ADVERTISEMENT

ഒരു കുഞ്ഞു മാജിക് ട്രൂപ് തട്ടിക്കൂട്ടിയ കാലത്ത് നാട്ടിൽ, നിലമ്പൂർ പൂക്കോട്ടുംപാടത്തിനടുത്തു പള്ളി സ്കൂളിൽ ഒരു ധനശേഖരണ പരിപാടി നടത്താൻ ഞാൻ തീരുമാനിച്ചു. അന്നെനിക്കു പ്രായം 17. ടിക്കറ്റുകൾ അച്ചടിച്ച് വീടുകളിൽ ചെന്നു വിൽക്കുകയായിരുന്നു. 25 രൂപയുടെ വലിയ (അന്നതു വലിയ തുകയാണ്!) ടിക്കറ്റ് വാങ്ങിയിട്ട് നാട്ടിലെ ഒരു ഡോക്ടർ ചോദിച്ചു: ‘ജീവിതകാലം മുഴുവൻ ഇങ്ങനെ കള്ളത്തരം കാട്ടി നടക്കാനാണോ പരിപാടി?’. 

 

ആലോചിച്ചപ്പോൾ ശരിയാണ്. പലതും ഒളിപ്പിച്ചുവയ്ക്കലാണു മാജിക്. കയ്യിലുള്ളതിനെ മറച്ചുപിടിച്ച് ഒന്നുമില്ലെന്നാണു കാണികളോടു നമ്മൾ പറയുക. ആ ചോദ്യം എന്നെ അസ്വസ്ഥനാക്കി. എന്റെ മാറ്റം മനസ്സിലായ അച്ഛൻ പറഞ്ഞു: ‘ഏതൊരു കലയും വലിയ നുണയാണ്. സിനിമയിൽ ഡോക്ടറായി പ്രേംനസീർ വരുന്നു. പക്ഷേ, നസീർ ഡോക്ടറല്ലല്ലോ? യേശുദാസിന്റെ പാട്ടിനു സത്യൻ ചുണ്ടനക്കുന്നു. പക്ഷേ, സത്യനല്ലല്ലോ പാടുന്നത്? ഏതു കലയും കള്ളമാണെങ്കിലും അത് ഒന്നിനും ഒരാൾക്കും ദോഷം ചെയ്യുന്നതാവരുത്. അതെല്ലാം മറ്റുള്ളവരെ ആസ്വദിപ്പിക്കാനാണ്’. 

 

അച്ഛനന്ന് ഒരു കഥയും പറഞ്ഞു. ഒരു കർഷകൻ ചന്തയിൽ പോയി തിരികെ വീട്ടിലെത്തിയപ്പോൾ കാണുന്നത് വലിയൊരു മൂർഖൻ പാമ്പ് വീടിനകത്തേക്കു കയറിപ്പോകുന്നതാണ്. അയാളുടെ മക്കൾ അകത്തു കളിക്കുന്നുണ്ടായിരുന്നു. വാതിൽ അകത്തുനിന്ന് അടച്ചിരുന്നു. അകത്തു പാമ്പു കയറിയ കാര്യം അയാൾ ജനലഴികൾക്കിടയിലൂടെ പറഞ്ഞു. ‘അച്ഛാ, വെറുതെ നുണ പറയല്ലേ...’ എന്നായിരുന്നു മക്കളുടെ മറുപടി. 

 

പലപ്പോഴും അയാൾ ഇങ്ങനെ പാമ്പിന്റെ കഥ പറയാറുണ്ടായിരുന്നു. ഇതും അതുപോലൊരു കഥയാണെന്നു കുട്ടികൾ കരുതി. ചന്തയിൽനിന്നു വാങ്ങിയ സാധനങ്ങളുടെ പൊതി ഉയർത്തിക്കാണിച്ച് കർഷകൻ പറഞ്ഞു: ‘ഇതിനകത്തു നിങ്ങൾക്കു മൂന്നു പേർക്കുമുള്ള കളിപ്പാട്ടമാണ്’. ഉടനെ കുട്ടികൾ പുറത്തേക്കിറങ്ങിവന്നു. ഒരു വലിയ നുണ കുട്ടികളെ രക്ഷപ്പെടുത്തി. 

 

മുല്ലാ നാസറുദ്ദീനോടു 15 വയസ്സായ മകൻ ഒരിക്കൽ ചോദിച്ചു: ‘അങ്ങ് പണ്ടു പറയാറുള്ള ആ കഥ ഒന്നുകൂടി പറയാമോ?’. കാട്ടിൽപ്പോയി സിംഹങ്ങളോട് ഏറ്റുമുട്ടിയ കഥയായിരുന്നു അത്. ‘ഞാൻ ജീവിതത്തിൽ ഇതുവരെ സിംഹത്തെ കണ്ടിട്ടേ ഇല്ല’ എന്നായിരുന്നു മുല്ലയുടെ മറുപടി. മകൻ അദ്ഭുതപ്പെട്ടു. ‘എനിക്കു 3 വയസ്സു പ്രായമുള്ളപ്പോൾ കാട്ടിൽ പോയി അഞ്ചു സിംഹങ്ങളുമായി ഏറ്റുമുട്ടി തോൽപ്പിച്ചു എന്ന് അങ്ങ് പറഞ്ഞു. 6 വയസ്സായപ്പോൾ സിംഹങ്ങളുടെ എണ്ണം പത്തായി. എനിക്കു 10 വയസ്സായപ്പോൾ സിംഹങ്ങളെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടു എന്നാണങ്ങു പറഞ്ഞത്. ഇപ്പോൾ പറയുന്നു, ജീവിതത്തിൽ ഇതുവരെ സിംഹങ്ങളെ കണ്ടിട്ടേയില്ലെന്ന്’. 

 

നാസറുദ്ദീൻ മറുപടി നൽകി: ‘മോനേ, മൂന്നാം വയസ്സിൽ നിന്നെ ധീരനാക്കാനായിരുന്നു ആ നുണ. ആ പ്രായത്തിൽ നിന്റെ മുന്നിൽ അഞ്ചു സിംഹങ്ങൾ ധാരാളമായിരുന്നു. ആറു വയസ്സായപ്പോൾ, നിന്റെ ധീരത വളർത്താൻ 10 സിംഹങ്ങളെ നിരത്തേണ്ടിവന്നു. എന്നാൽ, നീ സത്യം മനസ്സിലാക്കാൻ തുടങ്ങിയതോടെ നിന്നെ സത്യത്തിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിലായി ഞാൻ. ഇനി നീ ജീവിതകാലം മുഴുവൻ വാക്കിലും നോക്കിലും എന്നും ഒന്നിലും കാപട്യമുള്ളവനാകരുത്’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com