sections
MORE

അച്ഛാ, ഇത് അച്ഛന്റെ ഒരു ദിവസത്തെ ശമ്പളമാണ്, പിറന്നാളിന് എന്നോടൊപ്പം നിൽക്കാമോ?

kid
SHARE

കൊറോണയെക്കുറിച്ചുള്ള ഭയവും കുറച്ചു വിരസതയുമൊക്കെ മാറ്റിവച്ചാൽ, നമുക്കൊക്കെ വീണുകിട്ടിയ ഒരസുലഭസന്ദർഭമായിരുന്നു ലോക്ഡൗൺ കാലം. ആ കാലം മാറി. വീണ്ടും നമ്മൾ പതുക്കെപ്പതുക്കെ തിരക്കിന്റെ പിടിയിലേക്കു പോകുന്നു. വേഗജീവിതത്തിന്റെ ഓട്ടപ്പാച്ചിലിലേക്കു വീണ്ടും പരക്കം പായുമ്പോൾ, ഒരുപക്ഷേ, ഇനിയൊരിക്കലും ജീവിതത്തിൽ കിട്ടാത്ത ഈ വിശ്രമകാലം വലിയൊരു പച്ചപ്പായി നമ്മുടെയൊക്കെ ഉള്ളിൽ നിറഞ്ഞുനിൽക്കും, നിൽക്കണം. 

മുൻപൊക്കെ മാജിക് ഷോ, മാജിക് പ്ലാനറ്റ്, ഡിഫറന്റ് ആർട്സ് സെന്റർ, വിദേശയാത്രകൾ എന്നൊക്കെപ്പറഞ്ഞു ഞാൻ ഓടിനടക്കുന്ന കാലത്ത് എന്റെ മോനോടൊപ്പം ചെലവഴിക്കാൻ ഇത്രയും സമയം എപ്പോൾ വീണുകിട്ടുമെന്നു ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായാണ് ഇഷ്ടംപോലെ സമയം വീട്ടിലിരിക്കാൻ കൊറോണ ഒരു കാരണമായത്. ലോക്‌‍ഡൗൺ കാലത്ത് അവന്റെ പിറന്നാൾ ദിവസം മുഴുവൻ ഞങ്ങൾ കുടുംബസമേതം വീട്ടിലായിരുന്നു. അവനോടൊപ്പം കളിപറയാനും അവനെ സ്നേഹിക്കാനും ഒക്കെ കൊറോണ കുറേ സമയം കൊണ്ടുവന്നുതന്നു. 

ചെറിയൊരു കഥ പറയാം. ഒരച്ഛനും അമ്മയ്ക്കും ഒരു മകൻ. വല്ലാത്ത തിരക്കുപിടിച്ച ജോലിയുള്ളയാളാണ് ഈ അച്ഛൻ. രാവിലെ മകൻ എഴുന്നേൽക്കുംമുൻപു ജോലിക്കു പോകും. രാത്രി മകൻ ഉറങ്ങിക്കഴിഞ്ഞ ശേഷമാണു തിരിച്ചെത്തുക. ഞായറാഴ്ച മാത്രമാണു മകനെ കാണുന്നത്, വല്ലപ്പോഴും. പക്ഷേ, ആ സമയത്തും അദ്ദേഹം ജോലിയുടെ തിരക്കിൽത്തന്നെയായിരിക്കും. 

മകന് ഇടയ്ക്കിടെ ഐസ്ക്രീം വാങ്ങാൻ കൊടുക്കുന്ന പണമാണു സ്നേഹമെന്ന് ആ അച്ഛൻ തെറ്റിദ്ധരിച്ചു. പല സംഘടനകളുടെ പ്രവർത്തനത്തിരക്കിലാണ് ആ കുട്ടിയുടെ അമ്മയും. സ്വാഭാവികമായും, മകനോടൊപ്പം ചെലവഴിക്കാൻ അവർക്കും വേണ്ടത്ര സമയം കിട്ടാറില്ല. 

ഒരു ദിവസം രാത്രി അവൻ അച്ഛൻ വരുന്നതുവരെ കാത്തിരുന്നു. കിടക്കാറായപ്പോൾ അച്ഛനോടു ചോദിച്ചു: ‘ഇന്നു ഞാൻ അച്ഛന്റെ കൂടെ കിടക്കട്ടെ?’.ഇവൻ ഇന്നെന്താണ് ഇങ്ങനെ ചോദിക്കുന്നതെന്ന് അച്ഛൻ അദ്ഭുതപ്പെട്ടു. അച്ഛന്റെ അടുത്തുകിടക്കുമ്പോൾ അവൻ ചോദിച്ചു: ‘അച്ഛന് ഒരു മാസം എത്ര ശമ്പളം കിട്ടും?’ ഞെട്ടിപ്പോയ അച്ഛൻ പറഞ്ഞു: ‘ഒരു മുപ്പതിനായിരം രൂപ കിട്ടും’. മകൻ എഴുന്നേറ്റ് മേശയുടെ വലിപ്പു തുറന്ന് ഐസ്ക്രീം വാങ്ങാൻ കൊടുത്ത കുറേ നോട്ടുകൾ എടുത്തുകൊണ്ടുവന്ന് അച്ഛനു കൊടുത്തിട്ടു പറഞ്ഞു: ‘അച്ഛാ, ഇത് അച്ഛന്റെ ഒരു ദിവസത്തെ ശമ്പളമാണ്. അച്ഛനു നാളെ എന്നോടൊപ്പം നിൽക്കാമോ? നാളെ എന്റെ പിറന്നാളാണ്’. 

കുട്ടികൾ പലപ്പോഴും പറയുന്നുണ്ടാവില്ല. പക്ഷേ, അവർ നമ്മുടെ സാന്നിധ്യവും സ്നേഹവും സ്പർശവുമൊക്കെ ഒരുപാട് ആഗ്രഹിക്കുന്നുണ്ടാവും. ജോലിത്തിരക്കിനിടയിൽ ഓടിനടക്കുന്നതിൽനിന്നു വ്യത്യസ്തമായി, സുന്ദരമായി നമ്മളൊക്കെ വീട്ടിൽ ചെലവഴിച്ച ദിവസങ്ങളുടെ ഓർമകൾ തന്നെയാണ് ഈ കൊറോണക്കാലത്തിന്റെ ബോണസ്. തിരിച്ചു തിരക്കിലേക്കു മടങ്ങിപ്പോകുമ്പോൾ ഓർക്കുക, കൊറോണക്കാലത്തോളം സാധിക്കില്ലെങ്കിലും ഇടയ്ക്കിടെ അതുപോലെ കുറച്ചു സമയം കുടുംബത്തോടും കുട്ടികളോടുമൊപ്പം വീട്ടിലിരിക്കാൻ. 

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA