ADVERTISEMENT

സമാന യോഗ്യതയുള്ള തസ്തികകളിൽ പൊതു പരീക്ഷാ പരിഷ്കാരം പിഎസ്‌സി ഡിസംബറിൽ തുടങ്ങുന്നു. ആദ്യ പരീക്ഷ എസ്എസ്എൽസി നിലവാരത്തിലുള്ളതാണ്. വിവിധ വകുപ്പുകളിൽ എൽഡിസി, സെക്രട്ടേറിയറ്റ് ഒാഫിസ് അറ്റൻഡന്റ് തുടങ്ങി പത്താം ക്ലാസ് വിജയം  അടിസ്ഥാന യോഗ്യത നിശ്ചയിച്ച പരീക്ഷകളാണ് ഡിസംബറിൽ തുടങ്ങുന്നത്. ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷയും ഇതോടൊപ്പം നടക്കും. ഇതിനു ശേഷം പ്ലസ് ടു, ബിരുദ നിലവാരത്തിലുള്ള പൊതു പരീക്ഷകളും നടത്തും. നിലവിൽ പുറപ്പെടുവിച്ചിട്ടുള്ള വിജ്ഞാപനങ്ങൾക്കൊപ്പം സെപ്റ്റംബറിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങളും പൊതുപരീക്ഷയിൽ ഉൾപ്പെടുത്തും. 

സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകൾക്കും മെഡിക്കൽ, എൻജിനീയറിങ്,  ഡ്രൈവിങ്, അധ്യാപക തസ്തികകൾക്കും പൊതു പ്രാഥമിക പരീക്ഷ  ഉണ്ടാവില്ല.   

ഒരു പരീക്ഷ, വ്യത്യസ്ത ലിസ്റ്റ്

പൊതു പരീക്ഷയാണ് നടത്തുന്നതെങ്കിലും വിവിധ തസ്തികകൾക്കായി വ്യത്യസ്ത ലിസ്റ്റുകളായിരിക്കും പ്രസിദ്ധീകരിക്കുക.   കട്ട് ഓഫ് മാർക്കും വ്യത്യസ്തമായിരിക്കും. പ്രാഥമിക പരീക്ഷ (എലിമിനേഷൻ ടെസ്റ്റ്) വിജയിക്കുന്നവർക്ക് രണ്ടാംഘട്ട പരീക്ഷ നടത്തും. 

ഇതിൽ നിശ്ചിത മാർക്ക് വാങ്ങുന്നവരെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. എൽഡിസി, ലാസ്റ്റ് ഗ്രേഡ് പ്രാഥമിക പരീക്ഷയ്ക്കു േശഷം 5,000 മുതൽ 10,000 വരെ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി വിവിധ ജില്ലകളിൽ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിക്കും. 

ഇവർക്കായി രണ്ടാംഘട്ട പരീക്ഷ നടത്തി നിശ്ചിത എണ്ണം ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.  പ്രാഥമിക പരീക്ഷയുടെ മാർക്ക് റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോൾ പരിഗണിക്കില്ല. രണ്ടാംഘട്ട പരീക്ഷയിൽ ലഭിക്കുന്ന മാർക്കായിരിക്കും ഉദ്യോഗാർഥിയുടെ റാങ്ക് നിശ്ചയിക്കുക. 

പരീക്ഷ 5-6 ഘട്ടമായി

എസ്എസ്എൽസി നിലവാരത്തിലുള്ള പൊതുപരീക്ഷ അഞ്ചോ ആറോ ഘട്ടമായി നടത്താനാണ് പിഎസ്‌സി ആലോചിക്കുന്നത്. 

സിവിൽ പൊലീസ് ഒാഫിസർ പരീക്ഷയിൽ നടന്ന ക്രമക്കേടുകളെ തുടർന്ന് സംസ്ഥാനമൊട്ടാകെ ഒരു ദിവസം മൂന്നു ലക്ഷത്തിൽ താഴെ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയാണ് പിഎസ്‌സി പരീക്ഷ നടത്തിവരുന്നത്. 

എന്നാൽ ഡിസംബറിൽ നടക്കുന്ന പൊതുപരീക്ഷയിൽ ഒരു ദിവസം അഞ്ചു ലക്ഷത്തോളം ഉദ്യോഗാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയുന്ന തരത്തിലാവും ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയെന്നാണ് സൂചന.

പൊതുപരീക്ഷകൾ ഇങ്ങനെ

എസ്എസ്എൽസി നിലവാരം

ലാസ്റ്റ് ഗ്രേഡ്, എൽഡിസി, സെക്രട്ടേറിയറ്റ് ഒാഫിസ് അറ്റൻഡന്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ബെവ്കോ എൽഡിസി, കമ്പനി/ കോർപറേഷൻ/ ബോർഡ് ലാസ്റ്റ് ഗ്രേഡ് തുടങ്ങിയവ

പ്ലസ്ടു നിലവാരം

സിവിൽ പൊലീസ് ഒാഫിസർ, സിവിൽ എക്സൈസ് ഒാഫിസർ, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ, ഫയർമാൻ തുടങ്ങിയവ

ബിരുദ നിലവാരം

കെഎഎസ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സർവകലാശാല അസിസ്റ്റന്റ്, പഞ്ചായത്ത് സെക്രട്ടറി, ബിഡിഒ, ജൂനിയർ എംപ്ലോയ്മെന്റ് ഒാഫിസർ, സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്, കമ്പനി/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ് തുടങ്ങിയവ

പൊതുപരീക്ഷയ്ക്ക്  23 ലക്ഷം  അപേക്ഷകർ

എൽഡിസി, ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെയുള്ള പൊതുപരീക്ഷയ്ക്ക് പ്രതീക്ഷിക്കുന്നത് 23 ലക്ഷം പേരെ. എൽഡി ക്ലാർക്ക് തസ്തികയിൽ 14 ജില്ലകളിലുമായി 17,58,338 പേരാണ് അപേക്ഷ നൽകിയിട്ടുള്ളത്. 

ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിൽ 6,98,797 പേരും സെക്രട്ടേറിയറ്റ് ഒാഫിസ് അറ്റൻഡന്റിന് 10,59,000 പേരും അപേക്ഷ നൽകിയിട്ടുണ്ട്. സമാന യോഗ്യതയുള്ള മറ്റു ചില തസ്തികകളിലെല്ലാംകൂടി 61,37,825 ലക്ഷം പേർ എസ്എസ്എൽസി നിലവാരത്തിലുള്ളവയിൽ അപേക്ഷ നൽകി. എന്നാൽ ഒന്നിലേറെ തസ്തികകളിലേക്ക് അപേക്ഷ നൽകിയവരെ പൊതുവായി പരിശോധിച്ചാൽ 23,02,398 ലക്ഷം ഉദ്യോഗാർഥികൾ മാത്രമേ വരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com