ADVERTISEMENT

നിയമനം പിഎസ്‌സിക്ക് വിട്ട് 21 വർഷമായിട്ടും സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നത് താൽക്കാലിക നിയമനങ്ങൾ.  നിയമന ചട്ടങ്ങൾക്ക് അന്തിമരൂപം നൽകാൻ ബന്ധപ്പെട്ടവർ തയാറാകാത്തതാണ് രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും  പിഎസ്‌സി നിയമനങ്ങൾക്കു  തടസ്സമാകുന്നത്. 

2018ലെ ശമ്പള പരിഷ്ക്കരണ ഉത്തരവ് (ജി.ഒ (എംഎസ്) 15/2018/സാം.കാ.വ).  പ്രകാരം വിജ്ഞാന മുദ്രണം പ്രസിൽ 62, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ 71, ഉൾപ്പെടെ 133 തസ്തികകളാണ് സർക്കാർ അംഗീകരിച്ചിട്ടുള്ളത്. ഇതിൽ ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നവരടക്കം 35 പേർ മാത്രമാണ് സ്ഥിരം ജീവനക്കാർ. ബാക്കിയെല്ലാം താൽക്കാലിക അടിസ്ഥാനത്തിൽ ജോലിക്കു കയറിയവരാണ്.

താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതാകട്ടെ യോഗ്യതാ മാനദണ്ഡങ്ങൾ അട്ടിമറിച്ചും സാമ്പത്തിക അച്ചടക്കം പാലിക്കാതെയാണെന്നും ആക്ഷേപമുണ്ട്. റിസർച് ഒാഫിസർ, എഡിറ്റോറിയൽ അസിസ്റ്റന്റ്, സബ് എഡിറ്റർ തുടങ്ങിയ തസ്തികകളിലെല്ലാം നിശ്ചിത യോഗ്യതയില്ലാത്തവരെയാണ് നിയമിച്ചതെന്ന ഒാഡിറ്റ് റിപ്പോർട്ട് കഴിഞ്ഞ വർഷം പുറത്തു വന്നെങ്കിലും ആർക്കെതിരെയും നടപടിയെടുക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് തയാറായിട്ടില്ല.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിരം ജീവനക്കാരില്ലാത്തത് ഇതിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്തപ്പെട്ട തസ്തികകളിൽ പോലും സ്ഥിരം ജീവനക്കാരില്ല. 

നിയമനം പിഎസ്‌സിക്ക് വിട്ടത് 1999ൽ

സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ നിയമനങ്ങൾ പിഎസ്‌സിക്കു വിട്ട 1999 ഓഗസ്റ്റ് 18ലെ സർക്കാർ ഉത്തരവു പ്രകാരം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ മുഴുവൻ നിയമനങ്ങളും പിഎസ്‌സി മുഖേനയാണ് നടത്തേണ്ടത്. രണ്ടായിരത്തിൽ ഒരു  കേസിനെ തുടർന്നുണ്ടായ വിധിയിൽ സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ എല്ലാ ഒഴിവുകളും പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യണമെന്നും അടിയന്തര സാഹചര്യമാണെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഒഴിവുകൾ ഒഴിവുകൾ നികത്തണമെന്നും പറയുന്നുണ്ട്. എന്നാൽ ഈ ഉത്തരവുകളെല്ലാം കാറ്റിൽപ്പറത്തി ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യാതെ അനധികൃത  നിയമനങ്ങളുമായി മുന്നോട്ടുപോകുകയാണ് അധികൃതർ.

ചട്ടം തയാറാക്കാൻ 10 വർഷം, തിരുത്തലിന് 9 വർഷം

നിയമനം പിഎസ്‌സിക്ക് വിട്ട് സർക്കാർ ഉത്തരവായി പത്തു വർഷങ്ങൾ കൊണ്ടാണ് ഇതിലേക്കുള്ള കരടു ചട്ടം തയാറാക്കിയത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കരട് നിയമന ചട്ടങ്ങൾ തയാറാക്കി 2009 ജൂൺ 11ന്   സർക്കാരിനു സമർപ്പിച്ചു. വ്യവസ്ഥകൾ കൃത്യമായി ഉൾപ്പെടുത്താത്തതിനാൽ സർക്കാർ ഇതു തിരിച്ചയച്ചു. ഇതിൽ ഭേദഗതി വരുത്തി തിരിച്ചയക്കാനെടുത്തത് രണ്ടു വർഷം. 2014ൽ പുതുക്കിയ  കരട് നിയമനച്ചട്ടം അടിയന്തരമായി സമർപ്പിക്കാൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറോട് സാംസ്കാരിക വകുപ്പ് ആവശ്യപ്പെട്ടു. ഇതിന് കൃത്യമായി മറുപടി നൽകാൻ ഡയറക്ടർ തയാറാകാതിരുന്നപ്പോൾ 04–11–2014, 06–06–2015, 22–09–2017, 10–01–2018 തീയതികളിൽ സാംസ്കാരിക വകുപ്പ് കത്തു നൽകി. അവസാനം 2018 മാർച്ച് 22നാണ് കരട് നിയമനച്ചട്ടങ്ങൾ സാംസ്കാരിക വകുപ്പിനു സമർപ്പിച്ചത്. 

പിഴവുകൾ അക്കമിട്ട് ഓഡിറ്റ് റിപ്പോർട്ട്

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ താൽക്കാലിക നിയമനങ്ങളിലധികവും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് കഴിഞ്ഞ വർഷത്തെ ഒാഡിറ്റ് റിപ്പോർട്ട്.  ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, വിജ്ഞാന മുദ്രണം പ്രസ് എന്നിവിടങ്ങളിലെ വിവിധ തസ്തികകളിൽ നടത്തിയ കരാർ നിയമനങ്ങളിൽ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും 2017ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ റിസർച് ഒാഫിസർമാരായി നിയമിച്ച ആറു പേരിൽ  രണ്ടു പേർ നിശ്ചിത യോഗ്യതയില്ലാതെ നിയമനം നേടിയവരാണെന്നും ഒാഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ അവശ്യ യോഗ്യതകളും, ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ തന്നെ സബ് എഡിറ്ററായി പ്രവൃത്തിപരിചയവും ഉള്ള ഉദ്യോഗാർഥികൾ ഉണ്ടായിട്ടും അവരെ തഴഞ്ഞാണ് യോഗ്യതയില്ലാത്തവർക്കു നിയമനം നൽകിയത്. എഡിറ്റോറിയൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നേടിയ ഉദ്യോഗാർഥികൾക്ക് ചട്ടപ്രകാരമുള്ള അക്കാദമിക് യോഗ്യതകൾ ഉണ്ടെങ്കിലും പ്രായോഗിക പരിജ്ഞാനം സംബന്ധിച്ച യോഗ്യതകളില്ല.‌‌

സബ് എഡിറ്റർ തസ്തികയിൽ നിയമിതരായവർക്കും വിജ്ഞാപനപ്രകാരമുള്ള യോഗ്യതകളെല്ലാം ഇല്ല. വിജ്ഞാനമുദ്രണം പ്രസിൽ യുഡി ബൈൻഡർ, പ്രൂഫ് റീഡർ, യുഡി/ എൽഡി കോപ്പി ഹോൾഡർ എന്നീ തസ്തികകളിൽ കരാർ നിയമനം ലഭിച്ചവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഫയലിൽ സൂക്ഷിച്ചിട്ടില്ലെന്നും  ഒാഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.  

റാങ്ക് ലിസ്റ്റുണ്ടെങ്കിലും അനധികൃത നിയമനം
കരാർ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് നിലനിൽക്കേ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തിയെന്ന ആരോപണവുമുണ്ട് ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ. റിസർച് ഒാഫിസർ/ എഡിറ്റോറിയൽ അസിസ്റ്റന്റ്, സബ് എ‍ഡിറ്റർ, ലൈബ്രേറിയൻ ഗ്രേഡ്– 4, പ്രൂഫ് റീഡർ, എൽഡി/ യുഡി കോപ്പി ഹോൾഡർ, യുഡി ബൈൻഡർ എന്നീ തസ്തികകളിലായിരുന്നു ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. ഈ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്റർവ്യൂ നടത്തി 2017ലാണ് റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചത്.  ഒഴിവില്ലാത്ത ഡിടിപി ഒാപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകിയെന്നും ഒാഡിറ്റ് റിപ്പോർട്ടിൽ പരമാർശമുണ്ട്. 

നടപടികൾ അന്തിമ ഘട്ടത്തിലെന്ന് ഡയറക്ടർ

സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎസ്‌സി വഴിയുള്ള നിയമന നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് ഡയറക്ടർ വി.കാർത്തികേയൻ നായർ. അന്തിമ നിയമനച്ചട്ടങ്ങൾ സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. നിയമ വകുപ്പിന്റെ പരിശോധനയ്ക്കു ശേഷം ഇതു സാംസ്കാരിക വകുപ്പിന് തിരിച്ചയക്കും. പിന്നീട് മന്ത്രിസഭായോഗം പരിഗണിച്ച് ഉത്തരവ് ഇറക്കിയാൽ മതി.  മാർച്ചോടുകൂടി നടപടിക്രമങ്ങൾ ഏകദേശം പൂർത്തിയായതാണെങ്കിലും ലോക്ഡൗണിനെ തുടർന്ന് നീണ്ടുപോകുകയാണെന്ന് ഡയറക്ടർ തൊഴിൽവീഥിയോടു പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com