‘ഈ പരീക്ഷയാണ് നിങ്ങളുടെ ഭാവി നിർണയിക്കുക’ ഇതു കേട്ടു ആരും തെറ്റിദ്ധരിക്കരുത് !

HIGHLIGHTS
  • ഓരോ പരീക്ഷയും കരിയറിനെ കൂടുതൽ മെച്ചപ്പെടുത്താനുള്ള ടൂൾ ആണ്
how-to-solve-exam-stress
SHARE

ഈയിടെ ഒരു വെബിനാറിൽ ഇഷ്ടപ്പെട്ട സ്കൂളും അധ്യാപകരുടെ പേരും ചോദിച്ചപ്പോൾ അശ്വിൻ എന്ന പ്ലസ് ടു വിദ്യാർഥിയുടെ മറുപടി അമ്പരപ്പിക്കുന്നതായിരുന്നു.

ഒരു അധ്യാപകന്റെ പേരു പറഞ്ഞശേഷം അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള കാരണം പറഞ്ഞതിങ്ങനെ – “സാർ മിനിമം മാർക്ക് ഉറപ്പിക്കും. നോ ഉപദേശം. നോ വലിച്ചുനീട്ടൽ. എനിക്ക് എൻട്രൻസ് റാങ്ക് കിട്ടാൻ കാരണം അദ്ദേഹം മാത്രമാണ്.”

‘ഭക്ഷണം കഴിച്ചോടാ മക്കളേ’ എന്നുവരെ പതിഞ്ഞ ശബ്ദത്തിൽ വാത്സല്യത്തോടെ ചോദിച്ചിരുന്ന എന്റെ ഹൈസ്കൂൾ കാലത്തെ എലിസബത്ത് വർക്കി ടീച്ചറുടേതു പോലെയൊരാളെക്കുറിച്ചു പറയുമെന്നാണു ഞാൻ പ്രതീക്ഷിച്ചിരുന്നത്.

ഈ നീറ്റ് ഫലപ്രഖ്യാപന വേളയിൽ ഇതു പറയാൻ കാരണമുണ്ട്. വേണ്ടതു മത്സരഭ്രമമല്ല, മത്സരക്ഷമതയാണെന്ന അടിസ്ഥാന പാഠം മിടുക്കരായ വിദ്യാർഥികൾ പോലും അറിയാതെപോകുന്നു. പ്രവേശനം ഉറപ്പാകുന്നവർ പോലും പ്രതീക്ഷിച്ച റാങ്ക് ഇല്ലെന്ന പേരിൽ നിരാശരാകുന്നു. ഇതു മത്സരഭ്രമം മൂലമുള്ള അപകടമാണ്. 

എല്ലാ ക്ലാസിലും സ്ഥിരമായി ആദ്യറാങ്ക് നിലനിർത്താൻ ശ്രമിച്ച് സമ്മർദത്തിനടിമപ്പെടാതെ, മനസ്സുകൊണ്ട് ആദ്യമേ ആ റാങ്ക് മറ്റൊരാൾക്കു ദാനം ചെയ്യുക. അഥവാ കിട്ടിയാൽ കൈ നീട്ടി വിനയത്തോടെ സ്വീകരിക്കുക.

lipin-raj

ഓരോ പരീക്ഷയ്ക്കും മുൻപ് ‘ഈ പരീക്ഷയാണ് നിങ്ങളുടെ ഭാവി നിർണയിക്കുക’ എന്നു പറയുന്നവരുണ്ട്. ചെറുപ്പത്തിൽ ഇതു കേട്ടു ഞാനും തെറ്റിദ്ധരിച്ചു പോയിട്ടുണ്ട്. എന്നാൽ സിവിൽ സർവീസിൽ വന്നതിനു ശേഷമുള്ള ഏഴാം വർഷവും പ്രമോഷൻ പരീക്ഷകൾ എഴുതുന്നതിനാൽ ഇപ്പോൾ തിരിച്ചറിയുന്ന ഒരു വസ്തുതയുണ്ട്. കരിയറിൽ ഉടനീളം പരീക്ഷകളുണ്ടാകും. ഓരോ പരീക്ഷയും കരിയറിനെ കൂടുതൽ മെച്ചപ്പെടുത്താനുള്ള ടൂൾ ആണ്; അടുത്ത പരീക്ഷ വരെയുള്ള കാത്തിരിക്കാനുള്ള ട്രയൽ ടെസ്റ്റ്.

ആദ്യതവണ സിവിൽ സർവീസസ് പരീക്ഷ എഴുതി പരാജയപ്പെട്ടപ്പോൾ ഇനി എഴുതേണ്ട എന്നായിരുന്നു എന്റെ തീരുമാനം. എന്നാൽ ചോദ്യക്കടലാസ് പരിശോധിച്ചപ്പോൾ വെറും മൂന്നു മാർക്കിനാണ് തോറ്റതെന്നു കണ്ടു. അന്നുണ്ടായിരുന്ന ജോലിക്കൊപ്പം വീണ്ടും പൂർവാധികം ശക്തിയോടെ പരീക്ഷ എഴുതി ജയിച്ചു. ഇപ്പോഴും ആ ആദ്യ തോൽവിയെ ഞാൻ ഇഷ്ടപ്പെടുന്നു. കാരണം രണ്ടാംതവണ പഠിക്കാൻ ഊർജം കിട്ടിയത് ആ പരാജയത്തിൽ നിന്നാണ്. 

അതുകൊണ്ട് ഓർക്കുക, ഈ പരീക്ഷയിൽ വിജയിക്കാനാകാതെ പോയവരിൽ നാളത്തെ വിജയികൾ ഒളിച്ചിരിപ്പുണ്ട്.

(സിവിൽ സർവീസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ് ലേഖകൻ)

English Summary: Success Tips By Lipin Raj

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA