sections
MORE

വിസ്മയക്കുതിരയുടെ വിഭ്രമം

horse
Photo Credit : OlesyaNickolaeva/ Shutterstock.com
SHARE

ഒരു സ്കാൻഡിനേവിയൻ പുരാണകഥ കേൾക്കുക. ഭാരതപൂരാണങ്ങളെയോ യവനപുരാണങ്ങളെയോ പോലെ നമുക്കു പരിചിതമല്ല നോർസ് (Norse) അഥവാ സ്കാൻഡിനേവിയൻ പുരാണങ്ങൾ. ഇവയിലുമുണ്ട് വിചിത്രമായ പല കഥകളും.

അസുരന്മാർക്ക് എത്താനാവാത്തവിധം മലമുകളിൽ അസ്ഗാർഡ് എന്ന പുതിയ കൊട്ടാരം നിർമ്മിക്കാൻ ദേവന്മാർ ആരംഭിച്ചു. ഒരു അപരിചിതൻ വന്ന് കൊട്ടാരത്തിലേക്ക് ആർക്കും കടക്കാനാവാത്ത വലിയ കോട്ട, കൃത്യം ഒരു വർഷംകൊണ്ട് കെട്ടിക്കൊടുക്കാമെേന്നറ്റു. ഓഡിൻ എന്ന ദേവേന്ദ്രന് സന്തോഷമായി. വാക്കുപാലിച്ചാൽ ചോദിക്കുന്നതെന്തും പ്രതിഫലം നല്കാമെന്നു വാഗ്ദാനം നല്കി. പിറ്റേന്ന് അപരിചിതൻ സ്വാഡിൽഫെയർ എന്ന വിസ്മയക്കുതിരയുമായെത്തി. അത്ഭുതപ്പെടുത്തുന്ന രീതിയിൽ പാറകൾ വലിച്ചും ഉയർത്തിവച്ചും ചടുലമായി കുതിര കോട്ടകെട്ടിത്തുടങ്ങി. രാപകൽ അവിശ്രമം പ്രയത്നിക്കുന്ന കുതിരയുടെ വേഗംകണ്ട് അവൻ സമയത്ത് ജോലി തീർക്കുമെന്ന് വ്യക്തമായി.

പണി കുറെയായപ്പോൾ ഓഡിൻ ചോദിച്ചു, എന്താണ് പ്രതീക്ഷിക്കുന്ന പ്രതിഫലം? സൂര്യനെയും ചന്ദ്രനെയും ഫ്രേയയെയും കിട്ടണം എന്ന് അപരിചിതൻ ആവശ്യപ്പെട്ടു. വേഷം മാറിവന്ന അസുരനായിരുന്നു അയാൾ. സൂര്യനും ചന്ദ്രനും പോയാൽ ലോകമെല്ലാം കൂരിരുട്ടിലാകും. സൗന്ദര്യം, പ്രേമം, ഐശ്വര്യം മുതലായവയുടെ ദേവതയാണ് ഫ്രേയ. അവൾ പോയാൽപ്പിന്നെ എന്തു സ്വർഗം? ദേവന്മാർ കുഴങ്ങി. ഓഡിൻ ധര്‍മ്മസങ്കടത്തിലായി. ചോദിക്കുന്നതെന്തും നല്കാമെന്ന വാഗ്ദാനമുണ്ടല്ലോ. കൗശലദേവനായ ലോക്കി മുന്നോട്ടുവന്നു പറഞ്ഞു, ‘ഒന്നും പേടിക്കേണ്ട. പണി നടക്കട്ടെ’.

ഇനി ഒരു ദിവസം മാത്രം. കോട്ട ഏതാണ്ടു തീർന്നു. പ്രവേശനകവാടത്തിൽ വലിയൊരു ശില കൂടി വയ്ക്കുന്നതോടെ ദേവന്മാർ വാക്കു പാലിക്കണം. രാത്രിയിൽ കുതിര ശ്വാസംവിടാതെ അദ്ധ്വാനിക്കുകയാണ്. ചന്ദ്രികയുള്ള രാത്രി. അതിസുന്ദരിയായ ഒരു പെൺകുതിര അവിടെെയത്തി, വിസ്മയക്കുതിരയോടു ചോദിച്ചു, ‘നീയെന്തിനാണ് ഈ അടിമപ്പണി ചെയ്തു കഷ്ടപ്പെടുന്നത്? ജീവിതം ആനന്ദിക്കാനുള്ളതല്ലേ?’

പെൺകുതിര കുസൃതിച്ചിരിയുമായി ദൂരത്തേക്ക് ഓടിത്തുടങ്ങി. വിസ്മയത്തിന്റെ ഏകാഗ്രത പോയി. അവനും പുറകേയോടി. അവൾ അവനെ കഥകൾ പറഞ്ഞും മറ്റും രസിപ്പിച്ചു. നേരം പുലർന്നു. കോട്ട തീർന്നില്ല. കപടവേഷത്തിൽ വന്ന അസുരനായ അപരിചിതന് വാക്കു പാലിക്കാനായില്ല. ദേവന്മാർ സൂത്രപ്പണിവഴി പ്രതിഫലം കൊടുക്കാതെ കോട്ട നേടിയെടുത്തു. ലോക്കി വേഷംമാറി പെൺകുതിരയായി വന്ന് സ്വാഡിൽഫെയറിനെ പ്രലോഭിപ്പിക്കുകയായിരുന്നു. വിജയത്തിലും ഓഡിന് മനസ്താപം. ചതിയിലൂടെയാണല്ലോ കോട്ട സ്വന്തമാക്കിയതെന്ന ചിന്ത.

മിക്ക പുരാണകഥകളിലും നമുക്കു പഠിക്കാവുന്ന പാഠങ്ങളുണ്ട്. പലരും പലതരത്തിൽ വ്യാഖ്യാനിക്കും. രാവണന് എന്തുകൊണ്ട് പത്തു തല? ആറു ശാസ്ത്രങ്ങളും നാലു വേദങ്ങളും അറിഞ്ഞ മഹാപണ്ഡിതനെന്നതിന്റെ സൂചനയെന്നു ചിലർ. അതല്ല, ബ്രഹ്മാവിനെ പ്രീതിപ്പെടുത്താനുള്ള തപസ്സിൽ പത്തു തവണ തലയറുത്തു ബലിയർപ്പിച്ച്,  ഓരോ തവണയും പുതുതല മുളച്ച അതിശക്തനെന്നു മറ്റു ചിലർ. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, മനസ്സ്, ബുദ്ധി, ചിത്തം (ഉദ്ദേശ്യം), അഹങ്കാരം എന്നിവയെ സൂചിപ്പിക്കുന്നുവെന്നും മറ്റും മനോധർമ്മം പോലെ വ്യാഖ്യാനിക്കുന്നവരുമുണ്ട്.

വ്യാഖ്യാനം നിൽക്കട്ടെ. പുരാണകഥാപാത്രങ്ങളെ യഥാർത്ഥ  മനുഷ്യരെപ്പോലെ കരുതാതെ, കഥകളെ മിത്തുകളായി സങ്കല്പിച്ചാൽ, അവയിൽ പല ശാശ്വതസത്യങ്ങളും കാണാം. നമുക്ക് ജീവിതത്തിലെ വഴികാട്ടികളാകുന്ന പലതും അവയിൽ നിന്നു ലഭിക്കും. കുതിരക്കഥയിൽനിന്നു നമുക്കു പഠിക്കാവുന്ന പാഠങ്ങളെന്തെല്ലാമെന്നു നോക്കാം.

കൊട്ടാരം പണിയുന്നവരെ ചതിച്ചു നശിപ്പിക്കാൻ കപടവേഷം കെട്ടി വന്ന അുസുരൻ സ്നേഹിതനെന്നു നടിച്ച് ലക്ഷ്യം ഏതാണ്ടു നേടി. പരിചയപ്പെടുന്നവരെയെല്ലാം ഉടനടി കണ്ണടച്ചു വിശ്വസിക്കുന്ന ശുദ്ധാത്മാക്കൾക്കുള്ള മുന്നറിയിപ്പ്. ഒരുവന്റെ തനിസ്വരൂപം മനസ്സിലാക്കാൻ ദീർഘകാലത്തെ പരിചയം വേണ്ടിവരും. 

വ്യവസ്ഥകളറിയാതെ കരാറിലേർപ്പെടുന്നത് അപകടമാണെന്ന് ഓഡിനുണ്ടായ ധര്‍മ്മസങ്കടത്തിൽനിന്നു നാം മനസ്സിലാക്കുന്നു.

ചതിയെ ചതികൊണ്ടു നേരിട്ടു ജയിക്കുകയാണ് കൗശലക്കാരനായ ലോക്കി ചെയ്തത്. ഇത്തരം തന്ത്രങ്ങൾ യുദ്ധത്തിൽ എല്ലാ രാജ്യക്കാരും കാട്ടാറുണ്ട്. പക്ഷേ അവയെല്ലാം നിത്യജീവിതത്തിൽ നാം നടപ്പാക്കുന്നത് വിവേകമാകണമെന്നില്ല. സ്നേഹിതന്റെ ചതി ശത്രുവിന്റേതിനെക്കാൾ ഹൃദയഭേദകം. സത്യസന്ധമായി പെരുമാറാനറിയാത്ത വിഡ്ഢികളുടെ വഴിയാണ് ‌ചതിയും വഞ്ചനയും എന്ന് ബെഞ്ചമിൻ ഫ്രാങ്ക്ലിൻ. പെട്ടെന്നുള്ള കണ്ണീർ സങ്കടത്തെക്കാൾ ചതിയാണെന്ന് ലാറ്റിൻ എഴുത്തുകാരൻ പബിലിയസ് സീറസ്. ഏതും നർമ്മം കലർത്തിപ്പറയുന്ന മാർക് ട്വെയിൻ : ഒരേ ഘോഷയാത്രയുടെ രണ്ടറ്റങ്ങളാണ് ഉപകാരസ്മരണയും വഞ്ചനയും. അന്യരെ ചതിക്കാൻ ശ്രമിക്കുകയല്ല, സാഹചര്യം വിശകലനം ചെയ്ത് ചതി പറ്റാതെ നോക്കുകയാണ്  നമുക്കു ചെയ്യാവുന്നത്. 

ഇവയെക്കാളെല്ലാം ശ്രദ്ധേയമായ സന്ദേശവും ഈ പുരാണകഥയിലുണ്ട്. കോട്ടപണി ഏതാണ്ടു  തീരാറായപ്പോൾ വിജയം നേടിക്കഴിഞ്ഞെന്ന് അസുരൻ കരുതി. ദേവന്മാരെുടെ കഥകഴിച്ചെന്നു മനപ്പായസമുണ്ടു. ഒടുവിലെന്തായി? കുതിരയും പോയി, സ്വപ്നവും തകർന്നു. ഏതു ജോലിയും മുഴുവൻ തീർന്നെങ്കിലേ തീർന്നെന്നു കരുതാവൂ. കപ്പിനും ചുണ്ടിനുമിടയിൽ പലതും തെന്നിനീങ്ങിയെന്നു വരും. ജോലി തീരാറാകുമ്പോൾ നമ്മുടെ ജാഗ്രതയും ഏകാഗ്രതയും തെല്ലു കുറഞ്ഞ‌േക്കാം. ഈ സാധ്യതയെ ബോധപൂർവം ചെറുക്കാഞ്ഞാൽ പടിക്കൽകൊണ്ടു കലമുടയ്ക്കുന്ന അനുഭവമുണ്ടാകാം. അതിനു വഴി നല്കിക്കൂടാ.

കഠിനാദ്ധ്വാനിയായ കുതിരയുടെ വീഴ്ചയിലുമുണ്ട് പാഠം. ചെയ്യുന്ന ജോലിയിൽ നിന്നു ശ്രദ്ധ തിരിച്ചേക്കാവുന്ന ഒരു പ്രലോഭനത്തിനും നാം വശംവദരായിക്കൂടാ. സമർത്ഥരായ പല വിദ്യാർത്ഥികളും ശ്രേഷ്ഠസ്ഥാപനങ്ങളിൽ ചെന്നെത്തി, ലക്ഷ്യം മറന്ന് പരാജയപ്പെട്ട ദുരന്തകഥകളുണ്ട്. വിടാത്ത ലക്ഷ്യബോധവും ദൃഢനിശ്ചയവും സമർപ്പണബൂദ്ധിയുമുള്ളവർ നിശ്ചയമായും വിജയം വരിക്കും.

അടിക്കുറിപ്പ് : കഥയിലെ അസുരൻ അറിയാതിരുന്ന ചെറിയ യവനപുരാണകഥ കൂടെ കേൾക്കുക. വീരനായകനായ ജാസന്റെ സഹയാത്രികനായ എൻസിയെസ് പുതിയ മുന്തിരിത്തോട്ടമുണ്ടാക്കി. ഇതിലെ വീഞ്ഞ് എൻസിയെസിന് കുടിക്കാൻ കഴിയില്ലെന്ന് ജ്യോത്സ്യൻ പറഞ്ഞു. മുന്തിരി പഴുത്തു. എൻസിയെസ് മുന്തിരിച്ചാറ് നിറച്ച കപ്പുയർത്തിക്കൊണ്ട് പ്രവചനം തെറ്റിയെന്ന് ജ്യോത്സ്യനെ നോക്കി പരിഹസിച്ചു. ‘കപ്പിനും ചുണ്ടിനുമിടയിൽ പലതും വഴുതിപ്പോകാം’ എന്നു ജ്യോത്സ്യൻ പറയുന്ന നിമിഷം. കൂറ്റൻ കാട്ടുപന്നി തോട്ടത്തിലെത്തിയെന്ന അറിയിപ്പു വന്നു. തുള്ളിപോലും കുടിക്കാതെ പോയ എൻസിയെസിനെ പന്നി വകവരുത്തി. ഇങ്ങനെയാണത്രേ ‘കപ്പിനും ചുണ്ടിനുമിടയിൽ’ എന്ന പ്രശസ്തമൊഴിയുണ്ടായത് (There's many a slip  between the cup and the lip). ഏതായാലും മുട്ടവിരിയും മുൻപ് നമുക്ക് കോഴിയെ എണ്ണാതിരിക്കാം.

English Summary: Column By B. S. Warrier

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA