പല വളവുകളെയും നിവർത്തുന്ന വളവാണ് പുഞ്ചിരി

HIGHLIGHTS
  • നിമിഷനേരത്തെ പുഞ്ചിരി മറക്കാനാവാത്ത സന്ദേശമായി മാറാം
smile
SHARE

ജീവിതം തിരിച്ചുപിടിക്കാൻ ഒരു പുഞ്ചിരി സഹായിച്ച അനുഭവകഥ കാമി ഫാം എന്ന വിയറ്റ്നാം പെൺകുട്ടി പറഞ്ഞതു കേൾക്കുക. ധനികകുടുംബത്തിൽ സമസ്തസൗകര്യങ്ങളുമായി കഴിഞ്ഞ കുടുംബത്തിന്റ സ്വത്തെല്ലാം വിയറ്റ്നാംയുദ്ധത്തിൽ നഷ്ടപ്പെട്ടു. ബിസിനസ്സുകാരനായ അച്ഛൻ കള്ളക്കേസിൽ കുടുങ്ങി. സ്നേഹിതർ അകന്നു. കേസിൽ നിർദ്ദോഷിയെന്നു വിധി വന്നു. പക്ഷേ നാട്ടുകാരുടെ അകൽച്ചയ്ക്കും പരിഹാസത്തിനും കുറവു വന്നില്ല.

പൊറുതിമുട്ടി കാനഡയിലേക്കു ചേക്കേറി. കുടുസ്സുമുറിയിലായി ജീവിതം. അപരിചിതരായ സഹപാഠികളെല്ലാം അവളെ അകറ്റി നിർത്തി. സ്ഥിരമായി ആക്ഷേപിച്ചു. എന്തിനിങ്ങനെ ജീവിക്കണമെന്നു തോന്നിയ കാലം. ഒരു നാൾ സ്കൂളിലേക്കു പോകുംവഴി അപരിചിതയായ വനിത വെറുതേ മുഖത്തുനോക്കി പുഞ്ചിരിച്ചു. കാനഡയിൽ ആദ്യമായി കിട്ടിയ പുഞ്ചിരി. മനസ്സിന് എന്തെന്നില്ലാത്ത ആഹ്ലാദം. ജീവിതത്തിന് നിറവും അർത്ഥവും ഉണ്ടെന്ന് ആ ഒറ്റപ്പുഞ്ചിരി ഓർമ്മിപ്പിച്ചു. ജീവിതം അതോടെ വഴിതിരിഞ്ഞു.

ഇത് ഒറ്റപ്പെട്ട സംഭവമെന്നു കരുതേണ്ട. പല തടസ്സമതിലുകളെയും തുളച്ചു പോകാൻ പുഞ്ചിരിക്കു കഴിയും. പല വളവുകളെയും നിവർത്തുന്ന വളവാണ് പുഞ്ചിരി. തീർത്തും സൗജന്യമായി ആർക്കും നൽകി, അവരെ സന്തോഷിപ്പിക്കാമെങ്കിലും, നല്കുന്നതിൽ മിക്കവർക്കും പിശുക്ക്. ‘ജീവിതത്തിലെ ഏറ്റവും മെച്ചമായതെല്ലാം സൗജന്യം; അതിനു താഴെയുള്ളതിനു മാത്രമാണു വിലയേറുക’ എന്ന് പ്രശസ്ത ഫ്രഞ്ച് ഫാഷൻ–ഡിസൈനർ കൊക്കോ ചാനൽ. സൗഹൃദഭാവത്തിന്റെ മൗനസന്ദേശമാണ് പുഞ്ചിരി. കൊടുക്കുന്നയാൾക്കു നഷ്ടമില്ല. കിട്ടുന്നയാൾക്ക് സന്തോഷം. ‘ഏതു ഹൃദയപ്പൂട്ടിനും ചേരുന്ന ഏക താക്കോൽ’. നിമിഷനേരത്തെ പുഞ്ചിരി മറക്കാനാവാത്ത സന്ദേശമായി മാറാം. 

‘ഒരു പുഞ്ചിരി, സ്പർശം, ദയാപൂർണമായ വാക്ക്, കേൾക്കാനുള്ള സന്മനസ്സ്, ചെറിയ അഭിനന്ദനം, തെല്ലു കരുതൽ എന്നിവയ്ക്കു ജീവിതത്തെ മാറ്റിമറിക്കാനുള്ള ശക്തി നാം വേണ്ടത്ര മനസ്സിലാക്കുന്നില്ല’ എന്ന് ഭിന്നശേഷി അദ്ധ്യാപകൻ ലിയോ ബുസ്കാഗ്ലിയ.

സർക്കാർജോലികളുടെ മേൽക്കൈ  കുറഞ്ഞ്, സേവനമേഖല വികസിച്ചുവരുന്ന കാലമാണിത്. സേവനമേഖലയിലെ പ്രവർത്തനത്തിൽ നല്ല പെരുമാറ്റം കൂടിയേ തീരൂ എന്നതിൽ യുവജനങ്ങൾ നിശ്ചയമായും മനസ്സുവയ്ക്കണം. നല്ല പെരുമാറ്റത്തിന്റെ തുടക്കമാണ് പുഞ്ചിരി. ചോദിച്ചോ യാചിച്ചോ വാങ്ങാവുന്നതല്ലിത്. കടം വാങ്ങാനോ മോഷ്ടിച്ചെടുക്കാനോ കഴിയില്ല. നല്കുന്നയാൾ മനസ്സറിഞ്ഞ് നല്കണം. വിഷാദത്തെ മയപ്പെടുത്താൻ സഹായിക്കുന്ന പ്രകൃതിയുടെ വരദാനമാണ് പുഞ്ചിരി. 

ചുറ്റുമുള്ളവരിൽ സന്തോഷം വിതയ്ക്കാൻ പുഞ്ചിരിക്കു കഴിയുമെങ്കിലും, ചിലർ അതിന്റെ ഗുണം സ്വീകരിച്ചില്ലെന്നു വരാം. ചുറ്റുമുള്ളവരെയെല്ലാം മാറ്റുന്നതിനെക്കാൾ എളുപ്പം, സന്തോഷിക്കുന്നവരോടു ചേരുന്നതാവും. അന്യരെയെല്ലാം മാറ്റിയെടുക്കാൻ വേണ്ടത്ര ആയുസ്സ് ആർക്കുമില്ല. 

പുഞ്ചിരിക്കുമ്പോൾ അടുത്തുള്ളവരിൽ നാം നേരിയ മാറ്റം വരുത്തുന്നു.  അവരുടെ കാര്യത്തിലുള്ള താല്പര്യം, ശ്രദ്ധ എന്നിവ പറയാതെ ബോദ്ധ്യപ്പെടുത്തുന്നു. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അലകൾ തൊടുത്തുവിടുന്നു. ഏതു പുഞ്ചിരിയിലുമുണ്ട് സ്നേഹത്തിന്റെ അംശം. സമാധാനത്തിന്റെ തുടക്കം പുഞ്ചിരിയിലാണ്, ദുർമുഖത്തിലല്ല. ആയിരം വാക്കിനെക്കാൾ ഫലപ്രദം ഒരൊറ്റ പുഞ്ചിരിയാവാം. ഏറ്റവും ശക്തമായ ശുപാർശക്കത്തുമാണ് പുഞ്ചിരി.

ചിത്രത്തിന് മറുവശവുമുണ്ട്. സ്ഥിരമായി കള്ളപ്പുഞ്ചിരി ചുണ്ടിൽപ്പതിച്ചു നടക്കുന്ന വഞ്ചകർ. ഇവരെപ്പറ്റി ഷേക്സ്പിയർ ചുരുക്കിപ്പറഞ്ഞു : ‘വീണ്ടും വീണ്ടും പുഞ്ചിരിക്കുന്നയാൾ വില്ലനായേക്കാം’ (One may smile, and smile, and be a villain : ഹാംലറ്റ് –  1:5). കാപട്യം നിറഞ്ഞ ബിസിനസുകാരും കൊള്ളപ്പലിശക്കാരും മറ്റും ഈ അടവു പ്രയോഗിക്കാറുണ്ട്. പരസ്പരം പോരടിച്ചു കാലുവാരാൻ സമസ്തതന്ത്രങ്ങളും പ്രയോഗിക്കുന്ന രാഷ്ട്രീയ പ്രതിയോഗികൾ പൊതുവേദിയിൽ അതീവസൗഹ‍ദഭാവത്തിൽ മുഖത്തോടു മുഖം നോക്കി പുഞ്ചിരി തുകുന്നതു നിത്യക്കാഴ്ചയാണല്ലോ.

ഒറ്റയ്ക്കിരിക്കുമ്പോൾ തുകുന്ന പുഞ്ചിരിയാണത്രേ  യഥാർത്ഥ പുഞ്ചിരി. പക്ഷേ സ്മാർട് ഫോൺ വ്യാപകമായതോടെ കഥ മാറി. മിക്കവരും ഒറ്റയ്ക്കിരിക്കുമ്പോഴും നടക്കുമ്പോഴും സ്ഥിരമായി പുഞ്ചിരിക്കുന്നു.

ബുദ്ധചരിതവും ഭഗവദ്ഗീതയുടെ പരിഭാഷയും ഇംഗ്ലിഷിൽ എഴുതി പ്രശസ്തനായ സർ എഡ്വിൻ ആർനോൾഡ് : ‘പരമദുഖത്തിന്റെ കണ്ണീർത്തുള്ളിയിൽ നിന്നാവാം ഏറ്റവും മധുരിക്കുന്ന പുഞ്ചിരി’. ഇതിനോടു കൂട്ടിവായിക്കേണ്ട ആശയം ഇംഗ്ലിഷ് കവി ഷെല്ലിയുടേതായുണ്ട് : പരമദുഖത്തെപ്പറ്റിയാണ് നമ്മുടെ അതിമധുരഗാനങ്ങൾ.

പുഞ്ചിരി കടങ്കഥയുമാകാം. 1503ൽ ലിയണാർഡോ ഡാവിഞ്ചി വരച്ചതെന്നു കരുതുന്ന മോണാ ലിസയുടെ പുഞ്ചിരി സന്തോഷത്തെയോ സന്താപത്തെയോ കാട്ടുന്നതെന്നത് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും കുരുക്കഴിയാത്ത നിഗൂഢതയായി തുടരുന്നു.

സോവിയറ്റ് റഷ്യയിലെ ആദ്യ ഇന്ത്യൻ അംബാസഡറായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റിനെ കാണാൻ സ്റ്റാലിൻ സ്ഥിരമായി വിസമ്മതിച്ചിരുന്നു. പക്ഷേ സ്റ്റാലിനെ മയപ്പെടുത്താൻ രണ്ടാം അംബാസഡറായ ഡോക്ടർ എസ് രാധാകൃഷ്ണനു കഴിഞ്ഞു. പാണ്ഡിത്യത്തിന്റെ ഗാംഭീര്യവും പുഞ്ചിരിയുടെ മാധുര്യവും ചേർത്താണ് അദ്ദേഹം വിജയിച്ചത്. ഇന്ത്യാ–സോവിയറ്റ് ബന്ധത്തിനു ഓജസ്സേകാൻ അത് വഴിതുറക്കുകയും ചെയ്തു.

പുഞ്ചിരിയെപ്പറ്റി ഏറ്റവും കടുപ്പിച്ചു പറഞ്ഞത് ഭ്രമകല്പനകളെഴുതിയ റോബർട്ട് ജോർ‍ഡൻ : ‘നിങ്ങൾ കഴുമരത്തിൽ കയറുകയാണെങ്കിൽ, ജനക്കൂട്ടത്തോട് നേരമ്പോക്ക് പറയുക, ആരാച്ചാർക്ക് ഒരു നാണയം സമ്മാനിക്കുക, ചുണ്ടിൽ ഒരിറ്റു പുഞ്ചിരി വിരിയിക്കുക’.

ചുറ്റുമുള്ള ലോകത്തിനു സന്തോഷം പകരാനും നമുക്കു  മനഃസുഖം കൈവരുത്താനും മാത്രമല്ല, പ്രഫഷനൽ വിജയത്തിനു മാറ്റുകൂട്ടാനും സഹായിക്കുന്ന പുഞ്ചിരി ജീവിതത്തിന്റെ ഭാഗമാക്കാൻ നമുക്കു  കഴിയില്ലേ?

English Summary: Smile: Career Column By BS. Warrier

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA