റാങ്ക് കിട്ടിയവരല്ല; നല്ല റാങ്ക് കിട്ടാതെ പോയവരാണ് ഇതു വായിക്കേണ്ടത്

HIGHLIGHTS
  • കഴിഞ്ഞ വർഷം പ്ലസ് ടു കഴിഞ്ഞു നീറ്റ് എഴുതിയെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല
luliu-sanish-aysha
ലുലു, സനീഷ്, ആയിഷ
SHARE

കഴി‍ഞ്ഞവർഷം പിടിതരാതിരുന്ന സ്വപ്നത്തെ ഇക്കുറി പിന്തുടർന്നു പിടികൂടിയ കഥയാണ് മെഡിക്കൽ പ്രവേശനപരീക്ഷയായ ‘നീറ്റി’ൽ സംസ്ഥാനത്ത് ആദ്യ 3 റാങ്കുകൾ നേടിയ എസ്. ആയിഷയ്ക്കും (ദേശീയ റാങ്ക് 12) എ. ലുലുവിനും (22) സനീഷ് അഹമ്മദിനും (25) പറയാനുള്ളത്. കഴിഞ്ഞ വർഷം പ്ലസ് ടു കഴിഞ്ഞു നീറ്റ് എഴുതിയെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. ഒരു വർഷം പൂർണമായി പരിശീലനത്തിനു മാറ്റിവച്ച മൂവരും ഇക്കുറി രാജ്യത്തെ ആദ്യ 25 റാങ്കിനുള്ളിലെത്തി. പൊതുവിദ്യാലയങ്ങളിൽ മാത്രം പഠിച്ച ഇവരുടെ നേട്ടത്തിൽ കേരളത്തിനും അഭിമാനിക്കാനേറെ.

ഇന്നലെ മൂന്നു പേരും മലയാള മനോരമ ‘കരിയർ ഗുരു’വിനായി ഓൺലൈനിൽ കണ്ടുമുട്ടി. തമ്മിൽ പങ്കുവച്ച വിശേഷങ്ങളിലെ പ്രസക്തതഭാഗങ്ങൾ വായിക്കാം.

നേട്ടത്തെക്കുറിച്ച് ?

ആയിഷ: എല്ലാവരെയും കണ്ടതിൽ ഏറെ സന്തോഷം. പരീക്ഷയ്ക്കു ശേഷം കണക്കുകൂട്ടിയപ്പോൾ നല്ല മാർക്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര നല്ല റാങ്ക് കിട്ടുമെന്നു കരുതിയില്ല.

ലുലു: പ്ലസ് ടു കഴി‍ഞ്ഞാണ് കാര്യമായ കോച്ചിങ് തുടങ്ങിയത്. അവിടെനിന്ന് ഇത്രയും മികച്ച റാങ്കിലേക്കെത്തിയത് സ്വപ്നനേട്ടമായി കരുതുന്നു.

സനീഷ്: രണ്ടക്ക റാങ്ക് പോലും പ്രതീക്ഷിച്ചിരുന്നില്ല. കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നു വിശ്വസിക്കുന്നു.

നീറ്റ് പഠനത്തിനു മാത്രമായി ഒരു വർഷം. എങ്ങനെയാണ് ആ സമയത്തെ തയാറെടുപ്പ് ? സമ്മർദങ്ങളുണ്ടായിരുന്നോ ?

ആയിഷ: ബയോളജി തിയറി ആയതിനാൽ മനഃപാഠമാക്കാൻ സമയമെടുത്തു. പരീക്ഷയോടടുത്ത മാസങ്ങളിൽ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ആപ്പിൽ മോക്ടെസ്റ്റുകൾ ചെയ്തിരുന്നു.

ലുലു: ആദ്യമൊക്കെ മോഡൽ പരീക്ഷകളിൽ മാർക്ക് ഒരുപാടു കുറവായിരുന്നു. എന്നാൽ, വിട്ടുകളയാതെ നന്നായി പഠിച്ചു. എന്തിനാണ് ഒരു വർഷം കളയുന്നതെന്നൊക്കെ പലരും ചോദിച്ചു. പക്ഷേ, ഞാൻ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.

സനീഷ്: അത്യാവശ്യം നല്ല സമ്മർദമുണ്ടായിരുന്നു. അതൊന്നും കാര്യമാക്കാതെ മുന്നോട്ടുപോയി. എൻസിഇആർടി പുസ്തകങ്ങൾ കേന്ദ്രീകരിച്ചാണു പഠിച്ചത്.

പരീക്ഷാ സമയത്തെ അനുഭവം ?

സനീഷ്: ഒരു ചോദ്യം തെറ്റിയാൽ പോലും റാങ്ക് വളരെ താഴെപ്പോകുമെന്ന് കഴിഞ്ഞ വർഷത്തെ അനുഭവം വച്ച് അറിയാമായിരുന്നു. ടെൻഷൻ കാരണം തെറ്റാനുള്ള സാധ്യത കൂടുതലാണെന്നും കേട്ടിട്ടുണ്ട്. ഇത്തവണ പരീക്ഷ ഏറെക്കുറെ എളുപ്പമായിരുന്നതിനാൽ നന്നായി എഴുതാൻ സാധിച്ചു.

ലുലു: ആദ്യം തന്നെ ഫിസിക്സിലെ അറിയാവുന്ന ഒരു ചോദ്യത്തിനു തെറ്റുത്തരം മാർക്ക് ചെയ്തുപോയി. അതോടെ പിന്നീടുള്ള ചോദ്യങ്ങൾക്കെല്ലാം സൂക്ഷിച്ചാണ് ഉത്തരം നൽകിയത്.

ആയിഷ: ഒരു ചോദ്യം പോലും തെറ്റിക്കാൻ പാടില്ലെന്ന് അറിയാമായിരുന്നു. നന്നായി അറിയാവുന്നതു മാത്രം ആദ്യം എഴുതി. സംശയമുള്ളതു തൊട്ടില്ല. പിന്നെ തിരികെവന്ന് ബാക്കിയുള്ളവ എഴുതുകയായിരുന്നു.

കോവിഡ് കാരണം പരീക്ഷകൾ നീണ്ടുപോയത് ഏതെങ്കിലും തരത്തിൽ ബാധിച്ചോ ?

ആയിഷ: നീണ്ടുപോകുന്തോറും ടെ‍ൻഷനുണ്ടായിരുന്നു. എന്നാൽ, നന്നായി തയാറെടുക്കാൻ സമയം കിട്ടി.

ലുലു: അൽപം പിറകിലേക്കായിരുന്ന വിഷയങ്ങൾ പഠിച്ചെടുക്കാൻ സാധിച്ചത് ലോക്ഡൗൺ കാലത്താണ്.

സനീഷ്: ലോക്ഡൗൺ കാലത്ത് ദിവസം 15 മണിക്കൂറോളം പഠിക്കുമായിരുന്നു. അതാണ് നല്ല റാങ്കിലേക്കെത്തിച്ചതെന്നു വിശ്വസിക്കുന്നു.

ഹോബികളെന്തൊക്കെ ? സോഷ്യൽ മീഡിയയിലൊക്കെയുണ്ടോ ?

ലുലു: ഹിന്ദി കഥാരചനയിലും കവിതാരചനയിലും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കിട്ടിയിരുന്നു. കഴിഞ്ഞ ഒരു വർഷം സോഷ്യൽ മീഡിയ ഒഴിവാക്കി. ഇനി കുറച്ചൊക്കെ ഉപയോഗിക്കണം.

സനീഷ്: വായനയാണ് ഒരു ഹോബി. പഠനത്തെ ബാധിക്കുമെന്നു കണ്ടപ്പോൾ ഫെയ്സ്‌‌ബുക് അൺ ഇൻസ്റ്റാൾ ചെയ്തിരുന്നു. ഇപ്പോഴാണ് വീണ്ടും ആരംഭിച്ചത്.

ആയിഷ: എഫ്ബിയിലും ഇൻസ്റ്റയിലുമൊന്നും അക്കൗണ്ടില്ല. ഇനി ആകാമെന്നു കരുതുന്നു.

ഇനിയെന്ത് ?

(മൂവർക്കും ഒരേ ഉത്തരം) ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്). അവിടെ വച്ചു വീണ്ടും കാണാം. തൽക്കാലം ബൈ


സ്റ്റേറ്റ് സിലബസായിരുന്നതിൽ ആദ്യം പേടിയുണ്ടായിരുന്നു. അതിൽ ഒരു കാര്യവുമില്ല. ഒരേ കാര്യങ്ങളാണ് എല്ലാവരും പഠിക്കുന്നത്. ഉറക്കം കളഞ്ഞു പഠിക്കരുത്. ഫോക്കസ് ചെയ്തു പഠിക്കുക, വിജയം ഉറപ്പ്.

എ. ലുലു

പാലക്കാട് നെന്മാറ സ്വദേശി

(706 / 720 മാർക്ക്)

നീറ്റ് അടുക്കുന്ന സമയത്തും  പഠിച്ചുതീർന്നില്ലല്ലോ എന്നൊക്കെ തോന്നിയേക്കാം. അതോർത്തു ടെൻഷൻ അടിക്കരുത്. ആത്മവിശ്വാസമാണ് എല്ലാം. പറ്റുമെന്ന് ഉറപ്പിച്ചാൽ ഏതു പരീക്ഷയിലും വിജയിക്കാം. 

എസ്.ആയിഷ

കോഴിക്കോട് 

കൊയിലാണ്ടി സ്വദേശി

(710 / 720 മാർക്ക്)

പഠിക്കുന്നതു കണ്ട് നമ്മളെ പലരും കളിയാക്കിയേക്കാം. അതിനൊന്നും ചെവികൊടുക്കാതെ പരമാവധി അധ്വാനിക്കുക. എത്ര മണിക്കൂർ എന്നതിലല്ല കാര്യം. കഴിയുന്നത്ര സമയം മറ്റൊന്നിലേക്കും ശ്രദ്ധ തിരിയാതെ പഠിക്കണം.

സനീഷ് അഹമ്മദ്

കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി

(705 / 720 മാർക്ക്)English Summary: Success Tips By NEET Kerala Toppers

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA