ADVERTISEMENT

വനിതാ ഓഫിസർമാർക്കു യുദ്ധക്കപ്പലുകളിലേക്കു വാതിൽ തുറന്ന് നാവികസേന. സബ് ലഫ്റ്റനന്റുമാരായ റിഥി സിങ്, കുമുദിനി ത്യാഗി എന്നിവരാണു ദക്ഷിണ നാവിക കമാൻഡിൽ നിന്ന് 9 മാസത്തെ ഒബ്സർവർ കോഴ്സ് ഇന്നലെ പൂർത്തിയാക്കി, യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്ററുകൾ പറത്താൻ നിയോഗിക്കപ്പെട്ടത്. ഇന്ത്യൻ നാവികസേനയിൽ ഇതാദ്യമായാണു വനിതാ ഓഫിസർമാർ യുദ്ധക്കപ്പലുകളിലേക്കു നിയോഗിക്കപ്പെടുന്നത്. 

ഇവർക്കൊപ്പം ഒബ്സർവർ പരിശീലനം പൂർത്തിയാക്കിയ മലയളിയായ ക്രീഷ്മ, അഫ്നാൻ ഷെയ്ഖ് എന്നിവർ നാവികസേനയിലെ നിരീക്ഷണ വിമാനങ്ങൾ പറത്താൻ നിയോഗിക്കപ്പെട്ടു. 

 

കുമുദിനിയും റിഥിയും പടക്കപ്പലുകളിൽ നിന്ന് ഹെലികോപ്റ്ററുകൾ പറത്താൻ നിയോഗിക്കപ്പെടുമ്പോൾ മറ്റു രണ്ടു പേർ കരയിൽ നിന്നു കടലിൽ പോയി നിരീക്ഷണം നടത്താനുള്ള വിമാനങ്ങളിലാണു നിയോഗിക്കപ്പെടുകയെന്നു ഡിഫൻസ് പിആർഒ ക്യാപ്റ്റൻ ശ്രീധർ വാരിയർ പറഞ്ഞു. 

 

2018ൽ നാവിക സേനയിൽ ചേർന്ന കുമുദിനിയും റിഥിയും ഏഴിമല നാവിക അക്കാദമിയിൽ ഒരു വർഷത്തെ പരിശീലനത്തിനു ശേഷമാണ് കൊച്ചിയിലെത്തിയത്. 60 മണിക്കൂർ പറക്കൽ പരിശീലനം ഇരുവരും പൂർത്തിയാക്കി. ഇരുവരും കംപ്യൂട്ടർ സയൻസ് ബിടെക്കുകാരാണ്. 

 

ഹൈദരാബാദ് സ്വദേശിയായ റിഥി സിങ്ങിന്റെ പിതാവ് നാവികസേനയിൽ ഉദ്യോഗസ്ഥനാണ്. മുത്തച്ഛൻ കരസേനയിൽ നിന്നു വിരമിച്ചയാളാണ്. കുടുംബത്തിലെ സൈനിക പശ്ചാത്തവും നാവികസേനയിലെ അവസരങ്ങളും പറക്കാനുള്ള ആഗ്രഹവുമൊക്കെയാണു നാവികസേനയിൽ ചേരുന്നതിനു പ്രേരണയായതെന്നു റിഥി പറഞ്ഞു.  

 

യുപി ഘാസിയാബാദ്സ്വദേശിയായ കുമുദിനി ത്യാഗിക്ക്, 2015 മാർച്ച് 24ന് വിമാനാപകടത്തിൽ കൊല്ലപ്പെട്ട ലഫ്. കിരൺ ഷെഖാവത്താണു നാവികസേനയിൽ ചേരാൻ പ്രേരണയായയത്. ഗോവ തീരത്ത്, നാവികസേനയുടെ ഡോണിയർ വിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തിലാണു കിരൺ ഷെഖാവത് കൊല്ലപ്പെട്ടത്. ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുന്ന, നാവികസേനയിലെ ആദ്യ വനിതാ ഓഫിസറാണു കിരൺ ഷെഖാവത്. നാവികസേനയ്ക്കു കരയിലും കടലിലും ആകാശത്തുമൊക്കെ അവസരങ്ങളുണ്ടെന്നതു പ്രോത്സാഹനം നൽകുന്നതായി കുമുദിനി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com