ADVERTISEMENT

വരവുചെലവു കണക്കെഴുതാതെ വലിയ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനാവില്ല. കണക്കുകൾ കൃത്യമായെഴുതി കുടെക്കൂടെ ഓഡിറ്റും നടത്തിയിട്ടുപോലും പണാപഹരണം നടത്തി തടിതപ്പുന്ന കശ്മലന്മാരുണ്ടല്ലോ. പണവും കണക്കും കണക്കപ്പിള്ളയുമെല്ലാം സുപ്രധാനം തന്നെ. പക്ഷേ കണക്കപ്പിള്ളയെപ്പോലെ മാത്രം ജീവിതത്തെ കണ്ടാൽ മതിയോ?  മനുഷ്യനെ മറ്റു മൃഗങ്ങളിൽനിന്നു വേർതിരിച്ചു നിർത്തുന്ന ഘടകങ്ങളെയെല്ലാം തീർത്തും വിസ്മരിച്ചാൽ, വലിയ വരദാനമായ മാനവജീവിതം വ്യർത്ഥമായിപ്പോകില്ലേ?

 

സന്ധ്യ മയങ്ങിത്തുടങ്ങുമ്പോൾ കടൽക്കരയിലിരുന്നു കാറ്റുകൊള്ളുകയാണ് അച്ഛനും നാലു വയസ്സുകാരി മകളും. നക്ഷത്രങ്ങൾ കണ്ണുചിമ്മിത്തുടങ്ങി. ബാല്യത്തിന്റെ ജി‍ജ്ഞാസ കലർന്ന കൗതുകത്തോടെ കുഞ്ഞ് ചോദിച്ചു, ‘എത്ര ദൂരെയാണച്ഛാ നക്ഷത്രം?’ 

അച്ഛൻ : ‘ഏറ്റവും അടുത്ത നക്ഷത്രത്തിലേക്ക് നാലേകാൽ പ്രകാശവർഷം.’

 

കണക്കപ്പിള്ളയുടെ നോട്ടത്തിൽ ശരിയായ മറുപടി. തുടർന്ന്, സൂര്യൻ കഴിഞ്ഞാൽ പ്രോക്സിമാ സെന്റോറിയാണ് ഏറ്റവും അടുത്ത നക്ഷത്രം, പ്രകാശവർഷമെന്നാലെന്ത് എന്നെല്ലാം കൂടി പഠിപ്പിക്കാൻ ശ്രമിച്ചാൽ, അവളെ വേഗം ഐഎസ്സുകാരിയാക്കാമെന്നും പിള്ള കണക്കുകൂട്ടിക്കളയും. എന്നാൽ ചേതോഹരമായ ആ സായംസന്ധ്യയിൽ കൗതുകത്തോടെ സംശയം ചോദിക്കുന്ന പൊന്നോമനക്കുഞ്ഞിനെ വാത്സല്യത്തോടെ വാരിപ്പുണർന്നുകൊണ്ട് ‘ദൂരമേയില്ല. നക്ഷത്രം എന്റെ കൈയിലിരിക്കുകയല്ലേ?’ എന്നു ചോദിക്കുന്ന അച്ഛനെ സങ്കല്പിച്ചു നോക്കൂ. ആദ്യത്തെ മറുപടി കേവലം അസ്ട്രോണമി അദ്ധ്യാപകന്റേത് ആയിപ്പോയില്ലേ? 

 

നമ്മുടെയെല്ലാം ഉള്ളിലുണ്ട് ഈ കണക്കപ്പിള്ള. ഈ പിള്ളയ്ക്കപ്പുറവും നാം വല്ലപ്പോഴുമെങ്കിലും ചിന്തിക്കണ്ടേ? സമാനാശയം സാഹിത്യവിമർശകരിലെ ഒറ്റയാനായ എം കൃഷ്ണൻ നായർ ഒരിക്കൽ വേറൊരു രൂപത്തിൽ എഴുതിയിരുന്നു. 

ഇനി മറ്റൊന്ന്:

ആയിരം പാദസരങ്ങൾ കിലുങ്ങി

ആലുവാപ്പുഴ പിന്നെയുമൊഴുകി

ആരും കാണാതെ ഓളവും തീരവും

ആലിംഗനങ്ങളിൽ മുഴുകീ .. മുഴുകീ

 

വയലാർ–ദേവരാജൻ–യേശുദാസ് ത്രയം ഒരുക്കി, 1969ൽ ‘നദി’യിലൂടെ ഒഴുക്കിവിട്ട ഈ അനശ്വരഗാനം മലയാളിയെ എന്നും പുളകം കൊള്ളിക്കും. അല്ല, പെരിയാറിലെ ഓളം ഇങ്ങനെയെല്ലാം കാണിക്കുമോയെന്ന് കണക്കപ്പിള്ള സംശയിക്കും. വയലാറിന്റെ ഈ ആശയം മറ്റൊരു രൂപത്തിൽ അമേരിക്കൻ കവയത്രി സാറാ കേ എഴുതിയത് രസകരമായ യാദൃച്ഛികത: 

There’s nothing more beautiful than the way

The ocean refuses to stop kissing the shoreline, 

No matter how many times it’s sent away.

 

(എത്രവട്ടം മടക്കിയയച്ചാലും തീരരേഖയെ മുകരുന്നതു നിറുത്താൻ വിസമ്മതിക്കുന്ന സാഗരത്തിന്റെ രീതിയെക്കാൾ മനോഹരമായൊന്നില്ല.)

ഇങ്ങനെയൊക്കെയുള്ള ചിന്തകൾ തിരിച്ചറിയാതെ പോകുന്നവരുണ്ട്. പുഴവക്കത്ത് ‘ആരും കാണാതെ’ എന്നെല്ലാം വയലാർ പുളുവടിക്കുന്നതെന്തിനെന്നു സംശയിക്കുന്ന പിള്ളമാർ. നഷ്ടപ്പെടുന്നതെന്തെന്ന് അറിയാത്തവർ. ഹൃദയഹാരിയായ ഗാനമോ ചിത്രമോ ആസ്വദിക്കുക, കവിത രസിക്കുക, ചിരിക്കുക, ആഹ്ലാദിക്കുക, ലജ്ജിക്കുക എന്നിവയെല്ലാം മനുഷ്യർക്കേ കഴിയൂ. പണം സമ്പാദിച്ചുകൂട്ടാനും സഹജരെ കൂട്ടത്തോടെ കരുതിക്കൂട്ടി കൊന്നൊടുക്കാനും മൃഗങ്ങൾക്കു കഴിയില്ലെന്നതു നില്ക്കട്ടെ. 

 

1917ലെ റഷ്യൻ വിപ്ലവത്തിനു ശേഷം അധികാരത്തിലെത്തിയ ബോൾഷെവിക്കുകൾ ക്രിസ്മസ് ആഘോഷം  നിരോധിച്ചു. ആഹാരനീഹാരാദികൾകൊണ്ടു മാത്രം മനുഷ്യജീവിതം തൃപ്തികരമാകുമെന്ന വികലധാരണ ആ നിരോധനത്തിനു പിന്നിലുണ്ടായിരുന്നു. വല്ലപ്പോഴുമെങ്കിലും സന്തോഷിക്കുന്നതും എന്തെങ്കിലും ആഘോഷിക്കുന്നതും മനുഷ്യമനസ്സിന്റെ ആവശ്യങ്ങളാണെന്നത് ബോൾഷെവിക്കുകൾ മറന്നു.  ആരുമറിയാതെ ക്രിസ്മസ് ആഘോഷിക്കാൻ ശ്രമിച്ചവരെ ‘ചിക’ എന്ന രഹസ്യ പൊലീസ്‌സേന തടവിലാക്കി. പേടികാരണം ജനങ്ങൾക്ക് അമർഷം സ്വയം അടക്കേണ്ടിവന്നു. 1935ൽ ബോധമുദിച്ച അധികാരികൾ ക്രിസ്മസ്ട്രീക്കു പകരം പുതുവത്സര ട്രീ അനുവദിച്ചു. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ക്രിസ്മസ് ആഘോഷം മടങ്ങിയെത്തുകയും ചെയ്തു. 

 

ആഹാരംകൊണ്ടു മാത്രം മനുഷ്യജീവിതം സാധ്യമല്ലെന്ന് ബൈബിളിലുണ്ട്. (മത്തായി 4:4). ഈശ്വരവചനങ്ങളെല്ലാം അനുസരിക്കണമെന്ന് തുടർന്നുള്ള നിർദ്ദേശത്തിൽ ആത്മാവിന്റെ ചോദനകൾക്കുള്ള പ്രാധാന്യം അന്തർഭവിക്കുന്നു. വർണവും സൗന്ദര്യവും സൗരഭ്യവും ആനന്ദവും ഭാവനയും ആഘോഷവും എല്ലാം പൂർണജീവിതത്തിന്റെ ഭാഗമാണ്. തെരുവുനായ്ക്കുള്ള അസ്തിത്വം (existence) മാത്രമായാൽ, ജീവിതം (life) ആകില്ലെന്ന തിരിച്ചറിവു പ്രധാനം. കണക്കപ്പിള്ളയുടെ ഗണനക്രിയകൾ അസ്തിത്വത്തിനുപ്പുറത്തേക്കു കടന്നെന്നു വരില്ല. പക്ഷേ നമുക്ക് അസ്തിത്വംകൊണ്ട് തൃപ്തിയടയുക സാദ്ധ്യവുമല്ല. 

ആൽബെർട്ട് ഐൻസ്റ്റൈൻ നല്കിയ നല്ല പാഠങ്ങളുണ്ട് – സുഖജീവിതം വേണമെങ്കിൽ ജീവിതത്തെ വ്യക്തികളോ വസ്തുക്കളോ ആയിട്ടല്ല, ലക്ഷ്യവുമായി കൂട്ടിക്കെട്ടുക. കണക്കിൽ അനന്യപ്രതിഭാശാലിയായിരുന്ന അദ്ദേഹം പറഞ്ഞു, ജീവിതം  ബ്ലാക് ആൻഡ് വൈറ്റ് സിനിമയല്ല; അതിനു നിറങ്ങളുണ്ട്. 

 

അതെ. കണക്കപ്പിള്ളയ്ക്ക് അമിതപ്രാധാന്യം നല്കി, നിറം, വികാരം, കാരുണ്യം, സ്നേഹം, സൗന്ദര്യം, ഭാവന എന്നിവയ്ക്കു സ്ഥാനമില്ലാത്ത മുരട്ടുപ്രതിഭാസമാക്കി ചുരുക്കണോ മനുഷ്യജീവിതം? അക്കൗണ്ടൻസി  പോരാ. അതിനപ്പുറമുള്ള ലോകവും നമുക്കു വേണം. ജീവിതം അക്കങ്ങളിലൊതുക്കിക്കളയരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com