ADVERTISEMENT

പതിനാറുകാരിയുടെ ചുരിദാറിന്റെ കൈയിൽ തീരെച്ചെറിയ തുളയുണ്ടന്നു കരുതുക. അവൾ അസ്വസ്ഥയായിരിക്കും. അതെപ്പറ്റി അവൾക്ക് വലിയ ആശങ്കയുണ്ടാകും. എല്ലാവരും ഇതു കാണില്ലേ? അവരെല്ലാം ഞാൻ മോശക്കാരിയെന്നു കരുതില്ലേ? എന്റെ മതിപ്പ് അതോടെ ഇടിയില്ലേ? തുടങ്ങി പല ആശങ്കകളും സാധാരണം. ചില കുട്ടികളെ ഇത് ഉൽക്കണ്ഠയുടെ മുൾമുനയിലെത്തിക്കാനും മതി. ഇത്തരത്തിൽ, ഞാൻ ഏവരുടെയും ശ്രദ്ധാകേന്ദ്രമാണെന്ന വികലചിന്തയെ ‘സ്പോട്‌ലൈറ്റ് പ്രഭാവം’ (സ്പോട്‌ലൈറ്റ് ഇഫക്റ്റ്) എന്നു പറയും. കൂരിരുട്ടിൽ ഓഡിറ്റോറിയത്തിലെ സ്റ്റേജിൽ നൃത്തം ചെയ്യുന്ന ചെറിയ കുട്ടിയുടെ മുഖത്തേക്കു മാത്രം പ്രകാശം ചൊരിയുമ്പോൾ, ആ സ്പോട്‌ലൈറ്റിൽ അവൾ ശ്രദ്ധാകേന്ദ്രമാകുംപോലെയാണ് താനെന്ന ചിന്ത.

എന്താണ് വാസ്തവം? മറ്റുള്ളവർക്കെല്ലാം അവരുടേതായ പ്രശ്നങ്ങൾ കാണും. ഈ കുട്ടിയുടെ സമപ്രായക്കാരായ കുട്ടികളുടെ ചിന്ത അവരെപ്പറ്റി മറ്റുള്ളവർ എന്തു വിചാരിക്കുന്നുവെന്നതിലായിരിക്കാം. ചില കൂട്ടുകാരികൾ ഇതെപ്പറ്റി ഉള്ളിൽത്തട്ടാതെ സൂചിപ്പിച്ചേക്കാമെന്നു മാത്രം. ഉടുപ്പിലെ ചെറിയ തുളയും കുട്ടിയെപ്പറ്റിയുണ്ടാകുന്ന മതിപ്പും തമ്മിൽ പറയത്തക്ക ബന്ധമൊന്നുമില്ലെന്നതാണു വാസ്തവം.

 

ഇത് പതിനാറുകാരിയുടെ കാര്യം മാത്രമല്ല. മുതിർന്നവരിൽ പലരും ഇത്തരക്കാരാണ്. പ്രതിച്ഛായ സംരക്ഷിക്കുന്ന തിരക്കിൽ, ചെയ്യേണ്ട പലതും ചെയ്യാതെ പോകുന്നു. താൻ സത്യസന്ധനെന്ന പ്രതിച്ഛായ നിലനിർത്തുന്നതിൽ അതിരുകടന്ന വ്യഗ്രതയുള്ള അധികാരിക്ക് യഥാസമയം തീരുമാനം കൈക്കൊള്ളാനാവാതെ പോകാം. അതുവഴി നിഷ്ക്രിയത്വത്തെപ്പറ്റിയുള്ള ആരോപണത്തിനു വിധേയനായെന്നും വരാം. നിങ്ങൾ അധികാരസ്ഥാനത്താണെങ്കിൽ നിങ്ങളിൽനിന്ന് അന്യർ പ്രതീക്ഷിക്കുന്നത് കാലതാമസമില്ലാത്ത തീരുമാനവും കാര്യക്ഷമമായ പ്രവർത്തനവുമത്രേ. നിങ്ങളുടെ വേഷത്തിനോ നടപ്പിനോ വലിയ പ്രാധാന്യം അന്യർ കല്പിക്കുന്നില്ല. അക്കാര്യങ്ങളിൽ നിങ്ങൾ ഫോക്കസിലല്ല.

 

ആകർഷകമായ പ്രതിച്ഛായ നിരന്തരം നിലനിർത്തി, ശ്രദ്ധാകേന്ദ്രമാകുന്നത്, സിനിമാനടീനടന്മാരുടെയും മറ്റും പ്രഫഷനൽ ആവശ്യമായിരിക്കാം. മേക്കപ്പില്ലാതെ ഒരിക്കലും ക്യാമറയ്ക്കു മുന്നിൽ വരാൻ ചിലർ സമ്മതിക്കില്ല. ആ രീതി സാധാരണക്കാർ അന‌ുവർത്തിക്കേണ്ടതില്ലല്ലോ.

 

സ്പോട്‌ലൈറ്റ് പ്രഭാവത്തിന് അടിമായായിപ്പോയാൽ പ്രവർത്തനങ്ങളുടെ മുൻഗണന തകിടം മറിയും. അന്യർ നമ്മെപ്പറ്റി ചിന്തിക്കുന്നതെങ്ങനെയെന്നതിന് അമിതപ്രാധാന്യം നല്കണോ? ഈ പ്രഭാവം ചെറിയ തോതിൽ എല്ലാവരെയും പിടികൂടുമെന്നത് സത്യം. 

 

പുതുവസ്ത്രം ധരിച്ചുചെല്ലുമ്പോൾ സുഹൃത്തുക്കൾ അതെപ്പറ്റി അഭിപ്രായം പറയാതിരുന്നാൽ പരിഭവിക്കുന്നവരുണ്ട്. ആ വസ്ത്രം അവർ ശ്രദ്ധിച്ചിട്ടില്ലായിരിക്കാം. അല്ലെങ്കിൽ, അതു ധരിച്ചയാൾ ഭാവനയിൽ കാണുന്ന പ്രാധാന്യം അന്യർക്കു തോന്നുന്നില്ലായിരിക്കാം. സ്പോട്‌ലൈറ്റുകാർക്കുണ്ടാകുന്ന പ്രയാസമാണിത്. താങ്ങാനാവാത്ത വിലയുള്ള വസ്ത്രവും ആഭരണവും കാറും മറ്റും വാങ്ങി പ്രദർശിപ്പിച്ച് അമിതശ്രദ്ധയാകർഷിച്ച് നേടുന്ന അഭിനന്ദനം മനസ്സിൽത്തിട്ടിയുള്ളതല്ല.

 

മുടിയും താടിയും വികലമാക്കി നടക്കുക, കീറിയ വസ്ത്രം മനഃപൂർവം ധരിക്കുക, ക്ലാസ്മുറിയിലോ സദസ്സിലോ മോശമായി പെരുമാറുക തുടങ്ങിയ വൈകൃതങ്ങളും സ്പോട്‌ലൈറ്റ് പ്രഭാവത്തിന് അടിമയായവരിൽ കാണാം. എന്റെ വീക്ഷണം തന്നെയാണ് മറ്റെല്ലാവർക്കും എന്ന തെറ്റിദ്ധാരണ, ശ്രദ്ധാകേന്ദ്രമാകാൻ പാടുപെടുന്നവരുടെ സമീപനത്തിലുണ്ട്. അന്യർ പുലർത്തുന്ന മൂല്യങ്ങളും അവരുടെ സമീപനങ്ങളും വികാരങ്ങളും എന്റേതിൽനിന്നു വ്യത്യസ്തമാണെന്നു മനസ്സിലാക്കിയാൽ ഈ പോരായ്മ ഒഴിവാക്കാം. അങ്ങനെ മനസ്സിലാക്കാൻ ബോധപൂർവം ശ്രമിക്കേണ്ടതുണ്ട്.

 

ചിത്രത്തിനു മറുവശവുമുണ്ട്. വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതും വ്യക്തിഗത ശുചിത്വം പുലർത്തുന്നതും പ്രധാനം. ഇതിൽ വീഴ്ച വരുത്തിയാൽ അന്യർ ശ്രദ്ധിച്ചേക്കാം. അമിതവസ്ത്രധാരണം തുടങ്ങുന്ന അതിർരേഖയെവിടെയെന്ന ചോദ്യമുണ്ട്. സന്ദർഭത്തിനു ചേർന്നതാവണം വേഷം. മജിസ്ട്രേറ്റ് അടുക്കളക്കൃഷി ചെയ്യുമ്പോൾ കോടതിവേഷം ധരിക്കുന്നതു കൃത്രിമം. വേഷം എങ്ങനെ വേണമെന്നറിയാൻ പ്രായോഗിക ഫോർമുലയുണ്ട്. ‘ഇയാൾ എന്താണ് ഇങ്ങനെ വേഷം കെട്ടിയിരിക്കുന്നത്?’ എന്ന ചോദ്യത്തിനു അവസരം നല്കാത്ത വേഷം.

 

അന്യരിൽ മതിപ്പുണ്ടാകുംവിധം മാത്രമാവണം നമ്മുടെ പെരുമാറ്റം. നാം ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നതും ശരി. പക്ഷേ ഈ ചിന്ത അതിരുകടക്കാതെ നോക്കണം. സ്പോട്‌ലൈറ്റ് പ്രഭാവം എന്നത് ഉണ്ടെന്ന് ഓർക്കുമെങ്കിൽ, സന്തുലിതസമീപനവും ആകർഷകമായ പെരുമാറ്റവും സ്വാഭാവികമാകും.

തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്നവർക്ക് തങ്ങൾ എപ്പോഴും ശ്രദ്ധാകേന്ദ്രമായിരിക്കണമെന്ന മോഹം സാധാരണം. പക്ഷേ വികലപ്രസ്താവനകളടക്കം അവർ കാട്ടിക്കൂട്ടുന്ന പലതും വോട്ടർമാരിൽ അവജ്ഞയുളവാക്കാറുണ്ട്. വിപരീതഫലത്തിനു വഴിവച്ചേക്കാവുന്ന ഇത്തരം പ്രവർത്തനങ്ങൾ വിവേകപൂർവം കൈകാര്യം ചെയ്യാം.

 

പ്രശസ്ത ബ്രിട്ടീഷ് ഗ്രന്ഥകാരൻ സി എസ് ലൂയിസ് പറഞ്ഞു, ‘അന്യരിലുളവാക്കുന്ന മതിപ്പിനെപ്പറ്റിയുള്ള ചിന്ത അവസാനിപ്പിച്ചാലേ, അന്യരിൽ മതിപ്പുളവാക്കാൻ കഴിയൂ.’ 

ചൈനീസ്  ദാർശനികൻ ലാവോ–ട്സു : ‘നിങ്ങൾക്കു നിങ്ങളിൽ വിശ്വാസമുണ്ടെങ്കിൽ, അക്കാര്യം അന്യരെ ബോധ്യപ്പെടുത്തേണ്ട. നിങ്ങളിൽ സംതൃപ്തിയുണ്ടെങ്കിൽ, അതിന് ആരുടെയും അംഗീകാരവും വേണ്ട.’

English Summary: Career Column By B. S. Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com