ADVERTISEMENT

തിരിച്ചറിയപ്പെടാൻ വിശേഷണങ്ങളാവശ്യമില്ലാത്തയാളാണ് സാബ് ജോൺ. മലയാളത്തിലും തമിഴിലുമായി എണ്ണം പറഞ്ഞ തിരക്കഥകളെഴുതിയാണ് അദ്ദേഹം സിനിമാചരിത്രത്തിന്റെ ഭാഗമായത്. ചാണക്യന്‍, വ്യൂഹം, സൂര്യമാനസം, ഗുണ, ക്ഷണക്കത്ത്, ഗാന്ധാരി, ഹൈവേ, മയില്‍പ്പീലിക്കാവ്, കുരുതിപ്പുനൽ, സില്ലെൻട്ര് ഒരു കാതൽ തുടങ്ങിയ സിനിമകൾ മതി അതിനു സാക്ഷ്യം പറയാൻ. അത്ര ചെറുതല്ലാത്ത ഒരിടവേളയ്ക്കു ശേഷം സാബ് ജോൺ എത്തിയത് തിരക്കഥയുടെ സൂത്രവാക്യങ്ങൾ പഠിപ്പിക്കുന്ന ക്ലാസുകളുമായാണ്. 

തിരക്കഥാ രചനയെക്കുറിച്ചുള്ള ഓൺലൈൻ ശിൽപശാലകളൊരുക്കുന്ന തിരക്കിനിടയിലും, സർഗ്ഗാത്മക രചന പഠിപ്പിച്ചു കൊടുക്കാൻ കഴിയുമോ എന്നതിനെക്കുറിച്ചും വെർച്വൽ സ്ക്രീൻ റൈറ്റിങ് ശിൽപശാലകളുടെ സാധ്യതകളെക്കുറിച്ചും മനോരമ ഓൺലൈനിലൂടെ വായനക്കാരുമായി സംസാരിക്കുകയാണ് അദ്ദേഹം.

∙ സ്ക്രീൻ റൈറ്റേഴ്സ് ഒൺലി സ്റ്റുഡിയോ ഇൻ ഇന്ത്യ എന്ന സ്വപ്നം വെർച്വലായപ്പോൾ?

എന്റെ ജീവിതത്തിലെ ആദ്യത്തെ സ്വപ്നമായിരുന്നു തിരക്കഥാ രചന പഠിപ്പിക്കാനുള്ള ഒരു ഫിസിക്കൽ കഫേ. സ്ക്രീൻ റൈറ്റേഴ്സ് ഒൺലി സ്റ്റുഡിയോ ഇൻ ഇന്ത്യ എന്ന ആശയമായിരുന്നു മനസ്സിൽ. ഇന്ത്യയിൽ പല സ്ഥലത്തായി ഫിസിക്കൽ കഫേ ഒരുക്കാനായിരുന്നു ആഗ്രഹം. കഥയെഴുതാൻ ആഗ്രഹിക്കുന്നവരെ പ്രചോദിപ്പിക്കാനുള്ള ഒരു സ്പേസ്. അവർക്കുള്ള റിസർച്ച് മെറ്റീരിയൽ നൽകുന്ന, അവരുടെ സംശയങ്ങൾ ദൂരീകരിക്കാനുള്ള ഒരു മെന്ററെ നൽകുന്ന, കോഫിയൊക്കെക്കുടിച്ച് തിരക്കഥാ രചനയെപ്പറ്റിയുള്ള ചർച്ചകളുമായി സജീവമാകുന്ന ഒരു ഫിസിക്കൽ കഫേ ആയിരുന്നു സ്വപ്നത്തിൽ. പക്ഷേ 10 വർഷത്തോളം ശ്രമിച്ചിട്ടും അതു നടന്നില്ല. അത്തരമൊരു കഫേ ഒരു സ്ഥലത്തൊന്നും ഒതുങ്ങിപ്പോകരുത് എന്ന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് വെർച്വൽ വർക്ക്ഷോപ്പ് എന്ന ആശയത്തിലേക്ക് വന്നത്.

∙ ഓൺലൈൻ തിരക്കഥയെഴുത്തിന്റെ സാധ്യതകൾ

എഴുത്ത് എഴുതിയേ പഠിക്കാനാകൂ. മറ്റു കുറുക്കു വഴികളൊന്നുമില്ല. ഫിസിക്കൽ ക്ലാസ് വിട്ട് വെർച്വൽ ക്ലാസിലേക്ക് മാറുമ്പോൾ ഈ കാര്യം മനസ്സിൽ വച്ചു. ഇന്റർനാഷനൽ കരിക്കുലത്തിൽനിന്ന് ലഭിക്കുന്ന അതേ നിലവാരത്തിലുള്ള അറിവുകളാണ് ഈ ക്ലാസുകളിലൂടെ നൽകാൻ ശ്രമിച്ചത്. പക്ഷേ ഒരു വ്യത്യാസം മാത്രം. വിദേശ രാജ്യങ്ങളിലെ കോഴ്സുകളിൽ മിസ് ആവുന്ന ഇന്ത്യൻ സംസ്കാരവും കൂടി ഉൾപ്പെടുത്തി ഒരു ബ്രിജിങ് കണ്ടീഷനിലാണ് ഈ ഓൺലൈൻ ശിൽപശാലകൾ മുന്നോട്ടു പോകുന്നത്.  ലെക്ചർ ക്ലാസുകൾ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവില്ല എന്ന കാര്യത്തിൽ തർക്കമില്ല. അതിനാൽ ഹോം എക്സർസൈസുകളും ഓരോരുത്തർക്കും വ്യക്തിപരമായ മാർഗനിർദേശവുമൊക്കെ നൽകി, വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നവരുടെ എഴുത്ത് മെച്ചപ്പെടുത്തുന്ന രീതിയാണ് അവലംബിച്ചത്. ഇതിന്റെ ഏറ്റവും വലിയ മേന്മ ഭാഷ, ദൂരം, പ്രായം, യാത്രാ–താമസച്ചെലവുകൾ ഇതൊന്നും ഒരു തടസ്സമേയല്ല എന്നതാണ്. വീട്ടമ്മമാർ, ജോലിയിൽനിന്നു വിരമിച്ചവർ തുടങ്ങി കഥയെഴുതാൻ ആഗ്രഹമുള്ളവരെല്ലാം ഇതിൽ പങ്കെടുത്തു. അവർക്ക് ഈ ക്ലാസുകളിൽ പൂർണ്ണ സംതൃപ്തി ലഭിച്ചു എന്നു കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. മൗത്ത് പബ്ലിസിറ്റി വഴിയാണ് കൂടുതലാളുകൾ തിരക്കഥയെഴുത്തു പഠിക്കാനായി ഇത്തരം ശിൽപശാലകളിലേക്കെത്തിച്ചേർന്നത്.

∙ വെല്ലുവിളികൾ?

വീട്ടമ്മമാരും റിട്ടയർ ആയവരും മുതൽ തിരക്കഥാരചനയിൽ നല്ല അനുഭവപരിചയമുള്ളവർ വരെ ശിൽപശാലകളിൽ പങ്കെടുക്കുന്നുണ്ട്. ഇവരെയെല്ലാം ഒരുപോലെ തൃപ്തിപ്പെടുത്തണം. ഇപ്പോൾ ഓൺലൈനിലൊക്കെ ഒരുപാട് സ്ക്രീൻ റൈറ്റിങ് കോഴ്സുകളൊക്കെയുണ്ട് അതിലൊക്കെ പങ്കെടുത്തിട്ടും സംതൃപ്തി വരാതെ തിരക്കഥാരചന പഠിക്കാൻ വരുന്നവരുണ്ട്. അവരുടെ പ്രതീക്ഷകൾക്കൊത്തുയരുന്ന ടോപിക്സ് നൽകാൻ കഴിയണം. അതുപോലെതന്നെ പ്രധാനമാണ് കഥയെഴുതാൻ ആഗ്രഹമുണ്ടായിട്ടും അതിനുള്ള ആത്മവിശ്വാസമില്ലാതെ തിരക്കഥാരചന പഠിക്കാനെത്തുന്നവരിൽ ആത്മവിശ്വാസം നിറയ്ക്കുക എന്നുള്ളത്.

∙ എന്താണ് കഥയെഴുത്ത്?

വീവ് എ സ്റ്റോറി ഫ്രം എ ബ്ലാങ്ക് മൈൻഡ്. ശൂന്യമായ മനസ്സിൽനിന്ന് ഒരു കഥ നെയ്തെടുക്കണം. അതുമായി ബന്ധപ്പെട്ട കാര്യങ്ങളുൾപ്പെടുത്തിയാണ് കരിക്കുലം തയാറാക്കിയിരിക്കുന്നത്. കഥാപാത്രങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം, ഡയലോഗ് എങ്ങനെ പ്രസന്റ് ചെയ്യണം, കഥയുടെ സ്ട്രക്ചർ– കഥ പറയുമ്പോൾ വരുന്ന പ്രശ്നങ്ങളും പോരായ്മകളും, കഥയിലുണ്ടാകുന്ന കോൺഫ്ലിക്റ്റ്സ്, കഥയുടെ ഫോർമാറ്റ്, തിരക്കഥ റീ റൈറ്റ് ചെയ്ത് എങ്ങനെ നന്നായി പൊലിപ്പിക്കാം എന്നു തുടങ്ങി എക്സ്ക്ലൂസീവ് ആയ ടോപിക്സ് ആണ് ഓരോ സെഗ്‌മെന്റിലും കൈകാര്യം ചെയ്യുന്നത്. വ്യക്തമായ ഒരു ഫോർമാറ്റ് ഉണ്ടെങ്കിൽ മാത്രമേ തിരക്കഥയ്ക്ക് ഒരു ഐഡന്റിന്റി ഉണ്ടാവുകയുള്ളൂ.

∙ ഈ ശിൽപശാല നൽകുന്ന വാഗ്ദാനങ്ങൾ

ശിൽപശാലയിൽ പങ്കെടുക്കുന്നവർ തമ്മിലുള്ള ഇന്ററാക്‌ഷനാണ് ഇതിന്റെ ഹൈലറ്റ്. യുപി, ഡൽഹി, മുംബൈ അങ്ങനെ ഉത്തരേന്ത്യയിൽനിന്നുള്ളവരും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരും ഇതിൽ പങ്കെടുക്കുന്നുണ്ട്. അതിൽ തുടക്കക്കാരും എസ്റ്റാബ്ലിഷ്ഡ് ആയ സ്ക്രീൻ റൈറ്റേഴ്സും ഉണ്ടാകും. ഓരോ സെഗ്‌മെന്റിലും ഇഷ്ടമുള്ള വിഷയം തിരഞ്ഞടുക്കാനുള്ള അവസരം അവർക്ക് ലഭിക്കുന്നുണ്ട്. ഒന്നരമണിക്കൂർ ശിൽപശാലകളാണ് മിക്കവയും. പക്ഷേ ചോദ്യോത്തരവേളകളൊക്കെ സജീവമാകുമ്പോൾ അത് മൂന്നു മണിക്കൂറൊക്കെ നീളാറുണ്ട്. ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്ക് ടെക്സ്റ്റ്ബുക്ക് ആൻസറുകളല്ല ഞാൻ നൽകുന്നത്,എന്റെ അനുഭവത്തിന്റെ ബലത്തിലുള്ള ഉത്തരങ്ങളാണ്. തിരക്കഥാ ശിൽപശാലകളുടെ വിഡിയോ യൂട്യൂബിൽ ലഭ്യമാണ്. https://www.youtube.com/screenwrite 

∙ റൈറ്റേഴ്സ് ടേബിൾ എന്ന ഫോറം

പല സെഗ്‌മെന്റുകൾ കഴിഞ്ഞ് ശിൽപശാല തീർന്നു കഴിയുമ്പോഴായിരിക്കും പലരും കഥയെഴുതിത്തുട ങ്ങുന്നതു തന്നെ. മുൻപുണ്ടായിരുന്ന സംശയങ്ങളാവില്ല ഒരുപക്ഷേ കഥയെഴുതിത്തുടങ്ങുന്ന സമയത്ത് അവർക്കുണ്ടാവുക. അപ്പോഴുണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കാനായി എഴുത്തുകാർക്കായി റൈറ്റേഴ്സ് ടേബിൾ എന്നൊരു ഫോറം സമാന്തരമായി ഉണ്ടാക്കിയിട്ടുണ്ട്. അവിടെ സജീവചർച്ചകളും നടക്കുന്നുണ്ട്. എഴുത്തുകാരുടെ നെറ്റ്‌വർക്കിങ് വളരെ സജീവമാണവിടെ. ശിൽപശാലകളെപ്പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾക്കായി https://www.screenwrite.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ശിൽപശാലകളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9840833689 എന്ന നമ്പറിൽ ബന്ധപ്പെടുക.

∙ ഷോർട്ട് ഫിലിമുകൾ

നല്ലൊരു മൊബൈലുെണ്ടങ്കിൽപ്പോലും ആർക്കും ഇന്ന് ഹ്രസ്വചിത്രങ്ങളെടുക്കാം.  തീർച്ചയായും ഷോർട്ട്ഫിലിമുകൾ ഇൻഡസ്ട്രിയുടെ ആവശ്യകത തന്നെയാണ്. വളരെ കുറഞ്ഞ ബജറ്റിൽ ഹ്രസ്വചിത്രങ്ങളൊരുക്കാനാകും. ചിലപ്പോഴൊക്കെ ഹ്രസ്വചിത്രങ്ങൾ പരാജയപ്പെടാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ, തിരക്കഥയാണ് ഉറവ എന്നു തിരിച്ചറിവുണ്ടായി പലരും സ്ക്രിപ്റ്റ് റൈറ്റിങ് പഠിക്കാനെത്താറുണ്ട്. 

∙ ഹ്രസ്വചിത്രങ്ങളിൽ വിജയിക്കുന്നവർ വെബ്സീരീസുകളിൽ പരാജയപ്പെടാൻ കാരണം?

പത്തു മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളിൽ ആളുകളുടെ ക്യൂരിയോസിറ്റി നിലനിർത്താൻ എളുപ്പമാണ്. ചില ഹ്രസ്വചിത്രങ്ങൾ ഹിറ്റ് ആകാറുമുണ്ട്. പലപ്പോഴും പല ഷോർട്ട്ഫിലിമുകളും ഇത്തരം ഫോർമുലകൾ കൊണ്ടാവില്ല ഹിറ്റ് ആകുന്നത്. ആകസ്മികമായി അങ്ങനെ സംഭവിച്ചു പോകുന്നതാണ്. വെബ്സീരീസുകളുടെ ദൈർഘ്യം വലുതായിരിക്കും. മണിക്കൂറുകൾ നീളുന്ന കണ്ടന്റുകളിൽ ഓരോ 10 മിനിറ്റിലും ക്യൂരിയോസിറ്റി ജനിപ്പിക്കുക എന്നത് ഏറെ ശ്രമകരമാണ്. വെബ്സീരീസുകൾ ആളുകൾ തുടർച്ചയായി കാണണമെന്ന് യാതൊരു നിർബന്ധവുമില്ല. ചിലർ  അഞ്ചാമത്തെയോ ആറാമത്തെയോ എപ്പിസോഡാണ് ആദ്യം കാണുക.  അതുകാണുമ്പോൾ അവരെ തുടക്കം മുതലുള്ള എപ്പിസോഡുകൾ കാണാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകമുണ്ടാവുക എന്നതാണ് പ്രധാനം. അതിന് ചില പ്രിൻസിപ്പിൾസ് പിന്തുടരണം. മനഃപൂർവമുള്ള ശ്രമങ്ങളുണ്ടാവണം. യാദൃച്ഛികമായ ഒരു ക്രോഡീകരണമല്ല അവിടെ സംഭവിക്കേണ്ടത്. ഓരോ എപ്പിസോഡിലും ഒരു സിനിമാറ്റിക് എലമെന്റ് ഉണ്ടാവുക എന്നതാണ് പ്രധാനം.

∙ വ്യക്തിഗത അനുഭവങ്ങൾ എങ്ങനെയാണ് കഥ പറച്ചിലിനെ സ്വാധീനിക്കുന്നത്

ഒരു നല്ല കഥ പറച്ചിലിന് ഒരു യൂണിവേഴ്സൽ പ്രിൻസിപ്പിൾ ആവശ്യമാണ്. അതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് അനുഭവങ്ങളും. അതൊരു തുടർപ്രക്രിയയാണ്. കഥയെഴുത്താണ് എന്റെ വഴി എന്ന തിരിച്ചറിവ്, രസച്ചരടു മുറിയാതെ തുടർച്ചയായി കഥപറയാനുള്ള പാടവം. ആളുകൾ അത് തിരിച്ചറിയുമ്പോൾ കിട്ടുന്ന ആ അനുഭവം... അത് സാമ്പത്തികനേട്ടത്തേക്കാളൊക്കെ ഒരുപാടുയരെയാണ്. ശിൽപശാലയിൽ പങ്കെടുക്കുന്ന പലരും അവരുടെ വർക്ക് ഒക്കെ കാണിക്കുമ്പോൾ ഞാനത് ശരിക്കും അനുഭവിക്കുന്നുണ്ട്.

∙ കഥയെഴുത്തും തിരക്കഥയെഴുത്തും 

തിരക്കഥയൊരുക്കുമ്പോൾ മനസ്സിൽ പ്രധാനമായും ഉണ്ടാകേണ്ടത് ഈ സ്ക്രിപ്റ്റിനെ എങ്ങനെ ദൃശ്യത്തിലേക്കു മാറ്റിയെടുക്കാം എന്ന ചിന്തയാണ്. സ്റ്റോറി ഈസ് നതിങ് ബട്ട് ഇമോഷൻസ് എന്നാണ് പറയുന്നത്. സ്ക്രീൻ പ്ലേ എന്നു പറയുന്നത് ഒരു ലിറ്റററി വർക്ക് അല്ല. റൈറ്റിങ് ഫോർ എ മൂവി എന്നു പറയുമ്പോൾ അതിൽ ആർട്ടും ക്രാഫ്റ്റും ഒരുപോലെ വേണം. നമ്മൾ എഴുതുന്നത് ജീവിതമല്ല, സിനിമയാണ്. സിനിമ എന്നു പറയുന്നത് ഒരു എക്സാജുറേഷനാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ തിരക്കഥ എഴുതുമ്പോൾ സിംപിൾ പ്രസന്റ് ടെൻസ് വേണം ഉപയോഗിക്കാൻ എന്നു പറയാറുണ്ട്. പ്രസന്റ് കണ്ടിന്യൂസിൽ സ്ക്രിപ്റ്റ് എഴുതിയാൽ അതൊരിക്കലും സിനിമയാകില്ല, ജീവിതമേ ആകൂ. കാര്യങ്ങളെ ഒരു സിനിമാറ്റിക് ലെൻസിലൂടെ കാണാൻ കഴിയണം. വ്യക്തമായ പ്ലാനിങ്ങോടെ വേണം സിനിമയൊരുക്കാൻ. സെല്ലിങ് ആൻഡ് ട്രാൻസ്പോർട്ടിങ് ഇമോഷൻസ് ഓഡിയോ വിഷ്വലി എന്ന കാര്യം എപ്പോഴും മനസ്സിലുണ്ടാവണം.

English Summary: Interview With Script Writer Sab John

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com