ADVERTISEMENT

റസ്റ്ററന്റ് മേഖലയിൽ വലിയ തിരിച്ചടി സൃഷ്ടിച്ച കോവിഡ് കാലത്തിനുശേഷം ഈ രംഗത്ത് എന്തൊക്കെ പുതിയ അവസരങ്ങൾ ഉയർന്നുവരുന്നുവെന്നു വിവരിക്കുന്നു, പ്രശസ്ത റസ്റ്ററന്റ് കൺസൽറ്റന്റും ബ്ലോഗറുമായ മൃണാൾ ദാസ് വെങ്ങലാട്ട് .

സ്റ്ററന്റുകളിൽ ജോലി ചെയ്തിരുന്ന പകുതിയിലധികം പേർക്കും കോവിഡ് കാലത്തു തൊഴിൽ നഷ്ടപ്പെട്ടു. നല്ലൊരു ശതമാനവും വീണ്ടും തുറന്നെങ്കിലും പകുതിയിലേറെ തൊഴിലാളികളും പുറത്തുനിൽക്കുകയാണ്. ഡെലിവറി, പാർസൽ രീതിയിൽ ഭക്ഷണം വിൽക്കപ്പെടുന്നതിൽ വർധനയുണ്ടായെങ്കിലും മൊത്തത്തിൽ വരുമാനക്കുറവു തുടരുന്നു. 

 

കാര്യക്ഷമത വർധിച്ചാലേ ജോലിയിൽ ശോഭിക്കൂ എന്നതാണ് ഇനിയുള്ള കാലത്തെ അവസ്ഥ. ‍അപ്പോഴുമുണ്ട് പ്രശ്നം. വർധിച്ച അളവിൽ കാര്യക്ഷമത വരുമ്പോൾ, ഓരോ ജോലിക്കും മുൻപത്തേക്കാൾ കുറച്ചു തൊഴിലാളികൾ മതി എന്ന നില വരും. പച്ചക്കറിയും മാംസവും അരിയാൻ മൂതൽ പാത്രങ്ങൾ കഴുകാൻ വരെ സഹായിക്കുന്ന യന്ത്രങ്ങൾ താങ്ങാവുന്ന വിലയ്ക്ക് ഇപ്പോൾ വിപണിയിൽ സുലഭമാണ്.

കോവിഡാനന്തര കാലത്തു റസ്റ്ററന്റ് മേഖലയിൽ ധാരാളം അവസരങ്ങൾ തുറക്കപ്പെടുന്നുണ്ട്. പക്ഷേ, പരമ്പരാഗത അവസരങ്ങൾ തേടുന്നതിനു പകരം, പുത്തൻ രീതിയിലുള്ള തൊഴിലുകൾക്കു സജ്ജരാവണം. അതിനായി തലച്ചോറു പ്രവർത്തിപ്പിക്കണം. 

അടുക്കള പഴയ അടുക്കളയല്ല! 

നാലു ബർണറും ഒരു പൊറോട്ടക്കല്ലും എന്ന നിലയിൽനിന്നു റസ്റ്ററന്റ് കിച്ചണുകൾ വളരാൻ തുടങ്ങിയിട്ടു നാളേറെയായി. പുതിയ കാലത്തു നന്നായി കച്ചവടം ചെയ്യാൻ ഡിഷ് വാഷർ മുതൽ ബേൻ മേരിയും ഐസ് ക്യൂബ് മെഷീനും വരെ വേണമെന്നു നവ റസ്റ്ററന്റ് ഉടമകൾ മനസ്സിലാക്കിയിട്ടുണ്ട്. നല്ല രീതിയിൽ ഉപയോഗക്ഷമമാക്കിയ സെക്കൻഡ് ഹാൻഡ് ഉൽപന്നങ്ങൾക്കും മികച്ച വിപണന, പരിപാലന സാധ്യതകളുണ്ട്. 

കെഒടി കുറയ്ക്കും, ചെലവ് 

ഭക്ഷണശാലകളിലെ യന്ത്രവൽക്കരണം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഉപഭോക്താവ് എന്തു ഭക്ഷണം ആവശ്യപ്പെടുന്നു എന്നതു കിച്ചണിൽ അറിയിക്കാനുള്ള പുതിയകാല വഴിയാണ് കിച്ചൻ ഓർഡർ ടിക്കറ്റ് (കെഒടി). കെഒടിക്ക് അനുസരിച്ചാണു ബില്ല് തയാറാക്കുന്നത്. ഏതൊക്കെ ഉൽപന്നങ്ങൾ എന്തു വിലയ്ക്കു വിറ്റുവെന്നും അതിന് എന്തൊക്കെ അസംസ്‌കൃത വസ്തുക്കൾ ചെലവായെന്നും ഈ മാർഗത്തിൽ അറിയാം. ചെലവുകൾ കണ്ടെത്താനും നിയന്ത്രിക്കാനും ഇതു സഹായകമാണ്. ഈ രംഗത്തു ധാരാളം സേവനദാതാക്കൾ ഉണ്ടെങ്കിലും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന, താങ്ങാവുന്ന വിലയിലുള്ള ഉൽപന്നങ്ങളുടെ ലഭ്യതക്കുറവുണ്ട്. വിൽപനാന്തര സേവനങ്ങൾക്കും സാധ്യതകളുണ്ട്. 

അവസരമാണ്, കൊച്ചുകൂട്ടായ്മകളും 

കല്യാണങ്ങൾ അടക്കമുള്ള ചടങ്ങുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതോടെ കാറ്ററിങ് സ്ഥാപനങ്ങൾ വലിയ പ്രതിസന്ധിയിലായി. വലിയ കൂട്ടായ്മകളും പൊതുചടങ്ങുകളും കുറഞ്ഞു. പഴയ രീതിയിൽ വിപുലമായ ചടങ്ങുകൾക്കേ ഭക്ഷണം നൽകൂ എന്ന കാത്തിരിപ്പിനേക്കാൾ നല്ലത് ആളുകളുടെ ആവശ്യം എന്തോ അതു നിറവേറ്റുന്നതാണ്. സ്ഥാപനത്തിന്റെ സ്വീകാര്യത വർധിപ്പിക്കാൻ ഇതു സഹായിക്കും. പതിയെപ്പതിയെ ലോകം പഴയപടിയാകുമ്പോൾ ഇന്നു നമ്മൾ നഷ്ടം സഹിച്ചും ചെയ്യുന്ന ചെറിയ കാര്യങ്ങൾ സൽപ്പേരു നിലനിർത്താൻ സഹായിക്കും. 

വീട്ടിലെ വിഭവം നാടാകെ 

പൈനാപ്പിൾ മുതൽ ഏത്തക്കായ വരെ വാങ്ങാനാളില്ലാതെ കൃഷിയിടങ്ങളിൽ കെട്ടിക്കിടക്കുന്ന വാർത്തകൾ നമ്മൾ അടുത്തിടെ കണ്ടു. ഇവയെല്ലാം മൂല്യവർധിത ഉൽപന്നങ്ങളാക്കാനും ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ വഴി ലോകമെങ്ങും വിപണനം ചെയ്യാനുമുള്ള സാധ്യത വിസ്മരിച്ചുകൂടാ. ലോക്‌ഡൗൺ കാലത്തു യുട്യൂബിൽ പരക്കെ പ്രചരിച്ചതു ഭക്ഷണപരീക്ഷണങ്ങളായിരുന്നു. വീട്ടിലെ വിഭവം നാട്ടിലറിയിക്കുന്നത് നാളെ നല്ലൊരു വരുമാനമായി വളരാൻ വലിയ സാധ്യതയുണ്ട്. 

സർക്കാർ സംവിധാനങ്ങളുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തി ചെറുകിട വ്യവസായമോ കുടിൽ വ്യവസായമോ തുടങ്ങാൻ ഇന്ന് അനുകൂല സാഹചര്യങ്ങളുണ്ട്. വൃത്തിയുള്ള അന്തരീക്ഷത്തിൽ, നല്ല രീതിയിലുള്ള പാക്കേജിങ്ങോടെ നടത്തുന്ന സംരംഭം വിജയത്തിലേക്കു വഴിയൊരുക്കും. 

ആപ് വഴി ആഹാരം 

ആപ്പുകൾ വഴി ഭക്ഷണം ഓർഡർ ചെയ്യുന്ന കമ്പനികളുടെ പ്രവർത്തനം ഇന്നു പ്രധാന നഗരങ്ങളിൽ ഒതുങ്ങുകയാണ്. ഗ്രാമപ്രദേശങ്ങളിലേക്കു ഡെലിവറി വ്യാപിപ്പിച്ച് ആവശ്യക്കാരെ വർധിപ്പിക്കാവുന്നതേയുള്ളൂ. പല റസ്റ്ററന്റുകൾ ഒരു ആപ്പിൽ ലഭ്യമാവുന്ന സംവിധാനം പോലെത്തന്നെ, ഓരോ റസ്റ്ററന്റിനും സ്വന്തം ആപ്പും ഡെലിവറി സംവിധാനവും എന്ന ആശയവും വ്യാപകമായി ഉയർന്നുവന്നിട്ടുണ്ട്. വിറ്റുവരവിന്റെ 30 ശതമാനത്തോളം നൽകി ഡെലിവറി സംവിധാനം ഏർപ്പെടുത്തുന്നതിനു പകരം സ്വന്തമായി അവ വികസിപ്പിക്കാൻ റസ്റ്ററന്റ് മാനേജ്‌മെന്റുകൾ തയാറാവുമ്പോൾ തൊഴിലവസരങ്ങൾ ഇനിയും വളരും.

പ്ലാസ്റ്റിക് മാറ്റിയ ലോകം 

കേരള സർക്കാർ അടുത്തിടെ നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനം, പായ്ക്കിങ് മെറ്റീരിയലുകളുടെ ഉൽപാദന–വിപണന മേഖലയിലെ തൊഴിൽ സാധ്യതകൾ വർധിപ്പിച്ചു. പ്ലാസ്റ്റിക്കിനു പകരമുള്ള ഉൽപന്നങ്ങൾ വർധിപ്പിച്ചത് പ്രാദേശിക കമ്പനികളുടെ അവസരങ്ങളാണ്. പായ മുതൽ വാഴയില വരെ വൻകിട റസ്റ്ററന്റുകളിൽപോലും താരമായി. ബയോ-ഡീഗ്രേഡബിൾ പായ്ക്കിങ് മെറ്റീരിയലുകളുടെ ഉൽപാദനത്തിനു പല സംരംഭങ്ങളും തുടക്കമിട്ടുകഴിഞ്ഞു. അനുബന്ധമായി വർധിക്കുന്നത് തൊഴിലവസരങ്ങളും.

‘ചൂടോടെ’ വരുമാനം! 

ഒരു ഇരുചക്ര വാഹനവും ഡ്രൈവിങ് ലൈസൻസും അധ്വാനിക്കാനുള്ള മനസ്സും ഉണ്ടെകിൽ, പ്രായ-ലിംഗ-ഭാഷാ ഭേദമെന്യേ ആർക്കും തൊഴിലെടുക്കാവുന്ന വഴിയായി ഭക്ഷണമെത്തിക്കൽ മാറിയിരിക്കുന്നു. സ്ഥാപനങ്ങളിലും വ്യക്തികൾക്കും ഓഫിസുകളിലുമൊക്കെ ഇങ്ങനെ ചൂടോടെ എത്തിക്കുന്ന ഭക്ഷണത്തിന് ആവശ്യക്കാർ ധാരാളമുണ്ട്. ശമ്പളത്തിനു പുറമെ ഉപഭോക്താവിൽനിന്നു ലഭിക്കുന്ന ടിപ്പും വരുമാനവഴിയാണ്. 

വൃത്തിക്കൊരു മുഴം മുൻപേ 

പുത്തൻ കാലം പുതിയ രീതികളിലെ വൃത്തിയുമായി ബന്ധപ്പെട്ട സമ്പ്രദായങ്ങൾ ആവശ്യപ്പെടുന്നതിനാൽ ഈ മേഖലയിലും ധാരാളം പുതിയ തൊഴിലവസരങ്ങൾ ഉണ്ടാവും. മാസ്കുകൾ സാർവത്രികമായി. എന്റെ പല ക്ലൈന്റുകളും ജോലിക്കാർക്കായി സ്ഥാപനത്തിന്റെ ലോഗോ പതിപ്പിച്ച പ്രത്യേക ഡിസൈനുകളിലെ ഗുണമേന്മയുള്ള മാസ്കുകൾ സഹിതം യൂണിഫോം ഉണ്ടാക്കുന്നു. മാസ്കുകൾ ഉൽപാദിപ്പിക്കുന്നതിൽ മാത്രമല്ല, വിപണനം, റീസൈക്കിൾ എന്നീ മേഖലകളിലും തൊഴിലവസരങ്ങൾ ഉയർന്നുവന്നു കഴിഞ്ഞു. 

സാനിറ്റൈസിങ് ഉപകരണങ്ങൾ, അനുബന്ധ സാമഗ്രികൾ, കെമിക്കലുകൾ എന്നിവ റസ്റ്ററന്റുകളുടെ ദൈനംദിന പ്രവർത്തനത്തിൽ ഒഴിവാക്കാൻ പറ്റാത്തതായി മാറിയിരിക്കുന്നു. അതും പുതിയൊരു തൊഴിൽസാധ്യതയാണു തുറക്കുന്നത്. സോപ്പുവെള്ളത്തിൽ പിന്നെയും വെള്ളം ചേർത്തു കൈകഴുകാൻ നൽകിയിരുന്നവർ ആ ശീലം മാറ്റി. അതോടെ, ഇത്തരം ഉൽപന്നങ്ങളുടെ നിർമാണ-വിപണന രംഗം സജീവമായി. ഭക്ഷണം കൊടുത്തുവിടുമ്പോൾ ഒരു സാനിറ്റയ്‌സർ സാഷെ കൂടെ കൊടുത്തുവിട്ടാൽ ഉപഭോക്താവിന്റെ മുഖത്തൊരു ചിരി വിരിയില്ലേ? ഇത്തരം പുതിയ ശീലങ്ങൾതന്നെ പല മേഖലകളിലും അവസരങ്ങൾ തുറക്കും. 

മാലിന്യം നീക്കി വരുമാനം 

മാലിന്യ നിർമാർജനരംഗം ധാരാളം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഭൂരിഭാഗം സ്ഥലങ്ങളിലും പരാജയപ്പെടുന്ന ഈ മേഖലയിൽ ചെറു ബയോഗ്യാസ് പ്ലാന്റുകൾ മുതൽ വൻ മാലിന്യനിർമാർജന സ്ഥാപനങ്ങൾ വരെ സാധ്യതകളാണ്. തദ്ദേശ സ്ഥാപനങ്ങളുടെ അനാസ്ഥ മൂലം വലഞ്ഞ റസ്റ്ററന്റുകൾ ഉത്തരവാദിത്തപൂർവമായ മാലിന്യനിർമാർജനത്തിനു സജ്ജരായാൽ വഴിതുറക്കുക, പുതിയ തൊഴിലവസരങ്ങൾക്കുതന്നെ. മാലിന്യംതന്നെ നല്ലൊരു വരുമാനമാകുന്ന കാലം അകലെയല്ല. 

ജലത്തിന്റെ പുനരുപയോഗം 

വെള്ളം ശുദ്ധീകരിക്കാനുള്ള ചെറുകിട ഉപകരണങ്ങൾ റസ്റ്ററന്റുകൾക്കു നിർമിച്ചുനൽകൽ, പരിപാലിക്കൽ എന്നിവ പോലെത്തന്നെ, റസ്റ്ററന്റുകളിലെ അഴുക്കുവെള്ളം പുനരുപയോഗത്തിനു തയാറാക്കുന്ന സംവിധാനങ്ങളും വ്യാപകമായി വരുന്നുണ്ട്. ഇത്തരം കമ്പനികൾക്ക്, സോളർ പാനലുകൾ സ്ഥാപിച്ചു നൽകുന്ന കമ്പനികളുമായി ചേർന്നു ജല-ഊർജ സ്വയംപര്യാപ്തതാ പദ്ധതികൾ റസ്റ്ററന്റുകൾക്കു വാഗ്ദാനം ചെയ്യാവുന്നതാണ്. ശുദ്ധജലം, മലിനജല നിർമാർജനം, വൈദ്യുതി എന്നീ കാര്യങ്ങൾക്കു റസറ്ററന്റുകൾ ചെലവാക്കുന്ന തുക വളരെ വലുതാണ് എന്നതുകൊണ്ടുതന്നെ, ഈ മേഖലയ്ക്കു നല്ല പുരോഗതി കൈവരിക്കാനാകും. പരിസ്ഥിതിക്ക് അനുകൂലമായ ഇത്തരം ചലനങ്ങളെ സർക്കാർ തന്നെ പിന്തുണയ്ക്കാനും സാധ്യത ഉയരും. 

വേണം, പുതിയ ശൈലികൾ 

പുതിയ വെല്ലുവിളികൾ നേരിടാൻ തൊഴിലാളികൾക്കു പരിശീലനം നൽകാൻ ഭക്ഷ്യസ്ഥാപന ഉടമകളും നടത്തിപ്പുകാരും ഇനി താൽപര്യപ്പെടും എന്നതിനാൽ ഈ മേഖലയിലും തൊഴിലവസരങ്ങൾ വളർന്നുവരും. ഭക്ഷ്യശാലകളിൽ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള അവസരം തിരിച്ചുവന്നതോടെ, റസ്റ്ററന്റുകൾക്കു പരസ്യത്തിന്റെ ആവശ്യകത കൂടിവരുന്നു. നൂതന ആശയങ്ങളുമായി കടന്നുവരുന്നവർക്ക് ഈ മേഖലയിലും അവസരങ്ങൾ ലഭ്യമാക്കാം. 

English Summary: Career Scope During The Time Of Covid Pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com