sections
MORE

‘ഇലക്ട്രോണിക്സ്’ എല്ലാം ഇലക്ട്രോണിക്സല്ല! ;അറിയണം ഈ കാര്യങ്ങൾ

student
SHARE

അതിവേഗം വളർന്നുവികസിക്കുന്ന ഒന്നാണ് ഇലക്ട്രോണിക്സ് എൻജിനീയറിങ്. റേഡിയോ ബ്രോഡ്കാസ്റ്റിങ്, ടെലിവൈസിങ്, ടെലിഫോൺ എക്സേഞ്ച്, കംപ്യൂട്ടർ/മൊബൈൽ പ്രവർത്തനം, ഉപഗ്രഹ വിക്ഷേപണം എന്നിവയിൽ മാത്രമല്ല ഒട്ടെല്ലാ മേഖലകളിലും ഇലക്ട്രോണിക്സ് എൻജിനീയർമാരെ വേണം. ഗാർഹികാവശ്യങ്ങൾ നിറവേറ്റുന്ന കൺസ്യൂമർ ഇലക്ട്രോണിക്സിൽ പരിശീലനം നേടിയവരെയും വൻതോതിൽ വേണ്ടിവരും.

തെർമയോണിക് വാൽവ്–ട്രാൻസിസ്റ്റർ–ഇന്റഗ്രേറ്റഡ് സർക്കിട്–മൈക്രോപ്രോസസർ എന്ന രീതിയിൽ അടിസ്ഥാന ഉപയുക്തികളി‍ൽ വന്ന വലിയ വളർച്ച ഇലക്ട്രോണിക്സിന്റെ സാധ്യതകളെ സ്വപ്നതുല്യമാക്കി. ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിനു ഡിജിറ്റൽ സർക്കിട്സ്, സിഗ്നൽ പ്രോസസിങ്, കമ്യൂണിക്കേഷൻ, കൺട്രോൾ വ്യവസ്ഥകൾ, ഇൻസ്ട്രുമെന്റേഷൻ, നെറ്റ്‌വർക്സ്, വിഎൽഎസ്ഐ ഡിസൈൻ തുടങ്ങി പല ഉപവിഭാഗങ്ങളുമുണ്ട്.

വൈവിധ്യങ്ങളേറെ

കേരളത്തിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് പഠിക്കാൻ ആഗ്രഹിക്കുന്നവർ ഇലക്ട്രോണിക്സ് എന്ന വാക്കടങ്ങിയ വിവിധ ബിടെക് പ്രോഗ്രാമുകളുടെ ഉള്ളടക്കം നന്നായി ഗ്രഹിച്ചിരിക്കണം. ഇല്ലെങ്കിൽ മനസ്സിൽ കാണുന്ന കോഴ്സിലാകില്ല ചെന്നുപെടുക.

കേരള എൻട്രൻസ് വഴിയുള്ള ചില ശാഖകളിങ്ങനെ:

1. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്

2. ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ

3. അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ

4. ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ

5. ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ 

6. ഇലക്ട്രോണിക്സ് & ബയോമെഡിക്കൽ

‘ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്’ മുഖ്യമായും ഇലക്ട്രിക്കൽ എൻജിനീയറിങ് ആണ്. വൈദ്യുതിയുടെ ഉൽപാദനം, പ്രേഷണം (ട്രാൻസ്മിഷൻ), വിതരണം, ഉപയോഗം എന്നിവയ്ക്കു വേണ്ട യന്ത്രങ്ങൾ, ലൈനുകൾ, ഉപയുക്തികൾ മുതലായവയുടെ രൂപകൽപന, പ്രവർത്തനം, കേടുതീർക്കൽ എന്നിവയൊക്കെയാണ് ഇതിന്റെ അടിസ്ഥാനം.  ജല/താപ/അണുനിലയങ്ങൾ, ട്രാൻസ്ഫോമറുകൾ, മോട്ടറുകൾ, ജനറേറ്ററുകൾ, കേബിളുകൾ, സുരക്ഷാവ്യവസ്ഥകൾ, വൈദ്യുത ദീപങ്ങൾ/ട്രെയിനുകൾ/ചൂളകൾ തുടങ്ങിയവയെക്കുറിച്ചും പഠിക്കാം. 

മുഖ്യധാരാ ഇലക്ട്രോണിക്സ് പഠിക്കേണ്ടവർ ‘ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ’ തിരഞ്ഞെടുക്കുക. ഇതിനു വൈവിധ്യമാർന്ന ‌തൊഴിലവസരങ്ങളുണ്ട്. 3, 4, 5 പ്രോഗ്രാമുകളിലെ ഊന്നൽ ഇൻസ്ട്രുമെന്റേഷനിലാണ്. പ്രോസസ് കൺട്രോൾ ഉപയോഗിക്കുന്ന നിർമാണ വ്യവസായങ്ങൾ, ഓയിൽ റിഫൈനറി, രാസവള പ്ലാന്റ്, ഉപകരണ നിർമാണശാല, കടലാസ് ഫാക്ടറി, ഉരുക്കുമിൽ, ഖനനം, ഗാസ് പ്ലാന്റ്, സായുധസേന, ഗവേഷണം തുടങ്ങിയ മേഖലകള‌ിൽ തൊഴിലവസരങ്ങൾ. 6–ാമത്തെ പ്രോഗ്രാമിലെ ഊന്നൽ ബയോമെഡിക്കലിലാണ്. ‘ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ’ പഠിച്ചവർക്കു വ്യവസായത്തിലെ സാഹചര്യമനുസരിച്ച്, മേൽക്കാണിച്ച സഹോദരശാഖകളിൽ ചിലതിലേക്കു ചുവടു മാറ്റിച്ചവിട്ടാൻ അവസരം ലഭിച്ചെന്നും വരാം.

എൻഐടികളടക്കം മികച്ച സ്ഥാപനങ്ങളിൽനിന്നു യോഗ്യത നേടാൻ ജെഇഇ മെയിൻ എന്ന ദേശീയ എൻട്രൻസിൽ ഉയർന്ന റാങ്ക് നേടണം. മെയിനിൽ മികവുള്ളവർക്കു ജെഇഇ അഡ്വാൻസ്ഡ് എഴുതി ഐഐടികളിൽ പ്രവേശനം നേടാനും അവസരമുണ്ട്. ഇലക്ട്രോണിക്സിൽ യോഗ്യത നേടാൻ സഹായിക്കുന്ന ബിഎസ്‌സി ഇലക്ട്രോണിക്സ്, എംഎസ്‌സി ഇലക്ട്രാണിക്സ് പ്രോഗ്രാമുകളുമുണ്ട്. 

English Summary: Career Scope of Electronics

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA