കോവിഡിന് ശേഷം തൊഴിലിടങ്ങള്‍ കാര്യക്ഷമമാക്കാന്‍ രത്തന്‍ ടാറ്റയുടെ 5 സുവര്‍ണ നിയമങ്ങള്‍

5-golden-rules-by-ratan-tata
SHARE

ബിസിനസ്സുകാര്‍ക്ക് മാത്രമല്ല നിരവധി യുവാക്കളുടെയും പ്രചോദനമാണ് വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ. കോവിഡ് മഹാമാരി കാലത്ത് പല സ്ഥാപനങ്ങളും ആടിയുലഞ്ഞപ്പോഴും രത്തന്‍ ടാറ്റയും അദ്ദേഹത്തിന്റെ കമ്പനികളും ഓഹരിയുടമകളുടെയും ജീവനക്കാരുടെയും വിശ്വാസം കാത്തു സൂക്ഷിച്ച്, ഇളകാതെ മുന്നോട്ട് പോയി. 

കോവിഡിനു ശേഷമുള്ള ലോകത്ത് തൊഴിലിടങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോകാന്‍ നേതൃത്വത്തിന്റെ അഞ്ച് സുവര്‍ണ്ണ നിയമങ്ങളാണ് രത്തന്‍ ടാറ്റ മുന്നോട്ട് വയ്ക്കുന്നത്. 

1.യുവാക്കളുമായി ഇണക്കം

യുവാക്കളായ ജീവനക്കാരുടെ ഊര്‍ജ്ജം പകര്‍ച്ചവ്യാധിയേക്കാൾ എളുപ്പം പകരുന്ന ഒന്നാണ്. അവരോട് ഇണങ്ങി അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ ചെറുപ്പമാകാന്‍  സഹായിക്കും. ഇന്നത്തെ യുവാക്കളുടെ പള്‍സ് മനസ്സിലാക്കുന്നത് ഏത് ബിസിനസ്സിന്റെ വിജയത്തിനും ഉപകാരപ്പെടുകയും ചെയ്യും. 

2.ഒത്തൊരുമ

കമ്പനിക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സമയത്ത് ജീവനക്കാരെല്ലാം ഒരുമിച്ച് നില്‍ക്കണം എന്ന് പ്രതീക്ഷിക്കുന്ന പോലെ അവരുടെ പ്രശ്‌നങ്ങളില്‍ കമ്പനിയും ചേര്‍ന്നു നില്‍ക്കണം. പ്രതിസന്ധി ഘട്ടങ്ങളില്‍ ജീവനക്കാരെ ചേര്‍ത്ത് നിര്‍ത്തുകയാണ് കമ്പനി ചെയ്യേണ്ടത്. 

3.ജീവനക്കാര്‍ക്ക് ലഭ്യമായിരിക്കുക

ഇന്ത്യയിലെ ഏറ്റവും തൊഴില്‍ സൗഹൃദമായ കമ്പനികളിലൊന്നാണ് ടാറ്റ. ജീവനക്കാരോട് ഉത്തരവാദിത്തമുള്ളവരായിരിക്കുന്നത് വഴിയാണ് ടാറ്റായ്ക്ക് ഇത് സാധ്യമാകുന്നത്. ഓഹരിയുടമകളോടും തങ്ങളുടെ ഉത്പന്നങ്ങള്‍ വില നല്‍കി വാങ്ങുന്ന ഉപഭോക്താക്കളോടും ഇതേ മനോഭാവം പുലര്‍ത്തണം. അവര്‍ക്ക് ആവശ്യമുള്ള സമയത്ത് ലഭ്യമായിരിക്കണം കമ്പനിയുടെ സേവനങ്ങള്‍. 

4. തന്മയീഭാവം വളര്‍ത്തുക

വീട്ടുകാര്യം പോലെ തന്നെ സ്ഥാപനത്തിലെ കാര്യങ്ങളും സ്വന്തമെന്ന മട്ടില്‍ ജീവനക്കാര്‍ ചെയ്യാന്‍ തുടങ്ങുമ്പോഴാണ് മികച്ച ഫലങ്ങളും ഉത്പാദനക്ഷമതയും ലാഭവുമൊക്കെ കൈവരിക്കാനാകുന്നത്. അതിനാല്‍ കമ്പനിയോട് ഒരു തന്മയീഭാവം ജീവനക്കാരില്‍ വളര്‍ത്താന്‍ ശ്രമിക്കണം. അവര്‍ക്ക് കൂടി സൗകര്യപ്രദമായ ഒരിടമാക്കി സ്ഥാപനത്തെ മാറ്റണം.

5.പിരിച്ചു വിടലല്ല പരിഹാരം

ലോക്ഡൗണ്‍ നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കി. ജീവനക്കാരെ ആരെയും പിരിച്ചു വിടരുതെന്ന്  പ്രധാനമന്ത്രി വരെ അഭ്യര്‍ഥിച്ചിട്ടും വ്യാപകമായി പല കമ്പനികളും ജീവനക്കാരെ പിരിച്ചു വിട്ടു. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളോട് അടുത്ത് നില്‍ക്കുന്നതിലാണ് രത്തന്‍ ടാറ്റ വിശ്വസിക്കുന്നത്. ജീവനക്കാരെ പിരിച്ചു വിടുന്നത് പ്രശ്‌ന പരിഹാരമല്ലെന്നും ഇദ്ദേഹം വിശ്വസിക്കുന്നു. തങ്ങളെ സേവിക്കുകയും തങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുകയും ചെയ്യുന്ന ജനങ്ങള്‍ക്കായി ശരിയായ തരത്തില്‍ കമ്പനികള്‍ പ്രതികരിക്കണമെന്നും രത്തന്‍ ടാറ്റ കൂട്ടിച്ചേര്‍ക്കുന്നു. 

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA