തകർന്നുവീണ വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട് 10 ദിവസം കാട്ടിലൂടെ നടന്നു, സഹനത്തിന്റെ ആൾരൂപമാണ് ഈ 17കാരി

lonely
Representative Image. Photo Credit : kittirat roekburi/ Shutterstock.com
SHARE

പെറുവിൽ ജനിച്ചുവളർന്ന ജർമ്മൻ വംശജയായ 17കാരിയാണ് ജൂലിയാന കൊപ്ക. 1971ലെ ക്രിസ്മസിനു തൊട്ടുമുൻപ് പെറുവിലെ മഴക്കാടുകളുടെ മുകളിലൂടെ അമ്മയോടൊപ്പം വിമാനത്തിൽ പറന്നു. പെട്ടെന്ന് വിമാനം വലിയ ഓളത്തിൽപ്പെട്ടതുപോലെ ഇളകിമറിഞ്ഞു. ലോക്കറുകൾ തനിയേ തുറന്ന് ബാഗേജത്രയും താഴോട്ടു വീഴുകയോ കാബിനുള്ളിൽ പറന്നു നടക്കുകയോ ചെയ്തു.

വിമാനത്തിനു ചുറ്റും മിന്നൽ കണ്ടതോടെ ജൂലിയാനയും പരിഭ്രമിച്ചു. അമ്മയുടെ കൈകൂട്ടിപ്പിടിച്ചെങ്കിലും വാക്കുകൾ വന്നില്ല. കരയുന്നവർ.  അലമുറയിടുന്നവർ. തെല്ലു കഴിഞ്ഞപ്പോൾ എൻജിൻഭാഗത്ത് കണ്ണഞ്ചിക്കുന്ന പ്രകാശം. അമ്മ ശാന്തമായി പറഞ്ഞു, ‘എല്ലാം കഴിഞ്ഞു. ഇത് അന്ത്യം.’ അമ്മയുടെ അവസാനവാക്കുകൾ. വിമാനം കൂപ്പുകുത്തി.

കൂരിരുട്ട്. പലരും അലറിവിളിച്ചു. വിമാനയന്ത്രത്തിന്റെ ഘോരശബ്ദം പെട്ടെന്നു നിലച്ചു. അവൾ വിമാനത്തിനു പുറത്ത് താഴോട്ട് അതിവേഗം വീഴുകയാണ്. മൂന്നു കിലോമീറ്ററിലേറെ ഉയരത്തിൽ നിന്ന്. സീറ്റ്െബൽറ്റുണ്ടെങ്കിലും ആകെ  തകിടം മറിയുന്നു. താഴെനിന്ന് കാടിന്റെ മേലാപ്പ് കറങ്ങിത്തിരിഞ്ഞ് തന്നിലേക്കു വരുംപോലെ. ബോധം പോയി. തറയിൽ വന്നിടിച്ചത് അറിഞ്ഞില്ല. 91 പേർ മരിച്ചു. ജൂലിയാന മാത്രം രക്ഷപെട്ടു.

പിറ്റേന്നു രാവിലെ ഉണർന്നു. ‘‘ഹൊ, ഞാൻ വിമാനാപകടത്തിൽ നിന്നു രക്ഷ പെട്ടിരിക്കുന്നു.’’ അമ്മയെ വിളിച്ചു. കാടിന്റെ ഇരമ്പലല്ലാതെ ഒന്നും കേട്ടില്ല. പിന്നീട്. അന്വേഷണവിമാനങ്ങൾ ഇടതൂർന്ന കാടുകൾക്കു മീതേ പറക്കുന്നതു കേട്ടു.

ഒരു കുഞ്ഞരുവി കണ്ട്  അതിലൂടെ നടന്നു. അരുവികളുടെ ഒഴുക്കിനൊത്ത് താഴോട്ടു നടന്നാൽ മനുഷ്യവാസമുള്ളിടത്ത് എത്താം. ആഹാരം കൈയിലില്ല. പട്ടിണിയാകുമോ? ഇടയ്ക്കു മഴ. രാത്രിയിലെ തണുപ്പത്ത് കൈവശമുള്ള മിനിഡ്രസ്സ് മതിയായില്ല.  നാലാം ദിവസം കൂറ്റൻ കഴുകന്മാരുടെ ശബ്ദം. അപകടത്തിൽപ്പെട്ടവരുടെ ശവം ചീഞ്ഞിരിക്കും. 

പത്തു നാൾ പിന്നിട്ടു. നടക്കാൻ വിഷമം. പുറംലോകത്തിനു സമാന്തരമായി അവളുടെ  സ്വന്തം ലോകം. അതാ, വലിയൊരു വള്ളം. സ്വപ്നം കാണുകയാണോ? തൊട്ടുനോക്കി സ്പ്നമല്ലെന്നുറപ്പിച്ചു. 

അടുത്ത ദിവസം മനുഷ്യശബ്ദം കേട്ടു. മാലാഖമാരുടെ ശബ്ദത്തിന്റെ മാധുര്യം. അവരവളെക്കണ്ടു ഞെട്ടി. വെളുത്ത തൊലിയുള്ള ജലകന്യകയോ? അവൾ സ്പാനിഷിൽ കാര്യം പറഞ്ഞു ബോദ്ധ്യപ്പെടുത്തി. അവർ ആഹാരവും മരുന്നും  കൊടുത്തു. പിറ്റേന്ന് അവളുടെ അച്ഛനെ കണ്ടെത്തി ഏൽപ്പിച്ചു. അസാധാരണ സഹനശക്തി കാരണം ജീവൻ തിരിച്ചു കിട്ടിയ അവളുടെ സമീപനത്തിൽ വലിയ മാറ്റം വന്നു. ഇതിലും രൂക്ഷമായ അനുഭവങ്ങൾ മറ്റു പലർക്കുമുണ്ടായിട്ടുണ്ട്.

അമേരിക്കയിലെ നോർത്ത് കരോലിനയിലെ 64കാരനായ അമോസ് റിച്ചാർഡ്സ് 2011ൽ യൂട്ടാ മലമ്പ്രദേശത്ത് ഒറ്റയ്ക്കു വിനോദനടപ്പിനു പോയി. 70 അടി താഴ്ചയുള്ള മലയിടുക്കിൽ 60 അടിയോളം ഇറങ്ങിയപ്പോൾ വീണു. തലയിടിച്ചു. കാലിലെ എല്ലു പൊട്ടി. തീരെ നടക്കാനായില്ല. കൈയിൽ രണ്ടു കുപ്പി വെള്ളവും അല്പം ആഹാരവും മാത്രം. ഒരു സെക്കൻഡ് പോലും നിൽക്കാൻ വയ്യ. നാലു ദിവസത്തിലേറെ, രാപകൽ ഇഴഞ്ഞു നീങ്ങി. രാത്രിയിലെ കൊടിയ തണുപ്പ്, വിശപ്പ്, കാലിലെ വേദന, ഒരിക്കലും രക്ഷപെടില്ലെന്ന ഭീതി ഇവയെയെല്ലാം അതിജീവിച്ച് ഒടുവിൽ തിരച്ചിൽകാരുടെ ശ്രദ്ധയിൽപ്പെട്ടു. അദ്ഭുതകരമായി ജീവതത്തിലേക്കു മടങ്ങി.

ബെർലിൻ ഒളിമ്പിക്സിലെ 5000 മീറ്റർ ഓട്ടമത്സരത്തിൽ യൂഎസ് കുപ്പായമണിഞ്ഞ ലൂയി സംപെറിനി (1917–2014) രണ്ടാം ലോകയുദ്ധത്തിൽ വ്യോമസേനയിൽ ഓഫീസറായി. 1943 മെയ് 27ന് വിമാനം തകർന്ന് പസിഫിക് മഹാസമുദ്രത്തിൽ വീണു. ചെറു രക്ഷാബോട്ടിൽ 47 ദിവസം കടലിൽ കഴിഞ്ഞു. മഴവെള്ളം കുടിച്ചും മീൻപിടിച്ചു പച്ചയ്ക്കു തിന്നും ജീവൻ നിലനിർത്തി. സുദീർഘമായ ബോട്ടുയാത്രയ്ക്കൊടുവിൽ ഒഴുകിച്ചെന്നുപെട്ടത് ജപ്പാൻകാരുടെ നിയന്ത്രണത്തിലുള്ള മാർഷൽ ദ്വീപുകളിൽ. അവർ ‘ശത്രു’വിനെ പിടികൂടി മൃഗീയമായ ദണ്ഡനമുറകൾക്കു വിധേയനാക്കി. 1945ൽ യൂദ്ധം തീരുംവരെ കൊടുംക്രൂരത സഹിച്ചു കഴിയേണ്ടിവന്നു.

19 വയസ്സു മാത്രമുള്ള ജാമീ നീൽ എന്ന ബ്രിട്ടീഷുകാരൻ ഓസ്ട്രേലിയയിലെ ബ്ലൂ മൗണ്ടൻസിൽ ഒറ്റപ്പെട്ട് 12 ദിവസം കഴിഞ്ഞു. യാദൃച്ഛികമായെത്തിയ രണ്ടു സൈനികർ നീലിന്റെ വിളികേട്ട് രക്ഷപ്പെടുത്തി. സംഭവം 2009 ജൂലൈയിൽ.

1985ൽ ജോ സിംപ്സൻ എന്ന ബ്രിട്ടീഷ് പർവതാരോഹകൻ ആൻഡിസ് നിരയിലെ ഗ്രാൻഡെ മലയിൽവച്ച് കയറുപൊട്ടി വീണ് എല്ലൊടിഞ്ഞു. ആഹാരമോ വെള്ളമോ ഇല്ല. മൂന്നര ദിവസം പാറകളും ഗ്ലേസിയറും ഇഴഞ്ഞു  താണ്ടി രക്ഷപെട്ടു.

16 വയസ്സുകാരൻ ജിൻ ഏബ്, 80കാരി അമ്മൂമ്മ സുമി ഏബിനോടൊപ്പം 2011ലെ സുനാമിയിൽ തകർന്ന വീടിനടിയിൽപ്പെട്ടു. ഫ്രിജിലുണ്ടായിരുന്ന ആഹാരം കഴിച്ച്  ജീവൻ നില നിർത്തി. ഒൻപതു നാളിനു ശേഷം ഇരുവരെയും തിരച്ചിലുകാർ രക്ഷപ്പെടുത്തി.

1815ൽ ആഫ്രിക്കയുടെ മൊറോക്കൻ തീരത്ത് കപ്പൽച്ചേതം സംഭവിച്ച് ക്യാപ്റ്റൻ ജെയിംസ് റൈലിയെയും സംഘത്തെയും സഹാറ മരുഭൂമിയിലെ നാടോടികൾ പിടികൂടി. അടിമകളാക്കി നിരന്തരം മർദ്ദിച്ചു. വിശന്നു വലഞ്ഞ് ഒട്ടകമൂത്രം വരെ കുടിച്ചു. മോചനദ്രവ്യം വാഗ്ദാനം ചെയ്ത് ഒടുവിൽ രക്ഷപെട്ടു.

സ്വാതന്ത്ര്യസമരകാലത്ത് എൺപതിനായിരത്തോളം  രാഷ്ട്രീയത്തടവുകാരെ ബ്രിട്ടീഷുകാർ ആൻഡമാൻ ദ്വീപിലെത്തിച്ചു. അതിക്രൂരമർദ്ദനമുറകൾ, ശരീരത്തിൽ മെഡിക്കൽ പരീക്ഷണങ്ങൾ, പട്ടിണി, ചികിത്സ നല്കാതിരിക്കൽ മുതൽ തൂക്കിക്കൊല വരെ. എന്നിട്ടും  ഒടുവിൽ കുറെപ്പേർക്ക് സ്വാതന്ത്ര്യത്തിലേക്കു മടങ്ങിവരാൻ കഴിഞ്ഞു.

സ്വർഗംഗയെ ഭൂമിയിലെത്തിക്കാൻ ആയിരം വർഷത്തെ തപസ്സടക്കം നടത്തി വിജയിച്ച ഭഗീരഥൻ ക്ഷമയുടെയും സഹനശക്തിയുടെയും അനന്യനിദർശനമാണ്. നിസ്സഹായമായ ഒറ്റപ്പെടലും കൊടുംക്രൂരതകളും കഠിനപരീക്ഷണങ്ങളും സഹിച്ചതിനു ശേഷം സാധാരണജീവിതത്തിലേക്കു മടങ്ങുന്നവർ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിലയറിയും. ഇന്നലത്തെ കണ്ണീർ ഇന്ന് പൂന്തോട്ടം നനയ്ക്കുന്ന സാഹചര്യം അവരെ നന്മയുടെ പാതയിലെത്തിക്കും. കടുത്ത ജീവിതാനുഭവങ്ങളുള്ളവരുടെ കഥകളിൽ നിന്നു പഠിക്കാനേറെ. ആർത്തലച്ചു വന്ന് അതികഠിനമായി വീശിയടിക്കുന്ന കടൽത്തിരകൾ തീരത്തെ പാറകളെ മിനുക്കുകയായിരിക്കും ചെയ്യുക. വലിയ ചൂടും മർദ്ദവുമാണ് കരിയെ വജ്രമാക്കി മാറ്റുന്നത്. ‌ചേറിൽ ചെന്താമര വിരിയും. പരീക്ഷണങ്ങളെ  അതിജീവിക്കാതെ ഒരു മഹാമനുഷ്യനും ഉണ്ടായിട്ടില്ല. കഠിനസാഹചര്യങ്ങൾ ഉൾക്കരുത്തിനു ശക്തി പകരും. 

നിന്റെ കാൽ തല്ലിയൊടിക്കുമെന്നോ, ഞാൻ സുപ്രീംകോടതി വരെ പോയി നിന്നെ മുട്ടുകുത്തിക്കുമെന്നോ കോപിച്ച് ജല്പിക്കുന്നവരെ ഇത്തരം അനുഭവങ്ങൾ തീർത്തും മാറ്റിയെന്നു വരും. വെള്ളത്തിൽ ശ്വാസം മുട്ടിമരിക്കുമെന്ന മട്ടിലെത്തിയോ മറ്റോ മരണത്തെ മുഖാമുഖം കാണുക, മാറാരോഗം പിടികൂടിയെന്നു മനസ്സിലാക്കി ഞെട്ടുക തുടങ്ങിയവ മനുഷ്യരിൽ വിനയവും കാരുണ്യവും നല്ല ചിന്തകളും ഉണർത്തിയേക്കാം. പക്ഷേ ഇത്തരം അനുഭവങ്ങളില്ലാതെ തന്നെയാവും വിവേകശാലികളിൽ നല്ല ചിന്ത വളരുക

നെപ്പോളിയൻ പറഞ്ഞു, സൈനികനു വേണ്ട ഒന്നാമത്തെ ഗുണം സഹനശക്തിയാണ്. ധീരത രണ്ടാമത്തേതു മാത്രം. ശ്രീബുദ്ധൻ : ‘അതീവ ക്ലേശകരമാണ് സഹനശീലം. പക്ഷേ ആ ശീലമുള്ളയാൾക്കാണ് അന്തിമവിജയം.’  പൂമെത്തയിൽ കിടന്നുമാത്രം ജീവിതവിജയം കൈവരിക്കാനാവില്ല. ഷേക്സ്പിയർ മറ്റൊന്നു ചൂണ്ടിക്കാട്ടി : ‘There was never yet philosopher that could endure the toothache patiently.’ (Much Ado About Nothing – 5 : 1).

English Summary: Column By B.S. Warrier

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA