ADVERTISEMENT

പ്രശസ്ത ചരിത്രനോവലിസ്റ്റ് റ്റെസാ ഡെയർ ആരും ചോദിക്കാത്ത ചോദ്യം ചോദിച്ചു : ‘ഓരോ വ്യക്തിത്വത്തിനും യോജിച്ച മുഖച്ഛായ എന്തുകൊണ്ട് ഈശ്വരൻ വേണ്ടവിധം വീതിച്ചു നല്കിയില്ല? ഭീകരനെ കണ്ടാൽ ഭീകരനാണെന്ന് തോന്നണം.’

 

വ്യക്തിത്വത്തിന്റെ ആദ്യലക്ഷണമാണ് മുഖവും മുഖഭാവവും എന്നതു മനസ്സിലുള്ളതുകൊണ്ടാവണം അവരങ്ങനെ ചോദിച്ചത്. മുഖം മനസ്സിന്റെ കണ്ണാടിയെന്ന മൊഴിയുണ്ടെന്നതു ശരി. പക്ഷേ, മുഖവും സ്വഭാവവും തമ്മിൽ ബന്ധമില്ലെന്നതിന് ഉദാഹരണവും നമ്മുടെ പഴമക്കാർ പറഞ്ഞിട്ടുണ്ട് :

 

മുഖം പദ്മദളാകാരം

വചശ്ചന്ദനശീതളം

ഹൃദയം വഹ്നിസന്തപ്തം

ത്രിവിധം ദുഷ്ടലക്ഷണം

താമരയെ ഓർപ്പിക്കുന്ന മുഖം, ചന്ദനത്തിന്റെ തണുപ്പുള്ള വാക്ക്, തീ പോലെ ചുട്ടുപഴുത്ത ഹൃദയം എന്നിങ്ങനെ ദുഷ്ടരുടെ ലക്ഷണങ്ങൾ മൂന്നു വിധം.

 

വ്യക്തിത്വത്തെ സൂചിപ്പിക്കുന്ന പേർസനാലിറ്റി എന്ന പദത്തിന്റെ ഉല്പത്തി രസകരമാണ്. വിശേഷിച്ചും ഈ കൊറോണക്കാലത്ത്. വീരവും ഹാസ്യവും ശാന്തവും മറ്റും നാടകത്തിൽ സൂചിപ്പിക്കുന്നതിനു നടന്മാർ ധരിക്കുന്ന മുഖംമൂടിക്കുള്ള പഴയ ലാറ്റിൻ പദമാണ് ‘പേർസന’. ഈ രസങ്ങൾക്കിണങ്ങിയതെല്ലാം 

 

സൗന്ദര്യവും വൈരൂപ്യവും പലപ്പോഴും വ്യക്തിസ്വഭാവത്തെപ്പറ്റി തെറ്റായ മുൻവിധികൾ നമ്മിലുളവാക്കാറുണ്ട്. നല്ല ഭാഷയിൽ സംസാരിക്കുന്ന സുന്ദരനെ ബഹുയോഗ്യനെന്നു നാം വിലയിരുത്തുന്നത് തെറ്റാണെന്നു വരാം. തിരിച്ച്, സംഭാഷണശേഷി കുറഞ്ഞ വിരൂപൻ കുഴപ്പക്കാരനെന്ന നിഗമനവും പാളിപ്പോകാം. 

 

എങ്കിലും, പ്രസന്നതയും ആകർഷകമായ ആശയവിനിമയവും വ്യക്തിത്വത്തിനു മാറ്റു കൂട്ടും. മനസ്സ്, സ്വഭാവം, പെരുമാറ്റം ഇവ പേർസനാലിറ്റിയിൽ  അടങ്ങും. വ്യക്തിത്വം, സ്വത്വം, തനിമ, അനന്യത, ആകർഷകത എന്നിവയെല്ലാം ചേർന്ന്  ഓരോരുത്തർക്കും തനതായ ശൈലിയുണ്ടാകുന്നു. സംഭവങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്നത് വ്യക്തിയുടെ ചിന്താരീതിയെ സൂചിപ്പിക്കും. ഏതു തരം കാര്യങ്ങളിലാണ് വികാരഭരിതനാകുന്നതെന്നത് വ്യക്തിത്വത്തെപ്പറ്റി സൂചന നല്കും.  ‘നിങ്ങളെപ്പോലെ നിങ്ങൾ മാത്രം’ എന്ന മൊഴി വ്യക്തിത്വത്തെ ആറ്റിക്കുറുക്കി പറയുന്ന  വാക്യം.

 

ശാന്തശീലൻ, ലോലമാനസൻ, സ്ഥിരപരിശ്രമി, ഊർജ്ജസ്വലൻ, സംശയശീലൻ, ഉൽക്കണ്ഠാകുലൻ, ചിന്താമഗ്നൻ, വിഷാദമുഖൻ, മുൻകോപി, മുൻശുണ്ഠിക്കാരൻ,  പ്രദർശനപരൻ, ദോഷൈകദൃക്ക്, അന്തർമുഖൻ, ബഹിർമുഖൻ, ചതിയൻ, നിർഗുണൻ, കപടനാട്യക്കാരൻ, ദയാലു, തത്ത്വദീക്ഷയുള്ളയാൾ, പ്രസന്നത പ്രസരിപ്പിക്കുന്നയാൾ, യുക്തിയോടെ ചിന്തിക്കുന്നയാൾ,  വേഗം വികാരം കൊള്ളുന്നയാൾ, നാടകീയത പുലർത്തുന്നയാൾ, ബലം പിടിച്ചിരിക്കുന്നയാൾ, ദുഃഖം മനസ്സിലൊതുക്കുന്നയാൾ, വേഗം സ്വാധീനിച്ചെടുക്കാവുന്നയാൾ, എന്നെക്കഴിഞ്ഞാരുമില്ലെന്നു വിചാരിക്കുന്നയാൾ, ആരെയും സഹായിക്കാത്തയാൾ  എന്നെല്ലാം ചിലരെപ്പറ്റി തോന്നലുളവാക്കുന്നത് അവരുടെ പെരുമാറ്റരീതിയാണ്. പേർസനാലിറ്റിയെപ്പറ്റി മോശമായ ധാരണ അശ്രദ്ധമൂലം ജനിപ്പിക്കുന്നവരാണ് പലരും. ആ കുഴിയിൽ വീഴാതെ നോക്കണം.

 

വ്യക്തിത്വവികസനം ഏറെ പ്രചാരമുള്ള പരിശ്രമമാണ്. യുവജനങ്ങളെ ജീവിതവിജയത്തിലേക്കു നയിക്കാൻ ഇതിന്റെ പാഠങ്ങൾ അഭ്യസിപ്പിക്കാറുണ്ട്. പെരുമാറ്റരീതികൾ പരിഷ്കരിക്കാൻ കഴിയുമെന്ന തത്ത്വമാണ് ഇതിനു പിന്നിൽ. അടിസ്ഥാനസ്വഭാവത്തിൽ മാറ്റം വരുത്തുക പ്രയാസമാണെങ്കിലും, ഉടുപ്പിലും നടപ്പിലും വെടിപ്പ്, ആശയവിനിമയത്തിൽ മികവ്, പ്രസന്നത, നിഷേധചിന്ത ഒഴിവാക്കൽ, ശൂഭാപ്തിവിശ്വാസം, ശ്രദ്ധിച്ചുകേൾക്കുന്ന ശീലം, വിനയം, ചിട്ട, കൃത്യനിഷ്ഠ, അനുകമ്പ, സഹകരണശീലം മുതലായവ ബോധപൂർവമുള്ള ശ്രമംവഴി മെച്ചപ്പെടുത്താനാവും.

 

ഹിറ്റ്‌ലറെ ബുദ്ധനാക്കാനോ, മാൻകിടാവിനെ രൗദ്രസിംഹമാക്കാനോ സാധ്യമല്ലായിരിക്കാം. പക്ഷേ  മനുഷ്യനെ വിഭവമായി കരുതുന്ന സമൂഹത്തിൽ, പരിശീലനംവഴി തനിക്കും അന്യർക്കും പ്രയോജനപ്പെടുംവിധം പെരുമാറാൻ പഠിപ്പിക്കാനാവും. ഇക്കാര്യത്തെപ്പറ്റി ബോധമുണ്ടെങ്കിൽ, വിശേഷപരിശീലനം കൂടാതെ സ്വപരിശ്രമംവഴിയും മെച്ചപ്പെടാം. 

 

ഓരോരുത്തരും കഴിയുന്നത്ര വിഭവശേഷിയുള്ളവരാകാൻ ശ്രമിക്കുന്നപക്ഷം സമൂഹത്തിന്റെ വികസനം എളുപ്പമാകും. നാം ഏർപ്പെടുന്ന മേഖലയിലെ ഏറ്റവും പുതിയ അറിവും സാമർത്ഥ്യങ്ങളും അപ്പപ്പോൾ സ്വാംശീകരിക്കുന്നത് വിഭവസമ്പന്നതയിലേക്കു നയിക്കും. അതുവഴി സഹപ്രവർത്തകരെയടക്കം സഹായിക്കാനാവും. അവർക്കു നമ്മോടു താല്പര്യം കൂടും. ബൗദ്ധികസമ്പത്ത്, പുതുചിന്ത, സർഗാത്മകത എന്നിവ പുഷ്ടിപ്പെടുത്താനാവണം നിരന്തരശ്രമം. പ്രവർത്തിക്കുന്ന സ്ഥാപനത്തോടു പരമാവധി കൂറുപുലർത്തുക, സ്വന്തം സ്ഥാപനമെങ്കിൽ ഉത്സാഹശീലരെ കഴിയുന്നത്ര പ്രോത്സാഹിപ്പിക്കുക എന്നിവ നമ്മുടെ പേർസനാലിറ്റി ശക്തമാക്കും. സ്മാർട് ഫോൺ വന്നതോടുകൂടി നാമോരോരുത്തരും ചലിക്കുന്ന ഓഫീസുകളായി മാറിക്കഴിഞ്ഞു. ഏ‌തുനേരവും എവിടെവച്ചും ക്രിയാത്മകമായി പലതും ചെയ്യാമെന്ന നില.

 

വെറുതേ കൂട്ടത്തിലൊരുവൻ എന്നതിനുപരി, ശ്രദ്ധിക്കപ്പെടേണ്ടയാൾ എന്ന ചിന്ത അന്യരിലുളവാകുന്നെങ്കിൽ, നാം വിജയത്തിന്റെ പാതയിലാണ്. ഇന്നയാൾ ഇന്നതരത്തിൽ നീതിപൂർവമേ കാര്യങ്ങൾ ചെയ്യൂ എന്ന ഉറപ്പ് അന്യരിലുണ്ടാക്കാൻ കഴിയുന്നത് വിജയത്തിന്റെ ലക്ഷണവും. ഉത്തരവാദിത്വങ്ങൾ കിറുകൃത്യമായി നിർവഹിക്കുക, ഒഴികഴിവുകൾ പൂർണമായും ഒഴിവാക്കുക എന്നിവ നമ്മുടെ പ്രവർത്തനങ്ങൾക്ക് കാലികപൂർണത കൈവരുത്തും. മടി കുടി കെടുത്തും എന്ന മൊഴി എപ്പോഴും മുന്നറിയിപ്പായി മുന്നിൽ വേണം.

 

ബുദ്ധിശക്തി കൂടുതലുള്ളവർക്ക് വൈകാരികബുദ്ധിശക്തി പകരുന്ന പരിശീലനം കൂടിയാണ് വ്യക്തിത്വവികസനം. ഐക്യൂ (ഇന്റലിജൻസ് ക്വോഷ്യന്റ്) മാത്രം പോരാ, ഇക്യുവും (ഇമോഷനൽ ക്വോഷ്യന്റ്) ഉണ്ടെങ്കിലേ അന്യരുടെ അംഗീകാരം നേടാൻ കഴിയൂ. പുഞ്ചിരിക്കാനും, രസകരമായി സംസാരിക്കാനും, തമാശ പറയാനും, ഒത്തൊരുമിച്ചു പ്രവർത്തിക്കാനും, അന്യരുടെ വികാരം മനസ്സിലാക്കാനും, വിനയത്തോടെ പെരുമാറാനും, അർഹതയുള്ളയാളെ അംഗീകരിച്ച് അനുമോദിക്കാനും എല്ലാം വൈകാരികബുദ്ധിശക്തി സഹായിക്കും. വ്യക്തിത്വം ജീവിതത്തിന്റെ പരിമളമെന്ന ഇംഗ്ലിഷ് മൊഴി അന്വർത്ഥമാക്കാൻ ശ്രമിക്കാം.

 

‘Mine honour is my life; both grow in one; 

Take honour from me, and my life is done.’ 

എന്നു ഷേക്സ്പിയർ (King Richard II – 1:1).

English Summary: Career Column By B. S. Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com