കള്ളക്കടത്തിലൂടെ കോടീശ്വരൻമാർ: പിന്നിലുണ്ട് ഈ അറിയാ കഥകൾ

gold-amuggling-gold
SHARE

സ്കൂളിൽ രാമചന്ദ്രൻ മാഷ് പറഞ്ഞുതന്ന കഥ പങ്കുവയ്ക്കാം. കള്ളക്കടത്തിലൂടെ കോടീശ്വരൻമാരായവരുടെ ചരിത്രം വായിക്കുകയും കേൾക്കുകയുമൊക്കെ ചെയ്യുന്ന ഇക്കാലത്ത് കുട്ടികൾക്ക് ഈ കഥ പറഞ്ഞുകൊടുക്കുന്നതു നല്ലതാണ്. 

കഥ ഇങ്ങനെയാണ്: കൊട്ടാരത്തിലെ മൂന്നു സുഹൃത്തുക്കൾ നിലവറയിലെ സ്വർണനാണയങ്ങൾ മോഷ്ടിക്കാൻ പദ്ധതിയിട്ടു. ഒന്നാമത്തെയാൾ കാവൽക്കാരനെ മാറ്റുന്നു, രണ്ടാമൻ ആ സ്ഥാനത്തു വേഷം മാറി താൽക്കാലിക കാവൽക്കാരനാകുന്നു, മൂന്നാമൻ നിലവറയിൽ കയറി മോഷണം നടത്തുന്നു. പദ്ധതി വിജയിച്ചു. സംഘം കാട്ടിലേക്കു രക്ഷപ്പെട്ടു. 

താൻ കാവൽക്കാരനെ മാറ്റിയതാണു നിർണായകമായതെന്ന് ഒന്നാമനു തോന്നി. തന്റെ കാവലാണ് സഹായകമായതെന്നു രണ്ടാമൻ കരുതി. മോഷണം നടത്തിയതിന്റെ ഗർവായിരുന്നു മൂന്നാമന്. പക്ഷേ, മൂന്നു പേരും സൗഹൃദം അഭിനയിച്ചു. അർധരാത്രിയായപ്പോൾ വിശപ്പു തുടങ്ങി. ഒരാൾ ഭക്ഷണം വാങ്ങാൻ പട്ടണത്തിലേക്കു പോയി. അയാൾ തിരിച്ചുവരുമ്പോൾ വകവരുത്താൻ മറ്റു രണ്ടു പേർ തീരുമാനിച്ചു. ഭക്ഷണവുമായി എത്തിയ അയാളെ കൂട്ടുകാർ കൊന്നു. പക്ഷേ, അവരെ കൊലപ്പെടുത്താൻ മൂന്നാമൻ ഭക്ഷണത്തിൽ വിഷം ചേർത്തിരുന്നു! അതു കഴിച്ച് അവരുടെ കഥയും തീർന്നു. 

എന്തുകൊണ്ടാണ് ആളുകൾക്കു സ്വർണത്തോടിത്ര മമതയെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവാറില്ല. വൈദ്യശാസ്ത്ര മേൻമയോ സുഗന്ധമോ ഇല്ലാത്ത ഒരു ലോഹത്തിന്റെ പിറകെ ആളുകൾ എന്തിനാണിങ്ങനെ പരക്കംപായുന്നത്? സ്വർണം വിനയായി മാറിയ മറ്റൊരു കഥകൂടി പറയട്ടെ. 

മിഡാസ് എന്ന ഗ്രീക്ക് ചക്രവർത്തി, തൊടുന്നതെല്ലാം പൊന്നാവാൻ കൊതിച്ച് തപസ്സു ചെയ്തു വരം നേടി. അദ്ദേഹം തൊട്ടതോടെ ഭാര്യയും മക്കളുമൊക്കെ സ്വർണമായി മാറി. അദ്ദേഹത്തിനു വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കുളിക്കാനോ സാധിച്ചില്ല. എല്ലാം തൊടുമ്പോൾ സ്വർണമായിത്തീർന്നു. ബന്ധുക്കളും സുഹൃത്തുക്കളും പരിചാരകരുമൊക്കെ ഓടി രക്ഷപ്പെട്ടു. അവസാനം രാജാവിനു ഭ്രാന്ത് പിടിച്ചു എന്നാണു കഥ. 

മനുഷ്യർ രണ്ടു വിധത്തിൽ വളരുന്നു. 

1. സുഖസൗകര്യങ്ങളിലൂടെ. അത് ആഡംബരമോ അധികാരമോ ആകാം. 

2. അവനവനിലെ അവബോധവും അറിവും വഴി. ആദ്യത്തേതു ബാഹ്യവും രണ്ടാമത്തേത് ആന്തരികവുമായ വളർച്ചയാണ്. ആദ്യത്തേതിന്റെ പ്രശ്നം, ആ വളർച്ച തുടങ്ങിക്കഴിഞ്ഞാൽ അടക്കാനാവാത്ത ആഗ്രഹമോ അത്യാഗ്രഹമോ ദുരാഗ്രഹമോ ഒക്കെയായി അതു മാറും എന്നതാണ്. ഏതൊരു കാര്യവും നേടിയെടുക്കുന്നതുവരെയാണ് അതിനോട് അടക്കാനാവാത്ത ആഗ്രഹം തോന്നുക. നേടിയെടുത്തു കഴിഞ്ഞാൽ അടുത്തതിലേക്കാവും നോട്ടം. അതിനുവേണ്ടി ഏതു വഴിവിട്ട രീതിയും സ്വീകരിക്കാൻ ചൂണ്ടയിടൽ തുടങ്ങും. ആ കാമനയാണ് മോഷണത്തിലേക്കും അഴിമതിയിലേക്കും കള്ളക്കടത്തിലേക്കുമൊക്കെ ഒരാളെ നയിക്കുന്നത്. എത്രമാത്രം സമ്പത്ത് വാരിക്കൂട്ടിയാലും താനൊരു കള്ളനാണെന്ന ബോധം അയാളുടെ ഉള്ളിൽത്തന്നെയുണ്ടാവും. നാളെ അയാളെ ഏതെങ്കിലും രീതിയിൽ അതു തകർക്കുകയും ചെയ്യും. 

ഒരു കാര്യം നമ്മളെല്ലാം മനസ്സിന്റെ ചുമരിൽ എഴുതിവയ്ക്കുന്നതു നല്ലതാണ്. കള്ളത്തരം കൊണ്ടു നേടുന്ന ഓരോ ഉയർച്ചയ്ക്കുമൊപ്പം ഒരു താഴ്ചയും രൂപപ്പെടുന്നുണ്ട്. മുകളിലേക്കു കയറുന്നത് തൽക്കാലത്തേക്ക് ആഹ്ലാദകരമായി തോന്നും. പക്ഷേ, എവിടെയെങ്കിലും ഒരു കാൽവയ്പിൽ ഭയാനകമായ അഗാധഗർത്തത്തിലേക്കു വീണുപോയിരിക്കും, ഉറപ്പ്. 

English Summary: Gold Smuggling: Magic Lamp Podcast By Gopinath Muthukad

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA