വാഹനങ്ങളുടെ ഇളകിയ പെയിന്റ് തനിയെ കൂടിച്ചേരുമോ? സൂപ്പറാണ് സാധ്യതകൾ

HIGHLIGHTS
  • അതിരുകൾക്കപ്പുറത്തേക്ക് എന്നാണ് 'സുപ്രാ' എന്ന വാക്കിന്റെ അർഥം
scratch-on-car
Photo Credit : shutterstock.com/PixieMe
SHARE

വാഹനം എവിടെയെങ്കിലും ഉരസി പെയിന്റ് ഇളകുന്നത് ഉടമകളുടെ പേടിസ്വപ്നമാണ്. അങ്ങനെ ഇളകുന്ന പെയിന്റ് തനിയെ കൂടിച്ചേർന്നാലോ.. സുപ്രാമോളിക്യുലർ പോളിമറുകളുടെ പ്രത്യേകതയാണിത്. ദൈനംദിന ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താൻ പോകുന്ന, കെമിസ്ട്രിയിലെ ഈ പുതുശാഖയെക്കുറിച്ചുള്ള പഠനമാണ് എറണാകുളം എടക്കാട്ടുവയൽ സ്വദേശി ഡോ. സുബി ജേക്കബ് ജോർജിനെ സിഎസ്ഐആറിന്റെ ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരത്തിന് അർഹനാക്കിയത്. പോളിമർ സയൻസിന്റെ നൂറാം വാർഷികമായ 2020ൽ തന്നെ പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് ഡോ. സുബി.

അതിരുകൾക്കപ്പുറം

അതിരുകൾക്കപ്പുറത്തേക്ക് എന്നാണ് ‘സുപ്രാ’ എന്ന വാക്കിന്റെ അർഥം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പോളിമറുകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഉയർന്ന സ്ഥിരതയുള്ള സാധാരണ പോളിമറുകൾ ദീർഘകാലം ദ്രവിക്കാതെ നിലനിൽക്കും. ഈ ഗുണം മൂലമാണ് പ്ലാസ്റ്റിക് ദ്രവിക്കാതെ മാലിന്യമായി അടിഞ്ഞുകൂടുന്നത്. എന്നാൽ, സുപ്രാമോളിക്യുലർ പോളിമറുകൾ ഇതിനൊരു പരിഹാരമാണ്. 

തന്മാത്രകൾ തമ്മിൽ ദുർബലമായ, നോൺ കോവാലന്റ് ബോണ്ടുകളായതിനാൽ സവിശേഷമായ ഗുണങ്ങളാണ് സുപ്രാമോളിക്യുലാർ പോളിമറുകൾ കാണിക്കുന്നത്. സാഹചര്യങ്ങൾക്കനുസരിച്ചു പ്രതികരിക്കും. അതുകൊണ്ടുതന്നെ ബയോമെഡിസിൻ, ഇലക്ട്രോണിക്സ്, സെൽഫ് ഹീലിങ് വസ്തുക്കൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ ഇവ ഉപയോഗിക്കപ്പെടുന്നു.

ട്രാൻസിയന്റ് മെറ്റീരിയൽസ്

ജന്തുകോശത്തിലെ ഘടകങ്ങളുടെ തരത്തിലുള്ള സുപ്രാമോളിക്യൂലർ അസംബ്ലികൾ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണങ്ങളുടെ ഫലമായി, ആക്ടിൻ പോലെയുള്ള മോട്ടർ പ്രോട്ടീനുകളുടെ പ്രവർത്തനത്തെ അതേപടി അനുകരിക്കുന്ന വസ്തുക്കൾ വികസിപ്പിച്ചെടുക്കാൻ സുബിയുടെ ടീമിനു സാധിച്ചിട്ടുണ്ട്. ‘ട്രാൻസിയന്റ് മെറ്റീരിയൽസ്' എന്ന് വിളിക്കപ്പെടുന്ന ഇവ, ഒരു നിശ്ചിതസമയം വരെ മാത്രമേ നിലനിൽക്കാവൂ എന്നു മുൻകൂട്ടി തീരുമാനിക്കാനാകും. സെൻസിങ്, സെക്യൂരിറ്റി, ഡ്രഗ് ഡെലിവറി തുടങ്ങിയ മേഖലകളിൽ ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്.

ജീവിതത്തിന്റെ കെമിസ്ട്രി

ബെംഗളൂരു ജവാഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിൽ ന്യൂ കെമിസ്ട്രി വിഭാഗം പ്രഫസറും അസോഷ്യേറ്റ് ചെയർമാനുമാണ് സുബി. എറണാകുളം മഹാരാജാസ് കോളജിൽനിന്നു ബിരുദവും എംജി സർവകലാശാലയിൽനിന്ന് ഓർഗാനിക് കെമിസ്ട്രിയിൽ പിജിയും തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽനിന്നു (നിസ്റ്റ്) പിഎച്ച്ഡിയും നേടി. നെതർലൻഡ്സിലെ ഐന്തോവൻ സർവകലാശാലയിൽ സുപ്രാമോളിക്യൂലർ കെമിസ്ട്രിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം പൂർത്തിയാക്കി. ട്വിൻടു രാജാണ് ഭാര്യ. മകൾ റോസിൻ.

subi
ഡോ.സുബി ജേക്കബ് ജോർജ്

കെമിസ്ട്രി ആസ്വദിച്ചു പഠിക്കേണ്ട, രസകരമായ വിഷയമാണ്. മനഃപാഠമാക്കി പഠിക്കേണ്ടതല്ല. ഓർഗാനിക്, ഇനോർഗാനിക്, ഫിസിക്കൽ എന്നിങ്ങനെയുള്ള അതിരുകളൊന്നും ഇപ്പോഴില്ല. മറ്റു ശാഖകളോടു ചേർന്നുള്ള ഗവേഷണങ്ങളാണ് ഫലം കാണുന്നത്.

ഡോ.സുബി ജേക്കബ് ജോർജ്

English Summary: Career Scope of Supramolecular Polymer

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA