sections
MORE

കൊറോണക്കാലത്തെ ബോണസായി കാണാം, നിങ്ങൾക്കും ഒരു സർക്കാർ ജോലിക്കാരനാകാം

exam-preparation-tips
SHARE

എൽഡി ക്ലാർക്ക് പരീക്ഷയ്ക്കു തയാറെടുക്കുന്ന നൂറിലേറെപ്പേരാണ്, ഇനിയുള്ള മാസങ്ങളിലെ പഠനത്തിനു നിർദേശങ്ങൾ തേടി ‘തൊഴിൽ വീഥി’യിലേക്കു വിളിച്ചത്. പിഎസ്‍സി പരിശീലനരംഗത്തെ അതികായനായ മൻസൂർ അലി കാപ്പുങ്ങൽ ‘തൊഴിൽ വീഥി’യിലൂടെ അവർക്കു മറുപടി നൽകുകയും ആശ്വാസവും ആത്മവിശ്വാസവും പകരുകയും ചെയ്തു. എൽഡിസി പരീക്ഷയ്ക്കപ്പുറത്തും പിഎസ്‍സി സംശയങ്ങൾ ഫോൺ വിളികളിൽ നിറഞ്ഞു. ഫോൺ ഇൻ പരിപാടിയിലെ തിരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരങ്ങളും ഇതാ. കോളുകളുടെ തിരക്കുമൂലം പരിപാടിയിലേക്കു വിളിച്ചിട്ടും മൻസൂർ അലിയുമായി സംസാരിക്കാൻ കഴിയാത്തവർക്കും സമാന സംശയങ്ങളുള്ള എല്ലാ പഠിതാക്കൾക്കും ഈ നിർദേശങ്ങൾ ഉപയോഗപ്പെടുത്താം. 

മൻസൂർ അലി ടിപ്സ്

∙കൊറോണയെ തോൽപിക്കാൻ ചങ്ങലക്കണ്ണി മുറിക്കണമെങ്കിൽ, പിഎസ്‍സി പരീക്ഷകൾക്കു തയാറെടുക്കുന്നവർ പഠനത്തിന്റെ ചങ്ങല പൊട്ടാതെ മുന്നോട്ടു കൊണ്ടുപോയേ പറ്റൂ. 

∙കൊറോണക്കാലത്തെ ബോണസായി കാണണം. എന്നെ സർക്കാർ ജോലിക്കാരനാക്കിയത് കൊറോണക്കാലമാണെന്നു ഭാവിയിൽ പറയാനുള്ള അവസരം ഉണ്ടാക്കണം.    

∙പുറത്തുപോകാനും കറങ്ങാനുമുള്ള സാഹചര്യങ്ങളില്ലാത്തതിനാൽ മിക്കവരും കൂടുതൽ സമയവും വീടുകളിലുണ്ട്. പഠനം മുന്നോട്ടു കൊണ്ടുപോകാൻ ഇതിലും അനുകൂലമായ സാഹചര്യമില്ല. ഈ സാഹചര്യത്തെ മികച്ച രീതിയിൽ ‘മുതലെടുക്കുന്നവരാണ്’ ഇനി വരാൻ  പോകുന്ന പരീക്ഷകളിൽ വിജയക്കൊടി പാറിക്കാൻ പോകുന്നത്. 

∙എൽഡി ക്ലാർക്ക് പരീക്ഷ ലക്ഷ്യംവച്ചു പഠനം മുന്നോട്ടുകൊണ്ടുപോകുന്നവർക്കുള്ള പ്രധാന നിർദേശങ്ങൾ: 

∙പരീക്ഷ ഇപ്പോഴും അകലെയാണ്. ഇനിയുള്ള സമയം പരമാവധി പ്രയോജനപ്പെടുത്തി മികച്ച പഠനം നടത്തിയാൽ നല്ല റാങ്ക് നേടാൻ കഴിയും 

∙5 മുതൽ 10 വരെ ക്ലാസുകളിലെ എസ്ഇആർടി ടെക്സ്റ്റ് ബുക്കുകൾ കൃത്യമായി പഠിക്കുക. അതിലെ പരിശീലനങ്ങൾ ചെയ്തുശീലിക്കുക 

∙സയൻസ് പഠനത്തിനു നല്ല പ്രാധാന്യം നൽകുക 

∙ഏതു രീതിയിൽ പരിശീലിച്ചാലും സ്വന്തമായി നോട്ടുകൾ കുറിച്ചു പഠിക്കുന്ന രീതി വളർത്തിയെടുക്കുക. 

?വിജയത്തിന്റെ കുറിപ്പടി; സ്വന്തം നോട്ട് ബുക്ക്  

എൽഡിസി പരീക്ഷയ്ക്കായി പരിശീലനം നടത്തുന്നുണ്ടായിരുന്നു. കോച്ചിങ്ങും പഠനവുമൊക്കെ നിലച്ച അവസ്ഥയാണിപ്പോൾ. പഠനം ശരിയാകുന്നില്ല. എവിടെ തുടങ്ങണം എന്ന ആശയങ്കയിലാണ്. ഇനി എങ്ങനെയാണ് തയാറെടുക്കേണ്ടത്? കോച്ചിങ് ക്ലാസിനു പോകണമെന്നു നിർബന്ധമുണ്ടോ?
അൻഷ, തിരുവനന്തപുരം

ഇപ്പോൾ ചെയ്യേണ്ടത്, വീട്ടിൽ പഠനത്തിനായി കൂടുതൽ സമയം കണ്ടെത്തുക എന്നതാണ്. ആദ്യം പിഎസ്‌സിയുടെ പഴയ ചോദ്യ പേപ്പറുകൾ പരിശീലിച്ചു തുടങ്ങുക. ചോദ്യങ്ങളുടെ കൃത്യമായ പാറ്റേൺ ഇതിൽനിന്നു മനസ്സിലാകും. 

ഇതിനു ശേഷം വിഷയം തിരിച്ചുള്ള തയാറെടുപ്പിലേക്കു കടക്കണം. കേരളം, ഇന്ത്യ, സയൻസ്, മലയാളം, ഇംഗ്ലിഷ്, കണക്ക് എന്ന രീതിയിൽ പഠിക്കുക. ഇത്തരത്തിൽ വിഷയം തിരിച്ച നോട്ട് സ്വന്തമായി ഉണ്ടാക്കണം. പരിശീലനത്തിനിടെ ലഭിക്കുന്ന ഫാക്ടുകളെല്ലാം ഈ നോട്ട് ബുക്കിൽ കുറിച്ചുവയ്ക്കുക. ഒരു പുസ്തകത്തിൽനിന്നു ലഭിക്കുന്ന വിവരങ്ങളായിരിക്കില്ല മറ്റൊരു പുസ്തകത്തിൽ. പുതുതായി ലഭിക്കുന്ന ഒരോ അറിവും വിഷയം തിരിച്ച് നോട്ട് ബുക്കിൽ കുറിക്കണം. സയൻസ് വിഷയങ്ങൾ കൂടുതലായി പഠിക്കുക.

അഞ്ചു മുതൽ 10 വരെ  ക്ലാസുകളിലെ എല്ലാ വിഷയങ്ങളുടെയും ടെക്സ്റ്റ് ബുക്കുകൾ നിർബന്ധമായും വായിച്ച് കുറിപ്പെഴുതുക. ഇതിൽനിന്നു ധാരാളം ചേദ്യങ്ങൾ ഇപ്പോൾ പിഎസ്‌സി പരീക്ഷകളിൽ വരുന്നുണ്ട്. പിന്നീട് ഏതു സമയത്തും ഇത് എടുത്തു നോക്കാം. റിവിഷനും സമയം കണ്ടെത്തണം. മാതൃകാ ചോദ്യ പേപ്പറുകളും ചെയ്തു ശീലിക്കുക.

സ്വയം പഠിക്കുന്നതാണോ കോച്ചിങ്ങിനു പോയി പഠിക്കുന്നതാണോ നിങ്ങൾക്കു പ്രയോജനപ്രദം  എന്നു സ്വയം ചിന്തിച്ചു തീരുമാനമെടുക്കുക. ‌‍

?പ്രീവിയസ് 60% മാത്രം 

ചില പിഎസ്‌സി ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. മുൻകാല ചോദ്യ പേപ്പറുകൾ പരിശീലിക്കാനാണ് ഇപ്പോൾ കൂടുതൽ മുൻതൂക്കം നൽകുന്നത്. ഇനിയുള്ള പഠനം ഏതു രീതിയിൽ മുന്നോട്ടുകൊണ്ടുപോകണം? 

ശന്തനു, കോട്ടയം

വിഷമമുളള വിഷയങ്ങൾക്കാണ് ഇനി മുൻതൂക്കം നൽകേണ്ടത്. മുൻകാല ചോദ്യ പേപ്പറുകൾ മാത്രം പരിശീലിച്ചതുകൊണ്ടു കാര്യമില്ല. 60% മാർക്ക് മാത്രമേ ഇതിൽ‌നിന്നു സ്കോർ ചെയ്യാനാകൂ. ഇപ്പോൾ സ്കൂൾ ടെക്സ്റ്റ് ബുക്കുകളെ അടിസ്ഥാനമാക്കി ധാരാളം ചോദ്യങ്ങൾ പിഎസ്‌സി ചോദിക്കുന്നുണ്ട്. 5–10 ക്ലാസുകളിലെ സോഷ്യൽ സയൻസ്, മലയാളം, ഇംഗ്ലിഷ്, കണക്ക്, സയൻസ്, ഐടി ടെക്സ്റ്റ് ബുക്കുകൾ വായിച്ച് വിഷയം തിരിച്ച് നോട്ടുകൾ തയാറാക്കി പഠിക്കുക. എല്ലാ റാങ്ക് ഫയലുകളുടെയും മിക്സ് ആയ സ്വന്തമായ നോട്ട്ബുക്ക് ആയിരിക്കണം അത്.

?സിവിൽ സർവീസിന് പഠിച്ചാൽ PSC! 

ബിഎ ഇക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥിയാണ്. പതിനെട്ടു വയസ്സാകുമ്പോൾ പിഎസ്‌സി പരീക്ഷകൾ എഴുതാനായി വളരെ നേരത്തേ പരിശീലനം തുടങ്ങിയിരുന്നു. സിവിൽ സർവീസാണു ലക്ഷ്യം. ആ ലക്ഷ്യത്തിലെത്താൻ എങ്ങനെ പരിശീലിക്കണം? 

ഗംഗ, ആറ്റിങ്ങൽ

സിവിൽ സർവീസാണു ലക്ഷ്യമെങ്കിൽ പിഎസ്‍സി പരീക്ഷകൾക്കു പഠിക്കുന്ന രീതിയിൽ തയാറെടുത്താൽ പോരാ. എന്നാൽ, സിവിൽ സർവീസിന് നന്നായി അധ്വാനിച്ചാൽ പിഎസ്‍സി പരീക്ഷകളിൽ വിജയം കാണാൻ സഹായകമാവുകയും ചെയ്യും. സിവിൽ സർവീസ് തയാറെടുപ്പിന് ആഴത്തിലുള്ള വായന വേണം. ഇംഗ്ലിഷ്, മലയാളം പത്രങ്ങളുടെ എഡിറ്റോറിയലടക്കം വായിക്കുക.  യുപിഎസ്‌സി, എസ്‌എസ്‌സി പരീക്ഷകളുടെ മുൻകാല ചോദ്യപേപ്പറുകൾ ഇപ്പോഴേ ചെയ്തു പരിശീലിക്കാം.

?നവംബറിൽ പരീക്ഷ മുന്നിൽ കാണുക 

എൽഡിസി പരീക്ഷ എന്നായിരിക്കും പിഎസ്‌സി നടത്തുക?അനുപമ, കോതമംഗലം

കോവിഡ് 19 പശ്ചാത്തലത്തിൽ ഉടനെയൊന്നും എൽഡിസി പരീക്ഷയ്ക്കു സാധ്യതയില്ല. കോവിഡ് പ്രതിസന്ധി നിയന്ത്രണത്തിലായ ശേഷമേ പിഎസ്‌സി എൽഡിസി പരീക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങളിലേക്കു കടക്കാൻ സാധ്യതയുള്ളൂ. നിലവിൽ സ്കൂളുകളൊന്നും തുറന്നിട്ടില്ല. സ്കൂൾ തുറന്ന ശേഷമേ എൽഡിസി പോലുള്ള വലിയ പരീക്ഷകൾ പിഎസ്‌സിക്കു നടത്താനാകൂ. എങ്കിലും, നവംബർ മാസത്തിൽ പരീക്ഷ നടക്കുമെന്നുള്ള നിഗമനത്തിൽ പഠനം മുന്നോട്ടുകൊണ്ടുപോകുക. 

?എൽഡിസി പരീക്ഷ ഓൺലൈനായി നടത്തുമോ?

കാർത്തിക, ആലപ്പുഴ

എൽഡിസി പരീക്ഷ ഓൺലൈനായി നടത്താൻ സാധ്യതയേയില്ല. പതിനേഴര ലക്ഷത്തോളം പേരാണ് ഈ പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. ഇത്രയും പേർക്ക് ഓൺലൈൻ പരീക്ഷ നടത്താനുള്ള സംവിധാനം പിഎസ്‌സിക്കില്ല. അപേക്ഷകർ കുറഞ്ഞ തസ്തികകളിലാണ് ഓൺലൈൻ പരീക്ഷ പിഎസ്‌സി ആലോചിക്കുന്നത്. അതിനാൽ നിലവിലെ രീതിയിൽ തന്നെയായിരിക്കും എൽഡിസി പരീക്ഷ നടക്കുക. 

? മൊബൈൽ റിക്കാർഡ്; പിന്നെ കേട്ടു പഠിക്കാം

കോച്ചിങ് ക്ലാസുകൾക്കൊന്നും പോകുന്നില്ല. സ്വന്തമായി വീട്ടിലിരുന്നാണു പരിശീലനം. പലരും വർഷങ്ങളായി പിഎസ്‌സി പരീക്ഷകൾക്കുവേണ്ടി പഠിക്കുന്നവരാണ്. ഉയർന്ന യോഗ്യതയുള്ളവരുമുണ്ട്. ഇതോർക്കുമ്പോൾ ടെൻഷൻ ആണ്. സർക്കാർ ജോലി ലഭിക്കാൻ വീട്ടമ്മയായ ഞാൻ എങ്ങനെ തയാറെടുപ്പു നടത്തണം? 

ഷംസീറ, കോഴിക്കോട്

മറ്റുള്ളവരുമായുള്ള താരതമ്യം ഒഴിവാക്കുക. നമ്മൾ നമ്മുടെ വഴി തിരഞ്ഞെടുത്തു പരിശ്രമിക്കുക. കിട്ടുന്ന ഏതു സമയവും പഠനത്തിനായി നീക്കിവയ്ക്കുക. പറ്റുമോ എന്നു ചിന്തിക്കാതെ, സർക്കാർ ജോലി വേണം എന്ന വാശിയോടെ പഠിക്കുക. ഉയർന്ന യോഗ്യതയും അപേക്ഷിക്കുന്നവരുടെ എണ്ണവുമൊന്നും പിഎസ്‌സി പരീക്ഷകളിൽ ഘടകമല്ല. നിങ്ങൾ എത്ര നന്നായി പരീക്ഷ എഴുതി എന്നതാണു ജോലിക്ക് ആധാരം. ഇപ്പോൾ കുറച്ചു കഷ്ടപ്പെട്ടു പഠിച്ചാൽ ജോലി കിട്ടും. ആ ലക്ഷ്യം മുന്നിൽക്കണ്ടാകട്ടെ പഠനം. 

വീട്ടിലെ കാര്യങ്ങൾക്കിടയിൽ പഠനത്തിനായി വേണ്ടത്ര സമയം കിട്ടിയില്ലെന്നു വരാം. തലേന്നു വായിച്ചു പോകുന്ന ഭാഗങ്ങൾ മൊബൈലിൽ റിക്കാർഡ് ചെയ്തു പിറ്റേന്നു ജോലി ചെയ്യുന്ന സമയത്തു കേൾക്കുക. ആവർത്തിച്ചു കേൾക്കുമ്പോൾ കുറേ കാര്യങ്ങൾ മനസ്സിൽ പതിയും. ജോലി സമയം നഷ്ടമാവുകയുമില്ല. 

?പരീക്ഷ മാറിയാലും പഠനരീതി മാറ്റേണ്ട 

പരീക്ഷാരീതി മാറുമെന്നു കേൾക്കുന്നു. ഇതു സത്യമാണോ? അങ്ങനെയെങ്കിൽ പഠനത്തിൽ എന്തു മാറ്റം വരുത്തണം?

അ‍ഞ്ജലി, പുനലൂർ

പരീക്ഷാരീതി മാറുന്നു എന്നു പറയുമ്പോൾ ചോദ്യങ്ങളുടെ രീതിയിൽ മാറ്റം വന്നേക്കാം. എന്നാൽ, പഠനത്തിന്റെ രീതി മാറ്റേണ്ടതില്ല. ഉദാഹരണത്തിന് ചേരുംപടി ചേർക്കുക, കൂട്ടത്തിൽപ്പെടാത്തത് ഏത്, താഴെ പറയുന്നവയിൽ ശരിയായത് ഏത്, കാലഗണനാക്രമത്തിലാക്കുക തുടങ്ങിയ രീതിയിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയേക്കാം. സാധാരണ പഠിക്കുന്ന കാര്യങ്ങൾതന്നെ ഇതിനായും പഠിച്ചാൽ മതി. നേരിട്ടു ചോദിക്കുന്ന രീതി മാറുമെന്നു മാത്രം. ഓരോ വിഷയവും അറി‍ഞ്ഞുതന്നെ പഠിക്കേണ്ടി വരും. 

?കുറച്ചു പഴകിയതാവാം, കറന്റ് അഫയേഴ്സും!

കറന്റ് അഫയേഴ്സ് എങ്ങനെ പഠിക്കണം? എൽഡിസി പരീക്ഷയ്ക്ക് ഏതുവരെയുള്ള കറന്റ് അഫയേഴ്സ് ആണ് പഠിക്കേണ്ടത്?

അനു, പാലക്കാട്

2019 ജനുവരി മുതൽ 2020 ജൂൺവരെയുള്ള കാര്യങ്ങൾക്കാണു പ്രാധാന്യം കൊടുക്കേണ്ടത്. കേരള, ഇന്ത്യ, ലോകം, സ്പോർട്സ്, അവാർഡുകൾ എന്നീ വിഭാഗങ്ങളെല്ലാം ഇതിൽ വരും. എല്ലാ ദിവസവും പത്രം വായിച്ച് പ്രധാനപ്പെട്ട കാര്യങ്ങൾ കുറിച്ചുവയ്ക്കുക. ഒരു പരീക്ഷയിൽ നാലോ അഞ്ചോ ചോദ്യങ്ങളാണ് ഈ വിഭാഗത്തിൽ വരിക. അഞ്ചു ചോദ്യവും അഞ്ചു മേഖലയിൽ നിന്നായിരിക്കും. അതിനാൽ എല്ലാ മേഖലയും ഒരുപോലെ പഠിക്കണം. ഒരു മാസം 50–60 ഫാക്ട് വരെ അത്തരത്തിൽ പഠിക്കേണ്ടതായി വരും. എന്നാൽ മലയാളസാഹിത്യം, പത്മ, സിനിമ, ഓസ്കർ, നൊബേൽ തുടങ്ങിയ പ്രധാനപ്പെട്ട അവാർഡുകൾ 2018 ലേതും പഠിക്കണം. സാഹിത്യപുരസ്കാരങ്ങളൊക്കെ 1977 ലേതുവരെ ചോദിക്കാറുണ്ട്. 

?പലവട്ടം വായിച്ചാൽ പഠിച്ചതു മറക്കില്ല 

പഠിച്ചതു പലതും മറന്നുപോകുന്നു. എന്താണു പോംവഴി?

നിത്യ, കണ്ണൂർ

പഠിച്ച കാര്യങ്ങൾ മറന്നുപോകുന്നത് പലർക്കുമുള്ള അവസ്ഥയാണ്. പഠിച്ച ഭാഗങ്ങൾ പല ആവർത്തി വായിച്ചു പഠിക്കുക മാത്രമാണ് ഇതിനെ തരണം ചെയ്യാനുള്ള വിദ്യ. സ്ഥിരമായി കാണുന്ന ഒരാളുടെ മുഖം നമ്മൾ പെട്ടെന്നു മറക്കാറില്ലല്ലോ. അതുപോലെയാണ് ഇതും. ഒരു വിഷയം ഓരോ തവണ വായിക്കുമ്പോഴും മറന്നുപോകുന്ന ഭാഗങ്ങൾ പെൻസിൽ കൊണ്ടു വരച്ചുവയ്ക്കുക. അടുത്ത വായനയിൽ ഉത്തരം കിട്ടുന്നുണ്ടെങ്കിൽ അതു മായ്ച്ചുകളയുക. ഈ രീതിയിൽ പഠിച്ചുപോയാൽ സ്ഥിരമായി മറക്കുന്ന ഭാഗങ്ങൾ മനസ്സിൽ കുറിച്ചിടാൻ കഴിയും.

?പ്രയാസമുള്ളത് ആദ്യം പഠിക്കുക

നാലു മാസമായി പിഎസ്‍‌സി പരിശീലനം തുടങ്ങിയിട്ട്. ഇപ്പോഴും പഠനത്തിൽ മുന്നോട്ടുപോകാത്തതു പോലെ. ഇംഗ്ലിഷ്, മലയാളം, മാത്‌സ് വിഷയങ്ങൾ പ്രയാസമാണ്. എന്തു ചെയ്യണം? 

സഹൽ, എറണാകുളം

ഇഷ്ടമുള്ള വിഷയങ്ങൾ കൂടുതൽ പഠിക്കുന്നതാണു മിക്കവരുടെയും രീതി. എന്നാൽ, പ്രയാസമുള്ള വിഷയങ്ങൾ പഠിക്കാൻ കൂടുതൽ സമയം വിനിയോഗിക്കുകയാണു വേണ്ടത്. മുൻകാല ചോദ്യ പേപ്പറുകൾ ചെയ്തതുകൊണ്ടു മാത്രം ആയില്ല. വിഷയം അറിഞ്ഞു പഠിക്കണം. മാത്‌സിൽ ഉത്തരം കണ്ടെത്താനുള്ള എളുപ്പവഴികൾ പഠിച്ചെടുക്കുക. മലയാളത്തിൽ സന്ധി, വിഭക്തി, പ്രത്യയം തുടങ്ങിയവ സ്ഥിരമായി ചോദിക്കാറുണ്ട്. ഇംഗ്ലിഷ് ഗ്രാമറും അറിഞ്ഞിരിക്കണം. 5–10 ക്ലാസുകളിലെ ടെക്സ്റ്റ് ബുക്കുകൾ വായിച്ചു പഠിക്കുക. ഇതിൽ കുട്ടികൾക്കു ചെയ്യാനുള്ള പരിശീലനങ്ങൾ ഉണ്ടാകാറുണ്ട്. ഇതു ചെയ്തു പരിശീലിക്കുക. ഇംഗ്ലിഷ് ടെക്സ്റ്റ് ബുക്കുകളിൽ Vocabulary, Antonyms, Synonyms എന്നിവയും പഠിക്കണം. 

?എൽഡിസിക്കു പഠിക്കാം; അധ്യാപക പരീക്ഷയ്ക്കും

എൽഡിസി സിലബസ് തന്നെയാണ് എൽപി/യുപി സ്കൂൾ അസിസ്റ്റന്റ് പരീക്ഷയ്ക്ക് എന്നു കേൾക്കുന്നു. എങ്ങനെ പഠിക്കണം? 

സൗമ്യ, കോഴിക്കോട്

എൽഡിസിയാണ് ആദ്യം നടക്കുന്ന പരീക്ഷ. അതിനു നന്നായി തയാറെടുത്താൽ ബാക്കി സൈക്കോളജി, ടീച്ചിങ് ആപ്റ്റിറ്റ്യൂഡ് വിഷയങ്ങൾ കൂടി  എൽപിഎസ്എ/യുപിഎസ്എ പരീക്ഷയ്ക്കായി പഠിച്ചാൽ മതിയാകും. 20 മാർക്ക് ഇതിലൂടെ സ്കോർ ചെയ്യാം. എൽപിഎസ്എ/യുപിഎസ്എ പരീക്ഷകളിൽ സോഷ്യൽ സയൻസ്, സയൻസ് വിഷയങ്ങൾ കൂടുതലായി കാണാറുണ്ട്. ഈ വിഷയങ്ങൾക്കു പ്രാധാന്യം കൊടുക്കുക. 5–10 ക്ലാസുകളിലെ എസ്‌സിആർടി പുസ്തകങ്ങൾ പഠിക്കുക. 8–10 ക്ലാസുകളിലെ ഐടി വിഷയവും പഠിക്കണം. 

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA