ADVERTISEMENT

ഒരുമിച്ചു വിജ്ഞാപനം പ്രസിദ്ധീകരിച്ച തസ്തികകളിൽ ഒന്നിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, നിയമനം പൂർത്തിയായി, ലിസ്റ്റും അവസാനിച്ചു. എന്നാൽ അടുത്തതിന്റെ നിയമനം തുടങ്ങിയിട്ടു പോലുമില്ല. വനിതാ സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിനാണ് ഈ ഗതികേട്. പുരുഷ സിവിൽ പൊലീസ് ഒാഫിസർ  റാങ്ക് ലിസ്റ്റ് ഒരു വർഷത്തെ കാലാവധി  പൂർത്തിയാക്കി അവസാനിച്ചിട്ടും വനിതാ സിപിഒ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം തുടങ്ങിയിട്ടുപോലുമില്ല.  രണ്ടു പേർ നൽകിയ കേസിൽ തുടർ നടപടിക്ക് പിഎസ്‌സി വൈകിയതാണ് ഈ തസ്തികയുടെ നിയമനത്തെ ബാധിച്ചത്.   സാഭാവിക രീതിയിൽ നിയമന നടപടികൾ പുരോഗമിച്ചിരുന്നെങ്കിൽ ഒരു വർഷത്തിനു മുൻപെങ്കിലും ഇവർക്കു നിയമനം ലഭിച്ചേനെ. എന്നാൽ രണ്ടു മാസം മുൻപ് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലെ തിരുത്തലിൽ കണ്ണുനട്ടിരിക്കുകയാണ് ഇവർ. ഒഴിവുണ്ട്, റാങ്ക് ലിസ്റ്റുമുണ്ട്. എന്നാൽ നിയമനത്തിനുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നു. 

റാങ്ക് ലിസ്റ്റിനായി 3 വർഷം

വനിതാ സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ വേണ്ടി വന്നത് മൂന്നു വർഷം. 29–12–2017ലാണ് ഈ തസ്തികയിലേക്കുള്ള വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചത്. എന്നാൽ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 04–08–2020ന്. ഇതോടൊപ്പം വിജ്ഞാപനം പ്രസിദ്ധീകരിച്ച പുരുഷ സിപിഒ  റാങ്ക് ലിസ്റ്റ് 01–07–2019ൽ പിഎസ്‌സി പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു ശേഷം ഒരു വർഷവും ഒരു മാസവും കഴിഞ്ഞാണ് വനിതാ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത്. കായികക്ഷമതാ പരീക്ഷയ്ക്കുള്ള തീയതി നീട്ടി നൽകണമെന്ന ആവശ്യവുമായി ഗർഭിണികളായ രണ്ട് ഉദ്യോഗാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ കേസ് നൽകുകയും അവർക്ക് അനുകൂലമായി വിധിയുണ്ടാകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലുള്ള കായികക്ഷമതാ പരീക്ഷ അനന്തമായി നീണ്ടുപോയതാണ് മറ്റ് ഉദ്യോഗാർഥികൾക്കു തിരിച്ചടിയായത്. ഒടുവിൽ ഉദ്യോഗാർഥികളുടെയും തൊഴിൽവീഥി ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെയും സമ്മർദ്ദഫലമായി കായികക്ഷമതാ പരീക്ഷ നടത്തും മുൻപേ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സെപ്റ്റംബര്‍ 8ന് നടത്തിയ കായികക്ഷമതാ പരീക്ഷയിൽ വിജയികളായവരെ കൂട്ടിച്ചേർക്കൽ വിജ്ഞാപനം വഴി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു.

നിയമന ശുപാർശ വൈകുന്നു  

റാങ്ക് ലിസ്റ്റ് വൈകി പ്രസിദ്ധീകരിച്ച പിഎസ്‌സി നിയമന ശുപാർശാ നടപടികളും വൈകിക്കുകയാണ്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും നിയമന ശുപാർശാ നടപടികൾ തുടങ്ങിട്ടില്ല. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കായികക്ഷമതാ പരീക്ഷ വിജയിച്ചവരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ശേഷമേ നിയമന ശുപാർശാ നടപടികൾ ആരംഭിക്കൂ. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂട്ടിച്ചേർക്കൽ വിജ്ഞാപനം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 

നിയമന ശുപാർശ വൈകിയാൽ എൻജെഡി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതും വൈകും. റാങ്ക് ലിസ്റ്റിൽ താഴ്ന്ന റാങ്ക് ലഭിച്ച ഉദ്യോഗാർഥികളുടെ നിയമന സാധ്യതയെയും ഇത് പ്രതികൂലമായി ബാധിക്കും. സിവിൽ പൊലീസ് ഒാഫിസർ ഇടുക്കി (കെഎപി–5) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഈ രീതിയിൽ ഒഴിവ് നഷ്ടപ്പെട്ടിരുന്നു. മുൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ നൽകിയ കേസിൽ വിധിയായത് റാങ്ക് ലിസ്റ്റ് അവസാനിക്കുന്നതിന്റെ തലേദിവസം. അതുകൊണ്ടുതന്നെ നൂറോളം എൻജെഡി ഒഴിവുകളാണ് ഇടുക്കി സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നഷ്ടമായത്. ഈ സാഹചര്യം വനിതാ സിപിഒ ലിസ്റ്റിനും ഉണ്ടാകാൻ പാടില്ല. 

റാങ്ക് ലിസ്റ്റിൽ 2072 പേർ

വനിതാ സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ 2072 പേരെയാണ് പിഎസ്‌സി ഉൾപ്പെടുത്തിയിരിക്കുന്നത്. മെയിൻ ലിസ്റ്റിൽ 2013 പേരുണ്ട്. സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ 59 പേർ. വിവിധ സംവരണ സമുദായങ്ങളുടെ സപ്ലിമെന്ററി ലിസ്റ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നവരുടെ എണ്ണം ഇനി പറയുന്നു. ഈഴവ– 14, എസ്‌സി– 16, എസ്ടി– 4, മുസ്ലിം– 9, ലത്തീൻ കത്തോലിക്കർ– 2, ഒബിസി– 3, വിശ്വകർമ– 3, എസ്ഐയുസി നാടാർ– 2, എസ്‌സിസിസി– 3, ധീവര– 1, ഹിന്ദു നാടാർ– 2. ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കായിക ക്ഷമതാ പരീക്ഷ വിജയിച്ചവരെക്കൂടി ഉൾപ്പെടുത്തുമ്പോൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ  എണ്ണത്തിലും വർധവുണ്ടാകും. 

മുൻ നിയമന ശുപാർശ  924

ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നിന്നു നടന്നത് 924 നിയമന ശുപാർശ. കഴിഞ്ഞ തവണ വരെ ബറ്റാലിയൻ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഇത്തവണ മുതൽ സംസ്ഥാന തലത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാണ് നിയമനം നടത്തുന്നത്. ഏറ്റവും കൂടുതൽ പേർക്ക് കഴിഞ്ഞ തവണ നിയമന ശുപാർശ ലഭിച്ചത് മലപ്പുറം (എംഎസ്പി) ജില്ലയിലായിരുന്നു– 153. ഏറ്റവും കുറവ് ശുപാർശ തിരുവനന്തപുരം (എസ്എപി), ഇടുക്കി (കെഎപി–5), കാസർകോട് (കെഎപി–4) ജില്ലകളിലും– 122 വീതം. മറ്റു ജില്ലകളിൽ/ ബറ്റാലിയനുകളിൽ നടന്ന നിയമന വിവരങ്ങൾ ഇനി പറയുന്നു. പത്തനംതിട്ട (കെഎപി. 3)– 143, എറണാകുളം (െകഎപി.1)– 128, തൃശൂർ (കെഎപി. 2)– 134. 

പ്രതീക്ഷകൾ വാനോളം

റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം കുറവാണെങ്കിലും വനിതാ സിപിഒ റാങ്ക് ലിസ്റ്റിൽ നിന്ന് ആയിരത്തിലധികം നിയമനം നടക്കുമെന്നാണ് ഉദ്യോഗാർഥികളുടെ പ്രതീക്ഷ. നിലവിൽ 364 ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം 37 എൻജെഡി ഒഴിവുകൾ കൂടിയുണ്ടെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. വനിതാ ബറ്റാലിയനിൽ നിന്ന് ട്രാൻസ്ഫറായി പോയവരുടെ 174 ഒഴിവുണ്ട്. 

ഇതുകൂടാതെ വനിതാ ബറ്റാലിയന്റെ എണ്ണം കൂട്ടാനായി 350 പേരെ ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തിരുന്നു. റാങ്ക് ലിസ്റ്റ് നിലവിലില്ലാതിരുന്ന സമയത്തായിരുന്നു ഇത്. ഈ ഒഴിവുകൾ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ലഭിക്കേണ്ടതാണ്. ഇതോടൊപ്പം 200 താൽക്കാലിക തസ്തികയും അനുവദിച്ചിട്ടുണ്ട്. ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലേക്ക് 45 പേർ ഡപ്യൂട്ടേഷനിൽ പോയിട്ടുണ്ട്. തിരുവനന്തപുരം സിറ്റിയിൽ 140 ഒഴിവുകൾ നിലവിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.  

തൃശൂരിൽ 109 തസ്തിക അനുവദിക്കണമെന്ന ശുപാർശ ആഭ്യന്തര വകുപ്പിലേക്ക് നൽകിയിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പുതിയ വനിതാ പൊലീസ് സ്റ്റേഷനുകൾ ആരംഭിച്ചിട്ടുണ്ട്. ഇവിടേക്കും തസ്തികകൾ സൃഷ്ടിക്കേണ്ടതുണ്ട്. റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ   നടപടിക്രമങ്ങളെല്ലാം പൂർത്തിയായാൽ മാത്രമേ  മുകളിൽ പ്രതിപാദിച്ച അത്രയും ഒഴിവുകൾ ഉദ്യോഗാർഥികൾക്കു ലഭിക്കൂ. ഇതിനുള്ള ശ്രമങ്ങളാണ് സർക്കാരിൽ നിന്നും പൊലീസ് വകുപ്പിൽ നിന്നും ഉദ്യോഗാർഥികൾ പ്രതീക്ഷിക്കുന്നത്. 

English Summary: Women Civil Police Officer Rank List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com