ADVERTISEMENT

ഗോകുലും ഹാറൂണും അവരുടെ ജീവിതത്തെ രണ്ടായിട്ടാണ് അടയാളപ്പെടുത്തുക- കംപ്യൂട്ടർ ഉപയോഗത്തിനു മുൻപും ശേഷവും. ഏഴാം ക്ലാസ് വരെ ഹാറൂണിനു ബ്രെയിൽ ലിപിയുടെ സഹായത്തോടെ വായിക്കാനായത് 13 പുസ്തകങ്ങൾ. കംപ്യൂട്ടറും മൊബൈൽ ഫോണുമെത്തിയശേഷം വായിച്ച പുസ്തകങ്ങൾ ആയിരം കടന്നു. 

പുസ്തകങ്ങളുടെ ബൈൻഡിങ് അഴിച്ച് ഓരോ പേജായി സ്കാൻ ചെയ്ത് ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (ഒസിആർ) വഴി കേൾക്കാൻ പറ്റുന്ന തരത്തിലേക്കു മാറ്റുകയായിരുന്നു ഗോകുലിന്റെ സ്കൂൾ കാലത്തു മാതാപിതാക്കളുടെ പ്രധാന ജോലി. 

കാഴ്ചപരിമിതർക്കു മെരുങ്ങും വിധം കംപ്യൂട്ടറും മൊബൈലും മാറിയതോടെ സ്ഥിതി മാറി. പിന്നീടുള്ളത് ചരിത്രം. തിരുവനന്തപുരം തിരുമല സ്വദേശി എസ്. ഗോകുലിന് സിവിൽ സർവീസസ് പരീക്ഷയിൽ 804–ാം റാങ്ക്. ചരിത്രത്തിലാദ്യമായി കംപ്യൂട്ടറിൽ എസ്എസ്എൽസി പരീക്ഷയെഴുതിയ മലപ്പുറം മങ്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ടി.കെ ഹാറൂൺ കരീമിന് ഫുൾ എ പ്ലസ്!

രണ്ടു പേരും പറയുന്നു, കാഴ്ചപരിമിതിയുടെ പേരിൽ ആരെയും സ്പെഷൽ സ്കൂളിലേക്കു വിടരുത്. ടെക്നോളജി പഠിപ്പിക്കൂ, അവർ താനേ നിവർന്നു നിൽക്കും.

സ്ക്രൈബ് ഇല്ലെങ്കിലും...

എട്ടാം ക്ലാസിൽ വച്ച് സ്ക്രൈബിന്റെ സഹായത്തോടെ ക്വിസ് മത്സരത്തിൽ പങ്കെടുത്ത ഹാറൂണിന് ഒന്നാം സമ്മാനം കിട്ടി. എന്നാൽ അഭിനന്ദനമെല്ലാം സ്ക്രൈബിനു ലഭിച്ചതോടെയാണ് സ്വന്തമായി പരീക്ഷയെഴുതാൻ ദൃഢനിശ്ചയമെടുത്തത്.

ചെറിയ ക്ലാസുകളിൽ മറ്റു കുട്ടികൾ പരീക്ഷ എഴുതിത്തീരുന്നതുവരെ കാത്തിരുന്ന ഓർമയാണ് ഗോകുലിനുള്ളത്. ഇതിലൊരാൾ വേണം തനിക്കു സ്ക്രൈബായി പരീക്ഷയെഴുതാൻ. ഒരിക്കൽ സ്ക്രൈബിന്റെ സഹായത്തോടെ പരീക്ഷയെഴുതാനിരുന്ന ഗോകുലിനോട് വിരലടയാളം പോരാ, ഒപ്പ് തന്നെയിടണമെന്ന് വാശിപിടിച്ച ഇൻവിജിലേറ്ററുണ്ട്. അതും പോരാഞ്ഞിട്ട് സ്ക്രൈബിനോട് ആ ഇൻവിജിലേറ്റർ പറഞ്ഞതിങ്ങനെ– ‘‘എടേ, ഇവൻ എന്തരായാലും വലുതായിട്ടൊന്നും പറയാൻ പോണില്ല. നീ പെട്ടന്ന് എന്തരെങ്കിലും എഴുതീട്ട് പേപ്പർ താ.’’ കംപ്യൂട്ടറിനെ മെരുക്കിയതോടെ പരീക്ഷകളിൽ ഗോകുൽ സ്വയംപര്യാപ്തനായി.

പിഎസ്‌സി ഇതു കേൾക്കുമോ

സിവിൽ സർവീസസ് പരീക്ഷയിൽ കംപ്യൂട്ടർ ഉപയോഗിക്കാൻ പറ്റാത്തതുകൊണ്ടു മാത്രം സ്ക്രൈബിന്റെ സഹായം തേടി. പി‍എസ്‍സിയോടും യുപിഎസ്‍സിയോടും ഇരുവർക്കും അഭ്യർഥിക്കാനുള്ളതും ഇതാണ്– ‘‘കംപ്യൂട്ടറിൽ പരീക്ഷ എഴുതാൻ അനുവദിക്കൂ.’’ ഹാറൂണിന്റെ അഭ്യർഥനപ്രകാരമാണ് എസ്എസ്എൽസി പരീക്ഷ കംപ്യൂട്ടറിൽ എഴുതാൻ സർക്കാർ അനുവാദം നൽകിയത്. ടൈപ്പ് ചെയ്ത ഉത്തരങ്ങൾ ഉത്തരക്കടലാസിൽ പ്രിന്റ് എടുത്താണ് സമർപ്പിച്ചത്. ചോദ്യക്കടലാസ് കൂടി ഡിജിറ്റലായിരുന്നെങ്കിൽ വായിച്ചുതരാൻ അധ്യാപകന്റെ സഹായം പോലും വേണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. 

കംപ്യൂട്ടറിൽ വായന, പരീക്ഷ

കാഴ്ചപരിമിതർക്ക് സ്ക്രീനിലുള്ളതെല്ലാം വായിച്ചുനൽകുന്ന ജോസ് (JAWS) അല്ലെങ്കിൽ‌ എൻവിഡിഎ (NonVisual Desktop Access) സ്ക്രീൻ റീഡർ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാം. ടൈപ്പിങ് മനപ്പാഠമാക്കിയാൽ എംഎസ് വേഡ് മതിയാകും. കണക്കിലെ സമവാക്യങ്ങളും മറ്റുമെഴുതാൻ ഇൻഫിറ്റി എഡിറ്റർ (Infty Editor) പോലെയുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാം. കേന്ദ്രനിയമം അനുസരിച്ച് കാഴ്ചപരിമിതർക്ക് അവരുടെ സ്വന്തം കീബോർഡ് ഉപയോഗിക്കാം. കപ്യൂട്ടർ പക്ഷേ പരീക്ഷ നടത്തുന്നവർ നൽകണം. ആവശ്യമുള്ള സോഫ്റ്റ്‌വെയറുകളുടെ പട്ടിക നേരത്തേ നൽകാം. 

ലാപ്ടോപ് ഇല്ലെങ്കിലും...

ലാപ്ടോപ് ഇല്ലാത്തവർക്കു മൊബൈൽ ഫോണിനൊപ്പം എക്സ്റ്റേണൽ കീബോർഡും ഒടിജി കേബിളുമുണ്ടെങ്കിൽ വായനയും ടൈപ്പിങ്ങും സാധ്യമാകും. ഇ–സ്പീക്ക്, ലിനക്സിലെ ഇന്റലിജന്റ് ഒസിആർ സൊല്യൂഷൻ എന്നിവ ഉപയോഗിച്ചാൽ മലയാളം വായിച്ചു കേ‍ൾക്കാനാകും. ഗൂഗിൾ വോയ്സ് ഇൻപുട്ട് വഴി പറ‍ഞ്ഞുകൊണ്ട് ടൈപ്പ് ചെയ്യാനുമാകും.

മലയാളം ടെക്സ്റ്റ് ടു സ്പീച്ച്, മലയാളം ഒസിആർ എന്നിവ കൂടുതൽ മെച്ചപ്പെട്ടാൽ ആയിരങ്ങൾക്ക് ആശ്വാസമാകും.  ഓപ്പൺ സോഴ്സ് സാങ്കേതികവിദ്യ മെച്ചപ്പെടുത്തി കാഴ്ചപരിമിതർക്കായി ഇരുപത്തിയഞ്ചിലധികം ആപ്ലിക്കേഷനുകളും ഹാറൂൺ വികസിപ്പിച്ചിട്ടുണ്ട്. മലയാളം ആനുകാലികങ്ങൾ വായിക്കാനുള്ള ഒസിആർ, കാഴ്ചപരിമിതർക്ക് ക്ലാസ്റൂം ബോർഡിലെഴുതിയിരിക്കുന്നത് മൊബൈൽ ഫോൺ ഉപയോഗിച്ച് വായിച്ചുകേൾക്കാനുള്ള സംവിധാനം എന്നിവ ഇതിലുൾപ്പെടും.

വായിച്ചുകേൾക്കാൻ ഏറെ

കാഴ്ചപരിമിതർക്ക് സൗജന്യമായി വായിക്കാനാകുന്ന 9 ലക്ഷത്തിലേറെ പുസ്തകങ്ങളുടെ ശേഖരമാണ് ബുക്ക്ഷെയർ (bookshare.org). ഗോകുലും ഹാറൂണും ഏറെ ആശ്രയിച്ച വെബ്സൈറ്റ്. ഓഡിയോ ബുക്കുകൾക്കു പുറമേ, ബ്രെയിൽ ഡിസ്പ്ലേ കീബോർഡിൽ ലഭ്യമാകുന്ന ഫോർമാറ്റും ഭാഗികമായി കാഴ്ചയുള്ളവർക്ക് വലിയ അക്ഷരങ്ങളിൽ വായിക്കാനുള്ള ഫോർമാറ്റുമുണ്ട്. ഹാറൂണും ഗോകുലും നിർദേശിക്കുന്ന മറ്റ് റിസോഴ്സുകൾ: ദ് ബ്ലൈൻഡ് ആൻഡ്രോയ്ഡ് ഫോറം, ആപ്പിൾ വിസ് (AppleVis), ഓഡിയോഗെയിംസ് ഡോട്ട് നെറ്റ്. പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുമ്പോൾ 15 മിനിറ്റ് സമയമെടുത്ത് epub ഫോർമാറ്റിൽ കൂടിയാക്കിയാൽ കാഴ്ചപരിമിതർക്കും വായിക്കാം. 

സാധാരണ പോലെ ഒരു പേജ് വായിക്കുന്നതിനേക്കാൾ വേഗത്തിൽ ടെക്സ്റ്റ് ടു സ്പീച്ച് സംവിധാനത്തോടെ വായിച്ചുകേൾക്കാനാകുമെന്ന് ഗോകുൽ പറയുന്നു. തിരുവനന്തപുരം ആസ്ഥാനമായ ‘ചക്ഷുമതി’ എന്ന സന്നദ്ധസംഘടന വഴി കാഴ്ചപരിമിതിയുള്ള ആയിരങ്ങൾക്കാണ് ഹാറൂൺ സാങ്കേതികജ്ഞാനം നൽകുന്നത്. ചക്ഷുമതിയിലേക്ക് ഒരു ഇമെയിൽ അയച്ചാൽ സൗജന്യമായി ഹാറൂണിന്റെ സേവനം നിങ്ങൾക്കും ലഭിക്കും (mail.chakshumathi@gmail.com).

English Summary: Success Stories of Haroon And Gokul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com