ADVERTISEMENT

മിക്കവരും ഷെർലക് ഹോംസ് കഥകൾ വായിച്ചിട്ടുണ്ടാകാം. ഒരു കൊലപാതകവിവരം ലഭിച്ചിടത്തേക്കു പോവുകയായിരുന്നു ഷെർലക് ഹോംസും ഡോ. വാട്സനും. ആ കൊലപാതകത്തെക്കുറിച്ച് രണ്ടു പേർക്കും ഒരു വിവരവും അറിയില്ലായിരുന്നു. ഹോംസ് ട്രെയിനിലിരുന്നു പുറത്തെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ വാട്സൺ ചോദിച്ചു: ‘ഈ സമയത്തും ഇങ്ങനെ ചിരിച്ചിരിക്കാൻ എങ്ങനെയാണു താങ്കൾക്കു കഴിയുന്നത്?’. ഹോംസ് പറഞ്ഞു: ‘നമുക്കു രണ്ടു പേർക്കും ആ കേസിനെക്കുറിച്ച് ഒന്നുമറിയില്ല. അവിടെയെത്താതെ ഒരു വിവരവും കിട്ടുകയുമില്ല. പിന്നെയെന്തിനാണ് ഈ വിലപ്പെട്ട നിമിഷങ്ങളെ നമ്മൾ ഇല്ലാതാക്കി, അനാവശ്യമായ മുൻവിധികളിലേക്കു നമ്മൾ എത്തിച്ചേരുന്നത്?’ 

 

ഓരോ കാര്യങ്ങളിലും നമ്മളിലുണ്ടായിരുന്ന മുൻവിധികൾ എത്രമാത്രം ശരിയായിരുന്നു, തെറ്റായിരുന്നു എന്നു പിറകിലേക്കു ചിന്തിച്ചുനോക്കുന്നതു നല്ലതാണ്. എന്റെ ഒരു അനുഭവംതന്നെ പറയാം. തിരുവനന്തപുരത്തെ മാജിക് അക്കാദമി ഉണ്ടായത് മലയാറ്റൂർ രാമകൃഷ്ണൻ എന്ന മഹാനായ മനുഷ്യനുമായുള്ള എന്റെ ബന്ധത്തിന്റെ തുടർച്ചയായാണ്. നിലമ്പൂരിൽനിന്നു തിരുവനന്തപുരത്തേക്കു വരുമ്പോഴൊക്കെ ഏതെങ്കിലും എഴുത്തുകാരെ പരിചയപ്പെടുക എന്റെയൊരു സ്വഭാവമായിരുന്നു. പക്ഷേ, ഞാൻ മലയാറ്റൂർ സാറിനെ മാത്രം മാറ്റിനിർത്തി. അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ മുൻധാരണകൾ അങ്ങനെയായിരുന്നു.

 

കവി ചെമ്മനം ചാക്കോ സാറാണ് എന്നെ മലയാറ്റൂർ സാറിലേക്ക് അടുപ്പിച്ചത്. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ എന്റെ എല്ലാ മുൻവിധികളും മാറ്റിമറിച്ച മനുഷ്യസ്നേഹിയെയാണ് മലയാറ്റൂർ സാറിൽ ഞാൻ കണ്ടത്. അത്രമാത്രം സ്നേഹവും പ്രോത്സാഹനവും മറ്റെവിടെനിന്നും ഞാൻ അനുഭവിച്ചിട്ടില്ല. അന്ന് എന്റെ മുൻവിധിയിൽ ഉറച്ചുനിന്ന് അദ്ദേഹത്തെ പരിചയപ്പെട്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഇന്ന് ഇങ്ങനെ എഴുതാൻ ഞാൻ പ്രാപ്തനാവില്ലായിരുന്നു. 

അസ്ത്രവിദ്യയിൽ കേമനെന്ന് അഹങ്കരിച്ചിരുന്ന ഒരു രാജാവിന്റെ കഥയുണ്ട്. രാജ്യത്താർക്കും തന്നെപ്പോലെ ഉന്നത്തിൽ കൊള്ളിക്കുംവിധം അമ്പെയ്യാൻ സാധിക്കില്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. കാടിനോടു ചേർന്നു മതിലിൽ വരച്ച വൃത്തങ്ങളുടെ കേന്ദ്രബിന്ദുവിൽ എന്നും രാവിലെ ഒരാൾ കൃത്യമായി അമ്പെയ്തു കൊള്ളിക്കുന്നതായി കേട്ട് രാജാവ് അവിടെയെത്തി. ഒരമ്പുപോലും വൃത്തത്തിൽ കൊള്ളിക്കാൻ രാജാവിനു സാധിച്ചില്ല. പരിവാരങ്ങളുടെ മുന്നിൽ അദ്ദേഹം അപമാനിതനായി. 

 

കാട്ടിൽ അലഞ്ഞുനടക്കുന്നൊരു ഭ്രാന്തനാണ് ആ അമ്പെയ്ത്തുകാരനെന്ന് അന്വേഷണത്തിൽ മനസ്സിലായി. ഒരു ഭ്രാന്തനോടുപോലും തോൽക്കേണ്ടിവന്നത് രാജാവിനെ പരിഭ്രാന്തനാക്കി. ഭ്രാന്തനെ വിളിച്ചുവരുത്തി രഹസ്യം ചോദിച്ചറിയാമെന്നു മന്ത്രി പറഞ്ഞെങ്കിലും രാജാവിന്റെ അഹങ്കാരം അതിനനുവദിച്ചില്ല. അവസാനം മന്ത്രിതന്നെ ഭ്രാന്തനെ വരുത്തി വൃത്തങ്ങൾക്കു നടുവിലേക്ക് അമ്പെയ്യാൻ ആവശ്യപ്പെട്ടു. അയാൾ പറഞ്ഞു: ‘എനിക്കറിഞ്ഞുകൂടാ. ആദ്യം ഞാൻ അമ്പെയ്യും. അമ്പു കൊണ്ട ബിന്ദുവിനെ കൃത്യം കേന്ദ്രമാക്കി ഒരു വൃത്തം വരയ്ക്കും. അതു മാത്രമേ എനിക്കറിയാവൂ’. 

 

പല കാര്യങ്ങളും നമ്മൾ മനസ്സിലാക്കുന്നത് ഇങ്ങനെ നമ്മൾ ‘ധരിക്കുന്ന’ കണ്ണടകൾക്കുള്ളിലൂടെയാണ്. മുൻവിധികൾകൊണ്ടു മക്കളുടെ കുതിപ്പിനെ പിറകിലേക്കു പിടിച്ചുവലിക്കുന്ന മാതാപിതാക്കൾ ധാരാളമുണ്ട്. വളരുന്ന പ്രായത്തിൽ അവരുടെ അപാരമായ സാധ്യതകൾ നമ്മൾ മുൻവിധികളിലൂടെ തളർത്തുന്നു. ഇതാണു തലമുറകളായി കൈമാറിക്കൊണ്ടിരിക്കുന്നത്. ഓർക്കുക, പ്രതീക്ഷകളും സ്വപ്നങ്ങളും ആവാം. പക്ഷേ, നെഗറ്റീവായ മുൻവിധികൾ വേണ്ട. കഴിഞ്ഞ കാലങ്ങളിലെ അബദ്ധങ്ങളിൽനിന്നു പാഠം പഠിക്കാം, തിരുത്താം. പക്ഷേ, നിരാശയും കുറ്റബോധവും മനസ്സിൽ ചുമന്നു നടക്കുകയും വേണ്ട. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com