അഭിനന്ദനത്തിന്റെ ശക്തി

appreciation
SHARE

പാരീസിൽ പണ്ടു നടന്ന സംഭവം. പ്രശസ്തഗായകന്റെ സംഗീതവിരുന്നിന് ടിക്കറ്റെല്ലാം തീർന്നു. നിർണായകനിമിഷം വന്നെത്തി. തിങ്ങിനിറഞ്ഞ ആസ്വാദകസദസ്സ്. പ്രതീക്ഷാനിർഭരമായ കലാഹൃദയങ്ങൾ. മാനേജർ വേദിയിൽ വന്നു. മൈക്കിലൂടെ പറഞ്ഞു :

‘സുഹൃത്തുക്കളേ! നിങ്ങളുടെയെല്ലാം സഹകരണത്തിനു നന്ദി. പ്രധാനപ്പെട്ട ഒരു കാര്യം പറയട്ടെ. നാമെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗായകന് ഇന്നു വരാൻ കഴിയാത്തവിധം പെട്ടെന്ന് അസുഖമായി. ഞങ്ങൾക്ക് അതിയായ ഖേദമുണ്ട്. പക്ഷേ, നിങ്ങൾ നിരാശരാകേണ്ട. സമാനപ്രതിഭാശാലിയായ മറ്റൊരു ഗായകനെ കണ്ടെത്താൻ ഞങ്ങൾക്കു കഴിഞ്ഞു. അദ്ദേഹം ഉടൻ നമ്മെ പാട്ടിന്റെ പാലാഴിയിലൊഴുക്കും. നന്ദി.’

സദസ്സിൽ മ്ലാനത പരന്നു. പക്ഷേ പകരക്കാരൻ വന്ന് ഹൃദയഹാരിയായി പാടിരസിപ്പിച്ചു. എങ്കിലും കച്ചേരി കഴിഞ്ഞപ്പോൾ വല്ലാത്ത നിശ്ശബ്ദത. കരഘോഷത്തിന് ആരുമില്ല. പെട്ടെന്ന് ബാൽക്കണിയിൽ നിന്നു ചെറുബാലന്റെ ശബ്ദം ഉയർന്നു : ‘അച്ഛാ, എത്ര മനോഹരമായി അച്ഛൻ പാടി! നന്ദി, നന്ദി, നന്ദി’. ശ്രോതാക്കൾ സ്വയംമറന്ന് കാതടപ്പിക്കുന്ന ഹർഷാരവം മുഴക്കി. അതെ, നമുക്കെല്ലാം ആഗ്രഹമുണ്ട്, നാം ചെയ്തതു നന്നായി എന്നുള്ള അഭിനന്ദനം വേണമെന്ന്. അതിനെക്കാൾ വലിയ പ്രോത്സാഹനമില്ല.

പക്ഷേ  നല്ലതു നല്ലതെന്നു പറഞ്ഞു തെല്ലെങ്കിലും പ്രശംസിക്കാൻ മിക്കവർക്കും മടിയാണ്. പ്രശംസിക്കുന്നതോടെ നമ്മൾ മോശക്കാരായിപ്പോകില്ലേ? ഇല്ലെന്നതാണ് വാസ്തവം. അർഹിക്കുന്നവരെ ബഹുമാനിക്കുമ്പോൾ നാം സ്വയം ബഹുമാനിക്കുകയാണ്. അക്കാര്യത്തിൽ ഉത്സാഹം കാട്ടാനാവട്ടെ ശ്രമം.

ഇനി മറ്റൊരു സംഭവകഥ. വർഷങ്ങൾക്കു മുൻപ് വിസ്കാൺസിൻ സർവകലാശാലയിൽ നടന്നത്. സാഹിത്യരചനയിൽ താല്പര്യമുള്ള പ്രതിഭാശാലികളായ ആൺകുട്ടികൾ ഇടയ്ക്കിടെ യോഗം ചേരും. ഓരോരുത്തരും മികച്ച സ്വന്തംരചനകൾ വായിക്കും. കവിതയും  കഥയും നോവലുമെല്ലാം. സുഹൃത്തുക്കൾ അവയെയെല്ലാം നാരുനാരായിക്കീറിമുറിച്ച്, നേരിയ പോരായ്മകൾ പോലും കടുത്ത വിമർശനത്തിന് വിധേയമാക്കും. തരിമ്പും കരുണയില്ലാതെ നീചഭാഷയിൽപ്പോലും രചനാവൈകല്യങ്ങളെ കർക്കശമായി ആക്രമിക്കും. എഴുത്തുകാരൻ മെച്ചപ്പെടട്ടെയെന്ന സദുദ്ദേശ്യമായിരുന്നു വിമർശനത്തിനു പിന്നിൽ.

വിവരമറിഞ്ഞ് പെൺകുട്ടികളും തുടങ്ങി സാഹിത്യക്ലബ്. അവരും എഴുതിവായിച്ചു ഭാഷയുടെയും ഭാവനയുടെയും സമസ്തസൗന്ദര്യങ്ങളും ആവാഹിച്ച രചനകൾ. സഹപാഠികളുടെ വിമർശനം അതീവമൃദുലം. ചിലപ്പോൾ കുറവുകൾ സൂചിപ്പിക്കുകയേയില്ല. നേരിയ ഗുണത്തെപ്പോലും അഭിനന്ദിച്ച് പ്രോത്സാഹിപ്പിക്കും. 

ഇരുപതു വർഷത്തിനു ശേഷം പൂർവവിദ്യാർത്ഥികളുടെ സാഹിത്യരംഗത്തെ നേട്ടങ്ങൾ വിലയിരുത്തുന്ന വിശദപഠനം നടന്നു. വാസനാസമ്പന്നരെങ്കിലും അന്നത്തെ ആൺകുട്ടികളിലാർക്കും പറയത്തക്ക  നേട്ടമുണ്ടായില്ല. നേരേമറിച്ച്, തുടക്കത്തിൽത്തന്നെ അഭിനന്ദനം ലഭിച്ച പെൺകുട്ടികളിൽ പലരും ശ്രദ്ധേയമായ വിജയം സാഹിത്യരംഗത്തു നേടി. പുലിറ്റ്സർ സമ്മാനം നേടിയ  മാർജൊറീ കിനൻ േറാളിങ്സ് (1896 –1953) എന്ന നോവലിസ്റ്റ് ഉൾപ്പെടെ. ആൺകുട്ടികൾ കുറ്റപ്പെടുത്തുന്നതിൽ വ്യഗ്രത കാട്ടിയപ്പോൾ, പെൺകുട്ടികൾ അഭിനന്ദിച്ചു പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധിച്ചു. അതിന്റെ സദ്ഫലം അവർക്കു കിട്ടുകയും ചെയ്തു. ഇരുകൂട്ടരും തമ്മിൽ പ്രതിഭയുടെയോ കഴിവിന്റെയോ കാര്യത്തിൽ വലിയ അന്തരമൊന്നും അന്ന് ഉണ്ടായിരുന്നില്ല.  അഭിനന്ദനത്തിന്റെ ശക്തിസൗന്ദര്യങ്ങൾ പെൺകുട്ടികളുടെ ശേഷികൾ വളർന്നു പുഷ്പിക്കാനിടയാക്കി.

നമുക്ക് ആരാധന തോന്നുന്നവരുടെ കുറവുകൾ നാം മറക്കും. അവരുമായി താദാത്മ്യം പ്രാപിക്കാനാവും നമ്മുടെ മനസ്സു പറയുക. ഉള്ളിൽ ആരാധന തോന്നുമ്പോഴും ചിലരെ അസൂയ കീഴ്പ്പെടുത്തും. അന്യരുടെ അസാധാരണ കഴിവ് അംഗീകരിക്കാൻ മനസ്സ് വിസമ്മതിക്കും. അർഹിക്കുന്ന അഭിനന്ദനം നല്കാതിരിക്കുകയും ചെയ്യും. ഇതെല്ലാം അസൂയയുടെ പലവിധദോഷങ്ങളിൽ ചിലത്.

പ്രചോദകലേഖകനായ വില്യം ആർതർ വാർഡ് : ‘അസൂയപ്പെടാതെ അഭിനന്ദിക്കാനും, അനുകരിക്കാതെ പിൻതുടരാനും, പുകഴ്ത്താതെ അനുമോദിക്കാനും കഴിയുന്നവർ അനുഗൃഹീതർ’. സാമൂഹികമായി നമ്മെക്കാൾ താണ നിലയിലുള്ളവരിലെ നന്മയെ  പരസ്യമായി അഭിനന്ദിക്കാനും ശ്രമിക്കാം. നമ്മിലെ അഹന്തയെ നശിപ്പിക്കാൻ അഭിനന്ദനം സഹായിക്കുമെന്ന ഗുണമുണ്ട്. മനുഷ്യനിൽ അഭിനന്ദനത്തിനു വേണ്ടിയുള്ള വൈകാരികദാഹമുണ്ട്. പക്ഷേ അഭിനന്ദനം ചോദിച്ചുവാങ്ങാൻ പലരും ഇഷ്ടപ്പെടില്ല. ചിലതിനെയെല്ലാം നാം അറിയാതെ  അഭിനന്ദിച്ചുപോകും – നക്ഷത്രങ്ങളുടെ അഭൗമസൗന്ദര്യത്തെപ്പോലെ. ‘അഭിനന്ദനം വിസ്മയകരം. അന്യരിലെ മേന്മ നമ്മിലുമുണ്ടാക്കുന്നു’ എന്ന് വോൾട്ടയർ.

ഹൃദയം തകർക്കുന്ന ചില സാഹചര്യങ്ങളുണ്ട്. അർഹിക്കുന്നവരിലെത്താതെ അനർഹരിൽ അഭിനന്ദനം എത്തുന്നത്. ദീർഘകാലം കഷ്ടപ്പെട്ട് പരിശീലിച്ച്, സർവശക്തികളും സമാഹരിച്ച് ജീവൻ പണയംവച്ച് ഓടി വിജയിക്കുന്ന പന്തയക്കുതിര നോക്കിനിൽക്കെ, സവാരിക്കാരൻ ട്രോഫി വാങ്ങി കൈയടി  നേടുന്നു. കുതിരയ്ക്കു വികാരമില്ല. പക്ഷേ ഗവേഷകരുടെ നേട്ടം ഗവേഷണസ്ഥാപനത്തിലെ തലവൻ സ്വന്തം പേരിൽ പതിച്ചെടുത്ത് ജേണലിലെഴുതി രാജ്യാന്തരഖ്യാതി നേടുമ്പോൾ, സ്വന്തം ദീർഘതപസ്സ് വിഫലമാകുന്ന ദയനീയാനുഭവം ജൂനിയറിനുണ്ടാകുന്നു. ഇതിലെ അനീതി നിസ്സാരമല്ല. ഇത്തരം സാഹചര്യം ഒഴിവാക്കാം.

നമ്മെക്കാൾ കഴിവും സാമർത്ഥ്യവും സർഗശേഷിയും ഉള്ളവരുടെ പ്രകടനങ്ങൾ നമ്മെ വിസ്മയിപ്പിക്കും.  അവയുടെ കാന്തശക്തി നമ്മുടെ ചിന്തയുടെയും സമീപനത്തിന്റെയും കാന്തസൂചിയെ ആകർഷിച്ച്, ദിശ മാറ്റി നമ്മെ ആരാധനയുടെ ഉയരങ്ങളിലേക്കു നയിക്കും. അഭിനന്ദിക്കേണ്ട അനർഘനിമിഷങ്ങൾ. മനസ്സു പൂമൊട്ടു പോലെയാണത്രേ. വികസിച്ച് പരിമളം പരത്തണമെങ്കിൽ സ്നേഹത്തിന്റെയും അഭിനന്ദനത്തിന്റെയും പ്രോത്സാഹനത്തിന്റെയും സൂര്യപ്രകാശം ധാരാളമായി വീഴണം.

നിത്യജീവിതത്തിൽ നാം ഇടപഴകുന്നവരുടെ നേട്ടങ്ങളെ സമയത്ത് അഭിനന്ദിക്കുന്നപക്ഷം അവർ തിരിച്ചും അഭിനന്ദിക്കാൻ സാധ്യതയുണ്ട്. പരസ്പരബഹുമാനം ശക്തിപ്പെടുത്തി, വ്യക്തിബന്ധങ്ങൾ ഉറപ്പിക്കാൻ ഇതു വഴിവയ്ക്കും. പക്ഷേ നമ്മുടെ ചെയ്തികൾ അഭിനന്ദനം അർഹിക്കുന്നവയാകണം.  നാം നട്ട മരങ്ങളാണ്, പെറുക്കിക്കൂട്ടുന്ന പഴങ്ങളല്ല അഭിനന്ദനം ക്ഷണിച്ചുവരുത്തുക. 

അനാവശ്യപരാതി പറയുന്നവരെയും ഉള്ളിൽത്തട്ടാതെ പുകഴ്ത്തുന്നവരെയും അവഗണിക്കാം. അഭിനന്ദനവും പുകഴ്ത്തലും തമ്മിലുള്ള അതിർവര തീരെ ലോലം. ഒന്ന് ഹൃദയത്തിൽ നിന്ന്, മറ്റത് വായിൽ നിന്ന്. ഒന്ന് നിസ്വാർത്ഥതയുടെ, മറ്റത് സ്വാർത്ഥതയുടെ. അഭിനന്ദനം കപടമായ പുകഴ്ത്തലെന്നു തെറ്റിദ്ധരിക്കാൻ ഇട നല്കിക്കൂടാ.

അർഹിക്കുന്നവരെ വേണ്ടനേരത്ത് അഭിനന്ദിക്കുന്നത് ശീലമാക്കാം.
 

English Summary : Importance of Appreciation

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA