ADVERTISEMENT

മധ്യപ്രദേശിലെ ഇൻഡോറിലുള്ള മലയാളി പെൺകുട്ടി തനിഷ്ക ചന്ദ്രൻ കഴി‍ഞ്ഞവർഷം പത്താം ക്ലാസ് പരീക്ഷ ജയിക്കുമ്പോൾ വയസ്സ് പന്ത്രണ്ട്. ഇക്കൊല്ലമാകട്ടെ, തനിഷ്ക പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ജയിച്ചു. അങ്ങനെ വെറും 13–ാം വയസ്സിൽ ബികോമിനു ചേരാനുള്ള തയാറെടുപ്പിലാണിപ്പോൾ. ഇതിനെല്ലാം സഹായിച്ചത് ഹോംസ്കൂളിങ് പഠനരീതിയും.

കോവിഡ് മൂലം തൽക്കാലം എല്ലാ കുട്ടികളുടെയും പഠനം വീട്ടിലായിട്ടുണ്ടെങ്കിലും ഹോംസ്കൂളിങ് അതിൽനിന്നു വ്യത്യസ്തം. സ്കൂളിൽ അയയ്ക്കാതെ സ്വന്തം വീടുകളിൽ പഠനാന്തരീക്ഷം ഒരുക്കുന്ന രീതി നേരത്തേ തന്നെയുണ്ട്; പിന്തുടരുന്നവരുടെ എണ്ണം വളരെ കുറവാണെങ്കിലും. 2010ൽ ഐഐടികളിലേക്കുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ രാജ്യത്തു 33–ാം റാങ്ക് നേടിയ ‍ഡൽഹി സ്വദേശി സഹാൽ കൗഷിക് ഉൾപ്പെടെയുള്ളവർ ഹോംസ്കൂളിങ്ങിന്റെ തിളങ്ങുന്ന ഉദാഹരണമാണ്. 

ഹോംസ്കൂളിങ് എന്തുകൊണ്ട് എന്നതിനു പൊതുവായ മറുപടി നൽകുക പ്രയാസം. ജോലി സംബന്ധമായ യാത്രകളും സ്ഥലംമാറ്റങ്ങളും കാരണം പല സ്കൂളുകൾ മാറുന്ന സാഹചര്യം ഒഴിവാക്കാനാണ് ചില മാതാപിതാക്കൾ‍ ഇങ്ങനെ തീരുമാനിക്കുന്നത്. പഠനഭാരവും സമ്മർദവും കുറയ്ക്കാൻ സ്കൂൾ ഒഴിവാക്കുന്നവരാണു മറ്റുചിലർ. പാഠ്യേതര മേഖലയിലെ പരിശീലനത്തിനു സമയം കണ്ടെത്താൻ ഈ രീതി സ്വീകരിക്കുന്നവരുമുണ്ട്. അതേസമയം, ഹോംസ്കൂളിങ്ങിന്റെ പരിമിതികളെക്കുറിച്ചും ധാരണ വേണമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്കൂളിൽ പോകാൻ കുട്ടികൾ ആഗ്രഹം പ്രകടിപ്പിച്ചാൽ തടസ്സം നിൽക്കുകയുമരുത്. അന്തിമ തീരുമാനം എപ്പോഴും കുട്ടികളുടെ താൽപര്യം കണക്കിലെടുത്തു തന്നെയാകണം.

തനിഷ്കയുടെ പഠനരീതി

മാതാപിതാക്കൾ നടത്തുന്ന ലിറ്റിൽ ചാംപ് എന്ന സ്കൂളിലായിരുന്നു നഴ്സറി. തുടർന്ന് അഞ്ചാം ക്ലാസ് വരെ ഇൻഡോറിലെ സ്വകാര്യ സ്കൂളിൽ. രാവിലെ 6നു പുറപ്പെടണം. ഈ തിരക്ക് കണ്ടാണ് ആറാം ക്ലാസ് മുതൽ ഹോംസ്കൂളിങ് മതിയെന്നു മാതാപിതാക്കൾ തീരുമാനിച്ചത്. പിതാവ് സുജിത്ത് ചന്ദ്രനാണ് പഠനകാര്യങ്ങളുടെ ചുമതല ഏറ്റെടുത്തത്. കൃത്യമായ ടൈംടേബിൾ വച്ച് രാവിലെ മുതൽ ഉച്ച വരെയായിരുന്നു പഠനം. ഉച്ചയ്ക്കു ശേഷം ഹോംവർക്ക് മാത്രം.

ഗുണങ്ങൾ 

∙ വീടിന്റെ സുരക്ഷിത അന്തരീക്ഷത്തിൽ പഠനം.

∙ പരീക്ഷ, ഹോംവർക്ക് എന്നിവയുടെ സമ്മർദം കുറവ്.

∙ പാഠ്യേതര കാര്യങ്ങൾക്കു കൂടുതൽ സമയം.

∙ പാഠപുസ്തക അറിവിനപ്പുറം വിഷയങ്ങൾ അറിയാൻ അവസരം. 

പോരായ്മകൾ 

∙ സ്കൂളിൽ സഹപാഠികളിൽനിന്നും അധ്യാപകരിൽനിന്നും ലഭിക്കുന്ന അനുഭവങ്ങളുടെ കുറവ്.

∙ തോൽവിയെ നേരിടാൻ വിദ്യാർഥികൾ പഠിക്കില്ല.

∙ ഹോംസ്കൂളിങ് സൗകര്യങ്ങൾ ഫലപ്രദമായില്ലെങ്കിൽ അതു കുട്ടികളുടെ വ്യക്തിത്വ വികാസത്തെ ബാധിക്കും.

∙ സുഹൃത്തുക്കൾ കുറവാകാൻ സാധ്യതയേറെ.

English Summary: Success Story Of Tanishka Chandran And Home Schooling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com