ADVERTISEMENT

വേദനകളെല്ലാം സഹിച്ച് തന്റെ സ്വപ്നങ്ങൾക്കായി ഒപ്പം നിന്ന അമ്മയെക്കുറിച്ച് വിശദമായ കുറിപ്പ് എഴുതിയിരിക്കുകയാണ് സബ് കലക്ടര്‍ സരയു മോഹന ചന്ദ്രന്‍. . ഐഎഎസ് സ്വപ്‌നങ്ങള്‍ക്കായി താന്‍ പ്രയത്‌നിച്ചപ്പോള്‍ അമ്മയായിരുന്നു ഏറ്റവും പിന്തുണച്ചതെന്നും സരയു ഓര്‍ക്കുന്നു. ഞാൻ ഐഎഎസിന് തയ്യാറെടുക്കുന്ന സമയം...എന്നിൽ വിശ്വസിച്ചത് അമ്മ മാത്രമാണ്....mock test എഴുതുമ്പോൾ കുത്തനെ താഴേക്ക് പോവുന്ന മാർക്കും എവിടെയും എത്താത്ത സിലബസും ഓർത്ത് ഞാൻ തകർന്നു പോവുമ്പോൾ ഒക്കെയും അമ്മ എന്റെ കൂടെ നിന്നു....നിനക്ക് കിട്ടിയില്ലെങ്കിൽ വേറെ ആർക്ക് കിട്ടാനാണ് എന്ന് ആശ്വസിപ്പിച്ചു കൊണ്ട്....ഞാൻ സർവീസിൽ കയറിയിട്ടും അമ്മക്ക് ജോലി കുറഞ്ഞിട്ടില്ല...

എഴുത്തും വായനയും ഇഷ്ടപ്പെട്ടിരുന്ന അമ്മ അതെല്ലാം സൗകര്യപൂര്‍വം ഒഴിവാക്കിയത് തങ്ങള്‍ക്ക് വായിക്കാന്‍ വേണ്ടിയായിരുന്നുവെന്നും സരയും ഓര്‍ക്കുന്നു. കാലുവേദന കൊണ്ടുണ്ടായ ബുദ്ധിമുട്ടുകള്‍ ആവോളം അനുഭവിച്ചു. എന്നിട്ടും ആ കാലുകള്‍ ഓടിയെത്തിയതും തേഞ്ഞു തീര്‍ന്നതും മക്കളായ തങ്ങളുടെ ഭാവിക്കു വേണ്ടിയാണെന്ന് സരയു കുറിക്കുന്നു.

വികാര നിര്‍ഭരമായ കുറിപ്പിലെ വരികള്‍ ഇങ്ങനെ

കാലുവേദന അമ്മയെ ശല്യം ചെയ്യാൻ തുടങ്ങിയിട്ട് രണ്ട് മൂന്ന് വർഷമായി.ഏതൊരു അമ്മമാരുടെയും അസുഖത്തെ പോലെ അമ്മയുടെ കാലു വേദനയും എല്ലാ ഉത്തരവാദിത്തങ്ങളും ഒരു മുടക്കവും ഇല്ലാതെ അമ്മ നിറവേറ്റുന്നത് നോക്കിക്കൊണ്ട് അമ്മയുടെ സന്തത സഹചാരിയായി തീർന്നു....കാത്സ്യം ഗുളികകൾ കഴിച്ചും കുഴമ്പ് തേച്ചും അമ്മ ഓടി നടന്നു പണികൾ ചെയ്തു....അപ്പയുടെ  അണുകിട തെറ്റാതെയുള്ള ഭക്ഷണശീലങ്ങൾക്കും അമ്മ കഴിഞ്ഞ ആഴ്ച വരെ ഭംഗം വരുത്തിയില്ല....പേരക്കുട്ടിയുടെ വികൃതികളും ഓൺലൈൻ ക്ലാസ്സുകളും ഒക്കെ ആയി പോകുമ്പോഴാണ് സഹിക്കാനാകാത്ത വിധം കാലു വേദന കൂടുന്നത്.....covid നെ പേടിച്ച് ആശുപത്രിയിൽ പോവുന്നത് മാറ്റി വെക്കാൻ നോക്കിയെങ്കിലും മുട്ടുവേദന വിടുന്ന മട്ടില്ല....വീട്ടു ജോലിയിൽ സഹായിക്കാൻ ചേച്ചി ഓടി എത്തി. കുഞ്ഞേച്ചി അമ്മയെയും കൊണ്ട് അമൃത ആശുപത്രിയിൽ ഡോക്ടറുടെ അടുത്ത് പോയി....ഞങ്ങൾക്ക് വേണ്ടി ഓടി ഓടി നാൽപത് ശതമാനം തേഞ്ഞു തീർന്നിട്ടുണ്ട് രണ്ട് മുട്ടും....അതിന്റെ വേദനയാണ്....രാത്രിയിൽ ഉറങ്ങാൻ പറ്റാത്തതും അതൊക്കെ കൊണ്ട് തന്നെ....മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയ ആണ് നിരന്തര പരിഹാരം. covid സാഹചര്യം ആയതു കൊണ്ട് ഒരു ഇടക്കാല ആശ്വാസത്തിന് വേണ്ടി ഇഞ്ചക്ഷൻ കൊടുത്ത് ഡോക്ടർ പറഞ്ഞയച്ചു..

ഇൗ കാലുകൾ തേഞ്ഞു തീർന്നത് മുഴുവൻ ഞങ്ങൾക്ക് വേണ്ടിയാണ്....രാവിലെ പത്രം വായിക്കാൻ തുടങ്ങുന്ന അപ്പക്ക് കട്ടൻ ചായ കൊടുത്ത് കൊണ്ടാണ് കഴിഞ്ഞ 40 വർഷങ്ങളായി അമ്മയുടെ ദിവസം ആരംഭിക്കുന്നത്....പിന്നെ ഒരു യന്ത്രത്തിന് switch ഇട്ടത് പോലെയാണ്... കറിക്ക് അരിയാനും വെള്ളം ചൂടാക്കാനും മുറ്റമടിക്കാനും ഞങ്ങളും കൂടിയിട്ടുണ്ട്....എങ്കിലും ജോലിക്ക് സമയത്ത് എത്തിച്ചേരാൻ അമ്മ പത്തു നൂറു കൈകൊണ്ട് തന്നെ ജോലി എടുക്കേണ്ടി വന്നിരുന്നു..... എറണാകുത്തുനിന്ന് എല്ലാ traffic jam ഉം കഴിഞ്ഞ്, ആറ്റ് നോറ്റ് വരുന്ന പുക്കാട്ടുപടി ബസിൽ കേറി അമ്മ  ഒരു തിരിച്ചു വരവുണ്ട്. കയ്യിൽ ഇന്നേക്ക് ചെയ്ത് തീർക്കാൻ പറ്റാതെ പോയ files നിറഞ്ഞ ഒരു വലിയ ബാഗും ഉണ്ടാവും.....ബസ് സ്റ്റോപ്പിൽ ഇറങ്ങി വീടെത്തുന്നത് വരെ എല്ലാ അയൽക്കാരോടും സൊറ പറഞ്ഞിട്ടാവും വരവ്...

വീട്ടിലെത്തിയാൽ പിന്നെ വീണ്ടും അടുക്കളയിലേക്കു.....അടുക്കള പണിയൊക്കെ തീർത്തിട്ട് tally ആവാത്ത കണക്കും  വെച്ച് ഇരുപ്പാണ്....

ഇതിനിടയിൽ അമ്മയെയും ഏറ്റവും ശല്യം ചെയ്തിട്ടുള്ളത് ഞാൻ ആവാനാണ് വഴി....40 ശതമാനത്തിൽ പകുതിയിൽ കൂടുതൽ തേഞ്ഞു തീർന്നത് എനിക്ക് വേണ്ടി തന്നെയാവണം.....ചെറിയ കുട്ടി ആവുമ്പോൾ ഇടവിട്ട് വരുന്ന പനി ആയിരുന്നു പ്രശ്നക്കാരൻ....എന്നിട്ടും ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മ എൽഎൽബി ക്ക് ചേരുന്നത്.....upper primary class കളിലേക് എത്തിയപ്പോഴേക്കും അപ്പ വിളിക്കുന്നത് പോലെ ഞാൻ ഒരു ക്വിസ് തൊഴിലാളി ആയി മാറിയിട്ടുണ്ടായിരുന്നു.....ഓരോ ദിവസവും ഓരോ സ്കൂളിൽ എന്നെ മൽസരത്തിന് കൊണ്ട് പോയി ആക്കിയിട്ട് ഒരു ഓട്ടമുണ്ട് അമ്മ....വൈകുന്നേരങ്ങളിൽ ഞാൻ പറയുന്ന പുസ്തകങ്ങൾ എത്ര തപ്പി നടന്നിട്ടായാലും അമ്മ വാങ്ങി കൊണ്ട് തന്നിരിക്കും....ചേച്ചിക്കും കുഞ്ഞേച്ചിക്കും കുഞ്ഞുങ്ങൾ ഉണ്ടായപ്പോൾ സഹായത്തിന് ഒരാളെ പോലും വെക്കാതെ അമ്മ എല്ലാം സ്വയം ചെയ്തു...

ഞാൻ ഐഎഎസ് ന് തയ്യാറെടുക്കുന്ന സമയം...എന്നിൽ വിശ്വസിച്ചത് അമ്മ മാത്രമാണ്....mock test എഴുതുമ്പോൾ കുത്തനെ താഴേക്ക് പോവുന്ന മാർക്കും എവിടെയും എത്താത്ത സിലബസും ഓർത്ത് ഞാൻ തകർന്നു പോവുമ്പോൾ ഒക്കെയും അമ്മ എന്റെ കൂടെ നിന്നു....നിനക്ക് കിട്ടിയില്ലെങ്കിൽ വേറെ ആർക്ക് കിട്ടാനാണ് എന്ന് ആശ്വസിപ്പിച്ചു കൊണ്ട്....എനിക്ക് വേണ്ട യോജനയും കുരുക്ഷേത്രയും ഞാൻ പറയുന്ന മാഗസിനുകൾ ഒക്കെയും അമ്മ ജോലി കഴിഞ്ഞ് വരുമ്പോൾ വാങ്ങിക്കൊണ്ട് വന്നു...

ഞാൻ സർവീസിൽ കയറിയിട്ടും അമ്മക്ക് ജോലി കുറഞ്ഞിട്ടില്ല....അടിക്കടി വരുന്ന ട്രാൻസ്ഫർ ഓർഡറുകൾക്ക് ഒപ്പം അമ്മയും ഓടിയെത്തും.....എന്റെ സാധങ്ങൾ ഉടയാതെ പൊതിഞ്ഞു കെട്ടി അടുത്ത ലക്ഷ്യത്തിലേക്ക് എത്തിക്കാൻ .അവിടെ ഒരു വീടും അടുക്കളയും ഒക്കെ ഒരുക്കി ,വീട്ടിൽ സഹായത്തിന് നിൽക്കുന്നവർക്ക് എന്റെ ഇഷ്ട വിഭവങ്ങളും പഠിപ്പിച്ചു കൊടുത്ത് അമ്മ മടങ്ങും...

ഇത്രയും വർഷങ്ങൾ ഞങ്ങളെ വളർത്തിയും വലുതാക്കിയും രണ്ട് ബസ് സ്റ്റോപ്പ് അധികം നടന്നും അമ്മ അപ്പയ്ക്ക് കൂട്ടായി നടന്നു...ആരോഗ്യ പ്രശ്നങ്ങളെ അവഗണിച്ചും അമ്മ വീട്ടിലും ഓഫീസിലും ഓടി നടന്നു ജോലികൾ തീർത്തു...വീട്ടിൽ വരുന്ന അതിഥികൾക്ക് മലബാർ രുചിയിൽ വിഭവങ്ങളൊരുക്കി...അതിനിടക്ക് അപ്പുറത്തെ വീട്ടിലെ പത്മാവതി അമ്മാമ്മക്ക് മരുന്ന് വാങ്ങി കൊടുക്കാനും അവർക്ക് മുറിവിൽ മരുന്ന് വെച്ച് കൊടുക്കാനും അമ്മ മറന്നിട്ടില്ല...ഇപ്പൊൾ വിരമിച്ചതിന് ശേഷം ഒട്ടും വൈകാതെ വക്കീൽ ആയി എൻറോൾ ചെയ്ത് അമ്മ ഞങ്ങളെയും ഞെട്ടിച്ചു...

തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് കുറ്റബോധം തോന്നാറുണ്ട്.....കോളേജ് യൂണിയന്റെ അംഗമായിരുന്ന ഒരാളാണ്...മനോഹരമായ ഭാഷയിൽ എഴുതിയിരുന്ന ആളാണ്...ഞങ്ങൾ കാരണം അമ്മ അർഹിച്ചിരുന്ന പൊതു ജീവിതം അമ്മയ്ക്ക് കിട്ടാതെ പോയിട്ടുണ്ട്...അമ്മ എഴുതേണ്ടി ഇരുന്ന നല്ലെഴുത്തുകൾ എത്രയോ ഇല്ലാതെയായി പോയിട്ടുണ്ട്...പുസ്തകം വായിക്കാത്തതിന് അപ്പ കളിയാക്കുമ്പോൾ കൂടെ ചിരിക്കരുതായിരുന്നു എന്ന് ഇപ്പോൾ എനിക്ക് തിരിച്ചറിവ് വന്നിട്ടുണ്ട്...അമ്മ വായിക്കാതെ ഇരുന്നത് ഞങ്ങൾക്ക് കൂടുതൽ വായിക്കാൻ വേണ്ടി ആയിരുന്നു എന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നുമുണ്ട്....കാലു വേദന ഒക്കെ മാറി അമ്മ മിടുക്കി ആയി വരട്ടെ...ഗൗൺ ഒക്കെ ഇട്ടു പ്രാക്ടീസ് ചെയ്യാൻ...ഇത് വരെ എഴുതാതെ പോയ വിപ്ലവ പ്രണയത്തെ പറ്റിയും ജീവിതത്തെ പറ്റിയും എഴുതാൻ....ഒരു ഇലക്ഷനിൽ കൂടി മൽസരിക്കാൻ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com