ADVERTISEMENT

വാങ്ങുക, വിൽക്കുക, ഇടപാടുകൾ ഉറപ്പിക്കുക, സാധനങ്ങൾ വാങ്ങാനുള്ള ഓർഡർ നൽകുക, ചരക്കിനു വില നൽകുക എന്നിവയെല്ലാം ഇന്റർനെറ്റ്‌ വഴി നിർവഹിക്കുന്ന രീതിയാണ് ഇലക്ട്രോണിക് കൊമേഴ്സ് അഥവാ ഇ–കൊമേഴ്സ്. ബന്ധപ്പെട്ടവർ മുഖാമുഖം കാണാതെയാണ് ഇടപാടുകൾ. ആമസോൺ, ഫ്ലിപ്കാർട്, സ്നാപ്ഡീൽ മുതലായവ വഴി സാധാരണക്കാർപോലും സാധനങ്ങൾ വാങ്ങുന്ന രീതി ഇന്നു വ്യാപകമാണല്ലോ. 

സാധനങ്ങളോ സേവനങ്ങളോ വിറ്റു പണം വാങ്ങുന്നത് ഇ–കൊമേഴ്സ്. പക്ഷേ, ഇത്തരം ഇടപാടുകൾ സാധ്യമാക്കാൻ വേണ്ട സമസ്ത പശ്ചാത്തലപ്രക്രിയകളും ഇ–ബിസിനസിൽപ്പെടും. ഇ–ബിസിനസിന്റെ ഉപശാഖയാണ് ഇ–കൊമേഴ്സ് എന്നു പറയാം. ഇ–കൊമേഴ്സിന്റെ ചില ഉദാഹരണങ്ങളാണ് ഓൺലൈനായുള്ള ഷോപ്പിങ്, ടിക്കറ്റിങ്, ബാങ്കിങ്, ഓഹരിനിക്ഷേപം എന്നിവ.

ഇ–കൊമേഴ്സ് നാലുതരം 

∙B2B–ബിസിനസ് ടു ബിസിനസ് ∙B2C–ബിസിനസ് ടു കസ്റ്റമർ ∙C2C–കസ്റ്റമർ ടു കസ്റ്റമർ ∙C2B–കസ്റ്റമർ ടു ബിസിനസ്. 

മിക്കവാറും സാധനങ്ങളും സേവനങ്ങളും ഇ–കൊമേഴ്സിലൂടെ ലഭ്യമാണ്. വിൽപനയ്ക്കു പരമ്പരാഗത രീതിയിൽ കടകളോ കെട്ടിടമോ മറ്റു ഭൗതികസൗകര്യങ്ങളോ വേണ്ട. ഇലക്ട്രോണിക് പുസ്തകങ്ങളിലെ ഇഷ്ടപ്പെട്ട അധ്യായങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുന്നതുപോലുള്ള സൗകര്യവുമുണ്ട്. ആശയവിനിമയത്തിൽ കാലതാമസമില്ല. ലോകം മുഴുവൻ ഒറ്റക്കമ്പോളമാകുന്നു. എല്ലാം ക്ഷണനേരത്തിൽ നടത്താം. വൻതോതിൽ സാധനങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്ന ബുദ്ധിമുട്ടില്ല. ഓഹരിവിപണിയിൽ, അതതു സെക്കൻഡിലെ നിലവാരമറിഞ്ഞ് ബിസിനസ് ചെയ്യാം. ഇന്റർനെറ്റിലൂടെ ലേലം വിളിച്ചുള്ള വിൽപനയുമുണ്ട്. 

പകലോ രാത്രിയോ എന്നില്ലാതെ ഏതു നേരത്തും സാധനങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യാം. ഒന്നോ രണ്ടോ കടകളിൽച്ചെന്ന് അവിടെയുള്ള ചുരുക്കം മോഡലുകൾ മാത്രം കണ്ട്, അവയിലൊന്നു തിരഞ്ഞെടുക്കുകയല്ല, മറിച്ച് ദേശീയതലത്തിലുള്ള പല കമ്പനികളുടെയും എല്ലാ മോഡലുകളും കണ്ട്, വിശദാംശങ്ങളും വിലയും മനസ്സിലാക്കി, ഓൺലൈനായി ഓർഡർ ന‌ൽകുകയാണ് ഇ–കൊമേഴ്സിൽ ചെയ്യുക. സാധനം വീട്ടിലെത്തും. 

അതേ സമയം, ഓർഡർ ചെയ്യുംമുൻപു സാധനം നേരിൽക്കണ്ട് തൊട്ടുനോക്കി പ്രവർത്തനം തൃപ്തികരമെന്ന് ഉറപ്പാക്കാൻ കഴിയില്ല. ചിത്രത്തിൽക്കണ്ട് ഊഹിച്ചതിൽനിന്നു തെല്ലു വ്യത്യസ്തമാണു കൈയിലെത്തുന്നതെന്നും  വരാം.

ഏതാനും പരിശീലനസ്ഥാപനങ്ങൾ:

∙കേരളത്തിലെ ചില ആർട്സ് & സയൻസ് കോളജുകളിൽ എംകോം (ഇ–കൊമേഴ്സ്) ഉണ്ട്. 

∙Centre for Continuing Education Kerala (CCEK): Professional Diploma in E-Commerce & Marketing Analytics 

∙കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയുടെ കീഴിലുള്ള പല കോളജുകളിലും ബികോം (ഇ–കൊമേഴ്സ്) ഉണ്ട്. 

∙We School (Welingkar Institute of Management), Bengaluru: PG Diploma in Management (e-Business)

∙University of Madras (Institute of Distance Education): Certificate in e-commerce

∙Boston University, Massachusetts, USA: Graduate Certificate in Electronic Commerce, Systems & Technology

∙Lancaster University, UK: E-Business and Innovation Msc 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com