ADVERTISEMENT

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഇന്ദ്രാണി ടീച്ചറുടെ കീഴിൽ ഞാൻ ഡാൻസ് പഠിച്ചിരുന്നു. നാൽപതോളം കുട്ടികളിൽ ഞാൻ മാത്രമായിരുന്നു ആൺകുട്ടി! 

ആണും പെണ്ണും ചേർന്നു ചെയ്യേണ്ട നൃത്തഭാഗങ്ങൾ വരുമ്പോൾ, സ്കൂൾ ഹെഡ്മാസ്റ്ററുടെ മകളും എന്റെ സഹപാഠിയുമായ ഷീബയെയാണ് ഒപ്പം നിർത്തുക. 

ടീച്ചർ ക്ലാസിലില്ലാത്ത ഒരു ദിവസം, ‘കാക്കപ്പുള്ളിയുള്ള നിൻ കവിളിൽ നുള്ളിനോക്കട്ടെ...’ എന്ന പാട്ടും പാടി അവൾ എന്റെ മൂക്കിലെ മറുകിലൊന്നു നുള്ളി. എന്റെ അയൽക്കാരനായ സഹപാഠി ജനലിലൂടെ അതു കണ്ടു. ഇതു വീട്ടിൽ പറയുമെന്നു പറഞ്ഞ് കുറേക്കാലം അവൻ എന്നെ ഭീഷണിപ്പെടുത്തി. 

ആ സംഭവം എന്നെ വല്ലാത്ത സംഘർഷത്തിലാഴ്ത്തി. പഠിക്കാൻ കഴിയാതെയായി. ഭക്ഷണം കഴിക്കാൻ സാധിക്കാതെയായി. നാടു വിട്ടു പോയാലോ എന്നുപോലും ചിന്തിച്ചുപോയി. 

 

എന്റെ അങ്കലാപ്പു കണ്ടിട്ടാവണം, ജ്യേഷ്ഠൻ സുന്ദരേട്ടൻ വിളിച്ച് എന്താണു പ്രശ്നമെന്നു ചോദിച്ചു. കരഞ്ഞുകൊണ്ടു ഞാൻ കാര്യങ്ങൾ തുറന്നുപറഞ്ഞു. രാത്രി അച്ഛനും അമ്മയും എല്ലാവരും ഉമ്മറത്തിരിക്കുന്ന സമയത്ത് ഈ പ്രശ്നം വളരെ നിസ്സാരമായി സുന്ദരേട്ടനങ്ങു തുറന്നു പറഞ്ഞു. അതോടെ, മാസങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആ ഭാരം ഒരു നിമിഷംകൊണ്ട് അലിഞ്ഞുപോയി. 

 

നമുക്കു നിസ്സാരമെന്നു തോന്നുന്ന പല കാര്യങ്ങളും മറ്റുള്ളവർക്കു പലപ്പോഴും വലിയ പ്രശ്നങ്ങളാവും. അവിടെ ഒരു വാക്കുകൊണ്ടോ, ഒരു ചേർത്തുപിടിക്കൽ കൊണ്ടോ ഒക്കെ ആത്മവിശ്വാസം കൊടുക്കാൻ സാധിച്ചാൽ അതൊരുപക്ഷേ, ജീവിതത്തെ തിരിച്ചുപിടിക്കലാവും. 

 

ഒരു കുഞ്ഞു സെൻ കഥയുണ്ട്. ഒരു യുദ്ധം നടക്കുകയാണ്. തിരിച്ചടികൾ ശക്തമായതോടെ സേനയുടെ ആത്മവിശ്വാസം തകർന്നു. യുദ്ധം നയിക്കുന്ന ജാപ്പനീസ് ജനറൽ, പടയാളികളെ വിളിച്ച് പ്രാർഥനായോഗം നടത്തി. പ്രാർഥനയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു: ‘ഇനി ഞാൻ ഈ നാണയം ടോസ് ചെയ്യുന്നു. ഹെഡ് ആണു വരുന്നതെങ്കിൽ നമ്മൾ യുദ്ധം ജയിച്ചിരിക്കും. ടെയിലാണെങ്കിൽ നമ്മൾ യുദ്ധം തോൽക്കും’. 

 

വന്നത് ഹെഡ് ആയിരുന്നു. ആവശത്തോടെ ജനറൽ അലറിവിളിച്ചു. അതിനേക്കാൾ ശക്തിയിൽ പടയാളികൾ ഏറ്റുവിളിച്ചു. ആ ആത്മവിശ്വാസത്തിൽ അവർ പൊരുതി, യുദ്ധം ജയിച്ചു. 

 

വിജയാഘോഷത്തിൽ അധികാരം സഹസൈന്യാധിപനു കൈമാറുമ്പോൾ ആ നാണയം ഏൽപിച്ചിട്ടു ജനറൽ പറഞ്ഞു: ‘ഒരു കാര്യം എപ്പോഴും ഓർക്കുക. സൈന്യാധിപനാണെങ്കിലും കുടുംബനാഥനാണെങ്കിലും ഭരണാധികാരിയാണെങ്കിലും കൂടെയുള്ളവർക്ക് ആത്മവിശ്വാസം പകരുമ്പോഴാണ് ഏതൊരു സംഘവും മുന്നോട്ടു നയിക്കപ്പെടുന്നത്. അതിനുവേണ്ടി ആർക്കും അപകടമില്ലാത്ത ചെറിയ കള്ളം പറയേണ്ടിവന്നാലും തെറ്റില്ല’. ഇതു കേട്ട് സഹസൈന്യാധിപൻ ആ നാണയം തിരിച്ചും മറിച്ചും നോക്കി. അതിന്റെ രണ്ടു ഭാഗത്തും ഹെഡ് ആയിരുന്നു! 

English Summary: Magic Lamp Podcast By Gopinath Muthukad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com