ഒഴിവുകൾ പൂഴ്ത്തിവയ്ക്കുന്നു; സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് നിയമനം വെറും 11%

study
Photo Credit : Intellistudies/ Shutterstock.com
SHARE

സെക്രട്ടേറിയറ്റ്/ പിഎസ്‌സി/ ലോക്കൽ ഫണ്ട് ഒാഡിറ്റ് തുടങ്ങിയവയിൽ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനത്തിൽ വൻ കുറവ്. കഴിഞ്ഞ വർഷം ഏപ്രിൽ 9നു നിലവിൽ വന്ന റാങ്ക് ലിസ്റ്റ് പകുതി കാലാവധി പിന്നിടുമ്പോൾ ഇതുവരെ നടന്നത് 11% നിയമനം മാത്രം. മെയിൻ ലിസ്റ്റിൽ 1006, സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ 517, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ലിസ്റ്റിൽ 85 എന്നിങ്ങനെ 1608 പേരാണ് റാങ്ക് ലിസ്റ്റിലുള്ളത്. ഇതിൽ 201 പേർക്ക് മാത്രമേ ഇതുവരെ നിയമന ശുപാർശ നൽകിയിട്ടുള്ളൂ. ആകെ നിയമന ശുപാർശയിൽ നിന്ന് 16 എൻജെഡി, 4 തസ്തികമാറ്റ നിയമനം എന്നിവ കുറച്ചാൽ ‌റാങ്ക് ലിസ്റ്റിൽ നിന്ന്  ഇതുവരെ നിയമനം ലഭിച്ചത് 181 പേർക്ക്. 2022 ഏപ്രിൽ 8നാണ് ഈ റാങ്ക് ലിസ്റ്റ് അവസാനിക്കുക. ഈ രീതിയിലാണ്  നിയമനം നടക്കുന്നതെങ്കിൽ 500 പേർക്കുപോലും ഈ ലിസ്റ്റിൽ നിന്നു നിയമനം ലഭിക്കില്ല. 

ഒഴിവുകളെവിടെ?

നിലവിലുള്ള ഒഴിവുകളുടെ പൂഴ്ത്തിവയ്പ്പാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നേരിടുന്ന പ്രധാന വെല്ലുവിളി. പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാവുന്നതായ ഒഴിവുകൾപോലും മുക്കുന്നതായി ഉദ്യോഗാർഥികൾ ആരോപിക്കുന്നു. മുൻപ് വിരമിക്കൽ ഒഴിവുകളിൽ സ്ഥാനക്കയറ്റം നൽകിയ ശേഷം താഴെത്തട്ടിൽ ഉണ്ടാകുന്ന അസിസ്റ്റന്റ് ഒഴിവുകൾ കൃത്യമായി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുമായിരുന്നു. എന്നാൽ അടുത്തസമയത്തായി വിരമിക്കലിന് ആനുപാതികമായ ഒഴിവുകളുടെ ഒരു വിഹിതം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്ത് ജോലി അവസാനിപ്പിക്കുകയാണ് സെക്രട്ടേറിയറ്റിലെ സർവീസസ് വിഭാഗം ചെയ്യുന്നത്. ഇതിനു ശേഷമുണ്ടാകുന്ന ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. നിശ്ചിത കാലത്തിലധികമുണ്ടാകുന്ന ലീവ്, ഡപ്യൂട്ടേഷൻ, പ്രമോഷൻ, മരണം, രാജി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒഴിവുകളിൽ ഭൂരിഭാഗവും പൂഴ്ത്തുകയാണ്. പൊതുഭരണ വകുപ്പിൽ വിരമിക്കലിന് ആനുപാതികമായി സ്ഥാനക്കയറ്റം നടക്കാറില്ലെന്നും ഇക്കാരണത്താലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കഴിയാത്തതെന്നും ജീവനക്കാർതന്നെ ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് തടസ്സമുണ്ടെങ്കിലും വിരമിക്കലുൾപ്പെടെയുള്ള കാരണങ്ങളാൽ ഉണ്ടാകുന്ന ഒഴിവുകൾപോലും കൃത്യമായി  റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് ന്യായീകരിക്കാനാവില്ല.

സെക്രട്ടേറിയറ്റിനു പുറമെ,  പിഎസ്‌സി, ലോക്കൽ ഫണ്ട് ഒാഡിറ്റ് ഡിപ്പാർട്മെന്റ്, അഡ്വക്കറ്റ് ജനറലിന്റെ ഒാഫിസ്, വിജിലൻസ് ട്രൈബ്യൂണൽ, സ്പെഷൽ ജഡ്ജ് ആൻഡ് എൻക്വയറി കമ്മിഷണർ ഒാഫിസ് തുടങ്ങിയവയിലേക്കും സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്തുന്നുണ്ട്. സെക്രട്ടേറിയറ്റിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലുണ്ടാകുന്ന  കുറവ് ഈ വകുപ്പുകളിലും പ്രതിഫലിക്കുന്നു‌. മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് ഒഴിവുകൾ മാത്രമേ ഈ വകുപ്പുകളിൽ നിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.  

നിലവിലുള്ളതുൾപ്പെടെ 4 സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റുകളിലെ നിയമന ശുപാർശാ താരതമ്യം

നിലവിലുള്ള ലിസ്റ്റിലെ നിയമന ശുപാർശ- നിയമന ശുപാർശ (2016) -നിയമന ശുപാർശ (2013)-നിയമന ശുപാർശ (2010) 

201-614-606-1080

ചട്ടമില്ലാത്ത ആശ്രിത നിയമനം

നിശ്ചിത ശതമാനത്തിലധികം ഒഴിവുകൾ ആശ്രിത നിയമനത്തിനായി നീക്കിവയ്ക്കുന്നതും ഈ ലിസ്റ്റിലെ നിയമനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഒരു വർഷം ഉണ്ടാകുന്ന ഒഴിവുകളുടെ 5% മാത്രമേ ആശ്രിത നിയമനത്തിനായി നീക്കിവയ്ക്കാൻ പാടുള്ളൂ എന്നതാണ് ചട്ടം. എന്നാൽ സെക്രട്ടേറിയറ്റിൽ  പലപ്പോഴും ആശ്രിത നിയമനം നടത്തിയതിനു ശേഷം ബാക്കിയാകുന്ന ഒഴിവുകൾ മാത്രമാണ് പിഎസ്‌സിയെ അറിയിക്കാറുള്ളത്. 

നടക്കുന്ന ആശ്രിത നിയമനത്തിലാകട്ടെ ഭൂരിഭാഗവും  സെക്രട്ടേറിയറ്റിനു പുറത്തുള്ള വിവിധ വകുപ്പുകളിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്കു വേണ്ടിയാണ്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിൽ തന്നെയാണ് ഈ നിയമനങ്ങളെല്ലാം രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങി നടത്തുന്ന ഇത്തരം നിയമനങ്ങൾ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു കനത്ത തിരിച്ചടിയാണ്. സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്നവരുടെ ആശ്രിതർക്കു മാത്രം ഇവിടെ ജോലി നൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

വർക് സ്റ്റഡി റിപ്പോർട്ടിൽ പ്രതീക്ഷ

പൊതുഭരണ സെക്രട്ടേറിയറ്റിലെ ഒാരോ വകുപ്പിലെയും ജോലിഭാരം ശാസ്ത്രീയമായി വിശകലനം ചെയ്തു ക്രമീകരിക്കുന്നതിന് പരിശോധന നടത്തി ശുപാർശ സമർപ്പിക്കാൻ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. വകുപ്പ് ഇതിനായി സമിതിയെ നിയോഗിച്ച് ശാസ്ത്രീയമായ രീതിയിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഇതനുസിച്ച് അസിസ്റ്റന്റ് വിഭാഗത്തിലെ അംഗീകരിക്കപ്പെട്ട തസ്തികകളുടെ എണ്ണം 1121 ആണ്. നിലവിൽ സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എണ്ണം അസിസ്റ്റന്റ് ട്രെയിനിമാർ ഉൾപ്പെടെ 1002 മാത്രം. ഈ റിപ്പോർട്ടിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പൊതുഭരണ സെക്രട്ടേറിയറ്റിൽ അസിസ്റ്റന്റ് ട്രെയിനിമാർ ഉൾപ്പെടെ 1046 തസ്തികകൾ ആവശ്യമാണെന്ന് സൂചിപ്പിക്കുന്നു. ഇതുകൂടാതെ 7 സൂപ്പർന്യൂമററി അസിസ്റ്റന്റ് തസ്തികകളും നിലനിർത്തേണ്ടതാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 44 അസിസ്റ്റന്റ് തസ്തിക ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. ഈ ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ അധികൃതർ തയാറായാൽ 44 പേർക്കുകൂടി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്ന് ഉടൻ നിയമനം ലഭിക്കും. 

മൂന്നു മാസമായി അനക്കമില്ല

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്ന് അവസാനമായി നിയമന ശുപാർശ നടന്നത് ജൂൺ 5ന്. ഒരു എൻജെഡി ഉൾപ്പെടെ 37 ഒഴിവുകളിലേക്കാണ് അന്ന് നിയമന ശുപാർശ നടന്നത്. ഇപ്പോൾ മൂന്നു മാസം പിന്നിട്ടിട്ടും ഒരാൾക്കുപോലും നിയമന ശുപാർശ നൽകാൻ കഴിഞ്ഞിട്ടില്ല.  ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 614 പേർക്കും 2013 ലെ റാങ്ക് ലിസ്റ്റിൽ നിന്ന് 606 പേർക്കും 2010ലെ ലിസ്റ്റിൽ നിന്ന് 1080 പേർക്കും നിയമന ശുപാർശ ലഭിച്ചിരുന്നു. ഒാരോ വർഷവും ഈ തസ്തികയുടെ ഒഴിവുകൾ വൻതോതിൽ കുറയുന്നതായി  മുൻ ലിസ്റ്റുകളിലെ നിയമനവും ഇപ്പോഴത്തെ നിയമന ശുപാർശയും താരതമ്യപ്പെടുത്തിയാൽ മനസിലാകും.

ഒാപ്പൺ മെറിറ്റിൽ 152–ാം റാങ്ക് വരെയുള്ളവർ മാത്രമാണ് നിലവിലുള്ള സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമന ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നത്. ലിസ്റ്റിലെ സംവരണ വിഭാഗങ്ങളിൽ പെട്ടവരുടെ നിയമന വിവരങ്ങൾ ഇനി പറയുന്നു. ഈഴവ– 160 വരെ, എസ്‌സി– സപ്ലിമെന്ററി 4 വരെ, എസ്ടി– സപ്ലിമെന്ററി 4 വരെ, മുസ്ലിം– 237 വരെ, ലത്തീൻ കത്തോലിക്കർ– 256 വരെ, ഒബിസി– 167 വരെ, വിശ്വകർമ– 191 വരെ, എസ്ഐയുസി നാടാർ– 163 വരെ, എസ്‌സിസിസി– 910 വരെ, ധീവര– 286 വരെ. ഭിന്നശേഷിയുള്ളവർ: ബ്ലൈൻഡ്– 2 വരെ, ഡഫ്– 3 വരെ, ഒാർത്തോ– 2 വരെ. ഹിന്ദു നാടാർ വിഭാഗത്തിൽ ഒാപ്പൺ മെറിറ്റിനുള്ളിലുള്ളവരേ നിയമന ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളൂ. 

ഒഴിവു വിഴുങ്ങുന്ന കൺസൽറ്റൻസികൾ 

എന്തിനും ഏതിനും കൺസൽറ്റൻസികൾ രൂപീകരിച്ച് നിയമനം നടത്തുന്നതാണ് സംസ്ഥാനത്ത് അടുത്ത സമയത്തായി കണ്ടുവരുന്നത്. ഭൂരിഭാഗം കൺസൽറ്റൻസികളിലും  നിശ്ചിത യോഗ്യതയില്ലാത്തവരെയാണ് നിയമിച്ചിരിക്കുന്നത്. നഷ്ടമാകുന്നതിലധികവും സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളും.  ചെറുതും വലുതുമായ പല പദ്ധതികളും കൺസൽറ്റൻസിയെ ഏൽപ്പിക്കുകയാണ് വകുപ്പ് മേധാവികൾ. സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് കാര്യക്ഷമതയില്ലെന്നും അതിനാൽ കൺസൽറ്റൻസി ജീവനക്കാരുടെ സേവനം ആവശ്യമാണെന്നുമുള്ള കുറിപ്പെഴുതിയ സെക്രട്ടറിമാരുമുണ്ട്. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സേവനം അത്യാവശ്യമായ ഇടങ്ങളിൽപോലും കൺസൽറ്റൻസി ഭരണമാണ്. ഈ വകയിൽ കോടിക്കണക്കിനു രൂപയാണ്  സർക്കാർ ധൂർത്തടിക്കുന്നത്. 

റാങ്ക് ലിസ്റ്റിൽ 1608 േപർ

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയ്ക്ക് 09–04–2019ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ 1608 പേരെയാണ് പിഎസ്‌സി ഉൾപ്പെടുത്തിയത്. മെയിൻ ലിസ്റ്റിൽ മാത്രം 1006 പേരുണ്ട്. സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ 517 പേരും ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ലിസ്റ്റിൽ 85 പേരുമുണ്ട്. സപ്ലിമെന്ററി ലിസ്റ്റുകളിൽ  ഇതുവരെ നിയമന ശുപാർശ ലഭിച്ചത് 8 പേർക്ക് മാത്രം. എസ്‌സി, എസ്ടി എന്നിവയൊഴികെയുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ നിന്ന് ആരെയും നിയമിച്ചിട്ടില്ല. വിവിധ സംവരണ വിഭാഗങ്ങളുടെ സപ്ലിമെന്ററി ലിസ്റ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നവരുടെ എണ്ണം ഇനി പറയുന്നു. ഈഴവ– 141, എസ്‌സി– 84, എസ്ടി– 21, മുസ്ലിം– 128, ലത്തീൻ കത്തോലിക്കർ– 42, ഒബിസി– 29, വിശ്വകർമ– 30, എസ്ഐയുസി നാടാർ– 11, എസ്‌സിസിസി– 11, ധീവര– 10, ഹിന്ദു നാടാർ– 10. ഭിന്നശേഷിയുള്ളവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയവരുടെ എണ്ണം: ബ്ലൈൻഡ്– 28, ഡഫ്– 27, ഒാർത്തോ– 30. 

English Summary: Kerala PSC Secretariat Assistant Appointment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA