ADVERTISEMENT

കോവിഡിനു ശേഷം ഏറ്റവും കൂടുതൽ അവസരം കാത്തിരിക്കുന്ന മേഖലകളിലൊന്നാണ് ആരോഗ്യരംഗം. ഈ രംഗത്തെ പുതുസാധ്യതകൾ വിവരിക്കുന്നു, ആലപ്പുഴ മെഡിക്കൽ കോളജ് ജനറൽ  മെഡിസിൻ വിഭാഗം പ്രഫസറും  പ്രശസ്ത ജനകീയാരോഗ്യ വിദഗ്ധനുമായ ഡോ. ബി.പത്മകുമാർ

നഴ്സിങ്ങിനു പുതുജീവൻ 

ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടതാണു മലയാളി നഴ്സുമാരുടെ സേവനമികവ്. യുഎസിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും നഴ്സുമാരിൽ നല്ലൊരു ശതമാനം മലയാളികളാണ്. കോവിഡ് കാലത്തു കേരളത്തിലെ നഴ്സുമാരുടെ മികവും ഏറെ പ്രശംസ നേടി. തൊണ്ണൂറ്റിമൂന്നുകാരൻ തോമസും എൺപത്തെട്ടുകാരി മറിയാമ്മയും കോവിഡിനെ അതിജീവിച്ച് റാന്നിയിലെ വീട്ടിലേക്കു മടങ്ങിയത് കോട്ടയം മെഡിക്കൽ കോളജിലെ നഴ്സുമാരുടെകൂടി കാരുണ്യസ്പർശംകൊണ്ടായിരുന്നു. 

കുറച്ചു വർഷങ്ങളായി നഴ്സുമാരുടെ ജോലിസാധ്യതയിൽ ഗണ്യമായ കുറവുണ്ടായിരുന്നു. സംസ്ഥാനത്തു കൂടുതൽ നഴ്സിങ് കോളജുകൾ തുടങ്ങിയതും ഇതരസംസ്ഥാനങ്ങളിലെ കോളജുകളിൽനിന്നു കൂടുതൽ വിദ്യാർഥികൾ പഠനം കഴിഞ്ഞെത്തിയതുമൊക്കെയായിരുന്നു പ്രധാന കാരണങ്ങൾ. എന്നാൽ,  ആതുരസേവനരംഗത്തു മലയാളി നഴ്സിന്റെ ബ്രാൻഡ് മികവ് അംഗീകരിക്കപ്പെടുന്ന കാലവും വിദൂരമല്ല. 

പഠനാവസരങ്ങൾ: നാലു വർഷത്തെ ബിഎസ്‍സി നഴ്സിങ്, രണ്ടു വർഷത്തെ എംഎസ്‍സി നഴ്സിങ്, മൂന്നു വർഷത്തെ ജനറൽ നഴ്സിങ് ആൻഡ് മിഡ്‍വൈഫറി കോഴ്സ് (GNM), രണ്ടു വർഷത്തെ ഓക്സിലറി നഴ്സിങ് ആൻഡ് മിഡ്‍വൈഫറി ഡിപ്ലോമ കോഴ്സ് (ANM) എന്നിവയൊക്കെ നഴ്സിങ് ജോലികളിലേക്കു വഴിതുറക്കുന്ന പഠനസാധ്യതകളാണ്. എഎൻഎ പഠിച്ചശേഷം ജിഎൻഎം പഠിക്കാവുന്നതാണ്. ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായി ജോലിയിൽ പ്രവേശിക്കാനുള്ള അടിസ്ഥാന യോഗ്യത എഎൻഎ ഡിപ്ലോമയാണ്. 

ജോലിസാധ്യതകളുള്ള ധാരാളം പോസ്റ്റ് ബേസിക് ഡിപ്ലോമ കോഴ്സുകളുമുണ്ട്. തീവ്രപരിചരണം, കാൻസർ പരിചരണം, ന്യൂറോസയൻസ്, കാർഡിയോതൊറാസിക്, നിയോനേറ്റൽ, മെന്റൽ ഹെൽത്ത് തുടങ്ങിയ സ്പെഷൽറ്റി നഴ്സിങ് കോഴ്സുകൾ പഠിക്കുന്നവർക്കു കൂടുതൽ വലിയ ജോലിസാധ്യതകൾക്കും അവസരമൊരുങ്ങും. 

ഫാർമസിസ്റ്റ്: അവസരമരുന്ന് 

കുറേ വർഷങ്ങളായി ഫാർമസി രംഗത്തു ശ്രദ്ധേയ മാറ്റങ്ങളാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. രോഗിയുടെ വിശദമായ മരുന്നുപയോഗ ചരിത്രം പഠിക്കുക, ഡോസിൽ ആവശ്യമായ ഭേദഗതികൾ നിർദേശിക്കുക, സുരക്ഷിത മരുന്നുപയോഗത്തെക്കുറിച്ചും പാർശ്വഫലങ്ങളെക്കുറിച്ചുമൊക്കെ രോഗിക്കു ബോധവൽക്കരണം നൽകുക തുടങ്ങിയ ഇടപെടലുകളിലൂടെ ഒരേ സമയം ഡോക്ടറുടെയും രോഗിയുടെയും ഉത്തമസുഹൃത്താണു പുതിയ കാലത്തെ ഫാർമസിസ്റ്റ്. 

ആശുപത്രികളിലും മെഡിക്കൽ ഷോപ്പുകളിലും മാത്രമല്ല, മരുന്ന് ഉൽപാദന–വിതരണ സ്ഥാപനങ്ങളിലും ഫാർമസിസ്റ്റിനു തൊഴിൽസാധ്യതയുണ്ട്. കൂടുതൽ അക്കാദമിക് യോഗ്യതകൾ ഉള്ളവർക്കു ഫാർമസി കോളജുകളിൽ അധ്യാപകരുമാകാം. 

പഠനാവസരങ്ങൾ: രണ്ടു വർഷത്തെ ഡിഫാം, നാലു വർഷത്തെ ബിഫാം, രണ്ടു വർഷത്തെ എംഫാം പിജി കോഴ്സ്, 6 വർഷത്തെ ഫാംഡി കോഴ്സുകളുണ്ട്. ഫാർമസി മാനേജർ, മെഡിക്കൽ റൈറ്റർ, റിസർച്ച് സയന്റിസ്റ്റ് തുടങ്ങിയ വിവിധ മേഖലകളിൽ ഭാവിയിൽ ഫാംഡിക്കാരെ വേണ്ടിവരും. 

റേഡിയോളജി തരംഗം 

അതിവേഗ രോഗനിർണയത്തിൽ ഇന്നു നിർണായക പങ്കു വഹിക്കുന്ന മേഖലയാണു റേഡിയോളജി. ആധുനിക വൈദ്യശാസ്ത്രത്തിന്റെ കുതിപ്പുകളിൽ അൽപം മുൻപേതന്നെ ഓടിയെത്തുന്ന ശാഖയാണിത്. അൾട്രാസൗണ്ട് സ്കാനിങ്, സിടി സ്കാനിങ്, എംആർഐ, പെറ്റ് സ്കാനിങ് തുടങ്ങിയ റേഡിയോളജി പരിശോധനകൾ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്ന ഒട്ടേറെ കോഴ്സുകൾ ഇപ്പോഴുണ്ട്. 

സ്വദേശത്തും വിദേശത്തുമായി ധാരാളം ജോലിസാധ്യതകൾ റേഡിയോളജിസ്റ്റിനെ കാത്തിരിക്കുന്നു. വൈദ്യശാസ്ത്രം ഇനി കൂടുതൽ സാങ്കേതികവൽക്കരിക്കപ്പെടുമ്പോൾ റേഡിയോളജി ടെക്നീഷ്യന്റെ ജോലിസാധ്യതയും വർധിക്കുന്നു. കോവിഡാനന്തര കാലത്ത് ഇതു കൂടുതൽ പ്രകടവുമാകും. റേഡിയോളജി ടെക്നിഷ്യൻ, റേഡിയോളജി അസിസ്റ്റന്റ്, റേഡിയോളജി നഴ്സ്, അൾട്രാസൗണ്ട്, സിടി, എംആർഐ ടെക്നിഷ്യൻ തുടങ്ങി ധാരാളം തൊഴിവസരങ്ങൾ ആശുപത്രികളിലും ലബോറട്ടറികളിലും റേഡിയോളജിസ്റ്റിനെ കാത്തിരിക്കുന്നു. 

പഠനാവസരങ്ങൾ: ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി, ബിഎസ്‍സി ഇൻ റേഡിയോളജി, ബിഎസ്‍സി ഇൻ മെഡിക്കൽ റേഡിയോതെറപ്പി ടെക്നോളജി, പിജി ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്‌നോസിസ് തുടങ്ങി ധാരാളം കോഴ്സുകൾ ഈ മേഖലയിലുണ്ട്. 

പരിശോധനകൾ പടരും 

കോവിഡ് കാലത്തു പരക്കെ കേൾക്കുന്ന വാക്കാണു ടെസ്റ്റിങ്. പുതിയകാല പകർച്ചവ്യാധികളിൽ അടിസ്ഥാന പരിശോധനയ്ക്കു പ്രാധാന്യം വളരെയേറെയാണ്. ലബോറട്ടറി സയൻസ് അതിദൂരം വളർന്നിരിക്കുന്നു. ഓട്ടോമേറ്റഡ് ടെസ്റ്റിങ്, ജനറ്റിക് ടെസ്റ്റിങ്, നാനോടെക്നോളജി, ഇമ്യൂണോ അസിസ്റ്റഡ് മോളിക്യുലാർ പ്രോബ് ടെക്നിക് തുടങ്ങിയ അതിനൂതന സാങ്കേതിക സംവിധാനങ്ങൾ മെഡിക്കൽ ലബോറട്ടറിയുടെ സാധ്യതകൾ വിപുലമാക്കിയിരിക്കുന്നു. ആശുപത്രികളിലും ലബോറട്ടറികളിലും ബ്ലഡ് ബാങ്കിലുമൊക്കെയായി ധാരാളം ജോലിസാധ്യതകൾ ലബോറട്ടറി ടെക്നിഷ്യൻമാരെ കാത്തിരിക്കുന്നു.

പഠനാവസരങ്ങൾ: ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി, ബിഎസ്‍സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി, എംഎസ്‌സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി തുടങ്ങിയവയാണ് ഈ രംഗത്തെ പ്രധാന കോഴ്സുകൾ.

ആരോഗ്യ സന്ദേശവാഹകർ 

വീടുവീടാന്തരം കയറിയിറങ്ങി രോഗലക്ഷണമുള്ളവരെയും രോഗിയുമായി ബന്ധമുള്ളവരെയും കണ്ടെത്തി പരിശോധന നടത്തി ക്വാറന്റീനിലാക്കുന്ന കേരളത്തിന്റെ വിജയമാതൃകയിൽ സുപ്രധാന പങ്ക് വഹിച്ചവരാണു ഹെൽത്ത് ഇൻസ്പെക്ടർമാരും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരും ആരോഗ്യപ്രവർത്തകരുമൊക്കെ. ഇനിയുള്ള കാലം പുതുകാല പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗവും ഈ ഫീൽഡ് പരിശോധനയായിരിക്കും. പൊതുജനാരോഗ്യത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം കൈവരുന്ന വരുംകാലങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ജോലിസാധ്യത വർധിക്കും. 

പഠനാവസരങ്ങൾ: ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസും വിവിധ സ്വകാര്യ സ്ഥാപനങ്ങളും നടത്തുന്ന ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് ആണ് ഹെൽത്ത് ഇൻസ്പെക്ടറാകാനുള്ള അടിസ്ഥാന യോഗ്യത. 

ഓപ്പറേഷൻ തിയറ്ററിൽ 

അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള നൂതന ശസ്ത്രക്രിയകൾ സർക്കാർ ആശുപത്രികളിൽ വരെ ധാരാളം നടക്കുന്നുണ്ടിപ്പോൾ. സങ്കീർണ ശസ്ത്രക്രിയകൾ കഴിഞ്ഞ രോഗികളുടെ തീവ്രപരിശീലനത്തിൽ സർക്കാർ ആശുപത്രികളിലെ ഓപ്പറേഷൻ തിയറ്ററുകളിലും ജോലിസാധ്യത വർധിക്കുകയാണ്. ഓപ്പറേഷൻ തിയറ്റർ അസിസ്റ്റന്റ്, ടെക്നിഷ്യൻ, ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നിക്കൽ ഓഫിസർ തുടങ്ങി പാരാമെഡിക്കൽ തസ്തികകൾ ഏറെയുണ്ട്, ഈ രംഗത്ത്. 

പഠനാവസരങ്ങൾ: ബിഎസ്‍സി ഇൻ ഓപ്പറേഷൻ തിയറ്റർ ടെക്നോളജിയാണ് ഈ തസ്തികകൾക്കെല്ലാം വേണ്ട അടിസ്ഥാന യോഗ്യത. 

ജീവിതശൈലീരോഗ പരിചരണം 

പകർച്ചവ്യാധികൾ ഒരിടത്തു നമ്മെ അലട്ടുമ്പോൾ പ്രമേഹവും ഹൃദ്രോഗവും പോലുള്ള ജീവിതശൈലീരോഗങ്ങൾ മറുവശത്തുണ്ട്. ഇത്തരം ജീവിതശൈലീരോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ടുമുണ്ട്, ഒട്ടേറെ ജോലിസാധ്യതകൾ. കാത്ത് ലാബ് ടെക്നിഷ്യൻ, ഡയാലിസിസ് ടെക്നിഷ്യൻ, ന്യൂട്രീഷനിസ്റ്റ്, ഡയറ്റീഷ്യൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കാൻസർ ബയോളജിസ്റ്റ് തുടങ്ങിയവയെല്ലാം വർധിച്ചുവരുന്ന തൊഴിലവസര മേഖലകളാണ്. 

അതിതീവ്ര പരിചരണം 
ആശുപത്രികളിലെ ഇന്റൻസീവ് കെയർ യൂണിറ്റ് (ഐസിയു) എന്നത് ഇതുവരെ മെഡിസിൻ, സർജറി, അനസ്തീസിയ വിഭാഗങ്ങളുടെ കീഴിലെ ഒരു വിഭാഗം മാത്രമായിരുന്നു. എന്നാൽ, തീവ്രപരിചരണ വിഭാഗം അഥവാ ക്രിട്ടിക്കൽ കെയർ യൂണിറ്റ് ഒരു സുപ്രധാന സ്വതന്ത്ര വിഭാഗമായി ഇപ്പോൾ വളർന്നിരിക്കുന്നു. കോവിഡ് പോലുള്ള പകർച്ചവ്യാധികൾ സങ്കീർണമാകുമ്പോഴും ശസ്ത്രക്രിയകൾക്കു ശേഷവും റോഡപകടങ്ങളിൽ ഗുരുതര പരുക്കുണ്ടാകുമ്പോഴുമൊക്കെ തീവ്രപരിചരണം നൽകി അത്യാസന്ന നിലയിൽ കഴിഞ്ഞ രോഗിയെ ജീവിതത്തിലേക്കു മടങ്ങിക്കൊണ്ടുവരുന്നത് ഈ വിഭാഗത്തിലെ മികവിലാണ്. 

ക്രിട്ടിക്കൽ കെയർ നഴ്സ്, റസ്പിറേറ്ററി തെറപ്പിസ്റ്റ്, ഫിസിയോതെറപ്പിസ്റ്റ്, ന്യൂട്രീഷനിസ്റ്റ്, ക്ലിനിക്കൽ ഫാർമസിസ്റ്റ്, ബയോമെഡിക്കൽ എൻജിനീയർ, മെഡിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യേണ്ട ടെക്നിഷ്യൻമാർ തുടങ്ങിയവർ ഉൾപ്പെട്ടതാണു ക്രിട്ടിക്കൽ മെഡിക്കൽ ടീം. 

കേന്ദ്ര സർക്കാരിന്റെ പുതിയ മാനദണ്ഡമനുസരിച്ച് എല്ലാ ആശുപത്രികളിലും തീവ്രപരിചരണ വിഭാഗം ഉണ്ടായിരിക്കണം. ചെറിയ ആശുപത്രികൾ (ലവൽ 1), ജില്ലാ–ജനറൽ ആശുപത്രികൾ (ലവൽ 2), മെഡിക്കൽ കോളജ് ആശുപത്രികൾ (ലവൽ 3) എന്നിങ്ങനെയാണ് ഇന്റൻസീവ് കെയർ സംവിധാനം ആരംഭിക്കേണ്ടത്. പഠനാവസരങ്ങൾ: ക്രിട്ടിക്കൽ കെയർ ടെക്നോളജിയിലും നഴ്സിങ്ങിലും ഡിഗ്രി–ഡിപ്ലോമ കോഴ്സുകൾ സ്വകാര്യ സ്ഥാപനങ്ങളും ഡീംഡ് യൂണിവേഴ്സിറ്റികളും നടത്തുന്നുണ്ട്. 

English Summary : Career Opportunities After Covid 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com