sections
MORE

മറ്റുള്ളവരിലെല്ലാം മനുഷ്യരെ മാത്രം കാണാൻ സാധിച്ചാൽ അതൊരു വല്ലാത്ത മാറ്റം

appreciation
SHARE

2018 ലെ പ്രളയകാലത്താണു മലയാളികളുടെ മനസ്സെന്താണെന്നതു ലോകം ശ്രദ്ധിച്ചത്. മുഖവും മതവും നിറവും നോക്കാതെ പരസ്പരം നമ്മൾ കൈകോർത്തു. അടുത്ത കൊല്ലവുമെത്തി പ്രളയം. അപ്പോഴും മലയാളികളുടെ വലിയ മനസ്സിനു മുന്നിൽ ലോകം കൈകൂപ്പി. 

വീണ്ടും ദുരന്തങ്ങളെത്തിയ ഈ വർഷവും ഒരു ജീവനെയെങ്കിലും രക്ഷിക്കാൻ എല്ലാം മറന്നു ദുരന്തസ്ഥലങ്ങളിലെത്തിയവർ വെറും സാധാരണക്കാരായ മനുഷ്യരായിരുന്നു. പെട്ടിമുടിയിലും കരിപ്പൂരിലും ഒരേ ദിവസം നമ്മളതു കണ്ടു. പത്തും പതിനഞ്ചും കിലോമീറ്റർ കാൽനടയായി ദുരന്തസ്ഥലത്തേക്കു കുതിച്ചവരുണ്ട്. കൂരിരുട്ടിൽ രക്ഷാപ്രവർത്തനത്തിനു കൈമെയ് മറന്നിറങ്ങിയവരുണ്ട്. കോവിഡിന്റെ വ്യാപനസാധ്യതപോലും അവരപ്പോൾ മറന്നു. വീണ്ടും ഉരുൾ പൊട്ടുമോയെന്ന ഭീതി പെട്ടിമുടിയിലും ഏതു നിമിഷവും വിമാനം പൊട്ടിത്തെറിക്കാമെന്ന സാധ്യത കരിപ്പൂരിലും ഒരു രക്ഷാപ്രവർത്തകനെപ്പോലും പിന്തിരിപ്പിച്ചില്ല. ആർക്കു വേണമെങ്കിലും എന്റെ രക്തമെടുത്തോളൂ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് യുവാക്കളുടെ വൻ നിര ആശുപത്രികളിൽ ഉറക്കമിളച്ച് കാത്തിരുന്നു. ഇതാണു മാനവികത, മനുഷ്യസ്നേഹം, സ്വയം സമർപ്പണം. 

ഇത്രയും വിശാലഹൃദയമുള്ള മനുഷ്യർ ജീവിക്കുന്ന ഈ കേരളത്തിൽത്തന്നെയാണോ, രാഷ്ട്രീയത്തിന്റെയും മതത്തിന്റെയുമൊക്കെ പേരിൽ ചിലപ്പോഴെങ്കിലും ചിലർ പടവെട്ടുന്നതെന്ന് അദ്ഭുതം തോന്നാറുണ്ട്. എനിക്കു തോന്നിയ ഉത്തരം ഇതാണ്: കുറേ മനുഷ്യരുടെയൊക്കെ ഉള്ളിൽ ഒരു ദൈവമുണ്ട്. അനുകമ്പയും ആർദ്രതയും കനിവുമൊക്കെയുള്ള ദൈവം. ആ ദൈവത്തെ നെഞ്ചിലേറ്റാൻ പണമോ പദവിയോ വലിയ വിദ്യാഭ്യാസ യോഗ്യതയോ ആവശ്യമില്ല. ആരുടെയും ഉപദേശം കേട്ടിട്ടോ ഏതെങ്കിലും തത്വജ്ഞാനിയുടെ പുസ്തകം വായിച്ചോ അല്ല അവരാരും ദുരന്തസ്ഥലത്തേക്കു കുതിക്കുന്നത്. അവരുടെ കണ്ണിൽ കാണുന്നതു മനുഷ്യരെയാണ്. മറ്റുള്ളവരുടെ വേദനയിൽ നെഞ്ചു പിടയുന്നവരാണവർ. 

അതൊരു മാനസികാവസ്ഥയാണ്. ആ സ്ഥാനത്ത് അവർ തന്നെത്തന്നെയോ തന്റെ സഹോദരനെയോ സഹോദരിയെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ ഒക്കെയാണു കാണുന്നത്. അങ്ങനെ കാണാൻ കഴിയുന്നത് അവർ സ്വയം ദൈവമാകുന്നതുകൊണ്ടാണ്. പലരുടെയും ഉള്ളിൽ ആ ദൈവം ഉറങ്ങിക്കിടക്കുന്നുണ്ട്. അത് ആരും പരുവപ്പെടുത്തുന്നതല്ല. അതുകൊണ്ടാണ് ഇത്തരം സന്ദർഭങ്ങൾ വരുമ്പോൾ അവർ ഉണർന്നുപ്രവർത്തിക്കുന്നത്. മറ്റുള്ളവരുടെ ഉപദേശമോ പഠിച്ച പാഠങ്ങളോ ഒക്കെ പരതാൻ നിന്നാൽ നമ്മൾ വീണ്ടും നമ്മളായി മാറിയെന്നു വരും. അതായത്, ദൈവം വിട്ടുപോകുമെന്നർഥം. 

പ്രതിഫലമോ അംഗീകാരമോ ഒരു അഭിനന്ദന വാക്കുപോലുമോ പ്രതീക്ഷിക്കാതെ രക്ഷകരായെത്തിയ ഇവരെ നമ്മുടെ ഗുരുക്കൻമാരാക്കാം. ഒപ്പം നമ്മിലെ ഉറങ്ങിപ്പോയെ ദൈവത്തെ പതുക്കെയെങ്കിലും ഉണർത്താൻ സാധിച്ചാൽ, മറ്റുള്ളവരിലെല്ലാം മനുഷ്യരെ മാത്രം കാണാൻ സാധിച്ചാൽ അതൊരു വല്ലാത്ത മാറ്റമായിരിക്കും. അതിനു വേറൊന്നും വേണ്ട, നമ്മൾ മനുഷ്യരായാൽ മാത്രം മതി. 

English Summary: Magic Lamp Podcast By Gopinath Muthukad

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA