ലോകം മുഴുവൻ കീഴടക്കിയ അലക്സാണ്ടറിനെ തോൽപിച്ച മറുപടി

alexander-the-great
Photo Credit : Anastasios71/ Shutterstock.com
SHARE

ഒരു യുദ്ധത്തിൽപ്പോലും പരാജയപ്പെടാത്ത അലക്സാണ്ടർ ചക്രവർത്തിയുടെ ജീവിതം വായിക്കാൻ ബഹുരസമാണ്. അതിൽനിന്നു നമുക്ക് ഒരുപാടു പഠിക്കാനുണ്ട്. 16 വയസ്സുവരെ അരിസ്റ്റോട്ടിലിന്റെ ശിഷ്യനായിരുന്നു അലക്സാണ്ടർ. പിതാവ് ഫിലിപ് രണ്ടാമന്റെ മരണശേഷം ഇരുപതാം വയസ്സിൽ അലക്സാണ്ടർ ഗ്രീസിന്റെ ഭരണാധിപനായി. അവിടന്നങ്ങോട്ട് ഒരു പടയോട്ടമായിരുന്നു. ലോകം മുഴുവൻ പിടിച്ചടിക്കിയുള്ള മുന്നേറ്റം.

ഇളംപ്രായത്തിൽത്തന്നെ അലക്സാണ്ടറുടെ കഴിവ് പിതാവ് തിരിച്ചറിഞ്ഞ ഒരു കഥയുണ്ട്. തെസ്‌ലിയയിലെ ഒരു വ്യാപാരിയിൽനിന്നു ഫിലിപ് രാജാവ് ഒരു കാട്ടുകുതിരയെ വാങ്ങി. പക്ഷേ, അതിനെ മെരുക്കാൻ ആർക്കുമായില്ല. അപ്പോഴാണ് പത്തു വയസ്സുകാരൻ അലക്സാണ്ടർ, ഞാനൊന്നു ശ്രമിക്കട്ടെയെന്ന് അനുവാദം ചോദിച്ചത്. അവൻ നേരേ ചെന്നു കുതിരയെ തിരിച്ചുനിർത്തി സുഖമായി പുറത്തുകയറി മൈതാനം മുഴുവൻ ഓടിച്ചു. സ്വന്തം നിഴൽ മുന്നിൽക്കണ്ടതുകൊണ്ടാണു കുതിര മെരുങ്ങാതിരുന്നതെന്നും തിരിച്ചുനിർത്തിയപ്പോൾ നിഴൽ പിന്നിലായതോടെ മെരുങ്ങിയെന്നുമാണു പറയപ്പെടുന്നത്. ആ കുതിരയാണ് ബ്യൂസിഫാലസ്. 

ഒരു നിഴൽ കാരണം അലക്സാണ്ടർ തകർന്നുപോയ മറ്റൊരു കഥയുണ്ട്. കുട്ടിയായിരിക്കുമ്പോൾ അരിസ്റ്റോട്ടിലിൽനിന്ന് ഏറ്റവും കൂടുതൽ കേട്ട ഡയോജനിസിനെ കാണണമെന്നത് അലക്സാണ്ടറുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. രാജ്യങ്ങൾ പിടിച്ചടക്കി മുന്നേറുന്നതിനിെട ഒരിക്കൽ അലക്സാണ്ടർ ഡയോജനിസിനെ കാണാൻ ചെന്നു. തന്റെ പട്ടിയോടൊപ്പം സ്വസ്ഥമായി ഉറങ്ങുകയായിരുന്നു ഡയോജനിസ്. 

‘താങ്കളെ നേരിൽ കാണാനായി എത്ര കാലമായി ഞാൻ കൊതിക്കുന്നു? എന്താണ് ഞാൻ താങ്കൾക്കുവേണ്ടി ചെയ്യേണ്ടത്?’–അലക്സാണ്ടർ ചോദിച്ചു. ഉദിച്ചുയരുന്ന സൂര്യരശ്മികൾ അലക്സാണ്ടറിന്റെ ശരീരത്തിൽ തട്ടി ഡയോജനിസിന്റെ ദേഹത്തു നിഴൽ വീഴുന്നുണ്ടായിരുന്നു. ഡയോജനിസ് പറഞ്ഞു: ‘എന്നിലേക്കു നിഴൽ വീഴ്ത്താതിരിക്കുക. എന്റെ സൂര്യനെ മറയ്ക്കാതിരിക്കുക’. 

ആ തിരിച്ചറിവിന്റെ കറുത്ത നിഴൽ അലക്സാണ്ടറിന്റെ ഹൃദയത്തിലാണു വീണത്. വെറും മുപ്പത്തിരണ്ടാമത്തെ വയസ്സിൽ മരണമെത്തുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരത്തിൽ, മുത്തും മരതകവും പതിച്ച കട്ടിലിൽ, ഏറ്റവും മികച്ച ഭിഷഗ്വരൻമാരുടെ പരിചരണത്തിലായിരുന്നു അദ്ദേഹം. എന്നിട്ടും, പൂർണമായും നിരാശനായിരുന്നു അലക്സാണ്ടർ. മകനെക്കാണാൻ പുറപ്പെട്ട അമ്മയെപ്പോലും കാണാൻ സാധിക്കാതെ അദ്ദേഹം മരണത്തിനു മുന്നിൽ തോറ്റുപോയി. 

അവസാനം അംഗരക്ഷകരെ വിളിച്ച് മൂന്നു കാര്യങ്ങൾ അലക്സാണ്ടർ ഏൽപിച്ചിരുന്നു: 

1. എന്റെ നിലവറയിലെ രത്നങ്ങൾ എന്റെ ശവമഞ്ചം കൊണ്ടുപോകുന്ന വഴിയിൽ വിതറണം. അതിലൂടെ നിങ്ങളെല്ലാം ചവിട്ടിനടക്കണം 

2. എന്നെ ചികിത്സിച്ച ഉന്നതരായ ഭിഷഗ്വരൻമാർ എന്റെ ശവമഞ്ചം ചുമക്കണം. അവരുടെ സഹായികൾ ഞാൻ കഴിച്ച മരുന്നുകുപ്പികൾ കൈകളിൽ പ്രദർശിപ്പിക്കണം. 

3. എന്റെ ഒഴിഞ്ഞ രണ്ടു കൈകളും ശവപ്പെട്ടിയുടെ പുറത്തേക്കു തൂക്കിയിടണം. 

കാലം ഈ മൂന്ന് ആവശ്യങ്ങളെയും ഇങ്ങനെ വിലയിരുത്തുന്നു: 

1. മരണത്തിനു മുന്നിൽ എല്ലാ സമ്പാദ്യങ്ങളും വെറും പൂജ്യമാകുന്നു 

2. എത്ര വലിയ ചികിത്സാസൗകര്യങ്ങൾ ഉണ്ടായാലും മരണം പ്രവേശിക്കുന്നതോടെ തോറ്റുപോകുന്നു 

3. അധികാരങ്ങളോ ഉന്നതവിജയങ്ങളോ വിലമതിക്കാനാവാത്ത സമ്പത്തോ എന്തൊക്കെയുണ്ടായാലും ഒഴിഞ്ഞ കൈകളോടെ നമ്മൾ ഈ ഭൂമിയിൽനിന്നു മടങ്ങുന്നു. അതു മാത്രമാണു ശാശ്വതം.

English Summary: Alexander the Great: Magic Lamp Podcast By Gopinath Muthukad

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA