ADVERTISEMENT

സമാന യോഗ്യതയുള്ള തസ്തികകളിൽ പൊതുപരീക്ഷ നടത്താനുള്ള പിഎസ്‌സി തീരുമാനം ഉദ്യോഗാർഥികൾക്ക് കനത്ത തിരിച്ചടിയാകും. ഉദ്യോഗാർഥിയുടെ മൗലിക അവകാശങ്ങൾക്കും അവസര സമത്വത്തിനും നേരെയുള്ള കടന്നുകയറ്റമായി ഇതു മാറും.   ഗുരുതര ആരോഗ്യ പ്രശ്നമുൾപ്പെടെ ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം പരീക്ഷ എഴുതാൻ കഴിയാതെ പോകുന്നവരുടെ നിസഹായവസ്ഥ ഇവിടെ പിഎസ്‌സി പരിഗണിച്ചിട്ടുണ്ടോ? പ്രായപരിധി കഴിയാറായ ഉദ്യോഗാർഥിയുടെ അവസാന അവസരമാണ് അതെങ്കിലോ?

നിലവിൽ ഒരേ യോഗ്യതയുള്ള 10 തസ്തികകൾക്ക് അപേക്ഷിച്ച ഉദ്യോഗാർഥിക്ക് ഒരു പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ ബാക്കി 9 എണ്ണത്തിൽ അവസരം ലഭിക്കും. എന്നാൽ ഒരു പൊതുപരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ 10 തസ്തികയിൽ നിന്നും ഉദ്യോഗാർഥി പുറന്തള്ളപ്പെടുകയാണ്.  

പിഎസ്‌സിയെ സംബന്ധിച്ച് സാമ്പത്തിക ലാഭമുണ്ടാക്കുന്നതാണ് പൊതുപരീക്ഷകൾ. ഒരു പരീക്ഷ നടത്തുന്ന ചെലവിൽ ഒന്നിലധികം തസ്തികകളിലേക്ക് ഒരുമിച്ചു പരീക്ഷ നടത്താം. അതുകൊണ്ടുതന്നെ ഈ രീതിയിലുള്ള ചർച്ച വർഷങ്ങൾക്ക് മുൻപേ പിഎസ്‌സിയിൽ ഉണ്ടായിരുന്നതാണ്. എന്നാൽ സാമ്പത്തിക ലാഭത്തേക്കാൾ ഉദ്യോഗാർഥികളുടെ അവസരങ്ങൾക്ക് പ്രാധാന്യം കൊടുത്തതിനാൽ പൊതുപരീക്ഷകൾ  വേണ്ടെന്നു വയ്ക്കുകയായിരുന്നു.  സാമ്പത്തിക ലാഭം മാത്രമാണ്  ലക്ഷ്യങ്കിൽ കേന്ദ്ര സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന പൊതുപരീക്ഷയിൽ നിന്ന് ഉദ്യോഗാർഥികളെ തിരഞ്ഞെടുത്താൽ മതിയല്ലോ. അവർ തയാറാക്കുന്ന ലിസ്റ്റിൽ നിന്നു സംസ്ഥാനങ്ങൾക്കും ഉദ്യോഗാർഥികളെ നിയമിക്കാം എന്ന സൂചനയുണ്ട്. സാമ്പത്തിക ലാഭമല്ല, ഏറ്റവും മികച്ച ഉദ്യോഗാർഥിയെ സർക്കാർ സർവീസിലേക്ക് തിരഞ്ഞെടുക്കുക എന്നതാണ് പിഎസ്‌സിയുടെ പ്രധാന കർത്തവ്യം.  

പൊതുപരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റുകളിലെല്ലാം മുന്നിലെത്തുന്നത് ഒരേ ഉദ്യോഗാർഥികൾ തന്നെയായിരിക്കും. ഇങ്ങനെയുള്ളവർ ഏതെങ്കിലും ഒരു ജോലി സ്വീകരിച്ച് മറ്റുള്ളതെല്ലാം വേണ്ടന്നു വയ്ക്കും. എന്നാൽ ഇവർക്ക് എല്ലാ തസ്തികയിലും പിഎസ്‌സി നിയമന ശുപാർശ അയക്കേണ്ടിവരും. ഈ ഒഴിവ് എൻജെഡി ആയി റിപ്പോർട്ട് ചെയ്ത് വീണ്ടും നിയമന ശുപാർശ അയക്കണം. ഈ പ്രക്രിയ നിർബാധം തുടരും. വലിയ കാലതമാസവും ഉണ്ടാവും.  റാങ്ക് ലിസ്റ്റുകളിൽ ആവശ്യത്തിന് ഉദ്യോഗാർഥികൾ ഇല്ലെങ്കിൽ ധാരാളം പേരുടെ നിയമന സാധ്യതയെ പ്രതികൂലമായി ബാധിക്കും. 

വളരെ നല്ല രീതിയിലുള്ള ഒരു പരീക്ഷാ സമ്പ്രദായമാണ് പിഎസ്‌സിയിൽ നിലവിലുള്ളത്.  പരിഷ്കാരം ഏർപ്പെടുത്തുമ്പോൾ വേണ്ടത്ര ആലോചനകൾ  വേണമായിരുന്നു.  അടുത്ത കാലത്തായി പിഎസ്‌സി ഇത്തരത്തിലെടുത്ത പല തീരുമാനങ്ങളും  തിരുത്തേണ്ടി വന്നതും ബന്ധപ്പെട്ടവർ മറക്കരുത്. ഒാൺലൈൻ ഇന്റർവ്യൂ, പ്ലാനിങ് ബോർഡിൽ ചീഫ് തസ്തികയുടെ ഇന്റർവ്യൂവിൽ ചിലർക്ക് പരമാവധി മാർക്ക് നൽകിയത്, കെഎഎസ് സ്ട്രീം 3ൽ ഹയർസെക്കൻഡറി സീനിയർ അധ്യാപകരുടെ അവസരം നിഷേധിച്ചത് തുടങ്ങി വേണ്ടത്ര ആലോചനയില്ലാതെ നടപ്പാക്കിയ പല തീരുമാനങ്ങളും  കോടതി ഇടപെടലിലൂടെ പിഎസ്‌സിക്കു തിരുത്തേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെയുള്ള വീഴ്ചകളിൽ നിന്നു പാഠം ഉൾക്കൊള്ളാതെയാണ് ഇപ്പോഴത്തെ പൊതുപരീക്ഷാ  തീരുമാനവും എടുത്തിട്ടുള്ളത്. 

ചുരുക്കത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് പൊതുപരീക്ഷകൾ ഉദ്യോഗാർഥികൾക്കുണ്ടാക്കുക. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ  പുനഃപരിശോധനയ്ക്ക് പിഎസ്‌സി തയാറാകണം.

English Summary: Kerala PSC Exam Changes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com