ADVERTISEMENT

കോവിഡ് ലോകമെങ്ങും നടമാടുമ്പോൾ പലശാസ്ത്ര മേഖലകളിലുള്ളവരും ഇതിനെ ചെറുക്കാനുള്ള ഗവേഷണത്തിലാണ്.ഇക്കൂട്ടത്തിൽ ശ്രദ്ധേയമാണ് മെറ്റീരിയൽ സയൻസ് വിഭാഗക്കാരുടേത്. കോവിഡിനെ ചെറുക്കുന്ന, നാനോ കോട്ടിങ്ങോടെയുള്ള അതിനൂതന മാസ്കുകൾ, നാനോ മെഡിസിൻ തുടങ്ങി ഒട്ടേറെ സാധ്യതകൾ ശാസ്ത്രജ്ഞർ മുന്നോട്ടു വയ്ക്കുകയും ഇതി‍ൽ പരീക്ഷണം പുരോഗമിക്കുകയും ചെയ്യുകയാണ്.

മികച്ച ഒരു പഠനമേഖല എന്നതിലുപരി, ലോകത്തിന് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ് മെറ്റീരിയൽ സയൻസ്,എൻജിനീയറിങ് മേഖല...വസ്തുക്കളെ ആവശ്യങ്ങൾക്കായി മാറ്റിമറിക്കുന്ന മാജിക്.

ലോഹങ്ങളുടെ കണ്ടുപിടുത്തത്തിലൂടെയാണ് പ്രാകൃത മനുഷ്യൻ ആധുനികജീവിതത്തിലേക്കുള്ള പ്രയാണം തുടങ്ങിയത്. ലോഹങ്ങളെ സങ്കരങ്ങളും കോംപസിറ്റുകളുമൊക്കെയാക്കി മാറ്റി മനുഷ്യൻ പുരോഗതി കൈവരിച്ചു. ആദ്യ തലമുറ കംപ്യൂട്ടറുകൾ വാക്വം ട്യൂബുകൾ ഉപയോഗിച്ചായിരുന്നു നിർമിച്ചത്. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന് വാക്വം ട്യൂബുകൾ.ബഹുനിലക്കെട്ടിടങ്ങളുടെ വലുപ്പമുള്ള അന്നത്തെ വാക്വം ട്യൂബുകളിൽ നിന്ന് ഇന്നത്തെ ചെറു ഡെസ്ക്ടോപ്പുകളും ലാപ്ടോപ്പുകളും സ്മാർട്ഫോണുകളുമൊക്കെ പിറവിയെടുത്തത് സെമിക്കണ്ടക്ടറുകളുടെ ഉദയത്തോടെയാണ്. ഇവയെല്ലാം മെറ്റീരിയൽ സയൻസ് എന്ന ശാസ്ത്രശാഖയുടെ കരുത്തിലാണ് സംഭവിച്ചത്.

കാലമൊരുപാടുമാറി. മെറ്റീരിയൽ സയൻസിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ അക്കാദമിക ലോകം ഇതിനെയൊരു പ്രത്യേക പഠനമേഖലയാക്കി ചിട്ടപ്പെടുത്തി. ഇന്ന് ഡോക്ടറൽ, മാസ്റ്റേഴ്സ് തലങ്ങൾക്കു പുറമേ ബിരുദതലത്തിലും ഈ മേഖലയിൽ കോഴ്സുകളുണ്ട്.ലോകത്തിന്റെ പ്രതീക്ഷകളായ നാനോ ടെക്നോളജി,ബയോമെറ്റീരിയൽസ് ടെക്നോളജി തുടങ്ങിയവയെല്ലാം ഈ കുടുംബത്തിൽ വരുന്നു.

∙എന്താണ് മെറ്റീരിയൽ സയൻസ്?

ഗവേഷണാധിഷ്ഠിതമാണ് മെറ്റീരിയൽ സയൻസ്, കെമിസ്ട്രിയും ഫിസിക്സും,മെറ്റലർജിയും എൻജിനീയറിങ്ങുമെല്ലാം സമന്വയിക്കുന്ന ഒരു സിങ്ക്രറ്റിക് മേഖല.തിയറ്ററ്റിക്കൽ,കംപ്യൂട്ടേഷനൽ, പ്രായോഗിക രീതികളിലുള്ള പഠനം ആവശ്യമാണ് ഇതിൽ. പുസ്തകപഠനത്തിനു പുറമേ വസ്തുക്കളുടെ ഘടനയിലേക്കും മറ്റുമുള്ള ആഴത്തിലുള്ള പഠനം മേഖലയിലുണ്ട്. ഇലക്ട്രോൺ മൈക്രോസ്കോപ്പുകൾ, രാമൻ, ഐആർ തുടങ്ങിയ സ്പെക്ട്രോസ്കോപിക് മാർഗങ്ങൾ എന്നിവയെല്ലാം മെറ്റീരിയൽ സയൻസ് മേഖലയിലുണ്ട്.

ക്ഷമ, ഗവേഷണത്വര എന്നീ ഗുണങ്ങൾ ഈ മേഖല തിരഞ്ഞെടുക്കുന്നവർക്ക് അത്യാവശ്യമാണ്. ഉന്നത ഗവേഷണ ഡിഗ്രികളിലേക്കും പോസ്റ്റ് ഡോക് പഠനത്തിലേക്കും നീളുന്ന കരിയർ പ്ലാൻ ചെയ്തു വേണം മെറ്റീരിയൽ സയൻസ് തിരഞ്ഞെടുക്കാൻ.

∙ പഠനാവസരം

ഐഐടികൾ , എൻഐടികൾ തുടങ്ങി രാജ്യത്തെ ഒട്ടേറെ പ്രമുഖ എൻജിനീയറിങ് സ്ഥാപനങ്ങളിൽ മെറ്റീരിയൽ സയൻസ് ഡിഗ്രി ലഭിക്കും.കേരളത്തിലെ എൻഐടി കാലിക്കറ്റിലും മെറ്റീരിയൽ സയൻസ് വിഭാഗമുണ്ട്. ബിരുദാനന്തര ബിരുദ കോഴ്സായി ഇതു തിരഞ്ഞെടുക്കുന്നവരും കുറവല്ല.വിദേശത്തും മാസ്റ്റർ പഠനമെന്ന നിലയിൽ മെറ്റീരിയൽ സയൻസ് നൽകുന്നുണ്ട്.ചില സ്വകാര്യ സ്ഥാപനങ്ങളിലും മെറ്റീരിയൽ സയൻസ് എൻജിനീയറിങ് കോഴ്സുകളുണ്ട്.

∙തൊഴിൽ

ഇൻഡസ്ട്രി, അക്കാദമിക്, ഗവേഷണ മേഖലകളിൽ മെറ്റീരിയൽ സയൻസ് പഠിച്ചവർക്കു തൊഴിലവസരമുണ്ട്.ഗവേഷണം ചെയ്യുന്ന മേഖല ഇക്കാര്യത്തിൽ വളരെയേറെ പ്രാധാന്യമർഹിക്കുന്നു.ഉദാഹരണമായി ബയോ വിഭാഗത്തിൽ ഗവേഷണം ചെയ്യുന്നവർക്കു മികവു തെളിയിച്ചാൽ ഈ മേഖലയിലുള്ള പ്രമുഖ കമ്പനികളിലേക്കു കയറാം.

പഠന കാലയളവിലെ ഗവേഷണാഭിമുഖ്യം മെറ്റീരിയൽ സയൻസ് വിദ്യാർഥികളുടെ റെസ്യൂമെകൾക്കു കരുത്താണ്. രാജ്യാന്തര ജേണലുകളിൽ എത്ര പേപ്പറുകൾ പ്രസിദ്ധീകരിച്ചു‌? പേറ്റന്റുകൾ തുടങ്ങിയവയെല്ലാം പ്രാധാന്യമുള്ള ഘടകങ്ങളാണ്.ഈ ഘടകങ്ങളെല്ലാം അക്കാദമിക് രംഗത്തും സഹായകം തന്നെ.

English Summary: Career Scope Of Material Science

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com