സിവിൽ എക്സൈസ് ഒാഫിസർ: റാങ്ക് ലിസ്റ്റിലുള്ളവരെ പറ്റിച്ച് പിഎസ്‌സിയും സർക്കാരും

HIGHLIGHTS
  • കാലാവധി ഒരു വർഷമായി കുറച്ചപ്പോൾ അർഹതപ്പെട്ട നൂറു കണക്കിന് ഒഴിവുകളാണ് നഷ്ടമായത്
psc-exam-image
SHARE

സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ പറ്റിച്ച് പിഎസ്‌സിയും സർക്കാരും.  മൂന്നു വർഷം ലഭിച്ചിരുന്ന ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമായി കുറച്ചപ്പോൾ അർഹതപ്പെട്ട നൂറു കണക്കിന് ഒഴിവുകളാണ്  ഉദ്യോഗാർഥികൾക്ക് നഷ്ടമായത്. തിരുവനന്തപുരം ജില്ലയിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഒരു ഉദ്യോഗാർഥിയുടെ ആത്മഹത്യയിൽ വരെയെത്തിയ വിവാദങ്ങൾക്കു ശേഷവും ഇക്കാര്യത്തിൽ ഒരു പുനർവിചിന്തനത്തിന് ബന്ധപ്പെട്ടവർ തയാറായിട്ടില്ല. സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ നിന്നു നടക്കുന്നതുപോലെ നിയമനങ്ങൾ സിവിൽ എക്സൈസ് ഒാഫിസർ ലിസ്റ്റിൽ നിന്നു നടക്കില്ല. ഈ സാഹചര്യത്തിൽ ഇനി വരാൻ പോകുന്ന റാങ്ക് ലിസ്റ്റിനെങ്കിലും മൂന്നു വർഷത്തെ കാലാവധി ഉറപ്പാക്കാൻ സർക്കാർ ശ്രദ്ധിക്കണം. ഇതിന് ആവശ്യമായ ചട്ടഭേദഗതികൾ വരുത്തിയ ശേഷമേ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പാടുള്ളൂ. 

നീട്ടിയ കാലാവധിയിൽ 31 ഒഴിവ്
കോവിഡ്– 19 പശ്ചാത്തലത്തിൽ   സർക്കാർ മൂന്നു മാസം കാലാവധി നീട്ടി നൽകിയ റാങ്ക് ലിസ്റ്റുകളുടെ കൂട്ടത്തിൽപ്പെട്ടതായിരുന്നു സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റുകളും.  ഏപ്രിൽ 7ന് അവസാനിക്കേണ്ടിയിരുന്ന ലിസ്റ്റുകൾക്ക് അങ്ങനെ ജൂൺ 19 വരെ സമയം കിട്ടി. എന്നാൽ നീട്ടിയ കാലാവധിയിൽ ലഭിച്ചതാകട്ടെ 31 ഒഴിവുകൾ മാത്രം. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 8 ജില്ലകളിൽ മാത്രമാണ് ഈ സമയത്ത് ഒഴിവ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.  സ്വാഭാവിക കാലാവധി അവസാനിച്ച ശേഷം 43 പേർക്ക് ഈ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമന ശുപാർശ ലഭിച്ചിരുന്നു. എന്നാൽ ഇതിൽ 12 ഒഴിവുകൾ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപേ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തവയായിരുന്നു. 

യഥാർഥ നിയമനം 292
സിവിൽ എക്സൈസ് ഒാഫിസർ തസ്തികയ്ക്ക് 14 ജില്ലകളിലുമായി നിലവിലുണ്ടായിരുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്ന് 9% പേർക്കു മാത്രമേ നിയമനം ലഭിച്ചിട്ടുള്ളൂ. എല്ലാ ജില്ലകളിലുമായി 3205 പേരെയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ 452 പേർക്ക് നിയമന ശുപാർശ ലഭിച്ചു. ആകെ നിയമന ശുപാർശയിൽ 160ഉം എൻജെഡി ഒഴിവാണ്. ഇതു കുറച്ചാൽ യഥാർഥ നിയമനം 292 മാത്രം. തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് അൻപതിലധികം പേർക്ക് നിയമന ശുപാർശ ലഭിച്ചത്. ബാക്കി ജില്ലകളിലെ കാര്യം ഇതിലും പരിതാപകരമാണ്.  ഈ തസ്തികയുടെ മുൻ ലിസ്റ്റിൽ നിന്ന് 1293 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. 

നിലവിൽ 304 ഒഴിവ്
സിവിൽ എക്സൈസ് ഒാഫിസർമാരുടെ 304 ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ താൽക്കാലികമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഈ ഒഴിവുകളിൽ കോടതിയുടെ അന്തിമ വിധി വന്നതിനു ശേഷമേ നിയമന ശുപാർശ നടത്താൻ കഴിയൂ. വകുപ്പിൽ സ്ഥാനക്കയറ്റം തടസ്സപ്പെട്ടതിനാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നു ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ നൽകിയ കേസിലാണ് വിധി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്– 73. ഏറ്റവും കുറവ് ഒഴിവ് കോട്ടയം ജില്ലയിൽ– 35. മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളുടെ എണ്ണം ഇനി പറയുന്നു. കൊല്ലം– 45, എറണാകുളം– 63, മലപ്പുറം– 36, കണ്ണൂർ– 52.  

വേണം, മൂന്നു വർഷം കാലാവധി
സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റുകൾക്ക് മൂന്നു വർഷത്തെ കാലാവധി വേണമെന്ന ആവശ്യം ശക്തമാകുന്നു. ഈ തസ്തികയെ ട്രെയിനി കാറ്റഗറിയിലേക്ക് മാറ്റിയ സാഹചര്യത്തിൽ 2016 മുതലാണ് ഈ ലിസ്റ്റിന്റെ കാലാവധി ഒരു വർഷമാക്കി കുറച്ചത്.  എന്നാൽ ഇത് പ്രായോഗികമല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ നിന്ന് ഒരു വർഷ കാലാവധിക്കുള്ളിൽ 5601 പേർക്ക് നിയമന ശുപാർശ ലഭിച്ചപ്പോൾ സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ നിന്നു നടന്നത് വെറും 409 നിയമനം. ലിസ്റ്റിന്  രണ്ടര മാസം കാലാവധി നീട്ടി നൽകിയപ്പോൾ 43 പേർക്കു കൂടി നിയമന ശുപാർശ ലഭിച്ചതു കൊണ്ട് ആകെ നിയമന ശുപാർശ 452 ആയി. ഒരു കോടിയിലധികം രൂപ ചെലവാക്കിയാണ് ഈ തസ്തികയുടെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. 

സേനാ വിഭാഗങ്ങളുടെ തസ്തികകളിൽ വാർഷിക തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമായി നിജപ്പെടുത്തണമെന്ന ആശയം ഉദിച്ചത്. എന്നാൽ വാർഷിക തിരഞ്ഞെടുപ്പ് നടത്താൻ പിഎസ്‌സിക്ക് കഴിയാതെ പോകുന്ന സാഹചര്യത്തിൽ റാങ്ക് ലിസ്റ്റുകൾക്ക് മൂന്നു വർഷത്തെ കാലാവധി വേണമെന്ന ചർച്ചകൾ  സജീവമാകുകയാണ്. സർക്കാർ ഇക്കാര്യം ഗൗരവപൂർവം പരിഗണിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. 

English Summary: Kerala PSC Civil Excise Officer Appointment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA