ADVERTISEMENT

ഈ കോളത്തിന്റെ വായനക്കാരിൽ വലിയൊരു വിഭാഗം യുവാക്കളാണെന്നാണ് പ്രതികരണത്തിൽനിന്നു മനസ്സിലാകാറുള്ളത്. ഒരു വ്യക്തിയുടെ ജീവിതം ഏതു ദിശയിലേക്കാവണമെന്നു തീരുമാനിക്കപ്പെടുന്ന പ്രായമാണിത്; ഒരു തീരുമാനമെടുക്കാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രായവും. എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാൻ ഒരുപാടു ഭയപ്പാടുകളും ആശയക്കുഴപ്പവുമൊക്കെ ഉണ്ടാകുന്നതും ഇതേ പ്രായത്തിൽത്തന്നെ. 

ഈ പ്രായം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആത്മവിശ്വാസത്തിന്റെ കുറവാണെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതു വിശദീകരിക്കാൻ എനിക്ക് എന്നെക്കുറിച്ചു പറയേണ്ടിവരുന്നത് സ്വയംപുകഴ്ത്തലായി കാണരുതേയെന്ന അഭ്യർഥനയോടെ ചില സ്വാനുഭവങ്ങൾ പങ്കുവയ്ക്കട്ടെ. 

മാജിക്കിന്റെ ഒരു പശ്ചാത്തലവുമില്ലാത്ത ഒരു വീട്ടിൽനിന്നാണ്, ബിരുദം കഴിഞ്ഞ ഉടനെ മാജിക് ഒരു തൊഴിലാക്കി ജീവിക്കാൻ ഞാൻ തീരുമാനിക്കുന്നത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ബാധ്യത ഒരുപാടു വരുന്ന ഒരു മേഖലയിലേക്കു വരാനാണു ഞാനന്നു മനസ്സിലുറപ്പിക്കുന്നത്. ഇതുകൊണ്ടു മാത്രം ജീവിതം തള്ളിനീക്കാനാവുമെന്ന് ഒരു ഉറപ്പുമില്ലായിരുന്നുതാനും. പക്ഷേ, ഉള്ളിലൊരു ദൃഢനിശ്ചയമുണ്ടായിരുന്നു. കെട്ടുപോകാതെ കരുതിയ ഒരു കനലുണ്ടായിരുന്നു. 

മഞ്ചേരി കോളജിൽ ഡിഗ്രി പഠനം കഴിഞ്ഞു പോകുന്ന ദിവസം സഹപാഠികൾക്കു നൽകാനായി ഞാനൊരു നോട്ടിസ് അച്ചടിച്ചിരുന്നു. എന്റെ ലക്ഷ്യം മാജിക് രംഗം മാത്രമാണെന്നും ഏതെങ്കിലും സഹപാഠികളുടെ നാട്ടിൽ ഒരവസരമുണ്ടെങ്കിൽ ദയവായി എന്നെ വിളിക്കണമെന്ന് അഭ്യർഥിക്കുന്നതുമായിരുന്നു ആ നോട്ടിസ്. 

ഞാൻ മാജിക്കിൽ മുഴുകാൻ തീരുമാനിച്ചു എന്നറിഞ്ഞപ്പോൾ, സ്വാഭാവികമായി വീട്ടിൽ പ്രശ്നങ്ങളുണ്ടായി. ബാംഗ്ലൂർ വിശ്വേശ്വരയ്യ കോളജിൽ നിയമപഠനത്തിന് അച്ഛൻ എന്നെ ചേർത്തു. കലാശിപാളയത്തെ ഒരു ലോഡ്ജിലായിരുന്നു എന്റെ താമസം. മദ്യവും ലഹരിമരുന്നും മദിരാക്ഷികളുമൊക്കെ യഥേഷ്ടമുള്ള ഒരു പ്രദേശം. പ്രലോഭനങ്ങൾക്ക് അടിമപ്പെടാമായിരുന്ന പ്രായം, സാഹചര്യം. 

വൈകാതെ എൽഎൽബി പഠനം ഉപേക്ഷിച്ചു ഞാൻ നാട്ടിലെത്തി. പഠനം നിർത്തി പോന്നവൻ തികച്ചും ഒറ്റപ്പെട്ടു. നാട്ടുകാരും വീട്ടുകാരുമൊക്കെ എന്റെ സ്വപ്നങ്ങൾക്ക് ഒരു ഭാവിയുമില്ലെന്നു പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ, മാജിക് ഷോയ്ക്കു വേദികൾ തേടി കേരളം മുഴുവൻ ഞാൻ അലഞ്ഞുനടന്നു. മുറിയെടുക്കാൻ പണമില്ലാതെ റെയിൽവേ സ്റ്റേഷനിലെയും ബസ് സ്റ്റാൻഡുകളിലെയും ബെഞ്ചുകളിൽ കിടന്നുറങ്ങി. ഫൈൻ ആർട്സ് സൊസൈറ്റികളുടെയും ക്ലബ്ബുകളുടെയും ഭാരവാഹികളെ തേടിനടന്നു. ചിലർ കനിഞ്ഞു, ചിലർ അവസരമില്ലെന്നു പറഞ്ഞു, ചിലർ കളിയാക്കി. പക്ഷേ, ഒരിക്കലും എനിക്കു നിരാശ തോന്നിയതേയില്ല. എന്തൊക്കെ എതിർപ്പുകളുണ്ടായിട്ടും ലക്ഷ്യം കൈവിട്ടില്ല. 

നിങ്ങൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന, ഇഷ്ടപ്പെടുന്ന മേഖലയിലേക്കുള്ള കൃത്യമായ ലക്ഷ്യവും അതിലേക്കുതന്നെ കുതിക്കാനുള്ള ദൃഢനിശ്ചയവുമാണു പ്രധാനമെന്നു ബോധ്യപ്പെടുത്താനാണ് ഞാൻ എന്റെ അനുഭവം ഇങ്ങനെ വിശദീകരിച്ചത്. എന്തൊക്കെ പ്രലോഭനങ്ങളുണ്ടായാലും ലക്ഷ്യത്തിൽനിന്നു വഴിമാറാത്ത മനസ്സാണു വേണ്ടത്. ആ വഴിയിൽ ഏതുതരം പ്രലോഭനങ്ങൾ വന്നാലും അടിമപ്പെടില്ലെന്നു തീരുമാനിക്കുന്നതാണു രണ്ടാമത്തെ പ്രധാന ഘട്ടം.

ലക്ഷ്യത്തിലേക്കെത്തണമെങ്കിൽ കഠിനാധ്വാനം മാത്രമാണു വഴിയെന്ന മൂന്നാമത്തെ പ്രധാനപ്പെട്ട കാര്യവും മറക്കാതിരിക്കുക. അവഗണനയും നിഷേധങ്ങളുമൊക്കെ അനുഭവിക്കേണ്ടിവരും. പക്ഷേ, തളരാതെ മുന്നേറിക്കഴിഞ്ഞാൽ ലക്ഷ്യത്തിലെത്തുകതന്നെ ചെയ്യും. Never, Never, Never Give up! 

English Summary: Aim: Magic Lamp Podcast By Gopinath Muthukad

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com