ADVERTISEMENT

സംസ്ഥാനതലത്തിലും ജില്ലാ തലത്തിലുമായി പിഎസ്‌സി പ്രസിദ്ധീകരിച്ച അൻപതിലധികം റാങ്ക് ലിസ്റ്റുകൾ മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കി  ഒാഗസ്റ്റിൽ  അവസാനിക്കും. ലോക്ഡൗണിനെ തുടർന്ന് സർക്കാർ ഒാഫിസുകൾ പൂർണമായി പ്രവർത്തിക്കാത്തതിനാൽ ഇവയിൽ പല തസ്തികകളിലും ഒഴിവുകൾ റിപ്പോർട്ട് െചയ്തിട്ടു മാസങ്ങളായി. റദ്ദാകുന്ന ഒരു തസ്തികയുടെയും പുതിയ റാങ്ക് ലിസ്റ്റുകൾ പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടുമില്ല. അസാധാരണ സാഹചര്യം നിലനിൽക്കുന്നതിനാൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും സർക്കാർ ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം കൈക്കൊണ്ടിട്ടില്ല.

റദ്ദാകുന്നവയിൽ ആരോഗ്യ  മേഖലയിലെ ലിസ്റ്റുകളും

സർക്കാർ അവശ്യ സർവീസായി പ്രഖ്യാപിച്ചിരിക്കുന്ന ആരോഗ്യ മേഖലയിലെ ധാരാളം ലിസ്റ്റുകളും റദ്ദാകുന്നവയുടെ പട്ടികയിലുണ്ട്. ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് ഡെന്റൽ സർജൻ, കെമിസ്റ്റ് ഗ്രേഡ്– 2, ജൂനിയർ സയന്റിഫിക് ഒാഫിസർ,  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ്– 2, അസിസ്റ്റന്റ് പ്രഫസർ ഇൻ ഫാർമക്കോളജി, ഫിസിയോളജി, നെഫ്രോളജി, മൈക്രോബയോളജി, ഫൊറൻസിക് മെഡിസിൻ, ബയോകെമിസ്ട്രി, അനാട്ടമി തുടങ്ങിയവയാണ് ആരോഗ്യ/ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ  റദ്ദാകുന്ന പ്രധാന റാങ്ക് ലിസ്റ്റുകൾ. 

സുപ്രധാന ലിസ്റ്റായ അസിസ്റ്റന്റ് ഡെന്റൽ സർജൻ ലിസ്റ്റിൽ നിന്ന് മൂന്നു വർഷത്തിനിടെ നിയമന ശുപാർശ ലഭിച്ചതാകട്ടെ വെറും 19 പേർക്കും. റാദ്ദാകുന്ന മറ്റു റാങ്ക് ലിസ്റ്റുകളിൽ നിന്നും കാര്യമായ തോതിൽ നിയമനം നടത്തിയിട്ടില്ല. റാങ്ക് ലിസ്റ്റ് റദ്ദാകുന്നതിനാൽ ഈ തസ്തികകളിലെല്ലാം ഇനി നിർബാധം താൽക്കാലിക നിയമനമാകും നടക്കുക. 

പുതിയ ലിസ്റ്റുകൾ വൈകും

ബവ്റിജസ് കോർപറേഷനിൽ അസിസ്റ്റന്റ്, മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ, കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ മലയാളം തുടങ്ങി സുപ്രധാന റാങ്ക് ലിസ്റ്റുകളും ഒാഗസ്റ്റിൽ റദ്ദാകുന്നുണ്ട്. ഒാഗസ്റ്റ് ആറിനു റദ്ദാകുന്ന എഎംവിഐ റാങ്ക് ലിസ്റ്റിൽ നിന്ന് 350 പേർക്കാണ് ഇതുവരെ നിയമന ശുപാർശ നൽകിയത്. ഈ തസ്തികയുടെ പുതിയ വിജ്ഞാപനം പോലും ഇതുവരെ പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടില്ല. പുതിയ വിജ്ഞാപനം വന്ന് പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ രണ്ടു വർഷമെങ്കിലും വേണ്ടിവരും. അത്രയും നാൾ ഒരാൾക്കു പോലും ഈ തസ്തികയിൽ പിഎസ്‌സി വഴി നിയമനം നൽകാൻ കഴിയില്ല.  ബെവ്കോ അസിസ്റ്റന്റ് തസ്തികയിൽ  896 പേർക്കും മലയാളം ലക്ചറർ റാങ്ക് ലിസ്റ്റിൽ നിന്ന് 42 പേർക്കുമാണ് നിയമന ശുപാർശ നൽകിയിട്ടുള്ളത്. 

റദ്ദാകുന്ന റാങ്ക് ലിസ്റ്റുകൾക്കു പകരം പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാനും കഴിയാത്ത സാഹചര്യമാണ് നിലവിൽ. അവശ്യ തസ്തികകളിലേക്ക് പരീക്ഷ നടത്താൻ പിഎസ്‌സി സജ്ജമാണെങ്കിലും സ്കൂളുകൾ തുറക്കാത്തതും പൊതുഗതാഗതം ശക്തിപ്പെടാത്തതും നടപടികളെ പിന്നോട്ടടിക്കുകയാണ്. 

ലിസ്റ്റ് നീട്ടാതെ സർക്കാർ
കോവിഡ്– 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സർക്കാർ ഒാഫിസുകൾ പൂർണതോതിൽ പ്രവർത്തിക്കാത്തതിനാൽ വിവിധ തസ്തികകളിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലും വൻകുറവുണ്ടായിട്ടുണ്ട്. എന്നാൽ അസാധാരണ സാഹചര്യം മുന്നിൽക്കണ്ട് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ സർക്കാർ തയാറാകുന്നില്ല. ഒരു തവണ മാത്രമാണ് ലിസ്റ്റുകളുടെ കാലാവധി സർക്കാർ നീട്ടി നൽകിയത്. മാർച്ച് 20 മുതൽ ജൂൺ 18 വരെ കാലാവധി അവസാനിക്കുന്ന എല്ലാ ലിസ്റ്റുകളും ജൂൺ 19 വരെ നീട്ടി. നൂറോളം റാങ്ക് ലിസ്റ്റുകൾക്ക് ഇതോടെ കാലാവധി നീട്ടി ലഭിച്ചു. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പോയതിനാൽ ഈ കാലയളവിലും കാര്യമായ നിയമനങ്ങൾ ഒരു ലിസ്റ്റിലും നടന്നില്ല. തുടർന്നും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നെങ്കിലും സർക്കാർ അനങ്ങിയില്ല. ജൂൺ 19 മുതൽ ജൂലൈ 31 വരെ ചെറുതും വലുതുമായ ഇരുന്നൂറിലധികം റാങ്ക് ലിസ്റ്റുകൾ റദ്ദായിട്ടുണ്ട്. നിലവിലുള്ള വ്യവസ്ഥയനുസരിച്ച് ഒരിക്കൽ റദ്ദായ ലിസ്റ്റുകൾ വീണ്ടും ദീർഘിപ്പിക്കാനാവില്ല. എന്നാൽ ഒാഗസ്റ്റിൽ റദ്ദാകാൻ പോകുന്ന റാങ്ക് ലിസ്റ്റുകൾ നീട്ടാൻ സർക്കാരിനു കഴിയും.  

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വൻ കുറവ്
റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാറാകുമ്പോൾ ഒഴിവുകൾ കൂട്ടമായി റിപ്പോർട്ട് ചെയ്യുന്നതു പതിവാണ്. എന്നാൽ കോവിഡ് –19നെ തുടർന്ന് വിവിധ മേഖലകളിൽ ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വൻ കുറവ് വന്നിട്ടുണ്ട്.  ‍കഴിഞ്ഞ മാർച്ച് മുതൽ സർക്കാർ സർവീസിൽ നിന്നു വിരമിച്ചവരുടെ ഒഴിവുകൾപോലും ഇതുവരെ പൂർണമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.  

താൽക്കാലിക നിയമനത്തിന് കളമൊരുങ്ങി
പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ ഇല്ലാതാകുന്നത് താൽക്കാലിക നിയമനത്തിന് വഴിയൊരുക്കും. റാങ്ക് ലിസ്റ്റുള്ളപ്പോൾ തന്നെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സമീപനം ഉള്ളിടത്ത്  ലിസ്റ്റ് ഇല്ലാതാകുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയാൽ നിലവിലുള്ള ഒഴിവുകൾ പിഎസ്‌സി ലിസ്റ്റിൽ നിന്നു നികത്തേണ്ടിവരും. അതുകൊണ്ടുതന്നെ റാങ്ക് ലിസ്റ്റുകൾ ഇല്ലാതാകേണ്ടത് താൽക്കാലിക നിയമന ലോബിയുടെ ആവശ്യമാണ്. സർക്കാർ ഇതിനു കൂട്ടുനിൽക്കരുതെന്നാണ് ഉദ്യോഗാർഥികളുടെ അഭ്യർഥന.

English Summary : 50 More Kerala PSC Rank List Will Expire In August

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com