ADVERTISEMENT

പിഎസ്‌സിയിൽ ഇപ്പോൾ നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ ഉൾപ്പെട്ട ലിസ്റ്റാണ് വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റിന്റേത്. 14 ജില്ലകളിലായി 46,285 േപരാണ് ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതുവരെ നടന്ന നിയമനമാകട്ടെ വെറും 8.5% മാത്രം. ഇനി 10 മാസംകൂടി മാത്രമേ ഈ റാങ്ക് ലിസ്റ്റുകൾക്ക് കാലാവധിയുള്ളൂ. 2021 ജൂൺ 29ന് 14 ജില്ലകളിലെയും റാങ്ക് ലിസ്റ്റുകൾ അവസാനിക്കും. ഈ രീതിയിലാണ് നിയമനമെങ്കിൽ  6000 പേർക്കുപോലും നിയമനം ലഭിക്കില്ല. 2015ൽ നിലവിലുണ്ടായിരുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക്  ലിസ്റ്റിൽ നിന്ന് 11,395 പേർക്കും 2012ലെ ലിസ്റ്റിൽ നിന്ന് 12,959 പേർക്കും നിയമന ശുപാർശ നൽകിയ സ്ഥാനത്ത് ഇത്തവണ റാങ്ക് ലിസ്റ്റുകളിൽ നിന്ന് നടന്നത് 4529 നിയമന ശുപാർശ മാത്രം. ഇതിൽ 590 ഒഴിവുകൾ എൻജെഡി (നോട്ട് ജോയിനിങ് ഡ്യൂട്ടി) ആണ്. ആകെ നിയമന ശുപാർശയിൽ നിന്ന് ഇതു കുറച്ചാൽ 3939. റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് രണ്ടു വർഷം പിന്നിട്ടിട്ടും  ഇത്രയും പേർക്കാണ് ഇതുവരെ നിയമനം ലഭിച്ചത്.

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ

ജില്ല-റാങ്ക് ലിസ്റ്റിൽ  ഉൾപ്പെട്ടവർ

തിരുവനന്തപുരം-5707

കൊല്ലം-3969

പത്തനംതിട്ട-2249

ആലപ്പുഴ--2970

കോട്ടയം-2311

ഇടുക്കി-2352

എറണാകുളം-3937

തൃശൂർ-3984

പാലക്കാട്-4021

മലപ്പുറം-3846

കോഴിക്കോട്-4095

വയനാട്-1780

കണ്ണൂർ-3186

കാസർകോട്-1878

ആകെ-46285

ശുപാർശ 500 കടന്നത് ഒരു ജില്ലയിൽ 

ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റിൽ നിന്ന് അഞ്ഞൂറിലധികം  നിയമന ശുപാർശ നടന്നത് തിരുവനന്തപുരം ജില്ലയിൽ മാത്രം. 507 പേർക്കാണ് ഇവിടെ ശുപാർശ ലഭിച്ചത്. ഇതിൽ 82 ഒഴിവുകൾ എൻജെഡിയാണ്. ഇതു കുറച്ചാൽ ശരിക്കും നിയമനം 425 പേർക്ക്. മറ്റു ജില്ലകളിലെ റാങ്ക് ലിസ്റ്റിന്റെ സ്ഥിതി ഇതിലും ദയനീയമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ 300 പേർക്കുപോലും ഇതുവരെ നിയമന ശുപാർശ ലഭിച്ചിട്ടില്ല. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് ശുപാർശ– 166. 

എൻജെഡി 590

വിവിധ ജില്ലകളിലായി 590 എൻജെഡി ഒഴിവുകളാണ് ലാസ്റ്റ് ഗ്രേഡ് നിയമന ശുപാർശയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ പേർ ജോലിയിൽ പ്രവേശിക്കാതിരുന്നത് തിരുവനന്തപുരം ജില്ലയിലാണ്– 82. ഏറ്റവും കുറവ് എൻജെഡി  കോട്ടയത്ത്– 14. മറ്റു ജില്ലകളിലെ എൻജെഡി ഒഴിവുകൾ ഇനി പറയുന്നു. കൊല്ലം– 42, പത്തനംതിട്ട– 27, ആലപ്പുഴ– 26, ഇടുക്കി– 24, എറണാകുളം– 56, തൃശൂർ– 48, പാലക്കാട്– 77, മലപ്പുറം– 42, കോഴിക്കോട്– 58, വയനാട്– 25, കണ്ണൂർ– 41, കാസർകോട്– 319. 

എൻജെഡിക്കൊപ്പം ധാരാളം പേർ റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവായിട്ടുമുണ്ട്. തിരുവനന്തപുരം ജില്ലയിൽ 38 പേർ ലിസ്റ്റിൽ നിന്നൊഴിവായി. 


നിലവിലുള്ളതുൾപ്പെടെ 3 ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റിലെ നിയമന ശുപാർശാ താരതമ്യം

lgs-appointments

ഇവിടെയുണ്ട്, ഒഴിവുകൾ

∙ഇറിഗേഷൻ വകുപ്പിൽ പത്തിലധികം ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ നിലവിലുണ്ടെങ്കിലും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ല. മുൻപ് ഈ വകുപ്പിലുണ്ടായിരുന്ന 7 ഒഴിവ് റാങ്ക് ഹോൾഡേഴ്സ് ഏറെ പണിപ്പെട്ടാണ് റിപ്പോർട്ട് ചെയ്യിച്ചത്.

∙പൊതുവിദ്യാഭ്യാസ വകുപ്പിൽ ഇരുപത്തിയഞ്ചിലധികം ഒഴിവുകൾ നിലവിലുണ്ട്. ജില്ലതല സ്ഥലംമാറ്റത്തിനും മറ്റുമായി ഒഴിച്ചിട്ടിരിക്കുകയാണ് ഈ ഒഴിവുകൾ. 

∙നഗരകാര്യ വകുപ്പിൽ 5 ഒഴിവുകൾ നിലവിൽ വന്ന് മാസങ്ങളായിട്ടും തടസ്സവാദങ്ങളിൽ തട്ടി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല.

∙ലീഗൽ മെട്രോളജി വകുപ്പിൽ നിലവിലുള്ള 4 ഒഴിവിൽ താൽക്കാലികക്കാരാണ്  ജോലി ചെയ്യുന്നത്. ഇവരെ ഒഴിവാക്കി റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്തണമെന്ന കോടതി വിധിയുണ്ടെങ്കിലും നടപ്പായിട്ടില്ല. 

∙സാമൂഹികനീതി വകുപ്പിൽ മുപ്പതിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടേണ്ടതാണ്. വകുപ്പ് വിഭജനത്തിന്റെ പേരിൽ ഒഴിവുകൾ പിടിച്ചുവച്ചിരിക്കുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിൽ ഉദ്യോഗാർഥികൾക്ക് കനത്ത നഷ്ടമാകും. 

∙പഞ്ചായത്ത് വകുപ്പിൽ 9 ഒഴിവുകൾ നിലവിലുണ്ട്. എന്നാൽ ആശ്രിത നിയമനത്തിനായി മാറ്റിവച്ചിരിക്കുന്നു. 

(തിരുവനന്തപുരം ജില്ലയിലെ ഒഴിവുകളാണ് ഇതിൽ പരാമർശിച്ചിരിക്കുന്നത്. മറ്റു ജില്ലകളിലും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യപ്പെടാതെ ധാരാളം ഒഴിവുകളുണ്ട്)

കാരണങ്ങൾ എന്തൊക്കെ?

കൊഴിഞ്ഞുപോയത് അഞ്ഞൂറോളം ഒഴിവുകൾ

സെക്രട്ടേറിയറ്റ്/ പിഎസ്‌സി/ ലോക്കൽ ഫണ്ട് ഒാഡിറ്റ് തുടങ്ങിയവയിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റിൽ നിന്നായിരുന്നു നികത്തിയിരുന്നത്. എന്നാൽ ഈ നിയമനം സബോർഡിനേറ്റ് സർവീസിൽ ഉൾപ്പെടുത്തി സെക്രട്ടേറിയറ്റ് ഒാഫിസ് അറ്റൻഡന്റ് എന്ന പേരിൽ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു നടത്താൻ തീരുമാനിച്ചതോടെ നിലവിലുള്ള ലിസ്റ്റിലുൾപ്പെട്ടവർക്ക് അഞ്ഞൂറോളം ഒഴിവുകൾ നഷ്ടമായി. ഇതിലേക്കുള്ള വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചെങ്കിലും പരീക്ഷപോലും ഇതുവരെ നടത്തിയിട്ടില്ല. 

68 ഒഴിവ് ആശ്രിത നിയമനത്തിന്

പഞ്ചായത്ത് വകുപ്പിൽ 68 ലാസ്റ്റ് ഗ്രേഡ് ഒഴിവ് ആശ്രിത നിയമനത്തിനായി മാറ്റിവച്ചിരിക്കുകയാണ്. ഒരു വർഷത്തോളമായി ഈ വകുപ്പിലെ ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യുന്നില്ല. ആശ്രിത നിയമത്തിനായുള്ള ഒഴിവുകൾ വന്ന് അതു മാറ്റിവച്ച ശേഷമേ പിന്നീടുള്ള ഒഴിവ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നൽകൂ എന്ന വിചിത്ര വാദമാണ് അധികൃതരിൽ നിന്നു ലഭിക്കുന്നത്.

ഒലിച്ചുപോയ ഒഴിവുകൾ

സോയിൽ കൺസർവേഷൻ വകുപ്പിൽ നിന്നുള്ള ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ തടഞ്ഞുവച്ചിരിക്കുകയാണ്. വയനാട്ടിലെ കബനി റിവർവാലി പ്രോജക്ട് നിർത്തലാക്കിയതുമായി ബന്ധപ്പെട്ട് പുനർവിന്യാസം നടപ്പിലാക്കാനായി പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടതില്ല എന്ന നിർദേശമാണ്  നൽകിയിട്ടുള്ളതെന്ന് വകുപ്പധികധികൃതർ പറയുന്നു.

ഏകീകരണവുമില്ല, ഒഴിവുമില്ല

സാമൂഹികനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ വിഭജനവുമായി ബന്ധപ്പെട്ട് തസ്തികകൾ ഏകീകരിക്കാൻ കാലതാമസം നേരിടുന്നതിനാൽ ഈ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തിട്ടു മാസങ്ങളായി.

സർവകലാശാലകളിൽ നിയമനച്ചട്ടമില്ല

നിയമനചട്ടം തയാറാക്കാത്തതിനാൽ ന്യൂനപക്ഷക്ഷേമ വകുപ്പ്, സർവകലാശാലകൾ തുടങ്ങിയവയിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ പിഎസ്‌സി വഴി നികത്താൻ കഴിയുന്നില്ല. 

പുതിയതെല്ലാം താൽക്കാലികം

ആറു മാസത്തിലധികം നിലനിൽക്കാൻ സാധ്യതയുള്ള ഒഴിവുകൾ പിഎസ്‌സി വഴി നികത്തണം എന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ല. പുതുതായി നിലവിൽ വന്ന പോക്സോ കോടതികൾ, സബ്റജിസ്ട്രാർ ഒാഫിസുകൾ, ലീഗൽ മെട്രോളജി ഒാഫിസ് എന്നിവിടങ്ങളിൽ ഈ രീതിയിൽ ഒഴിവുകൾ നിലവിലുണ്ടെങ്കിലും താൽക്കാലിക നിയമനമാണ് നടത്തുന്നത്. 

സ്ഥലംമാറ്റം,  സ്ഥാനക്കയറ്റം

നിശ്ചിത അനുപാതത്തിനു പുറത്ത് സ്ഥലംമാറ്റ നിയമനം അനുവദിക്കുന്നതും സ്ഥാനക്കയറ്റ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്തതും റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം കുറയ്ക്കുന്നു. 

തസ്തികയേ ഇല്ല

പുനർവിന്യാസത്തിന്റെ പേരിൽ ഇറിഗേഷൻ വകുപ്പിലെ 25 ശതമാനം ഒഴിവുകൾ നിർത്തലാക്കിയതുൾപ്പെടെ ധാരാളം വകുപ്പുകളിൽ തസ്തിക ഒഴിവാക്കിയിട്ടുണ്ട്. 

ജിഎസ്ടി വകുപ്പിൽ നിരോധനം

ജിഎസ്ടി വകുപ്പിൽ നിയമനം നിരോധിച്ചുകൊണ്ട് മുൻപ് പുറത്തിറക്കിയ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നു. അതിനാൽ പുതിയ നിയമനം നടക്കുന്നില്ല.

സ്ഥിര തസ്തിക പടിക്കുപുറത്ത്

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സിന്റെ സ്ഥിര തസ്തികയൊന്നും സർക്കാർ സൃഷ്ടിച്ചിട്ടില്ല. മറ്റുളളവയിൽ തസ്തിക സൃഷ്ടിക്കുമ്പോഴും ലാസ്റ്റ് ഗ്രേഡിനെ അവഗണിക്കുകയാണ്. അഥവാ എവിടെയെങ്കിലും തസ്തിക സൃഷ്ടിച്ചാൽ താൽക്കാലിക അടിസ്ഥാനത്തിലാവും നിയമനം. പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകളിലെ വാച്ച്മാൻ തസ്തികയിൽ പിഎസ്‌സി വഴിയല്ലാതെ താൽക്കാലികക്കാർക്കാണ് നിയമനം നൽകുന്നത്. 

പണിയാകുന്ന ഒഴിവാകൽ കടമ്പ

റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം ആഗ്രഹിക്കാത്തവർ ഒഴിവാകാൻ താൽപര്യപ്പെടുന്നുണ്ടെങ്കിലും നോട്ടറി അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കടമ്പകളുള്ളതിനാൽ പലരും മടിക്കുകയാണ്. ഉദ്യോഗാർഥികളുടെ പ്രൊഫൈൽ വഴി റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവാകുന്നത് പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും പിഎസ്‌സി അനുവാദം നൽകുന്നില്ല. 

English Summary: Kerala PSC Last Grade Servants Rank List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com