ പ്രവേശനം നേടാം. എംബിബിഎസ് ഉൾപ്പെടെ ഈ കോഴ്സുകളിലെല്ലാം 15% ഓൾ ഇന്ത്യ ക്വോട്ടയിലേക്കും പ്രവേശനം തേടാം. തീരെ കുറഞ്ഞ ചെലവിൽ എംബിബിഎസ് പഠിക്കാവുന്ന മികച്ച കോളജുകളിലും ഈവഴി പ്രവേശനം ലഭിക്കാം. സിഎംസി വെല്ലൂർ / ലുധിയാന, പുണെ എഎഫ്എംസി, പുതുച്ചേരി ജിപ്‌മെർ തുടങ്ങി കേരളീയർക്കു നേരിട്ടു എംബിബിഎസിനു ശ്രമിക്കാവുന്ന സ്ഥാപനങ്ങളുമുണ്ട്.

കേരളത്തില്‍ 'നീറ്റ് ' വഴി അഗ്രികള്‍ചര്‍ ബിഎസ്‌സിക്കു 320 സീറ്റുകളുണ്ട്. ഇതിനു പുറമേ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിന്റെ (ICAR) എൻട്രൻസ് വഴി, കേരളത്തിലേതടക്കം ഇന്ത്യയിലെ എല്ലാ കാർഷിക സർവകലാശാലകളിലെയും 15% സീറ്റുകളിലേക്കും, 2 ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ മുഴുവൻ സീറ്റുകളിലേക്കും ശ്രമിക്കുകയുമാകാം. (www.cee-kerala.org & www.ntaicar.nic.in).

ഇപ്പോഴേ അറിയണം കരിയർ

12 കഴിഞ്ഞ് ബിരുദത്തിനു ചേരുന്നവർക്ക് ബിരുദം കഴിഞ്ഞെന്ത് എന്നതും മനസ്സിൽ കരുതാം. പിജി, പിഎച്ച്ഡി വഴിക്കു പുറമേയുള്ള ചിലതാണ് മാനേജ്‌മെന്റ്, സിവിൽ സർവീസസ്, 3-വർഷ എൽഎൽബി, ഫിലിം & ടിവി, ജേണലിസം, ലൈബ്രറി സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ, എയർ ഹോസ്റ്റസ് / ഫ്ലൈറ്റ് അറ്റൻഡന്റ്, ട്രാവൽ-ടൂറിസം എന്നിവ. ബയോടെക്‌നോളജി, ബയോഇൻഫർമാറ്റിക്‌സ്, നാനോടെക്‌നോളജി എന്നിവ പരിഗണിക്കുന്നവർ ഗവേഷണജീവിതത്തിനു സന്നദ്ധരായിരിക്കണം. 

എന്‍ട്രന്‍സ് ആശയക്കുഴപ്പം

എംബിബിഎസിനായി നീറ്റ് കോച്ചിങ്ങിനു ഒന്നോ രണ്ടോ വർഷം ചെലവഴിച്ച പലരും കോവിഡ് മൂലമുള്ള അനിശ്ചിതത്വം കാരണം സമാന്തരമായി മറ്റു കോഴ്സുകളിലേക്കും ശ്രമിക്കണോയെന്നു ചോദിക്കുന്നുണ്ട്. എംബിബിഎസ് പ്രവേശനത്തിനു മത്സരം കടുത്തതാണ്. അതിനാൽ ഇഷ്ടമുള്ള ബാച്‌ലർ കോഴ്സിനു കൂടി ഇപ്പോൾ അപേക്ഷിക്കാം. മെഡിക്കൽ പ്രവേശനം കിട്ടുന്ന മുറയ്ക്കു മാറിപ്പോകുകയുമാകാം.

കോഴ്സ് തിരഞ്ഞെടുക്കുമ്പോള്‍

പുതുതലമുറ കോഴ്സുകള്‍ക്കു ചേരും മുൻപ് അവയുടെ ഉള്ളടക്കം, സ്ഥാപനങ്ങളുടെ വിശ്വാസ്യത, പഠിച്ചിറങ്ങുമ്പോഴുണ്ടായേക്കാവുന്ന ജോലിസാധ്യത എന്നിവയെപ്പറ്റി ശ്രദ്ധയോടെ പഠിച്ചിരിക്കണം. ഒട്ടേറെ പരമ്പരാഗതകോഴ്സുകൾ എന്നും പ്രസക്തിയുള്ളവയായിരിക്കുമെന്നും ഓര്‍ക്കണം.

നഴ്സിങ്, പാരാമെഡിക്കൽ 

നഴ്‌സിങ് അടക്കം ഡിഗ്രി / ഫാർമസിയടക്കം ഡിപ്ലോമ കോഴ്‌സുകൾ കേരളത്തിൽ എൽബിഎസ് സെന്റർ പ്രവേശനം നടത്തിവരുന്നു - https://lbscentre.in). ബിഎസ്‌സി നഴ്സിങ്ങിനു പുറമേ CGFNS / NCLEX - RN യോഗ്യത കൂടി നേടുന്നവർക്ക് വിദേശത്ത് ആകർഷക അവസരങ്ങള്‍ക്കു സാധ്യത.

സാധ്യതകളുമായി കൊമേഴ്‌സ്

കൊമേഴ്‌സിൽ അനന്തസാധ്യതകളുണ്ട്. പ്രവേശനത്തിനു പ്ലസ്ടുവിൽ കൊമേഴ്‌സ് പഠിക്കണമെന്നില്ല. ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടി, കോസ്റ്റ് അക്കൗണ്ടന്റ് എന്നിവയ്ക്കു പുറമേ ACCA, CPA, CIMA (UK), CMA (US), CFA മുതലായ സാധ്യതകളുമുണ്ട്. 

എയർലൈനും മർച്ചന്റ് നേവിയും

മാത്‌സും ഫിസിക്‌സും പഠിച്ചവർക്ക് പൈലറ്റാകാന്‍ താല്‍പര്യമുണ്ടെങ്കില്‍ യുപിയിലെ ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമി (IGRUA) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പ്രവേശനം തേടാം. താല്‍പര്യമുള്ളവർക്ക് മർച്ചന്റ് നേവിയും ആകർഷകമാർഗമാണ് (www.imu.ac.in). 

മറ്റു കോഴ്‌സുകൾ

ഏതു പ്ലസ്ടൂക്കാർക്കും പോകാവുന്ന മറ്റു വഴികളാണ് ഹോട്ടൽ മാനേജ്‌മെന്റ്, ഫാഷൻ ഡിസൈൻ, അഹമ്മദാബാദ് എൻഐഡിയടക്കം സ്ഥാപനങ്ങളിലെ ഡിസൈൻ, ഇന്റീരിയർ ഡിസൈൻ, ആൺകുട്ടികൾക്കു പുണെ നാഷനൽ ഡിഫൻസ് അക്കാദമിയിലൂടെ സായുധസേനയിലേക്കുള്ള പരിശീലനം എന്നിവ. മാത്‌സും ഫിസിക്‌സും പ്ലസ്ടുവിൽ പഠിച്ചെങ്കിലേ നാവിക / വ്യോമസേനകളിൽ പ്രവേശനമുള്ളൂ.

തിരുവനന്തപുരം, മാവേലിക്കര, തൃപ്പൂണിത്തുറ, തൃശൂർ കോളജുകളിൽ ചിത്രകലയടക്കം ഫൈൻ ആർട്‌സ് ബിരുദത്തിനു സൗകര്യമുണ്ട്. 

ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കാനുള്ള വിവിധ 'സ്‌പെഷൽ എജ്യുക്കേഷൻ' കോഴ്‌സുകൾ റീഹാബിലിറ്റേഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുണ്ട്. വിവരങ്ങൾക്ക് http://rehabcouncil.nic.in. ക്ലിനിക്കൽ സൈക്കോളജിസ്റ്റാകാൻ ആഗ്രഹിക്കുന്നവർ സൈക്കോളജിക്കു തുടക്കം കുറിക്കണം.

സിവില്‍ സര്‍വീസസിലേക്കുള്ള വഴി

സിവിൽ സർവീസസ് ലക്ഷ്യമിടാൻ എന്തു വിഷയം പഠിക്കണമെന്നു ചോദിച്ചവരുണ്ട്. പരീക്ഷയെഴുതാൻ ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദം മതി. മിനിമം മാർക്ക് നിബന്ധന പോലുമില്ല. മനസ്സിനിണങ്ങിയ വിഷയമെടുത്തു പഠിക്കുക.

ഏറെപ്പേര്‍ അന്വേഷിച്ച ചില മേഖലകളെക്കുറിച്ചു ചുരുക്കത്തില്‍

‍ഫുഡ് സയന്‍സ് / ഫുഡ് 

ടെക്നോളജി: വളര്‍ച്ചയ്ക്ക് ഏറെ സാധ്യതയുള്ള മേഖല. ഈ രംഗത്തെ മികച്ച സ്ഥാപമാണ് ഹരിയാനയിലെ NIFTEM (www.niftem.ac.in). കേരളത്തിലെ കോളജുകളിലെ ബിഎസ്‌സി / എംഎസ്‍സി, കേരള എൻട്രൻസ്‌വഴി പ്രവേശിക്കാവുന്ന വിവിധ സ്ഥാപനങ്ങളിലെ ബിടെക് ഫുഡ് ടെക്നോളജി, മൈസൂരു സെൻട്രൽ ഫൂഡ് ടെക്നളോജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ എംഎസ്‌സി, തഞ്ചാവൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസിങ് ടെക്നോളജിയിലെ ബിടെക് /  എംടെക്, ഇഗ്നോയിലെ പിജി ഡിപ്ലോമ – ഫുഡ് സേഫ്റ്റി & ക്വാളിറ്റി മാനേജ്മെന്റ് തുടങ്ങി വിവിധ പ്രോഗ്രാമുകളുണ്ട്.

ഫൊറന്‍സിക് സയന്‍സും 

ക്രിമിനോളജിയും: കുറ്റാന്വേഷണവും കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള രണ്ടു ശാസ്ത്രശാഖകള്‍. വിഷയങ്ങളുടെ ഉള്ളടക്കവും ജോലിസാധ്യതയും പഠിച്ചിട്ടു മാത്രം പ്രവേശനം തേടുക. ദുർഗുണപരിഹാരശാലകൾ, ജയിലുകൾ, പൊലീസ് വകുപ്പ് എന്നിവയിൽ ക്രിമിനോളജിസ്റ്റുകൾക്ക് അവസരങ്ങളുണ്ട്.

ഫാംഡി : ഫാർമസിയിലെ മികച്ച യോഗ്യതയാണ്. 12 കഴിഞ്ഞ് 6 വർഷം. അല്ലെങ്കില്‍ 4–വർഷ ബിഫാം കഴിഞ്ഞ് 3–വർഷ ഫാംഡി. കോളജുകളുടെ ലിസ്റ്റിന് http://pci.nic.in.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: നാളത്തെ ടെക്നോളജി. നല്ല ഏത് എംടെക് കംപ്യൂട്ടർ സയൻസ് പ്രോഗ്രാമിലും ഇതുൾപ്പെടും. ഐഐടി ഹൈദരാബാദിൽ ഇതിന്റെ ബിടെക്കുണ്ട്; NIELIT കോഴിക്കോട്ടു പിജി ഡിപ്ലോമയും. അറിവിനു വേണ്ടി സൗജന്യമായി പഠിക്കാൻ edX, coursera തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാം; സർട്ടിഫിക്കറ്റിനു പണമടയ്ക്കണം.

ഡേറ്റ സയൻസ്: 

ഡേറ്റ അനലിറ്റിക്സിന്റെ ഉയർന്ന തലം. പരിശീലനം നല്കുന്ന ചില സ്ഥാപനങ്ങൾ: ഐഐഐടി ബെംഗളൂരു– പിജി; ഗുവഹാത്തി, ഹൈദരാബാദ് ഐഐടികൾ – എംടെക്; അമൃത കോയമ്പത്തൂർ – 5–വർഷ എംഎസ്‌സി; NIELIT കോഴിക്കോട് / ചെന്നൈ – പിജി ഡിപ്ലോമ; ഐഐഐടിഎംകെ തിരുവനന്തപുരം – ഡേറ്റാ അനലിറ്റിക്സിൽ എംഎസ്‍സിയും സർട്ടിഫിക്കറ്റും; എക്സ്എൽആർഐ ജംഷഡ്പുർ- ഓണ്‍ലൈന്‍ എക്സിക്യൂട്ടീവ് പ്രോഗ്രാം; നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സ് മുംബൈ – പിജി സർട്ടിഫിക്കറ്റ്.

English Summary : Career prospects after Class 10

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA