ADVERTISEMENT

സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റിൽ നിന്ന് നടക്കുന്നതിലധികവും താൽക്കാലിക നിയമനങ്ങൾ. റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും തസ്തികയുടെ പേര് മാറ്റിയും അല്ലാതെയും നടക്കുന്ന താൽക്കാലിക നിയമനങ്ങൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കനത്ത തിരിച്ചടിയാണ്. 14 ജില്ലകളിലായി  നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ നടന്ന നിയമന ശുപാർശ 1936.  ആകെ നിയമന ശുപാർശയിൽ 793ഉം എൻജെഡി ഒഴിവുകളിലാണ്. ഇതു കുറച്ചാൽ യഥാർഥ നിയമനം 1143 മാത്രം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ 7% പേർക്കുമാത്രമാണ് ഇതുവരെ നിയമനം ലഭിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലുമായി  16,134 പേരെയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഏറ്റവും കൂടുതൽ പേർക്ക് നിയമന ശുപാർശ നൽകിയത് തിരുവനന്തപുരം ജില്ലയിലാണ്– 232. ഏറ്റവും കുറവ് വയനാട് ജില്ലയിൽ– 66. പത്തനംതിട്ട, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ 100 പേർക്കുപോലും ഇതുവരെ ശുപാർശ ലഭിച്ചിട്ടില്ല. 

നിലവിലുള്ള അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റിലെയും മുൻ ലിസ്റ്റിലെയും നിയമന ശുപാർശ

supplyco-appointments

താൽക്കാലികക്കാർ 5000+

വിവിധ ജില്ലകളിലായി അയ്യായിരത്തിലധികം താൽക്കാലിക ജീവനക്കാർ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പ്രതിഷേധം മറികടക്കാൻ ഡിസ്പ്ലേ സ്റ്റാഫ്, പാക്കിങ് സ്റ്റാഫ്, ഹെൽപർ എന്നീ പേരുകളിലാണ് താൽക്കാലികക്കാരെ നിയമിച്ചിട്ടുള്ളത്. എന്നാൽ ചെയ്യുന്നതോ അസിസ്റ്റന്റ് സെയിൽസ്മാൻമാർ ചെയ്യേണ്ട ജോലികളും. ഒരു സ്ഥിര ജീവനക്കാരനു നൽകുന്ന ശമ്പളത്തുകകൊണ്ട് മൂന്നു താൽക്കാലികക്കാരെ നിയമിക്കാമെന്നാണ് സപ്ലൈകോയുടെ വാദം. എന്നാൽ ഈ വാദത്തിലൊന്നും യാതൊരു കഴമ്പുമില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

വെട്ടിചുരുക്കി, ഒതുക്കി

1996ലെ സപ്ലൈകോ സ്റ്റാഫ് പാറ്റേൺ അനുസരിച്ച് സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ആയിരത്തിൽ  താഴെ ഔട്ട്‌ലെറ്റുകൾക്ക് ആനുപാതികമായി 2100 അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികകൾ സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാൽ താൽക്കാലിക നിയമനങ്ങൾക്കായി 2007ൽ തസ്തികകൾ 1488 ആയി ചുരുക്കി. ബാക്കിയുള്ളവ മരവിപ്പിച്ചു. 2018ൽ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി 151 അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തിക പുതുതായി സൃഷ്ടിച്ചു. ഇതുകൂടി കൂട്ടിയാൽ യഥാർഥ തസ്തിക 2251 ആകേണ്ടതാണ്. എന്നാൽ ചുരുക്കി ചുരുക്കി ഇത് 1839 ആക്കി. 1488 സ്ഥിര തസ്തികകൾക്കൊപ്പം 200 താൽക്കാലിക തസ്തിക, ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള 151 തസ്തിക എന്നിവ കൂട്ടുമ്പോഴാണ് 1839 ആകുക. 200 താൽക്കാലിക തസ്തിക വർഷംതോറും പുതുക്കി നൽകുകയാണ്. മരവിപ്പിച്ച തസ്തികകൾ പുനസ്ഥാപിച്ചു കിട്ടുന്നതിന് റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ സർക്കാർ ഒാഫിസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ടു നാളേറെയായെങ്കിലും ഒന്നും നടന്നിട്ടില്ല. ഇതു സംബന്ധിച്ച ഫയൽ ഇപ്പോൾ ധനമന്ത്രിയുടെ പരിഗണനയിലാണ്. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും മുൻപ് ഇക്കാര്യത്തിൽ തീരുമാനം വന്നാൽ കുറച്ചുപേർക്കുകൂടി നിയമനം ലഭിക്കും. 

എൻജെഡി ഇല്ലായിരുന്നെങ്കിൽ...

അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റിനെ ചലിപ്പിക്കുന്നതു തന്നെ എൻജെഡി ഒഴിവുകളാണ്.  ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 4203 പേർക്കാണ് (ഇടുക്കി ഒഴികെ) നിയമന ശുപാർശ നൽകിയത്. 

ഇതിൽ 2305 ഒഴിവും എൻജെഡിയായിരുന്നു. ഇത്തവണത്തെ  നിയമന ശുപാർശയും വ്യത്യസ്തമല്ല.  കഴിഞ്ഞ തവണ എൻജെഡി ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് െചയ്തിരുന്നെങ്കിൽ ഇത്തവണ അതിലും വലിയ കുറവുണ്ടായി. 

ഏറ്റവും കൂടുതൽ എൻജെഡി ഒഴിവുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്– 123. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിൽ– 20. മറ്റു ജില്ലകളിലെ എൻജെഡി ഒഴിവുകൾ ഇനി പറയുന്നു. കൊല്ലം– 69, ആലപ്പുഴ– 39, കോട്ടയം– 42, ഇടുക്കി– 39, എറണാകുളം– 77, തൃശൂർ– 25, പാലക്കാട്– 51, മലപ്പുറം– 89, കോഴിക്കോട്– 91, വയനാട്– 30, കണ്ണൂർ– 69, കാസർകോട്– 29. 

ഈ വർഷം റദ്ദാകും 3 ലിസ്റ്റുകൾ

എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് ലിസ്റ്റുകൾ പോലെ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റുകൾ ഒന്നിച്ചല്ല നിലവിൽ വന്നത്. അതിനാൽ റദ്ദാകുന്നതും പല സമയത്താണ്.  മൂന്നു ജില്ലകളിലെ റാങ്ക് ലിസ്റ്റുകൾ ഈ വർഷം തന്നെ റദ്ദാകുമ്പോൾ ബാക്കി ലിസ്റ്റുകൾ അടുത്ത വർഷം മാർച്ച് 13 മുതൽ ജൂൺ 27 വരെയുള്ള വിവിധ തീയതികളിൽ റദ്ദാകും.  പത്തനംതിട്ട, ആലപ്പുഴ, വയനാട്  ജില്ലകളിലെ  റാങ്ക് ലിസ്റ്റുകളാണ് മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കി ഈ വർഷം റദ്ദാകുക. വയനാട് ജില്ലയിലെ റാങ്ക് ലിസ്റ്റ് നവംബര്‍ 21നും ആലപ്പുഴ ജില്ലയിലെ റാങ്ക് ലിസ്റ്റ് നവംബർ 27നും പത്തനംതിട്ട ജില്ലയിലെ ലിസ്റ്റ് ഡിസംബർ 12നും റദ്ദാകും. 

ഇതിൽ പത്തനംതിട്ട, വയനാട് ജില്ലകളിൽ 100 പേർക്കുപോലും നിയമന ശുപാർശ ലഭിച്ചിട്ടില്ല. ആലപ്പുഴ ജില്ലയിൽ 145 പേർക്ക് നിയമന ശുപാർശ ലഭിച്ചെങ്കിലും 39 എൻജെഡി ഒഴിവുകളാണ്. യഥാർഥ നിയമനം 106 മാത്രം. 

റാങ്ക് ലിസ്റ്റിൽ 16,134 പേർ

അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റിൽ 14 ജില്ലകളിലുമായി 16,134 പേരെയാണ് പിഎസ്‌സി ഉൾപ്പെടുത്തിയിട്ടുള്ളത്. മെയിൻ ലിസ്റ്റിൽ 5845 പേരുണ്ട്. സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ 10,289 പേർ. ഏറ്റവും കൂടുതൽ പേരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എറണാകുളം ജില്ലയിലാണ്– 1978. ഏറ്റവും കുറച്ച് ഉദ്യോഗാർഥികൾ വയനാട് ജില്ലയിൽ– 333. 

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ

supplyco-ranklist

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com