പരസ്പരവിശ്വാസമെന്ന തങ്കനൂലില്ലാതെ സമൂഹജീവിതം സാധ്യമോ?

positive-thoughts
SHARE

പ്രിയന്റെ കൂർത്തുമൂർത്ത കൊമ്പിൻമുനയിൽ ഇടംകണ്ണു ചൊറിയുന്ന മാൻപേട. ആ കൊമ്പിന്റെ നേരിയ ചലനംപോലും തന്റെ കണ്ണുപൊട്ടാനിടയാകുമെന്ന് മാൻപേടയ്ക്ക് ഉറപ്പുണ്ട്. എന്നിട്ടും ശാന്തമായി കണ്ണു ചൊറിയുകയാണ്. പരസ്പരവിശ്വാസത്തിന്റെ ഉദാത്തമാതൃക. ‘ശൃംഗേ കൃഷ്ണമൃഗസ്യ വാമനയനം കണ്ഡൂയമാനാം മൃഗീം’ എന്ന പ്രശസ്തവരി കാളിദാസശാകുന്തളത്തിലേതാണ് (6:17).

എന്താണിതിന്റെ പശ്ചാത്തലം? രാജസന്നിധിയിലെത്തിയ  ശകുന്തളയെ ഭർത്താവായ ദുഷ്യന്തമഹാരാജാവ് തിരിച്ചറിഞ്ഞില്ല. അവരെ സ്വീകരിക്കാതെ മടക്കി അയച്ചു. പിന്നീട് മുക്കുവൻ കൊണ്ടുവന്ന മുദ്രമോതിരം കണ്ട് പത്നിയെ ഓർമ്മവന്ന് പശ്ചാത്താപവിവശനായി വിലപിക്കുന്നു. കണ്വാശ്രമത്തിന്റെ ശാന്തിനിറഞ്ഞ പശ്ചാത്തലത്തിൽക്കണ്ട ശകന്തളയെ വരയ്ക്കണം. ചിത്രത്തിൽ ചേർക്കേണ്ട കാര്യങ്ങൾ രാജാവ് എണ്ണിയെണ്ണിപ്പറയുന്നു. അതിലൊന്നാണ് മേല്സൂചിപ്പിച്ച വരി:

പരസ്പരവിശ്വാസമെന്ന തങ്കനൂലില്ലാതെ സമൂഹജീവിതം സാധ്യമല്ല. പഴയ ചോദ്യമുണ്ട് – ചെക്ക് വാങ്ങി ടോക്കൺ തന്ന ബാങ്ക് കാഷ്യർ, പിന്നീടു നാം ടോക്കണുമായി ചെല്ലുമ്പോൾ ‘നിങ്ങൾക്കു ഞാൻ പണം തന്നതല്ലേ? വീണ്ടും ചോദിക്കുന്നോ?’ എന്ന കള്ളച്ചോദ്യമെറിഞ്ഞാൽ നാം എന്തു ചെയ്യും?

നിഷ്കളങ്കനും നിരക്ഷരനുമായ ഗ്രാമീണകർഷകൻ പണ്ട് ബാങ്ക് മാനേജറോട് ചോദിച്ചതും കേൾക്കുക. വളം വാങ്ങാൻ വലിയ തുക വേണം. അങ്ങനെയിരിക്കെ ഗ്രാമത്തിൽ ബാങ്ക് വന്നു. ആരോ പറഞ്ഞു, അവിടെ ചെന്നാൽ കുറഞ്ഞ പലിശയ്ക്ക് പണം കടംകിട്ടും. ചെന്നു. വിഷയം അവതരിപ്പിച്ചു. കടം നല്കാമെന്നു മാനേജർ. പക്ഷേ ഈടു വേണം. അതെന്തു കുന്തമാണെന്ന് പാവം കർഷകന് അറിഞ്ഞുകൂടാ. സ്ഥലമുണ്ടോ, സ്വർണമുണ്ടോ തുടങ്ങിയ പതിവു ചോദ്യങ്ങൾ മാനേജർ ചോദിച്ചു.  ആകെയുള്ളത് രണ്ടു വലിയ എരുമയാണെന്നു പറഞ്ഞു. എരുമയെ ഈടുവച്ച് മാനേജർ പണം കൊടുത്തു. വിളവെടുപ്പു കഴിഞ്ഞ് കിട്ടിയ വലിയ തുകയുമായി കർഷകൻ ബാങ്കിലെത്തി. കടം വീട്ടി. അതു കഴിഞ്ഞും അയാളുടെ കൈയിൽ വലിയ തുകയിരിക്കുന്നു.

നിങ്ങളീ പണമെല്ലാം എന്തു ചെയ്യുമെന്നായി മാനേജർ. കുടത്തിലടച്ച് വീട്ടിലെ അടുക്കളയിൽ കുഴിച്ചിടുകയാണു പതിവെന്ന് അറിയിച്ചു. ‘നിങ്ങൾ പണം ബാങ്കിലിടൂ. പണം സുരക്ഷിതമായിരിക്കും. ഞാൻ നിങ്ങൾക്കു പലിശ തരുകയും ചെയ്യാം.’ കേട്ടപ്പോൾ കർഷകനു സന്തോഷം. അപ്പോഴാണ് അയാൾ സംശയം ഉയർത്തിയത്, ‘ശരി. പണം ബാങ്കിലിടാം. നിങ്ങൾ എന്താണ് ഈടു തരുന്നത്?’

കോടിക്കണക്കനാളുകൾ ജീവിതസമ്പാദ്യമത്രയും വെറുമൊരു കടലാസിന്റെ ബലത്തിൽ ബാങ്കിലിടുന്നു. അവിടിരിക്കുന്നവർ കൃത്രിമരേഖയുണ്ടാക്കി നമ്മുടെ പണം തട്ടിയെടുക്കുമെന്ന് നിക്ഷേപകർ സംശയിക്കുന്നേയില്ല. ഈ വിശ്വാസമില്ലെങ്കിൽ ആധുനികജീവിതം അസാധ്യമാകും.  

ഒരു സരസൻ നർമ്മംകലർത്തിപ്പറഞ്ഞതും ഓർക്കാം. ‘ബാങ്ക് എന്നാൽ, നമുക്ക് കടം കിട്ടേണ്ട ആവശ്യമില്ലെന്ന് രേഖാമൂലം തെളിയിച്ചാൽ, കടം തരുന്ന ധനകാര്യസ്ഥാപനം!’ അതിരിക്കട്ടെ.

സർക്കസ് കൂടാരത്തിലെ കലാകാരന്മാരുടെ അഭ്യാസങ്ങൾ പൂർണമായും പരസ്പരവിശ്വാസത്തിൽ ഊന്നിയാണ്. വൃത്താകൃതിയിലുള്ള വലിയ പലക കറക്കി, അതിൽ കെട്ടിയുറപ്പിച്ച് നിർത്തിയിരിക്കുന്ന വനിതയുടെ നേർക്ക് കണ്ണുകെട്ടി തിരിഞ്ഞു നിൽക്കുന്നയാൾ മൂർച്ചയേറിയ കത്തികൾ പലകയെ ലക്ഷ്യമാക്കി പുറകോട്ടു തരുതുരെ ശക്തമായി എറിയുന്നു. അവ വനിതയുെട ശരീരത്തിലല്ലാതെ പലകയുടെ പല ഭാഗത്തും ചെന്നു തറയ്ക്കുന്നു. കാണികൾ ശ്വാസമടക്കി, ഒരു കത്തിയും പിഴയ്ക്കല്ലേ എന്ന് തീവ്രമായി ആഗ്രഹിക്കുന്നു. എത്ര വലിയ വിശ്വാസമാണ് കത്തിയേറുകാരനിൽ അർപ്പിച്ചിരിക്കുന്നത്!

ഒരു കുട്ടിക്കഥ : ചെറിയ പെൺകുട്ടിയും അപ്പൂപ്പനും കൂടെ തടിപ്പാലം കടക്കുകയാണ്.  ചില പലകകൾ  ഇളകിയിട്ടുണ്ട്. കുഞ്ഞ് വീഴുമോയെന്ന് വൃദ്ധനു പേടി. ‘മോളേ, നീയെന്റെ കൈയിൽ പിടിച്ചോ. കാലു തെറ്റിയാലും നീ വെള്ളത്തിൽ വീഴില്ല.’ 

കുട്ടി പറഞ്ഞു, ‘വേണ്ട, അപ്പൂപ്പൻ എന്റെ കൈയിൽ പിടിച്ചാൽ മതി.’

‘എന്താ വ്യത്യാസം?’

‘വലിയ വ്യത്യാസം. എന്തെങ്കിലും വന്നാൽ എന്റെ കൈ ഞാൻ വിട്ടെന്നിരിക്കും. അപ്പൂപ്പനാണെങ്കിൽ, എന്തു വന്നാലും എന്നെ വിടില്ലെന്ന് ഉറപ്പാണ്.’

ആ ഉറപ്പാണ് ഏതു സംഘപ്രവർത്തനത്തിലും വേണ്ടത്. പൊതുലക്ഷ്യം നേടുന്നതിനുള്ള ശ്രമത്തിൽ മറ്റുള്ളവരെ നൂറു ശതമാനവും ആശ്രയിക്കാമെന്ന കറതീർന്ന വിശ്വാസം. ഈ വിശ്വാസം എങ്ങനെയുണ്ടാകുന്നു എന്ന ചോദ്യമുണ്ട്. ദീർഘകാലത്തെ അനുഭവങ്ങളിലൂടെയാണ് ആരുടെയും വിശ്വാസ്യത തെളിയുന്നത്. മല്ലനും–മാതേവനും കഥയിലെ മാതേവനെപ്പോലെയാകരുത്. കൂട്ടുകാരിൽ മരംകേറ്റമറിയാവുന്ന മാതേവൻ മരത്തിൽ കേറി രക്ഷ പെട്ടല്ലോ. ചത്തപോലെ കിടന്ന മല്ലനെ മണത്തുനോക്കി ഉപേക്ഷിച്ച് കരടി പോയി. എന്തു രഹസ്യമാണ് കരടി നിന്നോടു പറഞ്ഞതെന്നു മാതേവൻ ചോദിച്ചു. ആപത്തിലുപേക്ഷിക്കുന്ന ചങ്ങാതിയെ വിശ്വസിക്കരുതെന്ന് ഉപദേശിച്ചെന്നു മല്ലൻ. ഈ വാക്ക് ഇന്നും പ്രസക്തം.

ഏവരുടെയും വിശ്വാസ്യത ആർജ്ജിച്ചെടുക്കുക എളുപ്പമല്ല. പക്ഷേ സാധിക്കും. അധികാരത്തിലെത്തി പൊതുപ്പണം അപഹരിച്ച നേതാക്കൾ, പിന്നീട് പാവങ്ങൾക്കു വേണ്ടി പറയുന്നതു കേൾക്കുമ്പോൾ ജനങ്ങൾ അവജ്ഞയോടെ കേൾക്കുന്നതെന്തുകൊണ്ട്? വലിയ നേതാവൊന്നും ആകേണ്ട. നാം പ്രവർത്തിക്കുന്ന ചെറിയ മണ്ഡലത്തിൽ സത്യസന്ധതയോടെ മാത്രം പ്രവർത്തിച്ചാൽ വിശ്വാസ്യത താനേ വന്നുകൊള്ളും. സ്നേഹബന്ധത്തിന്റെ അടിത്തറ പരസ്പരബഹുമാനവും വിശ്വാസവുമാണല്ലോ. ഇവ രണ്ടും പൊതുവായ താല്പര്യത്തെക്കാൾ പോലും പ്രധാനമാണ്. ദാമ്പത്യത്തിലെ പൊരുത്തക്കേടുകളുടെ വേര് മിക്കപ്പോഴും പരസ്പരവിശ്വാസത്തിലെ പോറലുകളാണെന്നു കാണാം. വിശ്വാസം നശിച്ചാൽ ഓരോ ചലനവും തെറ്റിദ്ധരിക്കും.

ആൽബെർട്ട് ഐൻസ്റ്റൈൻ : ‘ഭീഷണികൊണ്ടല്ല പരസ്പരവിശ്വാസം ജനിപ്പിക്കാനുള്ള ആത്മാർത്ഥമായ ശ്രമംകൊണ്ടു മാത്രമേ ശാശ്വതസമാധാനം സാദ്ധ്യമാകൂ. അതിശക്തമായ ആയുധശേഖരംകൊണ്ടു പോലും ഒരു രാജ്യത്തിനും സൈനികസുരക്ഷിതത്വം കൈവരിക്കാനോ സമാധാനം നിലനിർത്താനോ കഴിയില്ല’.

ബിസിനസ്‌രംഗത്തെ പ്രശസ്തസ്ഥാപനായ ഫോർബ്സ്, ജീവനക്കാരുടെ വിശ്വാസം വളർത്താൻ മാനേജ്മെന്റിന് പല വഴികളും നിർദ്ദേശിക്കുന്നുണ്ട്. സ്വന്തം മുൻവിധി കൂടാതെ അംഗങ്ങളോട് മാനേജർ തുറന്നു ചോദിക്കുക, തനിക്കും പോരായ്മയുണ്ടെന്ന് സംഭവങ്ങളിലൂടെ സൂചിപ്പിക്കുക, ശരീരഭാഷയിൽ സൗഹൃദം നിലനിർത്തുക, സത്യസന്ധവും നീതിപൂർവവും ആയി പെരുമാറുക, ജീവനക്കാരുടെ കോണിൽ നിന്നും ചിന്തിക്കുക, അവർക്കു പ്രാധാന്യം നല്കുക, വാക്കു പാലിക്കുക, പ്രശ്നരംഗത്തു സന്നിഹിതനാകുക, തെറ്റു ചൂണ്ടിക്കാൻ സ്വാതന്ത്ര്യം നല്കുക, പറയുന്നതിലേറെ കേൾക്കുക, വിനയത്തോടെ പെരുമാറുക, കഴിവുകൾ അംഗീകരിക്കുക, നന്ദി പറയുക, മുന്നിൽ നിന്നു നയിക്കുക, വാക്കിലും പ്രവൃത്തിയിലും സ്ഥിരത പാലിക്കുക എന്നിവ പ്രധാനം.

എല്ലാവരെയും ചുമ്മാ കേറിയങ്ങ് വിശ്വസിക്കരുതെന്ന് ഷേക്സ്പിയർ പണ്ടേ പറ‍‍ഞ്ഞു : ‘എല്ലാവരെയും സ്നേഹിക്കുക, കുറച്ചു പേരെ വിശ്വസിക്കുക, ആരോടും തെറ്റു ചെയ്യാതിരിക്കുക.’ (ആൾ’സ് വെൽ ദാറ്റ് എൻഡ്സ് വെൽ – 1:1).

English Summary : Column by B.S.Warrier

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA